“കോതമംഗലത്ത് പോകാന്‍
എവിടെയാ ഇറങ്ങേണ്ടത് ? “ നാട്ടില്‍ നിന്നും പാലായിലേക്കുള്ള കെ.എസ്.ആര്.ടി.സി ബസ്സില്‍
കയറി ഞാന്‍ കണ്ടക്ടറോട് ചോദിച്ചു.
“പെരുംബാവൂരില്‍ ഇറങ്ങിയാല്‍
മതി..”
“ടൌണിലോ അതോ സ്റ്റാന്റിലോ?”
“കെ.എസ്.ആര്.ടി.സി
സ്റ്റാന്റില്‍ തന്നെ...”
പെരുമ്പാവൂര്‍ കെ.എസ്.ആര്.ടി.സി
സ്റ്റാന്റ് എന്ന കേട്ടതോടെ, മാസങ്ങള്‍ക്ക് മുമ്പ് എന്റെ എം.എസ്.സി സഹപാഠി കൊല്ലം എഴുകോണ്‍
സ്വദേശി ഷാജഹാന് പറഞ്ഞ വാക്കുകള്‍ പെട്ടെന്ന് മനസ്സില്‍ ഓടിയെത്തി.
അന്ന് ഷാജഹാന് വീട്ടില്‍
വന്ന ദിവസം അവന്റെ സീനിയറും ഞങ്ങളുടെ ഹോസ്റ്റല്‍മേറ്റുമായിരുന്ന പെരുമ്പാവൂര്കാരന്
ബാബുവിനെപ്പറ്റി ഞാന്‍ ചോദിച്ചു – “ ഞാനും കണ്ട കാലം മറന്നു. നമ്പര്‍ എന്റെ അടുത്ത്
ഉണ്ടായിരുന്നു, പക്ഷേ നഷ്ടപ്പെട്ടു. പെരുമ്പാവൂര്‍ കെ.എസ്.ആര്.ടി.സി യില്‍ അന്വേഷിച്ചാല്‍
കിട്ടും “
എന്‍.എസ്.എസ് സംബന്ധമായി
കേരളമങ്ങോളമിങ്ങോളം നിരവധി യാത്രകള്‍ നടത്തിയെങ്കിലും പെരുമ്പാവൂര്‍ വഴി പോകേണ്ട ആവശ്യം
വന്നിട്ടില്ലാത്തതിനാല്‍ ബാബു മനസ്സില്‍ ഒരു ചിത്രമായി തന്നെ നിലകൊണ്ടു. എങ്കിലും എന്നെങ്കിലും
അതുവഴി പോകാന്‍ ദൈവനിശ്ചയം ഉണ്ടാകുമെന്നും അന്ന് 20 വര്‍ഷം മുമ്പ് കൈവിട്ട് പോയ ആ പ്രിയ
സുഹൃത്തിനെ കാണാമെന്നും ഞാന്‍ മനസ്സില്‍ കരുതി.ആ ചിന്തയിലേക്കാണ് കണ്ടക്ടറുടെ മറുപടി
എന്നെ പെട്ടെന്ന് തള്ളിയിട്ടത്.
“പെരുംബാവൂരില്‍ എപ്പോള്‍
എത്തും ?” രാവിലെ 10 മണിക്ക് കയറിയ ഞാന്‍ ചില പ്രതീക്ഷകളോടെ ചോദിച്ചു.
“ വൈകിട്ട് 4 മണി
“
പിന്നെ ഞാന്‍ സ്വപ്നലോകത്തെ
ബാലഭാസ്കരനായി. 1996-ല്‍ തളിപ്പറമ്പ് സര് സയ്യിദ്കോളേജിന്റെ ഹോസ്റ്റലിലെ കൂരിരുട്ടില്‍, ബാബു ചിരിക്കുമ്പോള്‍ കാണുന്ന തിളക്കമേറിയ വെളുത്ത പല്ലുകളും ഞാന്‍ ബാബുവിന്റെ വീട്ടില്‍
പോയി ഒരു ദിവസം താമസിച്ചതും സാമ്പത്തികമായി ബുദ്ധിമുട്ടിയിരുന്ന ബാബുവിന് വേണ്ടി ഞാന്‍
ജോലി തേടിയതും നാട്ടിനടുത്തുള്ള ഒരു അണ്‍എയ്ഡഡ് സ്കൂളില്‍ ബാബു ഇന്റര്‍വ്യൂവിന് വന്നപ്പോള്‍
എന്റെ വീട്ടില്‍ വന്നതും അന്ന് എരിവ് കാരണം അവന് തൊണ്ട ചിനക്കിയതും എല്ലാം മനസ്സിലൂടെ
ഫ്ലാഷ് ബാക്കായി ഓടിമറഞ്ഞു. അതിനിടയില്‍ എപ്പോഴോ ഞാന്‍ നിദ്രയിലേക്കും ഊളിയിട്ടു.
സമയം നാല് മണിയോടടുത്തു.
പെരുംബാവൂരില്‍ എത്താന്‍ ഇനി നിമിഷങ്ങള്‍ മാത്രം. എന്റെ മനസ്സില്‍ ബാബു വീണ്ടും വെളുത്ത
പല്ലുകള്‍ കാട്ടി ചിരിച്ചു.
“പെരുമ്പാവൂര്‍...”
കണ്ടക്ടര്‍ പറഞ്ഞു. ഞാന്‍ സീറ്റില്‍ നിന്നെണീറ്റ് ബസ്സില്‍ നിന്നിറങ്ങി.നേരെ ഇന്‍ഫര്‍മേഷന്‍
കൌണ്ടറിലേക്ക് നടന്നു.എല്ലാവരും ബസ്സുകളെപ്പറ്റി അന്വേഷിക്കുന്ന ആ കൌണ്ടറില്‍ ഞാന്‍
ബാബുവിനെപ്പറ്റി ചോദിച്ചു.
“പോഞ്ഞാശ്ശേരിയില്‍
നിന്നും വരുന്ന ബാബു എന്നൊരു കണ്ടക്ടറുണ്ടോ ഇവിടെ ?”
“അറിയില്ല, ഞാന്‍
ഇവിടെ പുതിയ ആളാ...” എന്റെ എല്ലാ സ്വപ്നങ്ങളേയും തകിടം മറിച്ച പെട്ടെന്നുള്ള മറുപടി.
“ ഇനീഷ്യല്‍ അറിയോ
?ഇവിടെ കുറേ ബാബുമാരുണ്ട്...”അദ്ദേഹത്തിന്റെ അടുത്ത ചോദ്യം എന്നെ വീണ്ടും പ്രതീക്ഷയിലെക്കെത്തിച്ചു.
“പി.എം എന്നാണെന്ന്
തോന്നുന്നു...”
“സ്റ്റാന്റിന്റെ നേരെ
പിന്നില്‍ താമസിക്കുന്ന ഒരു ബാബു ഉണ്ട്...പക്ഷെ അയാള്‍ ഡ്രൈവറാ...”
“അതല്ല...വീട് പോഞ്ഞാശ്ശേരിയിലാണ്....കണ്ടക്ടറാണ്...”ഞാന്‍
പറഞ്ഞു.
“ചേട്ടാ....അതേതാ
ആ ബാബു...?” അപ്പോള്‍ അങ്ങോട്ട് കയറി വന്ന ഒരാളോട് അദ്ദേഹം ചോദിച്ചു.
“ആളെ മുമ്പ് കണ്ടിട്ടുണ്ടോ....കറുത്ത്
ഉയരം കുറഞ്ഞ ഒരാളാണോ ..?” പുതിയ ആഗതന് ചോദിച്ചു.
“ങാ...അതു തന്നെ....”
ബാബുവിന്റെ ഉയരം അപ്പോഴാണ് ഒരു അടയാളമായി എന്റെ മനസ്സില്‍ എത്തിയത്.
“ങാ...ആളുണ്ട്...പക്ഷേ
ഇന്ന് ഡ്യൂട്ടിയില്‍ ഇല്ല....നാളെ വന്നാല്‍ കാണാം...”
“സാര്‍....എനിക്ക്
നമ്പറ് കിട്ടോ?”
“ഏയ് ...അതൊന്നും
അറിയില്ല...”
“ഞങ്ങള്‍ 20 വര്‍ഷം
മുമ്പ് ഒരുമിച്ച് പഠിച്ചവരാണ്....നമ്പറ് തന്നാല്‍ ഉപകാരമായിരുന്നു...” പിറ്റേ ദിവസം
ബാബുവിനെ കാണാന്‍ അതുവഴി വരും എന്ന് യാതൊരു ഉറപ്പും ഇല്ലാത്തതിനാല്‍ ഞാന്‍ താണ് പറഞ്ഞു.
“അറിയില്ല സുഹൃത്തേ....”
അദ്ദേഹം തീര്‍ത്ത് പറഞ്ഞതോടെ ബാബുവിനെ കാണാനുള്ള എന്റെ സ്വപ്നങ്ങള്‍ ആ സ്റ്റാന്റില്‍
വീണുടഞ്ഞു. അടുത്ത് കണ്ട പള്ളിയില്‍ കയറി നമസ്കരിച്ച് ഞാന്‍ കോതമംഗലത്തേക്ക് യാത്രയായി.
(തുടരും...)
5 comments:
അദ്ദേഹം തീര്‍ത്ത് പറഞ്ഞതോടെ ബാബുവിനെ കാണാനുള്ള എന്റെ സ്വപ്നങ്ങള്‍ ആ സ്റ്റാന്റില്‍ വീണുടഞ്ഞു.
അന്വേഷിപ്പിന്‍ കണ്ടെത്തും മാഷെ
ആശംസകള്‍
രണ്ടാം ഭാഗം കൂടെ തുറന്ന് വച്ചിട്ടാ ഞാൻ ഈ ഒന്നാമദ്ധ്യായം വായിച്ചത്. സസ്പെൻസ് കളിയൊന്നും നമ്മടടുത്ത് നടക്കൂലാ അരിങ്ങോടാ... അല്ല അരീക്കോടാ
ബാബു എന്ന് കണ്ടപ്പോൾ പെട്ടന്ന് ഓർമ്മ വന്നത് നമ്മുടെ അഴിമതി വീരൻ ബാബുവിനെയാണ്.ഈ ബാബുവിനെ തേടി ഇയാൾ എന്തിനു അവിടെ പോകണം എന്നും ചിന്തിച്ചു പോയി.
സന്തോഷം പഴയ സുഹൃത്തിനെ തിരികെ കിട്ടിയതിന് ( രണ്ടും വായിച്ചതിനു ശേഷമാണ് കമന്റ് ഇടുന്നത് )
തങ്കപ്പേട്ടാ....അതെ
അജിത്തേട്ടാ...ഇതാണ് അടുത്തടുത്ത ദിവസങ്ങളില്‍ പോസ്റ്റ് ചെയ്താലുള്ള കുഴപ്പം അല്ലേ?
ഉനൈസേ...വീരന് എന്നാല്‍ ധൈര്യശാലി എന്നൊരര്‍ഥം ഉണ്ടായിരുന്നു പണ്ട്.ഇന്ന് ഇത് അഴിമതിക്കൊപ്പം മാത്രം ഉപയോഗിച്ച് നാണം കെട്ട പദമായി മാറി എന്ന് ഞാന്‍ സംശയിക്കുന്നു.
Post a Comment
നന്ദി....വീണ്ടും വരിക