Pages

Wednesday, March 16, 2016

ബാബുവിനെത്തേടി....3

ബാബുവിനെത്തേടി....1
ബാബുവിനെത്തേടി....2

ഇന്ന് നടന്ന സംഭവവും വർഷങ്ങൾക്ക് മുമ്പ് ജയചന്ദ്രൻ സാർ കൂടി പങ്കെടുത്ത ഒരു യോഗാനന്തരം നടന്ന ഈ സംഭവവും പറഞ്ഞുകഴിഞ്ഞപ്പോഴാണു അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു ഏട് എന്റെ ഓർമ്മയിലേക്ക് തുന്നിച്ചേർത്തത്. പെരുമ്പാവൂരിൽ നിന്നും അങ്കമാലിയിലേക്കുള്ള യാത്രക്കിടയിൽ ഞാൻ ആ കഥ മുഴുവൻ കേട്ടു.

നെറ്റിയിൽ സദാ ചന്ദനക്കുറിയും തൊട്ട് മാത്രമേ ഞാൻ ജയചന്ദ്രൻ മാഷെ കണ്ടിട്ടുള്ളൂ. അദ്ദേഹത്തിന്റെ ബാല്യകാലത്തെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു റഹീം (പേര് യഥാർത്ഥമല്ല ). തൊട്ടടുത്ത വീടുകളിൽ ആയിരുന്നു അവർ താമസിച്ചിരുന്നത്. കുട്ടിക്കാലത്തെ കുസൃതിയിൽ അവർ പരസ്പരം അടികൂടിയിരുന്നു, ഒരേ പാത്രത്തിൽ നിന്ന് ഭക്ഷണം കഴിച്ചിരുന്നു , ഒരേ പായയിൽ കിടന്നുറങ്ങിയിരുന്നു.അങ്ങനെ രണ്ട് മതസ്ഥരെങ്കിലും എന്നും ആ വീട്ടുകാർക്കിടയിൽ സ്നേഹം നില നിന്നു.ഇരു മതങ്ങളുടെയും ആഘോഷ ദിവസങ്ങളിൽ അവർ പരസ്പരം സന്തോഷം പങ്കിട്ടു.

അങ്ങനെ ഇരിക്കെ കുട്ടികൾ വലുതായി. റഹീമിന്റെ കുടുംബത്തിനു എന്തോ ആവശ്യാർത്ഥം പാലക്കാട്ടേക്ക് താമസം മാറ്റേണ്ടി വന്നു. കുഞ്ഞുനാളിലേ പരസ്പരം സുഖ:ദുഖങ്ങൾ പങ്കുവച്ച മനസ്സുകൾ ഇനി ഒരുമിച്ച് ഇല്ല.റഹീമും ജയചന്ദ്രനും പരസ്പരം കെട്ടിപ്പിടിച്ച് കണ്ണീരൊഴുക്കി യാത്ര പറഞ്ഞു.ഇറങ്ങുമ്പോൾ റഹീം പറഞ്ഞതായി ജയചന്ദ്രന്റെ മനസ്സില് ഉള്ളത് പാലക്കാട് പുതുനഗരത്തിലേക്കാണു താമസം മാറുന്നത് എന്നായിരുന്നു.മൊബൈലും ഫേസ്ബുക്കും പോയിട്ട്  ലാന്റ്ഫോൺ പോലും ഇല്ലാത്ത അക്കാലത്തെ വിടവാങ്ങൽ ഒരു തരത്തിൽ അവസാനത്തേത് തന്നെയായിരുന്നു.

കാലങ്ങൾ പലതും മാറിമറിഞ്ഞു.റഹീമും ജയചന്ദ്രനും വലുതായി , കല്യാണം കഴിച്ചു , കുട്ടികളായി.ഒരു ദിവസം പെട്ടെന്ന് ജയചന്ദ്രന്റെ മനസ്സില് ഒരു തിരയിളക്കം അനുഭവപ്പെട്ടു. ബാല്യകാലത്ത്‌ തന്റെ കൂടെ കളിച്ച് നടന്ന റഹീമിനെ ഒന്ന് കാണണം.സ്വയം സഞ്ചരിക്കാൻ തന്റേടവും സ്വാതന്ത്ര്യവും ഉള്ളതിനാൽ ഒരു കാൽവയ്പ്പ്  മാത്രമേ ഇനി ആവശ്യമുള്ളൂ. മറ്റെന്തോ കാര്യത്തിൽ ഏർപ്പെട്ടതോടെ ആ ചിന്ത തല്ക്കാലം മുറിഞ്ഞു. അടുത്ത ദിവസം പൂര്വ്വാധികം ശക്തമായി റഹീമിനെ കാണണം എന്ന ചിന്ത തിരിച്ച് വന്നു.അപ്പോഴും തല്ക്കാലം അടക്കിയെങ്കിലും മൂന്നാം ദിവസം ജയചന്ദ്രൻ മാഷുടെ മനസ്സ് അയഞ്ഞില്ല.പാലക്കാട് പുതുനഗരത്ത്തിൽ എവിടെയോ താമസിക്കുന്ന റഹീം എന്ന എന്തോ ജോലിക്കാരനേയും തേടി തൃശൂർ ഇരിങ്ങാലക്കുടയിൽ നിന്നും ജയചന്ദ്രൻ മാഷ് ബസ്സ്‌ കയറി.

പുതുനഗരത്ത്തിൽ എത്തിയ ജയചന്ദ്രൻ മാഷ് റഹീമിനെ എങ്ങനെയോ അന്വേഷിച്ച് കണ്ടെത്തി.അന്ന് ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്ത് എത്തിയ റഹീം ജയചന്ദ്രൻ മാഷെ കണ്ടതും കണ്ണിൽ നിന്നും ചുടുനീരുറവ അണപൊട്ടിയൊഴുകി.വാക്കുകള്ക്ക് അവിടെ സ്ഥാനമില്ലായിരുന്നു , രണ്ട്  ഹ്രുദയങ്ങൾ തമ്മിലായിരുന്നു അപ്പോൾ  സംവദിച്ചിരുന്നത്. കഥ ഒന്നുമറിയാതെ റഹീമിന്റെ ഭാര്യ ആ രംഗങ്ങൾക്ക് സാക്ഷിയായി.

രണ്ട് ദിവസം മുമ്പ് നടന്ന ഒരു അപകടത്തിൽ നിന്നും രക്ഷപ്പെട്ട് വീട്ടിലെത്തിയ റഹീമിനെയാണു താൻ കണ്ടത് എന്ന് റഹീമിന്റെ ഭാര്യയിൽ നിന്നും ജയചന്ദ്രൻ മാഷ്  മനസ്സിലാക്കി . ആ അപകടം പറ്റിയ നിമിഷത്തിൽ തന്റെ മനസ്സില് ദൈവം  തോന്നിച്ചതായിരുന്നു റഹീമിനെ കാണണം എന്ന ചിന്ത എന്ന് ജയചന്ദ്രൻ മാഷ് പറഞ്ഞപ്പോഴാണു ചില അസമയത്തെ തോന്നലുകളെപ്പറ്റി ഞാൻ അറിയാതെ ചിന്തിച്ചു പോയത്.

ബസ്സ്‌ അങ്കമാലിയിൽ എത്തി.ജയചന്ദ്രൻ മാഷോട് യാത്ര പറഞ്ഞ്  ഇറങ്ങി ഞാൻ അടുത്ത പ്രയാണം ആരംഭിച്ചു.


(അവസാനിച്ചു )

4 comments:

Areekkodan | അരീക്കോടന്‍ said...

പാലക്കാട് പുതുനഗരത്ത്തിൽ എവിടെയോ താമസിക്കുന്ന റഹീം എന്ന എന്തോ ജോലിക്കാരനേയും തേടി തൃശൂർ ഇരിങ്ങാലക്കുടയിൽ നിന്നും ജയചന്ദ്രൻ മാഷ് ബസ്സ്‌ കയറി.

ajith said...

ആ സുഹൃദ്‌സംഗമത്തിന്റെ വിവരണം ഹൃദയസ്പർശിയായി

Cv Thankappan said...

ആത്മബന്ധങ്ങളുടെ ആത്മസ്പന്ദനം!
ആശംസകള്‍ മാഷെ.

Areekkodan | അരീക്കോടന്‍ said...

നന്ദി അജിത്തേട്ടന്‍ ആന്റ് തങ്കപ്പേട്ടന്‍

Post a Comment

നന്ദി....വീണ്ടും വരിക