Pages

Monday, December 17, 2018

കല്ലുകൾ കവിത വിരിയിക്കുന്ന കരിയാത്തന്‍‌പാറ

             കോഴിപ്പാറയില്‍ ഒരു സായാഹ്നം  (283) ചെലവിടാന്‍ പോയപ്പോഴാണ് ആ സ്ഥലത്തിന്റെ മനോഹാരിത മനസ്സിലായത്.അതുകഴിഞ്ഞ് അരിപ്പാറ (153)എന്ന് പറഞ്ഞപ്പോഴേക്കും  കുട്ടികള്‍ റെഡിയായതും അതിന്റെ എഫക്ട് തന്നെ.ആ രണ്ട് ഓര്‍മ്മകള്‍ മായാതെ നില്‍ക്കുമ്പോഴാണ് മൂന്നാമതൊരു പാറ ഞാന്‍ കുടുംബത്തിന്റെ മുന്നില്‍ എടുത്തിട്ടത് - കരിയാത്തന്‍‌പാറ !

               പച്ചപരവതാനി വിരിച്ച കരിയാത്തന്‍‌പാറ  (54) എന്റെ മനസ്സില്‍ വരച്ച ചിത്രങ്ങള്‍ക്ക് നാഷണല്‍ സര്‍വീസ് സ്കീമിന്റെ  (190)മധുരിക്കുന്ന സ്മരണകളുടെ പിന്‍‌ബലം കൂടിയുള്ളതിനാല്‍ എന്നും ഏറെ ഹൃദ്യമായി തോന്നിയിരുന്നു. അതുകൊണ്ട് തന്നെയായിരുന്നു തലേദിവസത്തെ ഫുഡ്‌ഫെസ്റ്റിന്റെ (23)ജഗപൊഗ പണികളുടെ ഹാങ്ങോവര്‍ മാറ്റാന്‍ കുടുംബസമേതം ഒരു ഔട്ടിംഗ് തീരുമാനിച്ചത്.ദൂരം കൂടുതലാണെങ്കിലും കുടുംബം ഇതുവരെ കാണാത്ത കരിയാത്തന്‍‌പാറയിലേക്കാവട്ടെ അത് എന്നും തീരുമാനിച്ചു.

                കരിയാത്തന്‍‌പാറയില്‍ ഞങ്ങള്‍ എത്തുമ്പോള്‍ സമയം അഞ്ച് മണി കഴിഞ്ഞിരുന്നു.സൂര്യന്‍ അന്നത്തെ ദര്‍ശനം നല്‍കല്‍ നിര്‍ത്താന്‍ ഇനി മിനുട്ടുകള്‍ മാത്രം. കരിയാത്തന്‍‌പാറയുടെ സൌന്ദര്യം ആസ്വദിക്കാന്‍ സമയം അധികം കിട്ടില്ല എന്നതിനാല്‍ കാര്‍ റോഡ് സൈഡില്‍ തന്നെ പാര്‍ക്ക് ചെയ്ത് ഞങ്ങള്‍ വേഗം പുഴയിലേക്കിറങ്ങി.കാലം മിനുക്കിയെടുത്ത ഉരുളന്‍ കല്ലിലൂടെ ഞങ്ങള്‍ ശ്രദ്ധിച്ചിറങ്ങി. ചെറുതും വലുതുമായ കല്ലുകള്‍ക്ക് ഒരു പ്രത്യേകതരം വെള്ളനിറമായിരുന്നു.
                                      
               പശ്ചിമഘട്ടത്തിന്റെ ഏതോ ഉത്തുംഗതയില്‍ നിന്ന് ഉരുണ്ടും മറിഞ്ഞും എത്തി ഞങ്ങളുടെ കാലിനടിയില്‍ ഞെരിഞ്ഞമരുന്ന ഓരോ കല്ലിനും നിരവധി കഥകള്‍ പറയാനുണ്ടാകും. പക്ഷേ കേള്‍ക്കാന്‍ സമയമില്ലാത്തതിനാല്‍ ഞാന്‍ ചെവിയോര്‍ത്തില്ല. കല്ലുകള്‍ പ്രകൃതിയില്‍ കൊത്തിയ കവിതയുടെ മനോഹാരിതയും ആസ്വദിച്ച് ഞങ്ങള്‍ വലിയൊരു പാറപ്പുറത്ത് കയറി.
             ശുദ്ധമായ തെളിനീര് ഒരു ചെറിയ ജലപാതമായി അവിടെ നിന്നും താഴേക്ക് പതിക്കുന്നുണ്ടായിരുന്നു.അല്പം കൂടി അകലെയായി കുട്ടികള്‍ കളിക്കാനും കുളിക്കാനും ഇറങ്ങുന്നുണ്ട്. ഒഴിവ് ദിനമായതിനാല്‍ നിരവധി സഞ്ചാരികളും പുഴയുടെ വിവിധ ഭാഗങ്ങളിലായി ഉണ്ട്. സൌകര്യപ്രദമായ ഒരു സ്ഥലത്ത് ഞാനും മക്കളെ കുളിക്കാനിറക്കി. കുളിക്കാനിറങ്ങുമ്പോള്‍ ശ്രദ്ധിക്കണം എന്ന് ആ നാട്ടുകാരനായ പ്രസാദേട്ടന്‍ മുന്നറിയിപ്പ് തന്നിരുന്നതിനാല്‍ ഞാന്‍ അതീവ ജാഗ്രത പുലര്‍ത്തി.പാറകള്‍ക്കിടയിലെ ആഴമുള്ള കുഴികള്‍ ഒരാഴ്ചമുമ്പും ഒരു കുട്ടിക്ക് മരണക്കെണി ഒരുക്കിയത് ഞെട്ടലോടെയാണ് ശ്രവിച്ചത്.  എല്ലാ സഞ്ചാരികളും കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണം.

               കഴിഞ്ഞ വര്‍ഷം കുടുംബസമേതം കൊച്ചിന്‍-മുസ്‌രിസ് ബിനാലെ (115)സന്ദര്‍ശിച്ചപ്പോള്‍ സന്ദര്‍ശകര്‍ ഒരുക്കിയ ഇന്‍സ്റ്റലേഷനുകളുടെ ഒരു ഏരിയ കണ്ടിരുന്നു.ചെറിയ ചെറിയ ഉരുളന്‍ കല്ലുകള്‍ അടുക്കി വച്ചതായിരുന്നു അതില്‍ ഏറ്റവും കൂടുതല്‍.പരന്ന പാറപ്പുറത്ത് നദിയില്‍ നിന്നും പെറുക്കിയ ചെറിയ ചെറിയ കല്ലുകള്‍ അടുക്കി വച്ചത് കരിയാത്തന്‍‌പാറയിലും പല സ്ഥലത്തും കണ്ടു.ലുലുവും ലുഅയും എന്റെ ഭാര്യയുടെ അനിയത്തിയും കൂടി കുറെ കല്ലുകള്‍ പെറുക്കി അടുക്കിവച്ചപ്പോള്‍ ഒരു ശിലാഗോപുരം കൂടി ഉയര്‍ന്നു.കെട്ടിപ്പൊക്കിയ ഗോപുരം കല്ലെറിഞ്ഞ് തകര്‍ത്ത് അവര്‍ പൊട്ടിച്ചിരിച്ചപ്പോള്‍ നാറാണത്ത് ഭ്രാന്തനെയും അനുസ്മരിച്ചു.
              കക്കയം വാലി എന്നു കൂടി അറിയപ്പെടുന്ന ഈ സ്ഥലത്തിന്റെ മുകളിലെവിടെയോ ആയിരുന്നു അടിയന്തിരാവസ്ഥാ കാലത്ത് രാജന്‍ എന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുടെ ദുരൂഹ മരണം നടന്നത്.അതിന് ശേഷം നിരവധി മഴമേഘങ്ങള്‍ പെയ്തൊഴിഞ്ഞ് മലമുകളില്‍ നിന്ന് കുത്തി ഒലിച്ചിറങ്ങിയെങ്കിലും ഒരച്ഛന്റെ കണ്ണുകളില്‍ നിന്നും ഒഴുകിയ കണ്ണുനീരിന്റെ ഉപ്പുരസം ഇല്ലാതാക്കാന്‍ സാധിച്ചിട്ടില്ല.അതുകൊണ്ട് തന്നെയായിരിക്കാം ഓരോ സഞ്ചാരിയും അറിയാതെ കക്കയം വാലിയിലെ വെള്ളത്തിന്റെ രുചി നുണയുന്നത്.
            അരീക്കോട് നിന്നും താമരശ്ശേരി കഴിഞ്ഞ് കൊയിലാണ്ടി റോഡില്‍ ഏകദേശം എട്ട് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ എസ്റ്റേറ്റ് മുക്ക് എത്തും. അവിടെ നിന്ന് വലത്തോട്ട് തിരിഞ്ഞ് 13ഓ 15ഓ കിലോമീറ്റര്‍ താണ്ടിയാല്‍ കരിയാത്തന്‍‌പാറയില്‍ എത്താം.എന്റെ നാട്ടില്‍ നിന്ന് 50 കിലോമീറ്റര്‍ ആണ് ദൂരം. കോഴിക്കോട് നിന്ന് ബാലുശ്ശേരി എത്തി താമരശ്ശേരി റോഡ് വഴി എസ്റ്റേറ്റ് മുക്ക് എത്താം. ഉച്ചക്ക് രണ്ടര മണിയോടെയെങ്കിലും കരിയാത്തന്‍‌പാറയില്‍ എത്തിയാല്‍ പുഴയും പുല്‍മേടും എല്ലാം ആസ്വദിച്ച് ഒരു കുളിയും കഴിഞ്ഞ് നവോന്മേഷത്തോടെ മടങ്ങാം.

          കണ്ണുകള്‍ പറിച്ചെടുത്താണ് ഓരോ സഞ്ചാരിയും കരിയാത്തന്‍‌പാറയോട് വിട ചൊല്ലുന്നത്. സൂര്യന്‍ പൂര്‍ണ്ണമായും താഴ്ന്നതോടെ ഞങ്ങളും തിരിച്ച് കയറി. മടങ്ങുന്ന വഴി തലയാട് വച്ച് 2010ലെ NSS ക്യാമ്പിനെ സജീവമാക്കിയ ബിജുവിനെയും സിദ്ദീഖ്ക്കയെയും കണ്ടുമുട്ടി. 
              ആ സൌഹൃദ സംഭാഷണത്തില്‍ നിന്നാണ് മലബാറിലെ ഗവി എന്നറിയപ്പെടുന്ന വയലട മുള്ളമ്പാറ വ്യൂ പോയിന്റ് കൂടി തൊട്ടടുത്ത് ഉണ്ടായിരുന്നു എന്നറിഞ്ഞത്. കരിയാത്തന്‍‌പാറ വീണ്ടും മാടിവിളിക്കുന്നതിനാല്‍ അന്ന് അതും കൂടി കാണാമെന്ന പ്രതീക്ഷയില്‍  നല്ലവരായ ആ സുഹൃത്തുക്കളോട് ഞങ്ങള്‍ യാത്ര പറഞ്ഞു. 

13 comments:

Areekkodan | അരീക്കോടന്‍ said...

ആ രണ്ട് ഓര്‍മ്മകള്‍ മായാതെ നില്‍ക്കുമ്പോഴാണ് മൂന്നാമതൊരു പാറ ഞാന്‍ കുടുംബത്തിന്റെ മുന്നില്‍ എടുത്തിട്ടത് - കരിയാത്തന്‍‌പാറ !

വീകെ. said...

നമ്മുടെ നാട്ടിൽത്തന്നെ ലോകോത്തരകാഴ്ചാ ശ്രംഗങ്ങളും പുൽമേടുകളും മഞ്ഞുതാഴുന്ന താഴ്വരകളും ധാരാളം. പക്ഷേ, മുറ്റത്തെ മുല്ലക്ക് മണമുണ്ടാകാത്തതുകൊണ്ട് വിദേശസഞ്ചാരത്തിന് നമ്മുടെ ആളുകൾ ധാരാളം പണം ചെലവഴിക്കുന്നു.
ചിത്രങ്ങൾ നന്നായിട്ടുണ്ട്. ഇത്തിരി തെളിച്ചക്കുറവുണ്ടോന്നൊരു സംശയം.
ആശംസകൾ ....

Joselet Joseph said...

നമുക്ക് തൊട്ടടുത്തുള്ള ഈ പ്രകൃതി ഭംഗിയെ അടുത്തറിയാൻപോലും പലർക്കും സാധിക്കുന്നില്ല.അല്ലെങ്കിൽ ഏതെങ്കിലും സിനിമയിലോ മറ്റോ വരണം. ഗവി, കുടക് ഒക്കെ ഹിറ്റാക്കിയതിൽ സിനിമകൾക്ക് നല്ല പങ്കുണ്ട്. മാഷിന്റെ പരിചയയെടുത്തൽ നന്നായി.

Areekkodan | അരീക്കോടന്‍ said...

വീകെ...ശരിയാ, മുറ്റത്തെ മുല്ലക്ക് ഇപ്പോഴും മണമില്ല.ഫോട്ടോ തെളിച്ചക്കുറവ് സമയം അത്രയും വൈകിയതുകൊണ്ടും സാദാ മൊബൈൽ പിക് ആയതും കൊണ്ടാണ്.

ജെ.ജോസഫ്...സിനിമ കാണാത്തതിനാൽ അതിലൂടെ പരിചയപ്പെടുത്തുന്ന സ്ഥലങ്ങൾ എനിക്കറിയില്ല.കണ്ടും കേട്ടും അറിയുന്ന സ്ഥലങ്ങൾ സന്ദർശിച്ച് ഒരു പരിചയപ്പെടുത്തൽ എന്നതാണ് എന്റെ ഉദ്ദേശം.

Muralee Mukundan , ബിലാത്തിപട്ടണം said...

നമ്മുടെ നാട്ടിൽ തന്നെയുള്ള ഇത്തരം
പ്രകൃതി ഭംഗികളെ അവഗണിച്ച് നാമൊക്കെ
മറ്റുരാജ്യങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ
സന്ദർശിക്കുവാനാണ് എന്നും മുൻകൈ എടുക്കുന്നത് ..
എന്തായാലും മാഷിന്റെ ഈ പരിചയപ്പെടുത്തലുകൾ
ഭാവിയിൽ ഏവർക്കും വളരെ ഉപകാരപ്രദമായിരിക്കും ...!
നന്നായി ...

Manikandan said...

കാണാനും ആസ്വദിക്കാനും നമ്മുടെ നാട്ടിൽ തന്നെ പ്രകൃതി ഒരുക്കിയ അത്ഭുതങ്ങൾ ഇനിയും ഏറെ. യാത്രകൾ തുടരട്ടെ. അതൊക്കെ ഇവിടെ എഴുതുന്നതും.

Areekkodan | അരീക്കോടന്‍ said...

ബിലാത്തിജി...ഉപകാരപ്രദമാകും എന്നറിഞ്ഞതിൽ സന്തോഷം

മണികണ്ഠൻ...യാത്രകളും എഴുത്തും തുടരും, ഇൻഷാ അല്ലാഹ്

Cv Thankappan said...

നയനാന്ദകരം!
ആസംസകൾ മാഷേ

Areekkodan | അരീക്കോടന്‍ said...

തങ്കപ്പേട്ടാ...നന്ദി

© Mubi said...

കരിയാത്തൻ പാറ സുന്ദരിയാണ്...

Areekkodan | അരീക്കോടന്‍ said...

മുബീ...അതെ-കരിയാത്തൻ പാറ സുന്ദരിയാണ്,സുന്ദരനുമാണ്.

Joseph said...

Lots of live. Thanks for posting.

Areekkodan | അരീക്കോടന്‍ said...

ജോസഫ്...നന്ദി

Post a Comment

നന്ദി....വീണ്ടും വരിക