ലോക്ക്ഡൗൺ കാലത്ത് പലതും ചെയ്യുന്നതിനിടയിൽ, അല്പം അധികം സമയം ചെലവഴിച്ചത് ജൈവ പച്ചക്കറി കൃഷി പരിപാലനത്തിനായിരുന്നു. മുമ്പേ ചെയ്തു വന്ന ഒരു കാര്യത്തിന് അല്പം കൂടി സമയം അധികം ലഭിച്ചതിൽ എനിക്ക് ഏറെ സന്തോഷം തോന്നി. കൂടുതൽ വിത്തുകളും തൈകളും നട്ട് എൻ്റെ 'O' വട്ടത്തിലുള്ള മുറ്റം ഞാൻ തീർത്തും ഹരിതാഭമാക്കി. അന്നത്തെ മിക്ക ജൈവകൃഷി മത്സരത്തിലും സാന്നിദ്ധ്യം അറിയിക്കാനും നാട്ടിലെ മത്സരത്തിൽ വിജയിയാവാനും ഇതിലൂടെ സാധിച്ചു.
പുതിയ രീതികൾ പരീക്ഷിക്കലായിരുന്നു ഇക്കാലത്ത് എന്റെ മറ്റൊരു പ്രധാന പരിപാടി.അങ്ങനെയാണ് ചിരട്ട കൊണ്ടുള്ള സീഡ് ട്രേയും പൂവെടുത്ത കോളിഫ്ളവറിൽ നിന്നുള്ള തൈ ഉത്പാദനവും വിജയകരമായി പിന്നിട്ടത്. വീട്ടുമുറ്റത്തിന്റെ സംരക്ഷണ ഭിത്തിയുടെ പണിയും ഇതേ കാലത്തായതിനാൽ നിരവധി സിമന്റ് ചാക്കുകൾ ലഭ്യമായത് ചില ചാക്ക് കൃഷി പരീക്ഷണങ്ങളും നടത്തി നോക്കാൻ എന്നെ പ്രേരിപ്പിച്ചു. അങ്ങനെയാണ് മിക്കവരും ചെയ്യുന്ന ചാക്കിലെ കപ്പ ഞാനും ചെയ്തത്. അവ ഇപ്പോൾ നന്നായി വന്നുകൊണ്ടിരിക്കുന്നു. കൗതുകത്തിനായി ഒരു ചേനക്കഷ്ണവും എന്റെ കുഞ്ഞു മോനെക്കൊണ്ട് ഞാൻ ചാക്കിൽ വയ്പ്പിച്ചു.
ചാക്കിലെ മിശ്രിതത്തിന്റെ ഗുണമോ വിത്തു കഷ്ണത്തിന്റെ മേന്മയോ അതല്ല പരിപാലനത്തിന്റെ മികവോ എന്നറിയില്ല ചേന മുളച്ച് ദിവസങ്ങൾക്കകം തന്നെ സൺഷേഡിൽ തൊടും എന്ന അവസ്ഥയിലായി. അതോടെ ചാക്കെടുത്ത് മുറ്റത്തെ പപ്പായ മരത്തിനടുത്തേക്ക് മാറ്റി (ആവശ്യാനുസരണം സ്ഥലം മാറ്റാം എന്നതാണ് ചാക്കിലെ കൃഷിയുടെ സൗകര്യം എന്ന് അന്ന് മനസ്സിലായി).വീട്ടിൽ വന്ന ചിലർ ഇത്രയും വലിയ ചേനയെ ചാക്കിലൊതുക്കിയതിൽ സന്ദേഹം അറിയിച്ചെങ്കിലും ചേന നട്ട കേളൻ കുലുങ്ങിയില്ല.
ഏറെ താമസിയാതെ ചേനത്തണ്ട് വാടാൻ തുടങ്ങിയപ്പോഴാണ് വെയിലിന്റെ ചൂടും നനയുടെ തണുപ്പും തമ്മിലുള്ള ബന്ധം സുഖകരമല്ല എന്ന് തിരിച്ചറിഞ്ഞത്. പിഴയടക്കം ബക്കറ്റു വെള്ളം ദിനേന നൽകിയിട്ടും എന്റെ പ്രതീക്ഷകൾ കെടുത്തി അവൾ മാഞ്ഞുപോയി.ചാക്കിലെ മണ്ണ് അടുത്ത കൃഷിക്ക് ഉപയോഗിക്കാമെന്ന ചിന്തയിൽ അതവിടെത്തന്നെ വച്ചു.പക്ഷെ ചാക്കിന്റെ മദ്ധ്യഭാഗം ഒരു ഗർഭം ഉള്ളിലൊതുക്കുന്നു എന്ന എൻ്റെ നിരീക്ഷണം ചാക്കൊന്ന് കുടയാൻ എന്നെ നിർബന്ധിതനാക്കി.കുടഞ്ഞ മണ്ണ് നീക്കിയപ്പോൾ കിട്ടിയത്, രണ്ട് ദിവസം മുമ്പ് പറമ്പിൽ നിന്നും കിളച്ചെടുത്തതിനെക്കാൾ മുഴുത്ത ഒരു ചേന !!
അപ്പോൾ, കുഴിച്ചിടുന്ന ചാക്കിന്റെ വീതിയും മുളച്ചുണ്ടാകുന്ന ചേനയുടെ വട്ടവും തമ്മിൽ ഒരു അവിഹിത ബന്ധം ഉണ്ടായിരിക്കും എന്ന ആബിദിന്റെ ചാക്ക് ചേന വലിപ്പ സിദ്ധാന്തം ഓർമ്മിച്ചുകൊണ്ട് എല്ലാരും ചാക്കിൽ ചേന നട്ടോളി. വിജയാശംസകൾ
5 comments:
കുഴിച്ചിടുന്ന ചാക്കിന്റെ വീതിയും മുളച്ചുണ്ടാകുന്ന ചേനയുടെ വട്ടവും തമ്മിൽ ഒരു അവിഹിത ബന്ധം ഉണ്ടായിരിക്കും എന്ന ആബിദിന്റെ ചാക്ക് ചേന വലിപ്പ സിദ്ധാന്തം ഓർമ്മിച്ചുകൊണ്ട് എല്ലാരും ചാക്കിൽ ചേന നട്ടോളി
കർഷക ശ്രീമാൻ ആബിദ് മാഷ് !
Mubi... അഭിമാനിക്കുന്നു, അങ്ങനെയായാൽ ... https://abidiba.blogspot.com/2012/03/blog-post_16.html
ചക്കിനു ചേനയിൽ കിട്ടിയ അവിഹിത ഗർഭം ..!
മുരളിയേട്ടാ.... Thanks
Post a Comment
നന്ദി....വീണ്ടും വരിക