കവിതകൾ വായിക്കുമ്പോൾ സാധാരണ ഞാൻ മൂന്നാമത്തെയോ നാലാമത്തെയോ വരിയിൽ നിർത്തും. കാരണം ആ വരികൾ തന്നെ എൻ്റെ മെഡുല മണ്ണാങ്കട്ടക്ക് ദഹിച്ചിട്ടുണ്ടാവില്ല. പിന്നെ ബാക്കി കൂടി കുത്തിക്കേറ്റുന്നത് ഒരു പാട് പേരോട് ചെയ്യുന്ന പാതകം ആയിരിക്കും. അപ്പൊ പിന്നെ എൻ്റെ പുസ്തക ശേഖരത്തിലെ കവിതാ പുസ്തകങ്ങളുടെ എണ്ണം എത്ര ഉണ്ടാകും എന്ന് ഊഹിക്കാമല്ലോ. പക്ഷെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഒരത്ഭുതം സംഭവിച്ചു. ഞാനറിഞ്ഞു കൊണ്ട് ഒരു കവിതാ പുസ്തകം വാങ്ങി!
വർഷം തോറും എൻ്റെ നാട്ടിൽ ഒരു പുസ്തകമേള നടന്നു വരാറുണ്ട് . ടീം പോസിറ്റീവ് എന്ന ഒരു 'ടീം' സംഘടിപ്പിക്കുന്ന പ്രസ്തുത മേളയുടെ ഉത്ഘാടന വേദിയിൽ വച്ച് എൻ്റെ ആദ്യ പുസ്തകമായ "അമ്മാവന്റെ കൂളിങ് എഫക്ട് " എൻ്റെ നാട്ടുകാർക്ക് മുമ്പിൽ പരിചയപ്പെടുത്തി. ജനാബ് ശൈഖ് മുഹമ്മദ് കാരക്കുന്നിന് പുസ്തകത്തിന്റെ കോപ്പി നൽകി ആയിരുന്നു ഈ പരിചയപ്പെടുത്തൽ. പുസ്തകം പ്രകാശിപ്പിച്ചത് മറുനാട്ടിലായതിനാലാണ് ഇങ്ങനെ ചെയ്തത്. തൊട്ടു പിന്നാലെ, ഇതേ പോലെ മറ്റെവിടെയോ പ്രകാശനം ചെയ്ത എൻ്റെ നാട്ടുകാരിയായ ഷിംനയുടെ കവിതാ പുസ്തകമായ "കളഞ്ഞു പോയത് " ഉം പരിചയപ്പെടുത്തി. ആ പുസ്തകമായിരുന്നു ഞാൻ വാങ്ങിയ കവിതാ പുസ്തകം.
മിക്ക കവിതകളും പത്ത് വരിക്കപ്പുറം പോകാത്തതിനാലും ഗദ്യം പോലെ ആയതിനാലും രണ്ടേ രണ്ട് ഇരുപ്പിൽ ഞാനത് മുഴുവൻ വായിച്ചു. ബാല്യത്തിലേക്കുള്ള തിരിച്ചുപോക്ക് ഇതിലെ ധാരാളം കവിതകളിൽ കാണാം. 'വീട്ടുസാമാനങ്ങൾ' എന്ന കവിതയിൽ ബാല്യത്തിന്റെ ഗൃഹാതുരത്വം ശരിക്കും ഞാൻ അനുഭവിച്ചു. കളഞ്ഞു പോയ പലതും ആ കവിതയിലൂടെ മനോമുകുരത്തിൽ തിരിച്ചെത്തി. ഇങ്ങനെ പലതും നമ്മെ ഓർമ്മപ്പെടുത്തുന്ന തൊണ്ണൂറ് കവിതകളാണ് ഈ പുസ്തകത്തിലുള്ളത്.
മലയാളത്തിലെ പ്രശസ്തരായ കവികളിൽ ഒരാളായ ശ്രീ വീരാൻകുട്ടി എഴുതിയ അവതാരികയിൽ ഈ പുസ്തകത്തെ കാണാതായ വസ്തുക്കളുടെ എംപോറിയം എന്നാണ് വിശേഷിപ്പിക്കുന്നത്. വളരെ ശരിയാണതെന്ന് എനിക്ക് തോന്നുന്നു.
പുസ്തകം : കളഞ്ഞു പോയത്
രചയിതാവ് : ഷിംന
പ്രസാധകർ : സ്പെൽ ബുക്സ് , കോഴിക്കോട്
പേജ് : 96
വില : 120 രൂപ
5 comments:
ബാല്യത്തിലേക്കുള്ള തിരിച്ചുപോക്ക് ഇതിലെ ധാരാളം കവിതകളിൽ കാണാം.
കാണാതായ വസ്തുക്കളുടെ എംപോറിയം - നല്ല പ്രയോഗം.
മുബീ... അത് വീരാൻ കുട്ടി മാഷുടെ പ്രയോഗം
കളഞ്ഞുപോയവ കുന്നുകൂട്ടിയിട്ടിരിക്കുന്ന ഒരു കവിതാസമാഹാരം അല്ലെ
മുരളിയേട്ടാ .... അതെന്നെ
Post a Comment
നന്ദി....വീണ്ടും വരിക