ഡോ.പി.എൻ സുരേഷ് കുമാർ എന്ന മനോരോഗ വിദഗ്ദൻ എഴുതിയ പുസ്തകമാണ് 'പഠനം പാൽ പായസം പോലെ' . എന്റെ നാല് മക്കളും വിദ്യാർത്ഥികൾ ആയതിനാലും മന:ശാസ്ത്രത്തിൽ താല്പര്യം ഉള്ളതിനാലും MSc Applied Psychology ബിരുദധാരി ആയതിനാലും വളരെ താല്പര്യത്തോടെയാണ് ഈ പുസ്തകം ഞാൻ വായിക്കാൻ തുടങ്ങിയത്. പുസ്തകത്തിന്റെ ടൈറ്റിലിന് പ്രാസമൊപ്പിച്ച് പറഞ്ഞാൽ വായന അവിയൽ പോലെ എന്ന് പറയേണ്ടി വരും.
പുസ്തകത്തിന്റെ ഉള്ളടക്കം മികച്ചതാണ്. പക്ഷെ പറഞ്ഞത് വീണ്ടും പറഞ്ഞ് മുഷിപ്പിക്കുന്നത് വായനക്കാരനെ പിന്തിരിപ്പിക്കും. ഇത്തരം പുസ്തകങ്ങൾ വായിക്കുന്നവർ തന്നെ തുലോം കുറവായിരിക്കും. അവരെയും കൂടി നിരാശരാക്കിയാൽ പുസ്തകം വിജയിക്കില്ല.
ഒരു പുസ്തകത്തെ സംബന്ധിച്ചിടത്തോളം അക്ഷരപ്പിശകുകൾ ഉണ്ടാകുന്നതും വായനയെ ബാധിക്കും (എന്റെ നാടിനെപ്പറ്റിയുള്ള ഒരു പുസ്തകം വായന തുടങ്ങിയത് അക്ഷരത്തെറ്റുകൾ കാരണം ഞാൻ നിർത്തി വച്ചു). ഈ പുസ്തകത്തിൽ അക്ഷരപ്പിശാചുക്കൾക്ക് പുറമെ സപ്പോർട്ടിംഗ് ഫോണ്ട് അല്ലാത്തതിനാൽ എന്തൊക്കെയോ അച്ചടിച്ച് വന്ന നിരവധി സന്ദർഭങ്ങൾ ഉണ്ട്.
മന:ശാസ്ത്ര സംബന്ധമായ പുസ്തകമായതിനാൽ പല പദങ്ങളും സാധാരണക്കാർക്ക് അപരിചിതമായിരിക്കും. അത് തെറ്റായി നൽകിയാൽ മനസ്സിലാക്കാനും സാധിക്കില്ല. അമ്പത്തിയഞ്ചാം പേജിലെ ടൈറ്റിൽ തന്നെ തെറ്റാണെന്ന് അതിനെപ്പറ്റി ധാരണയുള്ളതിനാൽ എനിക്ക് മനസ്സിലായി. ആ പേജിൽ അതേ പേര് രണ്ടിടത്ത് ആവർത്തിച്ചപ്പോൾ അതും തെറ്റായാണ് നൽകിയത്. എക്സ്പോഷർ തെറാപ്പി എന്ന പദമാണ് ഒരേ പേജിൽ മൂന്ന് വിധത്തിൽ തെറ്റിച്ച് നൽകിയത്.
പ്രത്യക്ഷത്തിൽ പഠനവുമായി ബന്ധമില്ലാത്ത എന്നാൽ മാനസിക പിരിമുറുക്കം ഉണ്ടാക്കുന്ന ചില പ്രശ്നങ്ങളുടെ സംശയങ്ങളും ഉത്തരങ്ങളും ഈ പുസ്തകത്തിൽ ഉണ്ട്. അതും ഈ പുസ്തകത്തിൽ ഉൾക്കൊളളിച്ചത് എന്തിന് എന്ന് വായനക്കാരന്റെ മനസ്സിൽ ചോദ്യമുയരും എന്ന് തീർച്ച. ഈ പുസ്തകത്തിന് രണ്ടാം പതിപ്പ് ഉണ്ടാവുകയാണെങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് വിനീതമായി ഉണർത്തുന്നു.
രചയിതാവ്: ഡോ.പി.എൻ സുരേഷ് കുമാർ
പ്രസാധകർ : പേരക്ക ബുക്സ്
വില: 150 രൂപ
3 comments:
പുസ്തകത്തിന്റെ ടൈറ്റിലിന് പ്രാസമൊപ്പിച്ച് പറഞ്ഞാൽ വായന അവിയൽ പോലെ എന്ന് പറയേണ്ടി വരും.
കൊള്ളാം
മുരളിയേട്ടാ... നന്ദി
Post a Comment
നന്ദി....വീണ്ടും വരിക