കാശ്മീർ ഫയൽസ് - 13 (Click & Read)
എന്നും മഞ്ഞുള്ളതിനാലാവാം ഈ സ്ഥലം സീറോ പോയിന്റ് എന്നറിയപ്പെടുന്നത്. കുതിരപ്പുറത്ത് ഇങ്ങോട്ട് എത്തിച്ചേരുക എന്നത് ദുഷ്കരമാണ് .വാഹനം പിടിച്ച് വരുന്നത് തന്നെയാണ് അത്യുത്തമം.
മുന്നിൽ നീണ്ടു നിവർന്ന് കിടക്കുന്ന മഞ്ഞിൻ പരവതാനിയിലേക്ക് ഓടിക്കയറാൻ ഞങ്ങൾക്ക് തിടുക്കമായി. പക്ഷേ അതിനുള്ള ജാക്കറ്റോ ബൂട്ടുകളോ കരുതിയിരുന്നില്ല. ഇതൊന്നും ഇല്ലാതെ കയറി നോക്കാം എന്ന് നൗഷാദ് നിർദ്ദേശിച്ചതനുസരിച്ച് ഞങ്ങൾ മഞ്ഞിലേക്ക് നീങ്ങി. ഡ്രൈവർ മുസമ്മിൽ ഉടൻ ഞങ്ങളുടെ അടുത്തെത്തി ബൂട്ട് ആവശ്യമുണ്ടോ എന്നന്വഷിച്ചു.100 രൂപ പറഞ്ഞ ബൂട്ട് അയാൾ 80 രൂപക്ക് ഒപ്പിച്ച് തന്നു. അതും മൂന്ന് പേർക്ക് മാത്രമേ ഞങ്ങൾ എടുത്തുള്ളൂ. ബാക്കിയുളളവർ സാദാ ചെരിപ്പും ഷൂസും ഇട്ട് കയറി.
കയ്യിൽ വാരി എടക്കുമ്പോഴും ഒറ്റ നോട്ടത്തിലും മഞ്ഞ് പരു പരുത്താണ് ഇരിക്കുന്നത്. പക്ഷെ മഞ്ഞിലൂടെ ഓടിയപ്പോഴാണ് അതിന്റെ വഴുതൽ മനസ്സിലായത്. ഞങ്ങളിൽ പലരും ചന്തിയും കുത്തി വീണെങ്കിലും മൂട് ഒന്ന് നനയുക പോലും ചെയ്തില്ല !ഹൈദരാബാദിലെ സ്നോ വേൾഡിൽ പോയ ആസ്വാദനാനുഭവത്തിൽ നിന്ന്, മക്കളെ കോഴിക്കോട് ഹൈ ലൈറ്റ് മാളിലെ സ്നോ പോയിന്റ് എങ്കിലും കാണിക്കണം എന്നാഗ്രഹിച്ചിരുന്നു. ഇപ്പോൾ ഞങ്ങൾ ഉരുണ്ട് മറിയുന്നത് പ്രകൃതി ഒരുക്കിയ ഒറിജിനൽ മഞ്ഞു മലയിലായതിനാൽ ആ തീരുമാനവും വഴിമാറി.
പരസ്പരം മഞ്ഞ് വാരി എറിഞ്ഞും കയ്യിൽ വാരി എടുത്തും ഗുൽമാർഗിൽ മഞ്ഞ് കിട്ടാത്തതിന്റെ സങ്കടം എല്ലാവരും തീർത്തു. മഞ്ഞിൽ ഓടിക്കുന്ന ഒരു ജീപ്പും സ്കീയിങ്ങുകാരും ഞങ്ങളുടെ അടുത്ത് കൂടെ മൂളിപ്പറന്ന് കൊണ്ടിരുന്നു. ഒരാൾക്കിരിക്കാവുന്ന ജീപ്പിൽ ഒന്ന് റൗണ്ടിക്കാൻ 1500 രൂപയാണ് ചാർജ്ജ്. ബൂട്ട് ഉണ്ടെങ്കിൽ ആ ദൂരം നടന്ന് കയറാവുന്നതേ ഉള്ളൂ.
ചെരിപ്പുനുള്ളിൽ മഞ്ഞ് കട്ടകൾ കയറിയതിനാൽ ഞങ്ങൾക്ക് കാല് തണുത്ത് കോറാൻ തുടങ്ങി. എങ്കിലും ആ മാസ്മര ലോകത്തിൽ നിന്ന് വിട്ടു പോരാൻ മനസ്സനുവദിച്ചില്ല. അപ്പോഴാണ് ദേഹത്തേക്ക് എന്തോ പറ്റിപ്പിടിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടത്.ക്രമേണ അതിന്റെ ശക്തി കൂടിക്കൂടി വന്നു.വെളുത്ത നിറത്തിലുള്ള പൊടി പോലെയുള്ള ഒരു സാധനം.
"ഹായ് ...സ്നോഫാൾ !!" ലുലു വിളിച്ചു പറഞ്ഞു.
ശൈത്യകാലത്ത് മാത്രം ലഭിക്കാറുള്ള മഞ്ഞു വീഴ്ച, അന്ന് ഞങ്ങൾക്കായി ദൈവം ഒരുക്കിത്തന്നു.കണ്ണിൽ പതിക്കുന്ന മഞ്ഞ് കണം ചെറിയൊരു വേദന ഉണ്ടാക്കുന്നതിനാൽ ഞങ്ങൾ തിരിഞ്ഞ് നിന്ന് ആ മഞ്ഞു വീഴ്ച ആസ്വദിച്ചു.പത്ത് മിനുട്ടിലധികം അത് നീണ്ടു നിന്നില്ല.നീണ്ടു നിന്നാൽ തണുപ്പ് കൂടി വിറക്കാൻ തുടങ്ങുമായിരുന്നു.സ്നോഫാൾ ആസ്വദിക്കാൻ മാത്രം അൽപ സമയം ഞങ്ങൾക്കത് കാണിച്ച് തന്ന ദൈവത്തിന് വീണ്ടും സ്തുതി.
കാശ്മീരിലെ സമ്മർ സീസണായ മെയ് മാസത്തിൽ ഇവിടെ ഇത്രയും കുളിരുണ്ടെങ്കിൽ യഥാർത്‌ഥ ശൈത്യ കാലത്തെ തണുപ്പ് സങ്കൽപ്പത്തിനും അപ്പുറമാണ്.ഋതുഭേദങ്ങൾ പ്രളയവും വരൾച്ചയും മാത്രം തീർക്കുന്ന നമ്മുടെ നാട്ടുകാർക്ക് മഞ്ഞിൽ പൊതിഞ്ഞ ഈ ഹൈമവത ഭൂമി ഏറെ കൗതുകം ഉണർത്തും. നീലാകാശവും നരച്ച മഞ്ഞ് തറയും സ്തൂപികാഗ്ര വൃക്ഷങ്ങളും പച്ചപ്പുതച്ച മലകളും എത്ര നേരം നോക്കിനിന്നാലും മതിവരില്ല.
തണുപ്പ് കൂടി വന്നതിനാൽ ഞങ്ങൾ മഞ്ഞിലെ കളി നിർത്തി കയറി .ആവി പറക്കുന്നൊരു ചായക്ക് മോഹം തോന്നിയെങ്കിലും ഗുൽമാർഗ്ഗിലെ അനുഭവം എന്നെ പിന്തിരിപ്പിച്ചു.ഉച്ചഭക്ഷണവും കഴിച്ചിട്ടില്ലാത്തതിനാൽ എന്തെങ്കിലും കഴിക്കാതിരിക്കാനും നിർവ്വാഹമില്ലാതായി.അപ്പോഴാണ് കൂടാരം പോലെ കെട്ടിയുണ്ടാക്കിയ ഒരു ടെന്റിൽ നിന്നും മുസമ്മിൽ ഇറങ്ങി വന്നത്.
സോനാമാർഗ്ഗിലേക്ക് പോകുമ്പോൾ ഞങ്ങളെ മാടി വിളിച്ച സിന്ധു നദി അപ്പോഴേക്കും ഇരുളിൽ മാഞ്ഞുപോയിരുന്നു.ഇഷ്‌ഫാഖിന്റെ വീട്ടിൽ ഞങ്ങൾ തിരിച്ചെത്തുമ്പോൾ സമയം രാത്രി ഒമ്പതര ആയിരുന്നു.
1 comments:
"കശ്മീർ ജന്നത്ത് ഹേ ....ഹമാര ജന്നത്ത് ..." മുസമ്മിൽ വീണ്ടും പറഞ്ഞു.
Post a Comment
നന്ദി....വീണ്ടും വരിക