ഒഴിവ് ദിവസങ്ങളിൽ പ്രത്യേകിച്ച് ഒരു പണിയും ഇല്ലെങ്കിൽ വീട്ടുകാർക്കൊപ്പം അല്ലെങ്കിൽ കൂട്ടുകാർക്കൊപ്പം ചെറിയ ചെറിയ യാത്രകൾ നടത്തുന്നത് ഒരു ഹരമാണ്. ദൈനംദിന ജീവിതത്തിലെ സ്ഥിര കാഴ്ചകളിൽ നിന്നും പ്രവൃത്തികളിൽ നിന്നും അല്പസമയത്തേക്ക് ലഭിക്കുന്ന മോചനവും പ്രകൃതിയുടെ മനോഹാരിതയുടെ ആസ്വാദനവും ഇത്തരം യാത്രകളിലൂടെ നമ്മുടെ മനസ്സിനെ ഒന്ന് ഫ്രഷാക്കും.
കാശ്മീർ യാത്രക്ക് ശേഷം (ഇവിടെ ക്ലിക്ക് ചെയ്താൽ വായിക്കാം), പഴയ പത്താം ക്ലാസ് കൂട്ടുകാരുടെ കൂടെ നടത്തിയ ഒരു അര ദിവസ പരിപാടിയായിരുന്നു നാരങ്ങാത്തോട് യാത്ര.
അൽപം കുളിരും തണുപ്പും ഒക്കെ കിട്ടാന്‍ വേണ്ടി പോകാന്‍ പറ്റിയ നിരവധി സ്ഥലങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. അവയിൽ പലതും ഇപ്പോൾ ടൂറിസ്റ്റ് കേന്ദ്രങ്ങളായി മാറിക്കഴിഞ്ഞെങ്കിലും, അധികമാരും അറിയാതെ കാടിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന സ്ഥലങ്ങള്‍ ഇനിയുമുണ്ട്. അത്തരത്തിലൊരു സ്ഥലമാണ് കോഴിക്കോട് ജില്ലയിലുള്ള നാരങ്ങാത്തോട്ടിലെ പതങ്കയം വെള്ളച്ചാട്ടം.
കോഴിക്കോട് ജില്ലയിലെ പ്രധാനപ്പെട്ട ഒരു ടൂറിസ്റ്റ് കേന്ദ്രമായ ആനക്കാംപൊയിലിന് സമീപത്താണ് നാരങ്ങാത്തോട് എന്ന മലയോരഗ്രാമം സ്ഥിതി ചെയ്യുന്നത്."എന്ന് നിന്റെ മൊയ്തീനി "ലൂടെ പ്രശസ്തി നേടിയ ഇരുവഴിഞ്ഞിപ്പുഴയിലാണ് പതങ്കയം വെള്ളച്ചാട്ടം.
കേരളത്തിലെ മിക്ക വെള്ളച്ചാട്ടങ്ങളും മഴക്കാലം കഴിയുന്നതോടെ പാറക്കൂട്ടങ്ങളാകാറാണ് പതിവ്. എന്നാൽ വർഷത്തിലെ എല്ലാ സീസണിലും സുലഭമായി ജലം ലഭ്യമാണെന്നതാണ് പതങ്കയത്തെ സഞ്ചാരികൾക്ക് ഏറെ പ്രിയങ്കരമാക്കുന്നത്. മാത്രമല്ല, നീന്തലറിയുന്നവർക്ക് ചാടിത്തിമർക്കാനും നീന്തിത്തുടിക്കുവാനും പാകത്തിൽ പാറക്കെട്ടുകൾക്കിടയിൽ പ്രകൃതി തന്നെ ഒരുക്കിയ വെള്ളക്കെട്ടുകളുമുണ്ട്. വെള്ളരിമലനിരകളിൽ നിന്നും ഉത്ഭവിച്ച് ചാലിയാറിൽ ലയിച്ച് ചേരുന്ന ഇരുവഴിഞ്ഞിയെന്ന സുന്ദരിയെ കൂടുതൽ മനോഹരിയാക്കുന്ന അനേകമിടങ്ങളിൽ ഒന്നാണ് പതങ്കയം.
KSEB ആരംഭിച്ച നിരവധി മിനി ഹൈഡ്രൽ പവർ പ്രൊജക്ടുകളിൽ ഒന്നായ പതങ്കയം വൈദ്യുത പദ്ധതി ഈ വെള്ളച്ചാട്ടത്തിന്റെ തൊട്ടടുത്താണ്. പൊതു ജനങ്ങൾക്ക് പ്രവേശനമില്ലെങ്കിലും മാനേജറുടെ അനുവാദത്തോടെ അകത്ത് കയറി കാണാൻ സാധിക്കും എന്നാണ് വാച്ച്മാനോട് സംസാരിച്ചപ്പോൾ മനസ്സിലായത്.
കോഴിക്കോട് ജില്ലയിലെ ഏറ്റവും പ്രശസ്തമായ തുഷാരഗിരി വെള്ളച്ചാട്ടവും, അരിപ്പാറ വെള്ളച്ചാട്ടവും, കോഴിപ്പാറ വെള്ളച്ചാട്ടവും എല്ലാം തൊട്ടടുത്ത പ്രദേശങ്ങളിൽ തന്നെയാണ്.മേൽപറഞ്ഞ സ്ഥലങ്ങളിലെല്ലാം പ്രവേശന ഫീസ് ഉണ്ട്. എന്നാൽ പതങ്കയത്ത് സഞ്ചാരികൾക്ക് പ്രവേശനം സൗജന്യമാണ്.
ഹരിതാഭമായ കാട്ടിനുള്ളിലെ പാറക്കെട്ടുകളുടെ മുകളില്‍ നിന്ന് വെള്ളിച്ചില്ലുകൾ പോലെ തുള്ളിച്ചിതറി വരുന്ന വെള്ളം കാണുമ്പോള്‍ തന്നെ ഒരു മഞ്ഞ്മഴ പെയ്ത പ്രതീതിയാണ് മനസ്സിൽ ഉണ്ടാവുക . പാറക്കെട്ടുകൾക്കിടയിൽ എത്തുമ്പോൾ വെള്ളത്തിന്റെ നിറം നീലയും പച്ചയും കലര്‍ന്നതായി മാറുന്നു. പശ്ചാത്തലത്തില്‍ പക്ഷികളുടെ കലപില കൂടിയാകുമ്പോള്‍ പരിസരം മറന്ന് ഇരുന്ന് പോകും.
എല്ലാ വെള്ളച്ചാട്ടങ്ങളെയും പോലെ പതങ്കയത്തും ഇടയ്ക്കിടെ അപകടം ഉണ്ടാകാറുണ്ട്. നീന്തല്‍ വശമില്ലാത്തവർ ആഴമേറിയ സ്ഥലങ്ങളിൽ വെള്ളത്തില്‍ ഇറങ്ങാതിരിക്കുന്നതാണ് നല്ലത്. ആഴം കുറഞ്ഞ സ്ഥലങ്ങളിൽ വെള്ളത്തിൽ മുങ്ങി കാട്ടാറിന്റെ കുളിർമ്മ ആസ്വദിക്കാനും പതങ്കയത്ത് സൗകര്യമുണ്ട്. ആരുടെയും നിയന്ത്രണങ്ങൾ ഇല്ലാത്തതിനാൽ സാമൂഹ്യ വിരുദ്ധരും പതങ്കയത്തെ ഒരു ഭീഷണിയാണ്.
മലപ്പുറം ഭാഗത്ത് നിന്നുള്ളവർക്ക് അരീക്കോട് - മുക്കം - തിരുവമ്പാടി - പുല്ലൂരാംപാറ വഴിയും കോഴിക്കോട് ഭാഗത്ത് നിന്നുള്ളവർക്ക് കുന്ദമംഗലം - തിരുവമ്പാടി – പുല്ലൂരാംപാറ വഴിയും നാരങ്ങാത്തോട് എത്താം. വെള്ളച്ചാട്ടത്തിന്റെ നൂറ് മീറ്റർ അടുത്ത് വരെ വാഹനം എത്തും എന്നതും പതങ്കയത്തെ ആകർഷണീയമാക്കുന്നു.
പ്രകൃതി ഒരുക്കിയ ഏത് വിരുന്ന് ആസ്വദിക്കുമ്പോഴും അതിനെ നമ്മുടെ അടുത്ത തലമുറയ്ക്ക് കൂടി ബാക്കി വയ്ക്കാൻ ശ്രദ്ധിക്കുക. നാം കാരണം ഇത്തരം ജൈവ ആവാസ വ്യവസ്ഥകളിൽ മാലിന്യങ്ങൾ നിറയരുത് എന്ന് ഓരോരുത്തരും തീരുമാനമെടുത്താൽ ഈ മനോഹര തീരം നില നിൽക്കും.
3 comments:
പതങ്കയത്തെ ആഴക്കാഴ്ചകൾ
മനോഹരം 👏👏👏👏👏
Thank You Dhruvakanth
Post a Comment
നന്ദി....വീണ്ടും വരിക