Pages

Tuesday, May 23, 2023

വീട്ടിലൊരു പഴക്കാലം - 1

സ്വന്തമായി ഒരു വീടെന്ന സ്വപ്നം നെയ്യുമ്പഴേ എന്റെ മനസ്സിൽ മറ്റൊരു കിനാവ് കൂടി മുള പൊട്ടിയിരുന്നു. ചക്കയും മാങ്ങയും അടക്കമുള്ള ഫലവൃക്ഷങ്ങൾ കൂടി വീടിനടുത്ത് ഉണ്ടാകണം.വീട് വച്ച് പത്ത് വർഷമാകുമ്പഴേക്കും അവയിൽ നിന്നെല്ലാം ഫലങ്ങൾ പറിക്കാൻ സാധിക്കണം. അതും കുട്ടികൾ വേനലവധി തിമർത്ത് രസിക്കുന്ന മാസങ്ങളിൽ തന്നെ ആയാൽ ബഹുകേമം.

വെറുതെ സ്വപ്നം കണ്ടിരിക്കുന്നതിന് പകരം അത് പ്രാവർത്തികമാക്കാനുള്ള പ്രായോഗിക വഴികളും ഞാൻ തേടി. 2004ൽ വീട് പണി തുടങ്ങിയ ഉടനെ തന്നെ പുരയിടത്തിന്റെ അതിരുകളിൽ ബാപ്പ ചില ഫലവൃക്ഷത്തൈകൾ വച്ചു. മൂവാണ്ടൻ മാവായിരുന്നു അതിൽ പ്രധാനം.വീട് പണി പൂർത്തിയാകും മുമ്പ് ബാപ്പ ഇഹലോകവാസം വെടിഞ്ഞു. 2010 ൽ വീട് പണി കഴിഞ്ഞ് താമസം തുടങ്ങിയ അന്ന് മുതൽ ആ മാവിൽ നിന്ന് ഞങ്ങൾ മാങ്ങ പറിക്കാനും തുടങ്ങി. 

2021 ൽ അഞ്ഞൂറിലധികം മാങ്ങയാണ് വീടിന്റെ ഉയരത്തിൽ എത്തി നിൽക്കുന്ന മാവിൽ വിളഞ്ഞത്. 2022 ൽ ഞങ്ങളുടെ കാശ്മീർ യാത്ര കാരണം ആവശ്യമുള്ളവരോട് എല്ലാം മാങ്ങ പറിക്കാൻ പറഞ്ഞു. അതിനാൽ എത്ര മാങ്ങ കിട്ടി എന്നതിന് കണക്കില്ല .2023 ൽ ഇതുവരെ ആറ് തവണ മാങ്ങ പറിച്ചു. ഓരോ തവണയും ഒരു കുട്ട നിറയെ എന്ന തോതിൽ മുന്നൂറ്റി അമ്പതോളം മാങ്ങ പറിച്ച് അയൽവാസികൾക്കും ബന്ധുക്കൾക്കും കൂട്ടുകാർക്കും എല്ലാം വിതരണം ചെയ്തു കഴിഞ്ഞു. ഏകദേശം അതിന്റെ പകുതിയോളം പക്ഷികൾക്കും ഭക്ഷണമായി. മൺസൂൺ ഉടൻ ആരംഭിക്കാനിരിക്കെ ഒരു തവണ കൂടി പറിക്കാനുള്ള മാങ്ങ ഇനിയും ബാക്കിയുണ്ട്.

മാങ്ങക്കൂട്ടായ്മയിൽ അംഗവും എൻറെ പത്താം ക്ലാസ് സഹപാഠിയുമായ മുജീബ് വീട്ടിൽ വന്നപ്പോൾ അവനും ഞാൻ കുറച്ച് മാങ്ങ നൽകി.മൂവാണ്ടൻ ആണെന്ന് പറഞ്ഞപ്പോൾ അവനത് നോക്കിയിട്ട് പറഞ്ഞു, ഇത് വെളുത്ത മൂവാണ്ടൻ ആണെന്ന്.ഞാൻ ആദ്യമായിട്ടാണ് വെളുത്ത മൂവാണ്ടനും കറുത്ത മൂവാണ്ടനും ഉണ്ടെന്ന് കേൾക്കുന്നത്.മാങ്ങയെ തിരിച്ചറിയാനായി അവൻ സാമ്പിൾ മാങ്ങ കൂട്ടായ്മയിലേക്ക് അയച്ചു കൊടുത്തു.മറുപടി കിട്ടിയത് ഇത് മൂവാണ്ടൻ തന്നെ അല്ല എന്നായിരുന്നു! ശരിയാകാം,കാരണം ബാപ്പയുടെ നാട്ടിൽ ഈ മാങ്ങ അറിയപ്പെടുന്നത് കുറുക്കൻ മാങ്ങ എന്നാണ്.

അഞ്ച് ദിവസങ്ങൾക്ക് ശേഷം എന്റെ വിദ്യാർത്ഥിനിയായിരുന്ന മഞ്ജുഷയും ഭർത്താവും വീട്ടിൽ വന്നു. അവർക്കും മൂവാണ്ടൻ എന്ന പേരിൽ ഞാൻ മാങ്ങ നൽകി. ഇത് കറുത്ത മൂവാണ്ടനാണെന്ന് മഞ്ജുഷയും അല്ല വെളുത്ത മൂവാണ്ടനാണെന്ന് ഭർത്താവും പറഞ്ഞു.വീട്ടിലെത്തി അമ്മായി അമ്മയെ കാണിച്ചപ്പോൾ കറുത്ത മൂവാണ്ടനാണെന്ന് ഉത്തരം കിട്ടി പോലും.ഏതായാലും ഈ മാങ്ങ തിന്നാൻ തുടങ്ങിയിട്ട് നാല്പത് വർഷത്തിലധികമായി.നിരവധി പേർ മാങ്ങ കൊണ്ട് പോവുകയും ചെയ്തു.ഇപ്പോഴാണ് ഈ അറിവ് ലഭിച്ചത്.നല്ല മധുരമുള്ള മാങ്ങയായതിനാലും പുഴു ശല്യം അപൂർവ്വമായതിനാലും, ആവശ്യമുള്ളവർക്ക് നൽകാനായി അണ്ടി മുളപ്പിക്കാൻ വച്ചിട്ടുണ്ട്.

മൂവാണ്ടൻ മാവിന് തൊട്ടപ്പുറത്ത് തന്നെ വളർന്ന്, ഒന്നരയാൾ ഉയരത്തിൽ എത്തിയ കോഴിക്കോടൻ മാവിലും ഈ വർഷം അമ്പതോളം മാങ്ങ ഉണ്ടായി.ഉയരം കുറവായത് കാരണമാണോ എന്നറിയില്ല ഒരു മാങ്ങ പോലും വവ്വാൽ കടിച്ചില്ല, കാക്ക കൊത്തിയതുമില്ല.എന്നും കാലത്ത് സുബഹി നമസ്കാരത്തിനായി പള്ളിയിൽ പോകുമ്പോൾ പഴുത്ത മാങ്ങ വീണു കിടക്കുന്നുണ്ടാകും.അമ്പതോളം മാങ്ങ അതിൽ നിന്നും കിട്ടി. ആ മാവിലെ മാങ്ങ തീർന്നു.

വർഷങ്ങൾക്ക് മുമ്പ് എന്റെ സഹപ്രവർത്തകൻ ചേളന്നൂർകാരനായ കിഷോർ തന്ന സേലൻ മാവിലും ഈ തവണ ഏതാനും മാങ്ങകൾ ഉണ്ടായി.പറിച്ച് തുടങ്ങിയില്ല. കാരണം തൊട്ടപ്പുറത്ത് ജ്യേഷ്ഠത്തിയുടെ പറമ്പിൽ ഉയർന്ന് നിൽക്കുന്ന സേലൻ മാവിൽ ഇത്തവണ ഉണ്ടായത് കാക്കത്തൊള്ളായിരം മാങ്ങകളാണ്.ഒരു കൊട്ട ഞാനും അതിൽ നിന്ന് പറിച്ചെടുത്തു.ഏത് പ്രായത്തിലെ മാങ്ങക്കും പ്രത്യേക രുചിയുള്ള സേലൻ മാങ്ങ പഴുത്തത് തിന്നാൽ പിന്നെ മുറ്റത്ത് ഒരു തൈ നട്ടുവളർത്താൻ മറ്റൊന്നും ആലോചിക്കേണ്ടി വരില്ല.

കഴിഞ്ഞ വർഷം ഇരുപതോളം മാങ്ങ തന്ന എന്റെ ഒട്ടുമാവ് പൂർണ്ണമായും ഉണങ്ങിപ്പോയി.പലരുടെയും ഒട്ടുമാവുകൾ ഉണങ്ങിപ്പോയതായി കേൾക്കുകയും ചെയ്തു. ഇലകൾ തിരുമ്മി വാസനിച്ചാൽ മത്ത് പിടിക്കുന്ന, പേരറിയാത്ത ഒരു മാവിൻ തൈ കൂടി മുറ്റത്ത് ഇനി വളർന്ന് വരുന്നുണ്ട്. അടുത്ത വർഷത്തോടെ അതിലും ഞാൻ മാങ്ങ പ്രതീക്ഷിക്കുന്നു. മുറ്റത്തെ ഈ നാല് നാടൻ മാവുകളും കൂടി മാങ്ങ തരാൻ തുടങ്ങിയാൽ അതുമതി ഒരായുസ്സിന്റെ മാങ്ങാ ഓർമ്മകൾ നിലനിൽക്കാൻ.

(തുടരും...)

1 comments:

Areekkodan said...

ചില മാമ്പഴക്കാര്യങ്ങൾ...

Post a Comment

നന്ദി....വീണ്ടും വരിക