വയനാട് സന്ദർശിക്കുന്നവരിൽ ഭൂരിഭാഗം പേരും ഒരു പക്ഷേ കേട്ടിട്ടു പോലുമില്ലാത്ത ഒരു സ്ഥാപനമാണ് ഉറവ് ഇൻഡിജിനിയസ് സയൻസ് ആൻഡ് ടെക്നോളജി സെന്റർ. 1996 ൽ കല്പറ്റക്കടുത്ത് തൃക്കൈപ്പറ്റ എന്ന ഗ്രാമത്തിൽ രൂപം കൊണ്ട ഒരു ലാഭേതര സംഘടനയാണ് ഉറവ്.മുള അധിഷ്ഠിത ഉത്പന്നങ്ങളുടെ വിപണനത്തിലൂടെ തദ്ദേശീയരായ ആദിവാസി വിഭാഗത്തിന്റെ ഉന്നമനം എന്നതാണ് ഉറവിന്റെ പ്രഥമ ലക്ഷ്യം.
വയനാട്ടിൽ സുലഭമായി കാണുന്ന ഒരു പുൽ വർഗ്ഗ ചെടിയാണ് മുള.പരമ്പരാഗതമായി,ഇതു കൊണ്ട് കുട്ടയും മുറവും മറ്റും നിർമ്മിച്ച് ഉപജീവനം നടത്തുന്നവരായിരുന്നു വയനാട്ടിലെ വലിയൊരു വിഭാഗം ആദിവാസികളും.ഈ പരമ്പരാഗത തൊഴിൽ നിലനിർത്തിക്കൊണ്ട്, ആദിവാസികൾക്ക് മെച്ചപ്പെട്ടൊരു ഉപജീവനമാർഗ്ഗം ഉണ്ടാക്കുക എന്നതാണ് ഉറവിലൂടെ ഉദ്ദേശിക്കുന്നത്.ഈ രംഗത്തേക്ക് കടന്നു വരാൻ ഉദ്ദേശിക്കുന്നവർക്ക് പരിശീലനവും മുള കൊണ്ടുള്ള വിവിധ കരകൗശല വസ്തുക്കളുടെയും വീട്ടുപയോഗ സാമഗ്രികളുടെയും നിർമ്മാണവും വിപണനവും അടക്കമുള്ള പ്രവർത്തനങ്ങൾ വഴി ഉറവ് ഇന്ന് പ്രശസ്തമാണ്.
2004 മുതൽ വയനാട്ടിൽ ജോലി ചെയ്യുമ്പോൾ കേട്ടു കൊണ്ടിരുന്ന ഒരു പേരാണ് 'ഉറവ്'.കയർ ഫാക്ടറി പോലെ ഒരു സ്ഥാപനം എന്നതായിരുന്നു എന്റെ മനസ്സിലെ 'ഉറവ്'.അതിനാൽ തന്നെ അത് സന്ദർശിക്കുന്നതിൽ എനിക്ക് ഒരിക്കലും താല്പര്യം തോന്നിയില്ല.പിന്നീടെപ്പോഴോ ഒരു മീററിംഗിൽ വച്ചാണ് ഉറവിനെ അടുത്തറിഞ്ഞതും ഒന്ന് നേരിട്ട് കണ്ട് കാര്യങ്ങൾ അറിയണമെന്ന് ആഗ്രഹം തോന്നിയതും.പക്ഷെ,അവസരം ഒത്തുവന്നത് ഞങ്ങളുടെ പത്താം ക്ലാസ്സ് കൂട്ടായ്മയുടെ ഈ വർഷത്തെ വയനാട്ടിലേക്കുള്ള വിനോദയാത്രയിലാണ്.അതും, ഈ യാത്രയുടെ പ്ലാൻ പൂർണ്ണമായും ഞാൻ തന്നെ തയ്യാറാക്കിയതുകൊണ്ട് മാത്രവും .
ഉറവിൽ എത്തുന്നത് വരെ അവിടെ കാണാനുള്ള കാഴ്ചകളെപ്പറ്റിയും കിട്ടാനുള്ള അറിവുകളെപ്പറ്റിയും ഞാനും അജ്ഞാതനായിരുന്നു.അതുകൊണ്ട് തന്നെ എൻറെ സഹപാഠികൾക്ക് ഇത് ദഹിക്കുമോ ഇല്ലയോ എന്ന സന്ദേഹം മനസ്സിൽ ഉണ്ടായിരുന്നു.സൂചിപ്പാറ വെള്ളച്ചാട്ടം കണ്ട ശേഷമായതുകൊണ്ട് ഇത് ഇഷ്ടപ്പെട്ടില്ലെങ്കിലും ബത്തേരി ജൈനക്ഷേത്ര ദർശനത്തിലൂടെയോ കാരാപ്പുഴ ഡാം സന്ദർശനത്തിലൂടെയോ അത് പരിഹരിക്കാം എന്നായിരുന്നു എന്റെ പദ്ധതി.പക്ഷേ, മുള കൊണ്ടുള്ള അമ്പതിൽപരം ഉത്പന്നങ്ങളും അവയുടെ നിർമ്മാണവും നേരിട്ട് കണ്ടപ്പോൾ പലരും ആലീസിന്റെ അത്ഭുതലോകത്തിലായിരുന്നു. കീശക്കൊതുങ്ങുന്ന വിലയിൽ വാങ്ങാൻ പറ്റുന്ന പലതരം ഉല്പന്നങ്ങൾ ഉണ്ടായിരുന്നതിനാൽ ഞങ്ങളിൽ പലരും പലതും വാങ്ങുകയും ചെയ്തു.
മുമ്പൊരു വയനാട് യാത്രാ വേളയിൽ അപ്രതീക്ഷിതമായി ഞങ്ങൾ ഒരു ടീ മ്യൂസിയത്തിൽ എത്തിയിരുന്നു.വളരെ വ്യത്യസ്തമായ ഒരു അനുഭവമാണ് അന്ന് ആ സന്ദർശനത്തിലൂടെ എനിക്കും കുടുംബത്തിനും കിട്ടിയത്.ചില സ്ഥലങ്ങൾ അങ്ങനെയാണ്.'ഉറവ്' കണ്ട ശേഷവും എനിക്ക് തോന്നിയത് അതേ അനുഭവമാണ്.
1 comments:
ഉറവിൽ എത്തുന്നത് വരെ അവിടെ കാണാനുള്ള കാഴ്ചകളെപ്പറ്റിയും കിട്ടാനുള്ള അറിവുകളെപ്പറ്റിയും ഞാനും അജ്ഞാതനായിരുന്നു.
Post a Comment
നന്ദി....വീണ്ടും വരിക