Pages

Wednesday, May 31, 2023

പിറന്നാൾ കപ്പ

വിശേഷാവസരങ്ങളിൽ വീട്ടിലോ മറ്റെവിടെയെങ്കിലോ ഒരു തൈ വയ്ക്കുന്ന പതിവ് ഞാനിപ്പോഴും തുടരുന്നു.ദീർഘകാലം നിലനിൽക്കുന്ന ഫലവൃക്ഷത്തൈകളായിരുന്നു ഇതുവരെ നട്ടിരുന്നത്.ഇടക്ക് അതൊന്ന് മാറ്റിപ്പിടിച്ച് ചെങ്കദളി വാഴ വച്ചു.നാട്ടിൽ സാധാരണ കിട്ടാത്ത ഒരു പഴം എന്ന നിലയിലും കദളിപ്പഴത്തോട് പണ്ട് മുതലേ തോന്നിയ താല്പര്യം കാരണവും ആയിരുന്നു ആ മാറ്റം.

ഇത്തവണ ഞങ്ങളുടെ ഇരുപത്തിയഞ്ചാം വിവാഹ വാർഷികത്തോടനുബന്ധിച്ച് ഇരുപത്തിയഞ്ച് മൺചട്ടികളിൽ പച്ചക്കറി കൃഷിയായിരുന്നു ആരംഭിച്ചത്.തക്കാളി,വഴുതന,പച്ചമുളക്,കാബേജ്,ചീര എന്നിവ യഥേഷ്ടം ലഭിക്കുകയും ചെയ്തു. ഈ മാറ്റമാണ് ചെറിയ മകന്റെ എട്ടാം പിറന്നാളിനും ഒന്ന് മാറ്റിപ്പിടിക്കാൻ എന്നെ പ്രേരിപ്പിച്ചത്.കോവിഡ് കാലത്ത് പത്ത് പതിനഞ്ച് മൂട് കപ്പ നട്ടതും ആവശ്യമുള്ളപ്പോൾ അത് പറിച്ച് പുഴുങ്ങി മുറ്റത്ത് നിന്ന് തന്നെയുള്ള കാന്താരി മുളക് അരച്ച ചമ്മന്തി കൂട്ടിത്തിന്നതും ഒരിക്കൽ കൂടി എന്നിൽ പ്രലോഭനം സൃഷ്ടിച്ചു.പന്നിയും പെരുച്ചാഴിയും വിലസുന്നുണ്ടെങ്കിലും കപ്പയിൽ ഒരു ശ്രമം നടത്താൻ തന്നെ ഞാൻ തീരുമാനിച്ചു.കൊച്ചുമോനും അത് ഏറെ ഇഷ്ടമായി.

കഴിഞ്ഞ വർഷം നട്ട ഒരു കപ്പയുടെ ശുഷ്കിച്ച ഒരു തണ്ട് മാത്രമായിരുന്നു കയ്യിലുണ്ടായിരുന്നത്.അത് മുറിച്ച് തണ്ടുകളാക്കി.അങ്ങനെ എട്ടാം  പിറന്നാളിനോടനുബന്ധിച്ച് എട്ട് മൂട് കപ്പ മോൻ തന്നെ നട്ടു.

അന്ന് വൈകിട്ടാണ് എന്റെ സുഹൃത്തും കൃഷിയിൽ തല്പരനുമായ പി.കെ.അബ്ദുൽമുനീർ ചാലിയാറിന്റെ തീരത്ത് നട്ടു വളർത്തിയ കപ്പ വിളവെടുപ്പ് നടത്തിയത് വാട്സാപ്പ് ഗ്രൂപ്പിൽ കണ്ടത്.ഉടൻ അദ്ദേഹവുമായി ബന്ധപ്പെട്ട് അല്പം കൂടി കപ്പത്തണ്ടുകൾ സംഘടിപ്പിച്ചു.പിറ്റേ ദിവസം തന്നെ കപ്പ കൃഷി അല്പം വികസിപ്പിച്ചു.ഇപ്പോൾ പതിനഞ്ച് മൂട് കപ്പയായി.വേനൽ മഴ കൂടി ലഭിച്ചതോടെ കപ്പ നന്നായി വരുന്നു.പെരുച്ചാഴി മാന്തിയാലും പന്നി കുത്തിയാലും ഒരു മൂട് എങ്കിലും എനിക്കും കിട്ടും എന്ന പ്രതീക്ഷയോടെ ഞാനും മോനും അവയെ പരിപാലിച്ച് പോരുന്നു.



1 comments:

Areekkodan | അരീക്കോടന്‍ said...

പെരുച്ചാഴി മാന്തിയാലും പന്നി കുത്തിയാലും ഒരു മൂട് എങ്കിലും എനിക്കും കിട്ടും എന്ന പ്രതീക്ഷയോടെ ഞാനും മോനും അവയെ പരിപാലിച്ച് പോരുന്നു.

Post a Comment

നന്ദി....വീണ്ടും വരിക