മാസത്തിലൊരിക്കൽ എന്ന പതിവ് തെറ്റിക്കാതെ ബാപ്പയുടെ അന്ത്യ വിശ്രമ സ്ഥാനത്ത് ഇന്നും ഞാൻ പോയി.കൂട്ടിന് എന്റെ കുഞ്ഞു മകനെയും കൊണ്ടുപോയിരുന്നു. ബാപ്പ കൂടെ ഇല്ലാത്ത പതിനഞ്ചാമത്തെ വലിയ പെരുന്നാൾ ആയിരുന്നു ഇന്നലെ. ബാപ്പ മരിച്ചിട്ട് ഇന്ന് പതിനഞ്ച് വർഷം പൂർത്തിയായി. പിതാവിനെപ്പറ്റി മൂന്ന് വർഷം മുമ്പ് എഴുതിയ ഒരു കുറിപ്പ് ഇവിടെ വായിക്കാം.
2020 ൽ ബാപ്പയെക്കുറിച്ചുള്ള ഒരു ഓർമ്മക്കുറിപ്പ് ഞാൻ ഫേസ്ബുക്കിലും പങ്ക് വച്ചിരുന്നു.ബാപ്പയുടെ ശിഷ്യന്മാരിൽ നിരവധിപേർ ആ കുറിപ്പ് വായിച്ച് ഞങ്ങളറിയാത്ത ഞങ്ങളുടെ ബാപ്പയുടെ സേവനങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.
ബാപ്പ അരീക്കോട് ഗവ.ഹൈസ്കൂളിൽ പഠിപ്പിക്കുന്ന കാലത്ത് ഞാൻ പ്രൈമറി സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു.അതായത് 1970 കളുടെ രണ്ടാം പകുതി മുതൽ 1980 കളുടെ ആദ്യ പകുതി വരെ.അദ്ധ്യാപകർക്ക് പോലും അന്ന് മൂവ്വായിരം രൂപയിൽ താഴെയായിരുന്നു ശമ്പളം എന്നാണ് എന്റെ ഓർമ്മ. പട്ടിണിയും പരിവട്ടവും നിറഞ്ഞാടിയ അക്കാലത്ത്, ഒരു കുട്ടിയ്ക്ക് ദിവസവും ഉച്ചയൂണ് സ്കൂളിന് തൊട്ടടുത്ത ഹോട്ടലിൽ ഏർപ്പാടാക്കിയിരുന്നതായി അന്നത്തെ ഒരു വിദ്യാർത്ഥി അനുസ്മരിച്ചപ്പോഴാണ് ഞങ്ങൾ അതറിയുന്നത്. പ്രസ്തുത വിദ്യാർത്ഥി ഇന്ന് അറിയപ്പെടുന്ന ഒരു ധനികനായതിനാൽ പേര് വെളിപ്പെടുത്തുന്നില്ല എന്നും പറഞ്ഞു.
കുഴിമണ്ണ ഗവ.ഹൈസ്കൂളിൽ പഠിപ്പിക്കുന്ന കാലത്താണെന്ന് തോന്നുന്നു, പുവർ ബോയ്സ് ഫണ്ട് എന്നൊരു ആശയം വീട്ടിൽ വരുന്ന പല സഹാദ്ധ്യാപകരോടും ബാപ്പ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.അത് എന്താണ് എന്ന് ചോദിക്കാനുള്ള കോമൺസെൻസ് അന്ന് എനിക്കുണ്ടായിരുന്നില്ല.ഇല്ലായ്മയുടെ വേദനകളിൽ നിന്നും ആശങ്കകളിൽ നിന്നും അൽപ നേരത്തേക്കെങ്കിലും ഒരാശ്വാസം ലഭിക്കാൻ വീട്ടുകാർ സ്കൂളിലേക്ക് പറഞ്ഞ് വിടുന്ന കുഞ്ഞു മക്കൾക്ക് ഒരു നേരത്തെ ഭക്ഷണം നൽകാനുള്ള കൂട്ടായ ഒരു പരിശ്രമമായിരുന്നു അതെന്ന് ശിഷ്യന്മാരുടെ ഈ പ്രതികരണങ്ങളിലൂടെ ഇന്ന് ഞാൻ തിരിച്ചറിയുന്നു.
നിശബ്ദ സേവനത്തിലൂടെ അനേക ഹൃദയങ്ങളിൽ കുടിയേറി ആ ഹൃദയങ്ങളെയും അതേ വഴിയിൽ നയിച്ച എന്റെ പ്രിയപ്പെട്ട ബാപ്പയ്ക്ക് സർവ്വലോകരക്ഷിതാവ് അർഹമായ പ്രതിഫലം നൽകുമാറാകട്ടെ,ആമീൻ.
1 comments:
ബാപ്പ ഇല്ലാത്ത പതിനഞ്ചാമത്തെ വലിയ പെരുന്നാൾ
Post a Comment
നന്ദി....വീണ്ടും വരിക