Pages

Monday, September 25, 2023

ബൈ ബൈ അമാൻ കെ പാലസ് (റോയൽ രാജസ്ഥാൻ ഡേയ്‌സ് - 2)

ഇതിൽ ക്ലിക്ക് ചെയ്ത് വായന തുടങ്ങുക 

വൈകിയാണ് ഉറങ്ങിയതെങ്കിലും രാവിലെ നേരത്തെ ഞാൻ എണീറ്റു.ജയ്‌പൂർ ചുറ്റിക്കാണാനായി എൻ്റെ മാർബിൾ പണിക്കാരൻ അബ്ദുറഹ്മാൻ ഏർപ്പാടാക്കി തന്ന ടാക്സി ഡ്രൈവർ അബ്ദുൽ ജബ്ബാറിനെ വിളിച്ച് ഉടൻ എത്താൻ ഞാൻ ആവശ്യപ്പെട്ടു. ചുറ്റാനിറങ്ങുന്നതിന് മുമ്പ് റൂം മാറൽ അത്രക്കും നിർബന്ധമായിരുന്നു.പത്ത് മിനിട്ടിനകം എത്താം എന്ന് പറഞ്ഞ ആൾ അര മണിക്കൂറായിട്ടും എത്താതായപ്പോൾ ഞാൻ വീണ്ടും വിളിച്ചു. പുതിയൊരു റൂം കണ്ടെത്താതെ ഈ റൂം വിടാൻ വയ്യാത്ത അവസ്ഥ ആയതിനാൽ ഞാൻ തൊട്ടടുത്തുള്ള ഹോട്ടലിന്റെ അവസ്ഥ ഒന്ന് പരിശോധിച്ചു.അതും തഥൈവ തന്നെ. 

തിരിച്ച് കൗണ്ടറിൽ എത്തിയ ഞാൻ അവിടെ പുതിയൊരു ആളെയാണ് കണ്ടത്. ദ്വേഷ്യം മുഴുവൻ അയാളോട് തീർക്കാൻ ഞാൻ വീണ്ടും പരാതി കെട്ടഴിച്ചു.തൊട്ടടുത്ത് നിന്നിരുന്ന തടിച്ച ഒരാളെ ചൂണ്ടി അയാളോട് പറയാൻ ആംഗ്യം കാട്ടി.ആദ്യം പേടി തോന്നിയെങ്കിലും പിന്നീട് ധൈര്യം വന്നു. ഓയോ റൂമുകളുടെ റീജ്യണൽ മാനേജർ അബ്ബാസ് ഖാൻ ആയിരുന്നു അത്. സംഗതി പറഞ്ഞ പാടെ അദ്ദേഹം നിലവിൽ അടച്ച സംഖ്യ മാത്രം ഈടാക്കി റൂം ഒഴിവാക്കിക്കൊടുക്കാൻ നിർദ്ദേശം നൽകി.ഞാൻ ബുക്ക് ചെയ്തത് "സ്പോട്ട് ഓൺ റൂംസ്" വിഭാഗത്തിൽ പെടുന്ന റൂമുകളാണെന്നും അത് വളരെ കുറഞ്ഞ നേരത്തെതും ഒറ്റക്കും ആയുള്ള താമസത്തിന് മാത്രമേ തെരഞ്ഞെടുക്കാവൂ എന്നും അദ്ദേഹം പറഞ്ഞ് തന്നു.അതോടെ മനസ്സൊന്ന് തണുത്തു.

പുറത്ത് പാർക്ക് പോലെ തോന്നിക്കുന്ന ഒരു ഓപ്പൺ സ്‌പേസിൽ കുറേ ആളുകൾ ചായ കുടിക്കുന്നത് കണ്ടപ്പോൾ ഞാനും അങ്ങോട്ട് നീങ്ങി.ചെറിയ ഒരു കപ്പിൽ ഇത്തിരി മാത്രം ചായ; പക്ഷെ ഒറിജിനൽ പാലിൽ തീർത്ത ചായ ആയതിനാൽ അപാര രുചി.ഒരു കപ്പ് കൂടി കുടിക്കാൻ തോന്നിയെങ്കിലും റൂമിൽ ഭാര്യയും മക്കളും വെള്ളം പോലും കുടിക്കാതെ ഇരിക്കുന്നത് കാരണം അവരെയും കൂടി വിളിച്ച് ചായ കുടിക്കാം എന്ന് മനസ്സ് പറഞ്ഞു. സ്ത്രീകളും കുട്ടികളും എത്തിയതോടെ ചായ കുടിക്കാനുള്ള സൗകര്യവും ഞങ്ങൾക്കായി അവർ ഒരുക്കിത്തന്നു.

ഇത്ര സമയമായിട്ടും ജബ്ബാർ എത്താത്തതിനാൽ എനിക്ക് ചെറിയൊരു ദ്വേഷ്യം തോന്നി. ഞാൻ താമസിച്ചിരുന്ന അമാൻ കെ പാലസ് ന്റെ പേരിൽ നിന്ന് കെ ഒഴിവാക്കി അമാൻ പാലസ് എന്ന പേരിലും സാമ്യതയുള്ള മറ്റു ചില പേരുകളിലും എല്ലാം ഹോട്ടലുകൾ ഉണ്ടായിരുന്നതിനാൽ സ്ഥലം കണ്ടെത്താനാവാതെ കറങ്ങുകയായിരുന്നു ജബ്ബാർ. ലൊക്കേഷൻ ഇട്ട് കൊടുത്ത് ഞങ്ങളുടെ ഹോട്ടലിന്റെ മുമ്പിൽ വരെ എത്തിയിട്ടും പുറത്ത് എഴുതി വച്ച പേര് മറ്റൊന്നായതിനാൽ ആ മനുഷ്യനും കുഴങ്ങി. അവസാനം തൊട്ടടുത്തുള്ള ചില ഹോട്ടലുകളുടെ പേര് പറഞ്ഞപ്പോഴാണ് ഞങ്ങൾ ചായ കുടിച്ചതിന്റെ തൊട്ടപ്പുറത്ത് നിർത്തിയിട്ട ടാക്സിയിൽ നിന്നാണ് ജബ്ബാർ വിളിക്കുന്നത് എന്ന് മനസ്സിലായത്.

കാർ എത്തിയതോടെ ഞങ്ങൾ പെട്ടെന്ന് തന്നെ അമാൻ കെ പാലസിനോട് ബൈ ബൈ പറഞ്ഞു. മറ്റൊരു റൂം എടുത്തിട്ട് മതി നഗരം കാണാനിറങ്ങൽ എന്ന തീരുമാനം ജബ്ബാറിനെ അറിയിച്ചു.

"ശരി...സാർ..." 

അതുവരെ ഹിന്ദി മാത്രം പറഞ്ഞിരുന്ന ജബ്ബാറിന്റെ മലയാളത്തിലുള്ള മറുപടി ഞങ്ങളെ മുഴുവൻ ഞെട്ടിപ്പിച്ചു.കൂടുതൽ ചോദിച്ചപ്പോഴാണ് അരീക്കോട് അടക്കം മലപ്പുറം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ പത്ത് വർഷങ്ങൾക്ക് മുമ്പ് മാർബിൾ പണിക്ക് വന്ന കഥ ജബ്ബാർ പറഞ്ഞത്.അന്ന് പഠിച്ച ചില മലയാളം പദങ്ങൾ ഇപ്പോഴും ഓർമ്മയിലുണ്ട്.

ജബ്ബാറിന്റെ സഹായത്തോടെ താമസിയാതെ തന്നെ നല്ലൊരു ഹോട്ടൽ ഞങ്ങൾ കണ്ടെത്തി.ആയിരത്തി ഇരുനൂറ് രൂപ നിരക്കിൽ രണ്ട് എ.സി റൂമുകൾ എടുത്തു.പിറ്റേ ദിവസം ചെക്ക് ഔട്ടിന് അല്പം സമയം അധികം എടുക്കും എന്നതിനാൽ രണ്ട് ദിവസത്തെ വാടക നൽകേണ്ടി വരും എന്നുറപ്പായിരുന്നു.എങ്കിലും വെറുതെ ഒന്ന് പറഞ്ഞു നോക്കാം എന്ന് തോന്നിയതിനാൽ മാനേജരോട് കാര്യം സൂചിപ്പിച്ചു.ഒരു ദിവസത്തെ വാടക മാത്രം മതി എന്ന് അദ്ദേഹം സമ്മതിച്ചതോടെ എല്ലാം ശുഭമായി. തൊട്ടടുത്തുള്ള ഹോട്ടലിൽ നിന്ന് പ്രാതലും കഴിച്ച് കത്തിക്കാളുന്ന ജയ്‌പൂർ നഗര വീഥിയിലേക്ക് ഞങ്ങളിറങ്ങിത്തിരിച്ചു.


Next ... പിങ്ക് സിറ്റിയിലൂടെ 

1 comments:

Areekkodan | അരീക്കോടന്‍ said...

പുതിയൊരു റൂം കണ്ടെത്താതെ ഈ റൂം വിടാൻ വയ്യാത്ത അവസ്ഥ ആയതിനാൽ ഞാൻ തൊട്ടടുത്തുള്ള ഹോട്ടലിന്റെ അവസ്ഥ ഒന്ന് പരിശോധിച്ചു.അതും തഥൈവ തന്നെ.

Post a Comment

നന്ദി....വീണ്ടും വരിക