ആദ്യം ഇത് വായിക്കുക
ജയ്ഗഡ് ഫോർട്ടിൽ നിന്നും ഞങ്ങളിറങ്ങുമ്പോൾ തന്നെ സമയം അഞ്ച് മണി കഴിഞ്ഞിരുന്നു. ആരോടോ ദ്വേഷ്യം തീർക്കുന്ന പോലെ സൂര്യൻ അപ്പോഴും തലക്ക് മീതെ കത്തിക്കാളുന്നുണ്ടായിരുന്നു.
"സൂര്യനസ്തമിക്കാത്ത നാട് ഇതാണോ ഉപ്പച്ചീ...?" അടുത്ത ബോട്ടിൽ വെള്ളം മൊത്തി കുടിക്കുന്നതിനിടയിൽ ലൂന മോൾ ചോദിച്ചു.
"ഇതും സൂര്യനസ്തമിക്കാത്ത നാടിന്റെ ഒരു ഭാഗമായിരുന്നു ...."
"ഓ... അത് തന്നെയാ .... സൂര്യന് ഇത്ര അഹങ്കാരം..." അവൾ സ്വയം സമാധാനപ്പെട്ടു.
"അഗലെ കഹാം?" ഇനി എങ്ങോട്ട് എന്നാണ് ജബ്ബാറിന്റെ ചോദ്യം.
"ആംബർ ഫോർട്ട് ജാന സകേഗ ?"
"ആമേർ ?"
"നോ .... ആംബർ...."
"ആംബർ ന ... ആമേർ .... ആമേർ പാലസ് ഹേ.... " ആംബർ അല്ല ആമേർ ആണെന്ന് ജബ്ബാർ സമർത്ഥിച്ചു.
" യഹ് ഹെ ന ?" ഗൂഗിളിൽ ആംബർ ഫോർട്ട് എന്നടിച്ചപ്പോൾ വന്ന ചിത്രം കാണിച്ച് ഞാൻ ചോദിച്ചു.
"ഹാം...യഹ് ഹീ ഹേ...യെഹ് ആംബർ നഹീം ആമേർ ഹേ..."
"ആമേർ ആണെങ്കിൽ ആമേർ..." ഞാൻ പിൻവാങ്ങി.
എന്റെ രണ്ടാമത്തെ ആഗ്ര സന്ദർശനത്തിൽ ഡൽഹി എന്നത് ദഹ്ലി എന്ന് പറഞ്ഞിരുന്ന ഡ്രൈവറെയാണ് എനിക്ക് പെട്ടെന്ന് ഓർമ്മ വന്നത്. കോട്ടയെപ്പറ്റിയുള്ള വിവരണം വായിച്ചപ്പോഴാണ് ആംബർ എന്നെഴുതുമെങ്കിലും ആമേർ എന്ന് വായിക്കണം എന്ന് കണ്ടത്.
"ലേകിൻ ബന്ധ ഹോഗാ അബ്..." സമയം വൈകിയതിനാൽ പൂട്ടിയിരിക്കും എന്ന് ജബ്ബാർ പറഞ്ഞു.
"കോശിഷ് കരോ... ബന്ധ ഹോ തോ വാപസ് ജായേഗാ..."
ഒന്ന് ശ്രമിച്ച് നോക്കാൻ പറഞ്ഞതനുസരിച്ച് ജബ്ബാർ വണ്ടി വിട്ടു.ജയ്ഗർ കോട്ടയും ആമേർ കോട്ടയും തമ്മിൽ തുരങ്കം വഴി ബന്ധിപ്പിച്ചിട്ടുണ്ട്.വെറും 350 മീറ്റർ ദൂരം മാത്രമേ രണ്ടു കോട്ടയും തമ്മിൽ അകലമുള്ളൂ.പക്ഷെ റോഡ് വഴി എത്തണമെങ്കിൽ ആറ് കിലോമീറ്ററിലധികം സഞ്ചരിക്കണം.
കച്വാഹ എന്ന രജപുത്ര രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു ആംബർ ഫോർട്ട്. പിന്നീട് തലസ്ഥാനം ജയ്പൂരിലേക്ക് മാറ്റി. രജപുത്ര-മുഗൾ സമ്മിശ്ര വാസ്തുകലാശൈലിയുടെ മകുടോദാഹരണമാണ് ആമേർ പാലസ്.അതുകൊണ്ട് തന്നെയായിരിക്കാം യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ ആംബർ ഫോർട്ട് സ്ഥാനം പിടിച്ചത്. കോട്ടയുടെ നേരെ മുന്നിലുള്ള മഹോത തടാകം നിലാവുള്ള രാത്രിയിൽ കോട്ടയുടെ സൗന്ദര്യം ഇരട്ടിയാക്കും.
അങ്ങകലെ പാറക്കെട്ടുകൾക്ക് മുകളിൽ സ്വർണ്ണ നിറത്തിൽ തിളങ്ങി നിൽക്കുന്നത് ഒരു കോട്ടയായല്ല ആദ്യ ദർശനത്തിൽ എനിക്ക് തോന്നിയത്.ശരിക്കും അതൊരു കൊട്ടാരം തന്നെയായിരുന്നു. യഥാർത്ഥത്തിൽ ജയ്ഗഡ് കോട്ടക്കകത്തെ ഒരു കൊട്ടാരമാണ് ആമേർ പാലസ്. ആംബർ ഫോർട്ടിനുള്ളിൽ നിന്നും നോക്കിയാൽ മുകൾ ഭാഗത്തായി തല ഉയർത്തി നിൽക്കുന്ന ജയ്ഗഡ് കോട്ട കാണാം.
മുതിർന്നവർക്ക് നൂറ് രൂപയും വിദ്യാർത്ഥികൾക്ക് ഇരുപത് രൂപയുമാണ് പ്രവേശന ഫീസ്.രാവിലെ എട്ടു മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് പ്രവേശനം. ടിക്കറ്റെടുത്ത് ഞങ്ങൾ ആമേർ കോട്ടക്കകത്ത് പ്രവേശിച്ചു.
"ഉപ്പച്ചീ... ഇവിടെയല്ലേ ജോധാ ഭായിയുടെ കൊട്ടാരം?" രണ്ടാമത്തെ മകൾ ലുഅക്ക് പെട്ടെന്ന് ഒരു ഓർമ്മ വന്നു.
"ഏതാ ജോധാ ഭായി?" ഞാൻ ചോദിച്ചു.
"അക്ബർ ചക്രവർത്തിയുടെ ഭാര്യ"
വർഷങ്ങൾക്ക് മുമ്പ് ജോധാ അക്ബർ എന്നൊരു ഹിന്ദി സിനിമ റിലീസായത് പെട്ടെന്ന് എനിക്കും ഓർമ്മ വന്നു. ഹൃതിക്ക് റോഷന് - ഐശ്വര്യ ബച്ചന് ജോഡികൾ തകർത്താടിയ ജോധാ അക്ബറിന്റെ യഥാർത്ഥ കഥാഭൂമിയിൽ ആയിരുന്നു ഞങ്ങൾ എത്തിപ്പെട്ടത് എന്നത് അപ്പോഴാണ് തിരിച്ചറിഞ്ഞത്. അങ്ങനെ, ആമേർ രാജാവായിരുന്ന ബാർമൽ രാജാവിന്റെ മകൾ ജോധാഭായിയുടെ ചരിത്രം കൂടി തേടിക്കൊണ്ട് ഞങ്ങൾ ആമേർ കോട്ടക്കകത്തേക്ക് പ്രവേശിച്ചു.
Next: ആമേർ പാലസ്
1 comments:
"ഉപ്പച്ചീ... ഇവിടെയല്ലേ ജോധാ ഭായിയുടെ കൊട്ടാരം?" രണ്ടാമത്തെ മകൾ ലുഅക്ക് പെട്ടെന്ന് ഒരു ഓർമ്മ വന്നു.
Post a Comment
നന്ദി....വീണ്ടും വരിക