വൈഫിന്റെ ഡ്രൈവിംഗ് ടെസ്റ്റിന് ആറ് മണിക്ക് മലപ്പുറത്ത് എത്താനായിരുന്നു ഡ്രൈവിംഗ് സ്കൂളിൽ നിന്ന് തന്ന നിർദ്ദേശം.B Ed ന് പഠിക്കുമ്പോഴും ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ട്രെയിനിംഗ് സമയത്തും മലപ്പുറത്ത് പോയും വന്നും രണ്ട് വർഷത്തെ യാത്രാ പരിചയം എനിക്ക് ഉണ്ടായിരുന്നു. എങ്കിലും, പുതിയ കാലത്ത് ഗൂഗിളമ്മായിയോട് ചോദിക്കാതെ ഒരു യാത്രാ തീരുമാനവും എടുക്കരുത് എന്നാണല്ലോ പ്രമാണം.
ചോദിച്ച പ്രകാരം G- അമ്മായി രണ്ട് വഴികൾ കാണിച്ച് തന്നു . നാടും റോഡും ഒക്കെ വികസിച്ചെങ്കിലും സമയ സൂചികൾ ഇപ്പോഴും ഓടുന്നത് പഴയ ആ ക്ലോക്കിൽ തന്നെയായതിനാൽ സമയത്തിൽ വലിയ പുരോഗതി ഒന്നും വന്നിട്ടില്ലായിരുന്നു. പണ്ട് കാലത്ത് ഒരു മണിക്കൂർ സഞ്ചരിക്കാൻ ഉണ്ടായിരുന്നത് ഇപ്പോൾ അമ്പത്തി ഏഴ് മിനുട്ട് ആയി എന്ന് G- അമ്മായി മൊഴിഞ്ഞു.
Punctuality യിൽ Casuality സംഭവിക്കരുത് എന്നതിനാൽ ഉറങ്ങിക്കിടക്കുന്ന രണ്ട് മക്കളെയും കാറിലേക്കെടുത്ത് കിടത്തി പുലർച്ചെ നാലര മണിക്ക് തന്നെ ഞാൻ നാട്ടിൽ നിന്ന് പുറപ്പെട്ടു. പോകുന്ന വഴിയിൽ ഒരു പള്ളിയിൽ കയറി സുബഹ് നമസ്കാരവും നിർവ്വഹിച്ചു. സൂര്യൻ കർട്ടൻ നീക്കുന്നതിന് മുമ്പെ ഞങ്ങൾ ടെസ്റ്റ് ഗ്രൗണ്ടിലെത്തി.
പ്രഭാത സൂര്യന്റെ കിരണങ്ങൾ ഏറ്റ് എന്റെ ഒബ്ലോങ്കട്ട ആദ്യ സിഗ്നൽ തന്നു. അത് പ്രകാരം, ഏഴ് മണി ആയപ്പോഴാണ് ഞാൻ മലപ്പുറത്ത് പ്രസന്റ് ആണ് എന്ന വിവരം B Ed ബാച്ച് മേറ്റായ മരക്കാർക്ക് ഒരു voice മെസേജ് വിട്ടത്. മറുപടിയായി അവന്റെ മണ്ണാങ്കട്ട പ്രവർത്തിച്ചത് എട്ടര മണി കഴിഞ്ഞായിരുന്നു. തൽസമയം എന്റെ ഭാര്യ കാറ് കൊണ്ട് H വരച്ച് കളിക്കുകയും ഞാനും മക്കളും തൊട്ടപ്പുറത്ത് ഉലാത്തുകയുമായിരുന്നു (വേറെ എന്തെങ്കിലും പണി വേണ്ടേ ചെയ്യാൻ?).
അപ്പോഴാണ് മരക്കാറിന്റെ വക ഫോണിലൂടെ ഒരു സജഷൻ വന്നത് - " നേരെ കോട്ടക്കുന്നിൽ പോയി ഉലാത്തൂ....''
"രാവിലെ എട്ടര മണിക്ക് തന്നെ കോട്ടക്കുന്നിൽ പോകേ ? മരക്കാറ് എന്ന നിന്റെ പേരിലെ "ക്കാറ്" മാറ്റി "ത്തല" എന്നാക്കുന്നതാ നല്ലത് " എന്ന് ഞാൻ തൽക്കാലം പറഞ്ഞില്ല.
"നല്ല പാതിക്കും മക്കൾക്കും സ്കൂൾ ഉണ്ട് ... എങ്കിലും ടെസ്റ്റ് കഴിഞ്ഞ് നീ ഇങ്ങോട്ട് വാ...". മരക്കാർ പറഞ്ഞു.
കഴിഞ്ഞാഴ്ച എന്റെ വീട്ടിൽ വന്നപ്പോൾ ഒന്നും കഴിക്കാതെ (കാരണം എന്റെ അനിയന്റെ വീട്ടിൽ നിന്ന് അവൻ നല്ലവണ്ണം തട്ടിയിരുന്നു) തിരിച്ച് പോയ അവനെ, വെള്ളം പോലും കുടിക്കാതെ തിരിച്ചും ഒരു പാഠം പഠിപ്പിക്കാൻ ഇത് തന്നെ അവസരം എന്ന് ഞാനും കരുതി. ടെസ്റ്റ് ഗ്രൗണ്ടിന് തൊട്ടടുത്ത കടയിൽ നിന്ന് ഞാനും ഫാമിലിയും കൂടി നാലഞ്ച് കുറ്റി പുട്ട് (ഒരു ലേശം കുറയും) അകത്താക്കി നേരെ അവന്റെ വീട്ടിൽ എത്തി.
വീട്ടിനകത്ത് കയറിയപ്പോഴാണ് കഥ മാറിയത് അറിഞ്ഞത്. വീട്ടിൽ മരക്കാർ ആബ്സന്റ് ആന്റ് മരക്കാരി പ്രസന്റ് ! പക്ഷെ, ചങ്ങായി എവിടെ നിന്നോ പെട്ടെന്ന് തന്നെ എത്തിച്ചേർന്നു. നിമിഷങ്ങൾക്കകം ഡൈനിംഗ് ടേബിളിൽ വിവിധ തരം വിഭവങ്ങളും നിരന്നു.
'യാ കുദാ' - കുറുക്കന് ആമയെ കിട്ടിയ പോലെ പൊറോട്ടയും കോഴിക്കാലും മറ്റും ഞാനും കുടുംബവും തിരിഞ്ഞും മറിഞ്ഞും നോക്കി. പാന്റിന് പകരം മുണ്ടാണ് ഉടുത്തിരുന്നതെങ്കിൽ ഒരിത്തിരി ലൂസാക്കിയാൽ ( എല്ലാവരും നോട്ട് ദി പോയിന്റ്) ഒരു പൊറോട്ടക്കൊപ്പം രണ്ട് കോഴിക്കാല് ഈസിയായിട്ട് ആമാശയ മാർച്ച് നടത്തുമായിരുന്നു.... ബട്ട് ഇന്ന് നോ രക്ഷ.
വീട്ടിൽ നിന്ന് അധികം തിന്നില്ലെങ്കിലും നാട്ടിൽ നിന്ന് തിന്നാൻ ഒരു പൊതിയുമായിട്ടാണ് മരക്കാരും ഭാര്യയും ഞങ്ങളെ യാത്രയാക്കിയത്. പണ്ട് ആഗ്ര പേഡ നിർമ്മിക്കാൻ കയറ്റി അയച്ചിരുന്നതും കോഡൂരിന്റെ പ്രശസ്തി ഉയർത്തിയതുമായ ഒരു കുമ്പളവും നാല് വലിയ വഴുതനകളും ആയിരുന്നു ആ പൊതിയിൽ ഉണ്ടായിരുന്നത്.
പ്രിയരെ,
സൗഹൃദങ്ങൾ അമൂല്യമാണ്. അവ ഓൺലൈനിൽ നിന്നും ഓഫ് ലൈനിലേക്ക് തന്നെ തിരിച്ചു വരണം. അപ്പോഴേ അതിന്റെ സൗരഭ്യം പരക്കുകയും രുചി ഭേദങ്ങൾ അറിയുകയും ഓർമ്മകൾ തൊട്ടുണർത്തുകയും ചെയ്യൂ.
നിയമപ്രകാരമല്ലാത്ത മുന്നറിയിപ്പ് :
അടുത്ത സ്വീകരണ കേന്ദ്രത്തിൽ ഉടൻ പ്രതീക്ഷിക്കാം - നാലഞ്ച് കുറ്റി പുട്ട് എന്ന പൊട്ടത്തരം ഇനി ആവർത്തിക്കില്ല.
1 comments:
നാലഞ്ച് കുറ്റി പുട്ട് എന്ന പൊട്ടത്തരം ഇനി ആവർത്തിക്കില്ല.
Post a Comment
നന്ദി....വീണ്ടും വരിക