ഭാര്യയുടെ ജന്മദിനവും ഞങ്ങളുടെ ഇരുപത്തിയാറാം വിവാഹ വാർഷിക ദിനവും ഇത്തവണ സംസ്ഥാനത്തിന്റെ തലസ്ഥാനത്ത് വച്ചായിരുന്നു ആഗതമായത്. അതിനാൽ തന്നെ സ്ഥിരം പരിപാടിയായ മരം നടൽ അന്ന് നടന്നില്ല. ഒരു തൈ നടാതെ വാർഷികം കടന്നു പോകുന്നത് മനസ്സിനത്ര ബോധിച്ചില്ല. ആയതിനാൽ സൗകര്യപ്രദമായ ഒരു ദിവസം തൈകൾ നടാം എന്ന് തീരുമാനിച്ചു.
തിരുവനന്തപുരത്ത് നിന്ന് തിരിച്ചെത്തി ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് കോളേജിലെ സഹപ്രവർത്തകനായ ഡോ.മനു , പച്ചക്കറി തൈകളും ഫലവൃക്ഷത്തൈകളും ആവശ്യമുള്ളവർ ബന്ധപ്പെടുക എന്ന അറിയിപ്പ് ഗ്രൂപ്പിലിട്ടത്. ഭാര്യയാണെങ്കിൽ ഒരു വർഷത്തിലേറെയായി ഒരു അരിനെല്ലിയുടെ തൈ അന്വേഷിച്ച് നടക്കുകയായിരുന്നു. പല നഴ്സറികളിലും അന്വേഷിച്ചെങ്കിലും അന്നൊന്നും കിട്ടിയതുമില്ല. മേൽ അറിയിപ്പ് കണ്ട ഉടനെ മനു സാറോട് ബന്ധപ്പെട്ടപ്പോൾ തൈ റെഡിയാണെന്ന് മറുപടി കിട്ടി. അങ്ങനെ ഭാര്യയുടെ ജന്മദിനത്തിൽ അവൾക്കിഷ്ടപ്പെട്ട തൈ തന്നെ നടാൻ അവസരം ഒരുങ്ങി.
വിവാഹ വാർഷികത്തിന് മറ്റൊരു തൈ കൂടി നടാം എന്ന് തോന്നിയതിനാൽ, മനു സാർ കൊണ്ടു വന്നതിൽ നിന്ന് എന്റെ വീട്ടിൽ ഇല്ലാത്ത ഒരു ഫലവൃക്ഷം തെരഞ്ഞെടുക്കാൻ തീരുമാനിച്ചു. അങ്ങനെ ആ നറുക്ക് വീണത് സ്ട്രോബറി പേരക്കക്കാണ്. ഗൂഗിളിൽ തപ്പിയപ്പോൾ കണ്ട ചിത്രവും കൊള്ളാമായിരുന്നു. അങ്ങനെ 150 രൂപ കൊടുത്ത് അരിനെല്ലിയുടെ തൈയും 250 രൂപ കൊടുത്ത് സ്ട്രോബറി പേരക്കയുടെ തൈയും വാങ്ങി. കഴിഞ്ഞ ദിവസം ഞങ്ങൾ രണ്ട് പേരും കൂടി അത് നട്ടു.
1 comments:
ഇനി സ്ട്രോബറി പേരക്കയും അരിനെല്ലിയും വിളയിക്കട്ടെ...
Post a Comment
നന്ദി....വീണ്ടും വരിക