"അപ്പോ ഇതാണ് ജമ്മുട്ടാവി....." സ്റ്റേഷൻ്റെ പേരുള്ള ബോർഡ് കണ്ട മജീദ് ബായി പറഞ്ഞു.
'കൊട്ടാവി... പുട്ടാവി... എന്നൊക്കെ കേട്ടിട്ടുണ്ട്... ജമ്മുട്ടാവി ആദ്യമായിട്ട് കേൾക്കുകയാണ് ' ഫർഹാൻ ആത്മഗതം ചെയ്തു.
"ജമ്മുട്ടാവി അല്ല ... ജമ്മു താവി ... സമുദ്രനിരപ്പിൽ നിന്നും 1127 അടി ഉയരത്തിലുള്ള സ്റ്റേഷനാണ്.. എല്ലാവരും പോയി ഒരു ഫോട്ടോ എടുത്തോളൂ...." ടൂർ മാനേജർ നിഖിൽ പറഞ്ഞു.
അങ്ങനെ ജമ്മു താവിയിൽ ഒരു വർഷത്തിനിടെ ഞാൻ രണ്ടാം തവണയും കാലു കുത്തി.'പോയ സ്ഥലങ്ങളിലൂടെ നീ വീണ്ടും വീണ്ടും പോയിക്കൊണ്ടേയിരിക്കും' എന്ന് ആരോ എന്നെ ശപിച്ചതോ അതല്ല എന്റെ യോഗം ആണോ എന്നറിയില്ല ഞാൻ ടൂർ പോയ മിക്ക സ്ഥലങ്ങളും ഒന്നിലധികം തവണ കണ്ടിട്ടുണ്ട്. ജയ്പൂരും അമൃതസറും മാത്രമാണ് ഇതിനൊരപവാദം. അമൃതസറിൽ താമസിയാതെ വീണ്ടും എത്താനുള്ള സാദ്ധ്യത തെളിയുന്നുണ്ട്. ഫോട്ടോ എടുത്ത ശേഷം എല്ലാവരും വെയിറ്റിങ് റൂമിലേക്ക് നീങ്ങി.
"പുറത്ത് ടെ ട്ടെ ട്ടെ അപ്പം കിട്ടും...ആവശ്യമുള്ളവർക്ക് കഴിക്കാം..." ഹബീൽ പറഞ്ഞു.
"ടെ ട്ടെ ട്ടെ അപ്പം..?" എല്ലാവരും ഹബീലിന്റെ മുഖത്തേക്ക് നോക്കി.
"ഒന്ന് ചെവി കൂർപ്പിച്ച് നോക്കൂ ...ട്ടെ ...ഒരടി...ട്ടെ മറ്റേ കയ്യിലേക്കിട്ട് രണ്ടാമത്തെ അടി.... ട്ടേ ... ചട്ടിയിലേക്കിട്ടുന്നതിന്റെ മുമ്പ് മൂന്നാമത്തെ അടി...അതാണ് ടെ ട്ടെ ട്ടെ അപ്പം...."
"സത്യൻ മാഷെ... നമുക്ക് ചപ്പാത്തിയുണ്ട്...." ഞാൻ പറഞ്ഞു.
"ചപ്പാത്തിയുടെ കാര്യം ഇനി മിണ്ടിപ്പോകരുത്..." സത്യൻ മാഷ് വാണിംഗ് തന്നു.
എങ്കിലും ചപ്പാത്തി പാക്കറ്റ് കീശയിലിട്ട് ഞാൻ വെയിറ്റിങ് റൂമിൽ നിന്ന് പുറത്തിറങ്ങി. ഞങ്ങൾക്ക് മുന്നേ തന്നെ കഴിക്കാൻ ആരംഭിച്ച ഹഖ് 'അടിപൊളി' സിഗ്നൽ കൂടി തന്നതോടെ സത്യൻ മാഷോടൊപ്പം ഞാനും ചോളാ ബട്ടൂര എന്ന ടെ ട്ടെ ട്ടെ അപ്പം വാങ്ങി.കടലക്കറി വീണ്ടും വാങ്ങി ആരും കാണാതെ ഞാൻ രണ്ട് ചപ്പാത്തിയും കൂടി അകത്താക്കി. കൃത്യം 9.30 ന്, നേരത്തെ അറേഞ്ച് ചെയ്തു വച്ച ടൂറിസ്റ്റ് ബസ്സിൽ ഞങ്ങൾ ശ്രീനഗർ യാത്ര ആരംഭിച്ചു.
"വലതു ഭാഗത്ത് കാണുന്നതാണ് താവി നദി... ജമ്മുതാവി എന്ന പേരിന് കാരണക്കാരൻ...ഇപ്പോൾ വെറും ഉരുളൻ കല്ലുകൾ മാത്രമായി..."യാത്രക്കിടെ നിഖിൽ വിശദീകരിച്ചു.
ഏകദേശം ഒരു മണിക്കൂർ സഞ്ചരിച്ചതോടെ ഞങ്ങൾ കത്രയിൽ എത്തി.വൈഷ്ണോദേവി ക്ഷേത്രത്തിലേക്ക് വഴി തിരിയുന്നത് ഇവിടെ വച്ചാണ്. ഒരു ഫൈവ് സ്റ്റാർ പഞ്ചാബി ഹവേലിയുടെ വിശാലമായ പാർക്കിംഗ് ഏരിയയിലേക്ക് ഞങ്ങളുടെ ബസ്സും കയറി.
"ഇവിടെ നമുക്ക് രണ്ട് മണിക്കൂർ സമയമുണ്ട്... ഭക്ഷണം വേണ്ടവർക്ക് കഴിക്കാം... ടേസ്റ്റ് അല്പം കൂടും ... റേറ്റും സ്വല്പം കൂടും... ടോയ്ലറ്റ് എല്ലാവർക്കും ഫ്രീയാണ്..." നിഖിൽ പറഞ്ഞു.
ഹോട്ടൽ പരിസരത്ത് ഉലാത്തുമ്പോഴാണ് ഒരു ബുള്ളറ്റിൽ കയറിയിരുന്ന് പലരും ഫോട്ടോ എടുക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടത്. മുഖത്ത് ഒരു കണ്ണട ഫിറ്റ് ചെയ്ത് ഞാനും അതിൽ വലിഞ്ഞു കയറി ഫോട്ടോ എടുത്തു.ഫോട്ടോ ആരും കാണാത്തതിനാൽ 'പാടത്ത് കോലം വച്ച പോലെ' എന്ന് ആരും പറഞ്ഞില്ല.
രണ്ട് മണിക്കൂറിന് ശേഷം ഞങ്ങൾ വീണ്ടും യാത്ര ആരംഭിച്ചു.മൊബൈലിൽ സംസാരിച്ചു കൊണ്ട് കൊക്കയുടെ അരിക് ചേർന്നുള്ള ഡ്രൈവറുടെ പോക്ക് എല്ലാവരിലും ഭീതി പരത്തി.
"നോക്ക് ഇണ്യ ....റോട്ടിൽ ഒര് ഗുഹ..." ബസ് ആദ്യ തുരങ്കത്തിലേക്ക് കടന്നപ്പോൾ മുനീർ ഭായ് വിളിച്ച് പറഞ്ഞു.
"എമ്മാതിരി ഗുഹാ ഇത്... " ഹനീഫാക്ക പിന്താങ്ങി.
"ഇനി വരാനുള്ളതാ ഒറിജിനൽ ടണൽ..." ഞാൻ പറഞ്ഞു.
"ങേ! അപ്പം ഇപ്പം കഴിഞ്ഞത് ഡ്യൂപ്ലിക്കേറ്റാണോ?" ഹനീഫാക്കക്ക് സംശയമായി.ബസ് അടുത്ത തുരങ്കത്തിൽ പ്രവേശിച്ചു.
"ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ റോഡ് ടണൽ ആണിത്...9. 28 കിലോമീറ്റർ നീളം ഉണ്ട്..." ഞാൻ പറഞ്ഞു.
'ഔ... ന്റെ ബാപ്പെ..!!' ആരുടെയോ അതിശയം വാക്കുകളായി പുറത്ത് ചാടി.
ടണലുകൾ നിരവധി പിന്നെയും പിന്നിട്ടു. ആർക്കൊക്കെയോ മൂത്രാശങ്ക തോന്നിയതിനാൽ ബസ് ഒരിടത്ത് സൈഡാക്കി.തെളിഞ്ഞ നീല വെള്ളത്തോട് കൂടിയ ഒരു പുഴ കുന്നിന്റെ താഴെക്കൂടി ഒഴുകുന്നുണ്ടായിരുന്നു.
"മാഷേ...ഇതേതാ ഈ പൊയ?" ഹനീഫാക്ക എന്നോട് ചോദിച്ചു.
"ചൈനാബ് നദി..."
"ചൈനയുടെ നദി ഇന്ത്യയിലുടെയോ?" ആരോ സംശയം പ്രകടിപ്പിച്ചു.അധികം സംശയങ്ങൾ ഉണ്ടാകുന്നതിന് മുമ്പ് ബസ് എടുക്കാൻ നിഖിൽ നിർദ്ദേശിച്ചു.
വൈകിട്ട് അഞ്ച് മണിയോടെ ഞങ്ങൾ കശ്മീരിന്റെ കവാടമായ ബനിഹാളിലെത്തി. ബസ് നിർത്തിയ ഉടൻ ളുഹർ -അസർ നമസ്കാരങ്ങൾ നിർവഹിക്കാനായി ഞാൻ തൊട്ടടുത്തുള്ള പള്ളിയിലേക്ക് ഓടി. കാരണം അവിടെ മഗ്രിബ് ബാങ്കിന്റെ സമയം 5.23 ആയിരുന്നു. അൽപ സമയത്തിനകം തന്നെ മഗ്രിബ് ബാങ്ക് വിളിച്ചതിനാൽ അതും നിർവ്വഹിച്ചാണ് യാത്ര തുടർന്നത്.
വൈകിട്ട് ഏഴരയോടെ ഞങ്ങൾ ശ്രീനഗർ പരിസരത്തെത്തി. രാത്രി എട്ടു മണിക്ക് ശേഷമേ ശ്രീനഗറിലേക്ക് ടൂറിസ്റ് വാഹനങ്ങൾക്ക് പ്രവേശനമുള്ളൂ എന്നതിനാൽ അൽപ നേരം വീണ്ടും കാത്തിരിക്കേണ്ടി വന്നു.എട്ടരയോടെ ഞങ്ങൾ ദാൽ തടാകത്തിലെ ഘട്ട് 2 ന്റെ സമീപം ബസ്സിറങ്ങി.തൊട്ടടുത്ത് തന്നെയുള്ള ഡോക്ടർ അബ്ദുൽ ഹലീമിന്റെ ലോ വുഡ് ഹൗസ് എന്ന ഹോംസ്റ്റേയിലേക്ക് നടന്നു.
തണുപ്പിന്റെ കാഠിന്യത്താൽ പലരുടെയും താടിയെല്ലുകൾ പരസ്പരം കൂട്ടിയിടിക്കുന്ന ശബ്ദം അന്തരീക്ഷത്തിൽ മുഴങ്ങി.
1 comments:
പുറത്ത് ടെ ട്ടെ ട്ടെ അപ്പം കിട്ടും...ആവശ്യമുള്ളവർക്ക് കഴിക്കാം..." ഹബീൽ പറഞ്ഞു.
Post a Comment
നന്ദി....വീണ്ടും വരിക