കൊതിപ്പിച്ച് കടന്നു കളയുക എന്ന് പലപ്പോഴും കേട്ടിട്ടുണ്ട്. പക്ഷെ, ഇത്തവണ അനുഭവിച്ചറിഞ്ഞു. അതും ഒന്നല്ല, രണ്ട് പ്രാവശ്യം.
2024 ലോകസഭാ ഇലക്ഷൻ ഏപ്രിലിൽ നടക്കും എന്ന് ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ പ്രഖ്യാപിച്ച അന്നേ ഞാൻ പ്രിസൈഡിംഗ് ഓഫീസറുടെ കുപ്പായം തുന്നി വച്ചിരുന്നു. കാരണം 1996-ൽ സർക്കാർ സർവ്വീസിൽ പ്രവേശിച്ച ശേഷം നാളിതു വരെ നടന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബൂത്തിൽ പോയി വോട്ട് ചെയ്യാൻ സാധിച്ചത് ഒരൊറ്റ തവണ മാത്രമാണ് .
മലപ്പുറത്തും കോഴിക്കോട്ടും വയനാട്ടിലും വളരെ ചുരുങ്ങിയ കാലം മാത്രം ജോലി ചെയ്ത പാലക്കാട്ടും എല്ലാം ഞാൻ ഇലക്ഷൻ കമ്മീഷൻ്റെ അനുസരണയുള്ള ആട്ടിൻ കുട്ടിയായി. പോളിംഗ് ഓഫീസർ, പ്രിസൈഡിംഗ് ഓഫീസർ,റിസർവ് പ്രിസൈഡിംഗ് ഓഫീസർ, കൗണ്ടിംഗ് ഓഫീസർ, കൗണ്ടിംഗ് സൂപ്പർവൈസർ, റിസർവ് കൗണ്ടിംഗ് ഓഫീസർ തുടങ്ങി നിരവധി വേഷങ്ങൾ കെട്ടിയാടി. ബാലറ്റ് ബോക്സിലും വോട്ടിംഗ് മെഷീനിലും വോട്ടെടുപ്പ് നടത്തി. ബാലറ്റ് പേപ്പറും വോട്ടിംഗ് യന്ത്രത്തിലെ വോട്ടും എണ്ണി.
ഇപ്പറഞ്ഞ സേവനങ്ങൾക്കിടയിൽ അനുഭവിക്കാവുന്നതിൽ വച്ച് ഏറ്റവും "സുഖമുള്ള" അനുഭവങ്ങളും ഉണ്ടായി. പ്രിസൈഡിംഗ് ഓഫീസറായ ആദ്യത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തന്നെ ചലഞ്ച്ഡ് വോട്ടും ഓപ്പൺ വോട്ടുകളും ഉണ്ടായി. തുടർന്ന് വന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ടെൻഡേർഡ് വോട്ടും ചെയ്യിപ്പിക്കേണ്ടി വന്നു. ബൂത്തിനടുത്തുള്ള സന്മനസ്സുള്ളവർ തന്ന ഭക്ഷണം കഴിച്ചതിന് ഒരു ചീഫ് ഇലക്ഷൻ ഏജൻ്റിൻ്റെ ശകാരവർഷവും ഒരിക്കൽ കേൾക്കേണ്ടി വന്നു. അതേ നാണയത്തിൽ തിരിച്ച് അങ്ങോട്ടും കൊടുക്കേണ്ടിയും വന്നു. ബാലറ്റ് പേപ്പർ അക്കൗണ്ട് ടാലി ആകാത്ത കേസും വോട്ടിംഗ് യന്ത്രത്തിലെ വോട്ട് കുറഞ്ഞു പോയ കേസും യുക്തിസഹമായി പരിഹരിക്കേണ്ടി വന്നു. അപൂർവ്വമായി സംഭവിക്കുന്ന വോട്ടിംഗ് യന്ത്രത്തിൻ്റെ തകരാറും അഭിമുഖീകരിക്കേണ്ടി വന്നു. ഇത്രയൊക്കെ അനുഭവസമ്പത്തുള്ള എന്നെ ഡ്യൂട്ടിക്ക് നിയമിച്ചില്ലെങ്കിൽ പിന്നെ ഇതെന്ത് ഇലക്ഷൻ?
ഡ്യൂട്ടി ലിസ്റ്റ് വന്നപ്പോൾ പതിവ് പോലെ എൻ്റെ പേര് ആദ്യത്തെ പത്തിൽ തന്നെ വന്നു. ആദ്യത്തെ പരിശീലന ക്ലാസ് അൽപം ഉറക്കച്ചടവോടെ ആണെങ്കിലും പൂർത്തിയാക്കി. രണ്ടാം പരിശീലന ക്ലാസിനുള്ള ഓർഡർ വന്നതോടെ എന്തോ തിരിമറി നടന്നു. പരിചയ സമ്പന്നന്നായ ഞാൻ ഔട്ട് ; എട്ടും പൊട്ടും തിരിയാത്തവർ അകത്തും. അങ്ങനെ ഇലക്ഷൻ കമ്മീഷൻ എന്നെ ആദ്യമായി കൊതിപ്പിച്ച് കടന്നു കളഞ്ഞു. എന്നെ ഒഴിവാക്കിയതിൽ പ്രതിഷേധിക്കാനോ ഇങ്ക്വിലാബ് വിളിക്കാനോ ഒന്നും ഞാൻ പോയില്ല. അവർ അനുഭവിക്കട്ടെ, അല്ല പിന്നെ.
ഡ്യൂട്ടി പോയപ്പോൾ അണ്ടി പോയ അണ്ണാനെപ്പോലെ വിഷമിച്ചിരിക്കാനൊന്നും ഞാൻ പോയില്ല. ആ അനുസരണ ഇലക്ഷൻ കമ്മീഷന് ഏറെ ഇഷ്ടപ്പെട്ടു. അന്ധരും അവശരുമായ വോട്ടർമാരെ വീട്ടിൽ പോയി വോട്ട് ചെയ്യിപ്പിക്കുന്ന ടീമിലേക്ക് മൈക്രോ ഒബ്സർവറായി എനിക്ക് നിയമനം കിട്ടി.
നാളിതുവരെയുള്ള ഇലക്ഷൻ ഡ്യൂട്ടിയിൽ ചെയ്യാത്ത പണി ആയതിനാൽ ആവേശ പൂർവ്വം തന്നെ ഞാൻ പരിശീലന ക്ലാസിൽ പങ്കെടുത്തു. ക്ലാസ് കഴിഞ്ഞപ്പോൾ അതാ ഒരറിയിപ്പ് - ആരും പുറത്ത് പോകരുത്, എല്ലാവർക്കും പുതിയ പോസ്റ്റിംഗ് ഓർഡർ തരുന്നുണ്ട്. അഞ്ചാറ് മടക്കാക്കി കീശയിൽ നിക്ഷേപിച്ചിരുന്ന എൻ്റെ നിലവിലുള്ള പോസ്റ്റിംഗ് ഓർഡർ തിരിച്ചു വാങ്ങി പുതിയത് തന്നപ്പോൾ ഡ്യൂട്ടിയും മാറി - മൈക്രോ ഒബ്സർവറിൽ നിന്നും സ്പെഷ്യൽ പോളിംഗ് ഓഫീസർ! വീണ്ടും ഇലക്ഷൻ കമ്മീഷൻ എന്നെ കൊതിപ്പിച്ചു കടന്നു കളഞ്ഞു. ഇനി നാളെ ഡ്യൂട്ടിക്ക് ചെല്ലുമ്പോൾ വരണാധികാരിയായി എങ്ങാനും മാറുമോ ആവോ?
1 comments:
ഇലക്ഷൻ അനുഭവങ്ങളിൽ ലേറ്റസ്റ്റ്
Post a Comment
നന്ദി....വീണ്ടും വരിക