ഇത്തവണത്തെ ഇലക്ഷൻ ഡ്യൂട്ടി പ്രതീക്ഷിച്ചതിലും അപ്പുറമുള്ള അനുഭവങ്ങളാൽ സമ്പന്നമായിരുന്നു.നാട്ടിൻപുറത്തിന്റെ നന്മ ആവോളം ആസ്വദിക്കാനും ചില ജീവിതങ്ങളും ജീവിത സാഹചര്യങ്ങളും നേരിട്ടറിയാനും കോഴിക്കോട് ജില്ലയിൽ ബാലുശ്ശേരിക്ക് അടുത്ത് നൻമണ്ട വില്ലേജിലെ വിവിധ വീടുകളിൽ കയറിയിറങ്ങിയുള്ള വോട്ട് ചെയ്യിപ്പിക്കലിലൂടെ സാധ്യമായി.
അതിനും പുറമെ ഡ്രൈവർ ഷാജിയേട്ടൻ്റെ തള്ളുകളും സിവിൽ പോലീസ് ഓഫീസർ ശ്രീജിത്തിൻ്റെ കൗണ്ടറുകളും മൈക്രോ ഒബ്സർവർ ഡോ.സുനിതയുടെ നിരീക്ഷണങ്ങളും പോളിംഗ് ഓഫീസർ ഷബീന ടീച്ചറുടെ ഉപദേശങ്ങളും വീഡിയോ ഗ്രാഫർ അലി മുസാഫിറിൻ്റെ ക്യാമറക്കണ്ണുകളും കൂടി അഞ്ച് ദിവസം മാത്രമുള്ള കൂട്ടുകെട്ടിനെ ഒരായുസ്സിൻ്റെ നീളമുള്ളതാക്കി മാറ്റി.
അങ്ങനെ ഞങ്ങളുടെ ഫുൾ ടീം ബി.എൽ. ഒ കാണിച്ച് തന്ന ഒരു വീട്ടിലെത്തി. സ്പെഷ്യൽ പോളിംഗ് ഓഫീസറായ ഞാൻ വോട്ടറെ തിരിച്ചറിഞ്ഞ ശേഷം രജിസ്റ്ററിൽ വിവരങ്ങൾ പകർത്തി. വോട്ടർക്ക് നേരിട്ട് വോട്ട് ചെയ്യാൻ സാധിക്കാത്തതിനാൽ സഹായിയായി മകളാണ് വോട്ട് ചെയ്യുന്നത് എന്ന് അവർ അറിയിച്ചു. സഹായിയുടെ വിവരങ്ങളും രേഖപ്പെടുത്തി. ശേഷം വോട്ട് ചെയ്യേണ്ട രീതി ഞാൻ അവർക്ക് വിശദീകരിച്ച് കൊടുത്ത ശേഷം ബാലറ്റും കൈമാറി. വീഡിയോ എടുക്കാനുണ്ടെന്നും ഞാനവിടെ നിന്നും മാറിയിട്ടേ വോട്ട് ചെയ്യാവൂ എന്നും ഞാൻ പറഞ്ഞു.
"ങാ... എങ്കിൽ രണ്ട് മിനുട്ട് ..... " വോട്ടർ പറഞ്ഞു.
ബൂത്തിനകത്ത് ബാലറ്റ് വച്ച് അവർ അകത്തേക്ക് പോയി. രണ്ട് രൂപയുടെ പേന കൊണ്ട് വോട്ട് ചെയ്യാൻ ഇഷ്ടമില്ലാത്തതിനാൽ നല്ല പേന എടുക്കാൻ പോയതാണെന്നായിരുന്നു ഞാൻ ധരിച്ചത്.
അഞ്ച് മിനുട്ട് കഴിഞ്ഞിട്ടും ആളെ കാണാത്തതിനാൽ ഞങ്ങൾ അസ്വസ്ഥരായി.
"നിങ്ങൾ എങ്ങോട്ടാ പോയേ ?" ഷബീന ടീച്ചർ അകത്തേക്ക് വിളിച്ച് ചോദിച്ചു.
"ദേ... ഇപ്പോ വരാം...." അകത്ത് നിന്നും മറുപടി വന്നു.
അഞ്ച് മിനുട്ട് കൂടി കഴിഞ്ഞപ്പോൾ പൗഡറിട്ട് മിനുക്കിയ മുഖവും നന്നായി കോതി ഒതുക്കി വച്ച മുടിയുമായി ചുരിദാറിട്ട ഒരു സ്ത്രീ അകത്ത് നിന്നും ഇറങ്ങി വന്നു.
"വോട്ട് ചെയ്യാം എന്ന് പറഞ്ഞ ഒരു സ്ത്രീ അകത്തേക്ക് കയറിയിരുന്നു. അവരോട് ഒന്നിങ്ങോട്ട് ഇറങ്ങി വരാൻ പറയാമോ?" അകത്ത് നിന്നും ഇറങ്ങി വന്ന സ്ത്രീയോട് ഞാൻ പറഞ്ഞു.
"ഞാൻ തന്നെയാ ആ സ്ത്രീ"
" ങേ !! ഇതെന്തിനാ ഇങ്ങനെയൊക്കെ ഒരുങ്ങി വന്നത്?"
"വീഡിയോ ഒക്കെ എടുക്കുന്നതല്ലേ... അപ്പോ ഒരു ലുക്ക് ഒക്കെ വേണ്ടേ?"
വോട്ടറുടെ മറുപടി കേട്ട് എന്താ പറയേണ്ടത് എന്നറിയാതെ ഞങ്ങൾ സ്തംഭിച്ചു നിന്നു.
7 comments:
ഓരോരോ ഇലക്ഷൻ അനുഭവങ്ങൾ
🥹❣️
അനുഭവങ്ങൾ പകർത്താനുള്ള കഴിവിന് അഭിനന്ദനങ്ങൾ
വീഡിയോയെടുക്ക്വല്ല നല്ലോണയിക്കോട്ടെ എന്നു വിചാരിച്ചു കാണും.
നല്ല രസായി മാഷേ😀😄
ആശംസകൾ🌹💖🌹🙏
അത് നന്നായല്ലോ . ആ സ്ത്രീ കൊള്ളാം
നന്ദി, തങ്കപ്പേട്ടാ
ഗീതാജി, വീണ്ടും കണ്ടതിൽ സന്തോഷം
Post a Comment
നന്ദി....വീണ്ടും വരിക