ഇന്ത്യയിലെ ഏറ്റവും വലിയതും മനോഹരങ്ങളുമായ വെള്ളച്ചാട്ടങ്ങൾ ഉള്ള സംസ്ഥാനമാണ് കർണ്ണാടക.ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്ത് ജോഗ് ഫാൾസ് ആയിരുന്നു ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം എന്ന പേരിൽ അറിയപ്പെടുന്നത്.അവസരം കിട്ടിയപ്പോൾ കുടുംബ സമേതം തന്നെ അത് പോയി കാണുകയും ചെയ്തിരുന്നു (ഇവിടെ ക്ലിക്ക് ചെയ്താൽ വായിക്കാം) .
കുടകിലൂടെയുള്ള രണ്ടാം ദിവസത്തെ പര്യടനത്തിലെ രണ്ടാമത്തെ കാഴ്ചയും ഒരു വെള്ളച്ചാട്ടമാണ് ; അബി ഫാൾസ്.മടിക്കേരി ടൗണിൽ നിന്നും വെറും ഏഴ് കിലോമീറ്റർ സഞ്ചരിച്ചാൽ അബി ഫാൾസിൽ എത്താം.അമ്പത് രൂപ കൊടുത്ത് വണ്ടി പാർക്ക് ചെയ്ത ശേഷം കൗണ്ടറിലെത്തി ടിക്കറ്റെടുത്തു.ഒരാൾക്ക് പത്ത് രൂപയാണ് ടിക്കറ്റ് നിരക്ക്.കൗണ്ടർ ഗേറ്റ് കടന്നാൽ ഒരു കാപ്പിത്തോട്ടത്തിനകത്ത് കൂടെ താഴോട്ട് താഴോട്ട് വളഞ്ഞ് പുളഞ്ഞ് പോകുന്ന സ്റ്റെപ്പുകളാണ്.തടി കൂടിയവർക്കും പ്രായമായവർക്കും അത് ഇറങ്ങിക്കയറുക അത്ര എളുപ്പമായിരിക്കില്ല.
സ്റ്റെപ്പുകൾ അവസാനിക്കുന്നത് അത്ര അധികം വിസ്തൃതി ഇല്ലാത്ത ഒരു പ്ലാറ്റുഫോമിലാണ്. ബാരിക്കേഡുകൾ സ്ഥാപിച്ച അതിന്റെ അപ്പുറത്താണ് മലമുകളിൽ നിന്നും വെള്ളം പാറയിലൂടെ പരന്ന് താഴേക്ക് പതിക്കുന്നത്. കാവേരി നദിയിലെ പ്രധാനപ്പെട്ട വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ് അബി ഫാൾസ്.മുമ്പ് ജെസി ഫാൾസ് എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. വെള്ളച്ചാട്ടത്തിന്റെ അടുത്തേക്ക് പോകാനോ ഇറങ്ങിക്കുളിക്കാനോ അനുവാദമില്ല. ഏതാനും സമയം ആ വശ്യമനോഹാരിതയിൽ മയങ്ങിയ ശേഷം ഞങ്ങൾ തിരിച്ചു കയറി.
ഭക്ഷണം കഴിക്കാൻ അനുയോജ്യമായ ഒരിടം തേടിയെങ്കിലും മനസ്സിന് ഇഷ്ടപ്പെട്ട ഒരു ഹോട്ടൽ കണ്ടെത്താനായില്ല.ആമാശയത്തിന് താൽക്കാലിക ആശ്വാസം മാത്രം നൽകി ഞങ്ങൾ അടുത്ത സ്പോട്ട് ആയ മടിക്കേരി ഫോർട്ടിലെത്തി.
പതിനേഴാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ചതാണ് മടിക്കേരി കോട്ട എന്ന് ചരിത്രം പറയുന്നു. ടിപ്പു സുൽത്താൻ ഈ കോട്ട കീഴടക്കിയിരുന്നതായും പറയപ്പെടുന്നുണ്ട്. പിന്നീട് ബ്രിട്ടീഷുകാരുടെ അധീനതയിൽ വന്നപ്പോഴാണ് കോട്ടക്കകത്ത് ഒരു ചർച്ച് കൂടി സ്ഥാപിതമായത്. നിലവിൽ ബ്രിട്ടീഷ് കാലത്തെ നിരവധി പുരാവസ്തുക്കളുടെ ശേഖരം കൂടിയുള്ള ഒരു മ്യൂസിയവും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
മടിക്കേരി ടൗണിന്റെ ഹൃദയഭാഗത്തുള്ള കോട്ടക്ക് അകത്തുവരെ വണ്ടി പോകും.പ്രവേശന ഫീസ് വെറും പത്ത് രൂപ മാത്രം.പാർക്കിംഗ് സൗജന്യമാണ്.തിങ്കളാഴ്ച അവധി ദിവസമാണ്.അല്ലാത്ത ദിവസങ്ങളിൽ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെ പ്രവേശിക്കാം.കോട്ടക്കകത്ത് വച്ച് ഞങ്ങളും നുസൈബയുടെ ഫാമിലിയും വീണ്ടും കണ്ടുമുട്ടി.
മടിക്കേരിയിലെ ഞങ്ങളുടെ അവസാനത്തെ കാഴ്ചയായി ബാക്കിയുള്ളത് രാജാ സീറ്റ് ആണ്. മടിക്കേരി ടൗണിൽ തന്നെയാണ് ഇതും സ്ഥിതി ചെയ്യുന്നത്. പണ്ടുകാലത്ത് രാജാക്കന്മാരും രാജ്ഞിമാരും സൂര്യാസ്തമനം കാണാൻ വന്നിരുന്ന സ്ഥലമാണ് രാജാ സീറ്റ് എന്ന പേരിൽ ഒരു ഉദ്യാനവും വാക് വേയുമൊക്കെയായി നവീകരിച്ചത്. വൈകിട്ട് മ്യൂസിക്കൽ ഫൗണ്ടൈൻ ഷോ കൂടി ഉണ്ട് എന്ന് പറയപ്പെടുന്നു.ഗാന്ധി മണ്ഡപം എന്നും ഈ ഉദ്യാനത്തിന് പേരുണ്ട്.
കാർ റോഡ് സൈഡിൽ തന്നെ പാർക്ക് ചെയ്ത് ഞങ്ങൾ രാജാ സീറ്റ് ഉദ്യാനത്തിലേക്ക് പ്രവേശിച്ചു.ഇരുപത് രൂപയാണ് ഇവിടെ പ്രവേശന ഫീസ്.മലകളാൽ ചുറ്റപ്പെട്ട താഴ്വരയും വളഞ്ഞു പുളഞ്ഞു പോകുന്ന റോഡും നോക്കി വൈകുന്നേരത്തെ കാറ്റും കൊണ്ട് അവിടെ ഇരിക്കാൻ ഒരു പ്രത്യേക സുഖം തന്നെ തോന്നി.സന്ദർശകർക്കായി പ്രത്യേകം വ്യൂ പോയിന്റും ഉണ്ട്.പക്ഷേ, വെയിലില്ലാത്ത സമയത്തേ അങ്ങോട്ട് ഇറങ്ങാൻ സാധിക്കൂ.രാവിലെ എട്ടു മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് പ്രവേശന സമയം.
മടക്കം വീരാജ്പേട്ട - തലശ്ശേരി വഴി ആയിരുന്നു പ്ലാൻ ചെയ്തിരുന്നത്. മാനന്തവാടിയിൽ പഴയ പരിചയക്കാരായ കുറച്ച് പേരെ ഇനിയും കാണാനുള്ളതിനാൽ ഉച്ചക്ക് മൂന്ന് മണിയോടെ വീരാജ്പേട്ട - കുട്ട വഴി ഞങ്ങൾ തിരിച്ചു പോന്നു.വഴിയിൽ പല സ്ഥലങ്ങളിലും റോഡ് വയ്ക്കത്ത് ആന അടക്കമുള്ള വന്യ മൃഗങ്ങളെ കണ്ടതിനാൽ വൈകിയുള്ള യാത്ര അത് വഴി സുരക്ഷിതമല്ല എന്ന് മനസ്സിലായി.
രാത്രി ഏഴ് മണിയോടെ ഞങ്ങൾ മാനന്തവാടിയിലെത്തി, കാണാൻ ബാക്കിയുള്ളവരെയും കണ്ട് നാട്ടിലേക്ക് മടങ്ങി.രാത്രി പന്ത്രണ്ടരയോടെ വീട്ടിലെത്തുമ്പോൾ കാർ മൊത്തം 555 കിലോമീറ്റർ ഓടിക്കഴിഞ്ഞിരുന്നു. എന്റെ ഡ്രൈവിങ്ങിലെ ഏറ്റവും ദൈർഘ്യമേറിയ ഡ്രൈവ് ആയി അതവസാനിക്കുമ്പോൾ നല്ല കാഴ്ചകളും അനുഭവങ്ങളും നിറഞ്ഞ ഒരു യാത്ര കൂടി വിജയകരമായി പര്യവസാനിച്ചു.
1 comments:
കാവേരി നദിയിലെ പ്രധാനപ്പെട്ട വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ് അബി ഫാൾസ്.മുമ്പ് ജെസി ഫാൾസ് എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്.
Post a Comment
നന്ദി....വീണ്ടും വരിക