ഒന്നാം കാശ്മീർ യാത്രയിൽ എൻ്റെ ആതിഥേയനായ ഇഷ്ഫാഖിൻ്റെ സ്വന്തം ആപ്പിൾ തോട്ടം ഞങ്ങൾ സന്ദർശിച്ചിരുന്നു. മെയ് മാസത്തിലായിരുന്നതിനാൽ ആപ്പിൾ മരത്തിൽ ആപ്പിളുകൾ ഉണ്ടായി തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങൾ അതിൽ നിന്ന് ആപ്പിളുകൾ പൊട്ടിച്ച് കഴിക്കുകയും ചെയ്തിരുന്നു. ഒക്ടോബർ മാസത്തിൽ അവയെല്ലാം പഴുത്ത് പാകമാകും എന്നായിരുന്നു ഇഷ്ഫാഖ് പറഞ്ഞത്.
പെട്ടെന്നാണ് എൻ്റെ മനസ്സിൽ ഒരു ചിന്ത പൊട്ടിയത്. നമ്മുടെ നാട്ടിൽ മാവിൻ്റെയും പ്ലാവിൻ്റെയും എല്ലാം ചുവട്ടിൽ അതിൻ്റെ തൈകൾ ധാരാളം മുളച്ച് വരാറുണ്ട്. അതിൽ മിക്കതും നശിച്ചു പോകാറാണ് പതിവ്. അതേ പോലെ ഈ ആപ്പിൾ മരങ്ങളുടെ ചുവട്ടിലും ചെറിയ തൈകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട് എന്ന് എനിക്ക് തോന്നി.
"ഇഷ്ഫാഖ് ... ആപ്പിൾ ക പൗദ മിലേഗ യഹാം ?" ഒന്ന് പരതി നോക്കിയെങ്കിലും ആപ്പിൾ മരത്തിൻ്റെ ഇല പോലെ ഇലകളുള്ള ഒരു തൈ പോലും കാണാത്തതിനാൽ ഞാൻ ഇഷ്ഫാഖിനോട് ചോദിച്ചു.
"നഹീം സാർ..." ചിരിച്ചു കൊണ്ട് അവൻ മറുപടി പറഞ്ഞു.
"തൊ കൈസ നയാ പൗദ ബൻതാ ഹെ?" കമ്പു കുത്തിയിട്ടാണ് ഉണ്ടാക്കുന്നതെങ്കിൽ നാലഞ്ച് ചെറിയ കമ്പ് കൊണ്ടു പോകാം എന്ന ധാരണയിൽ ഞാൻ ചോദിച്ചു.
"ബഡ് കർതെ ഹെ.."
"കോൻ കരേഗ?"
"പിതാജി കർതാ ഹെ... ഔർ മേം ഭീ കർതാ ഹെ..."
"അഛാ.. മുജെ എക് പൗദ ചാഹിയെ..." ഞാനെൻ്റെ ആവശ്യം പറഞ്ഞു.
"മേം ദേഖേഗ... ഖർ മേം ഹെ തോ ദിയേഗ... നഹീം ഹെ തോ അഗല ബാർ മേം കേരള ആനെ പർ ലായേംഗ" അങ്ങനെ അത് കിട്ടാനുള്ള സാധ്യത ഇല്ല എന്ന് ഞാൻ മനസ്സിലാക്കി.
2023 ഡിസംബറിൽ രണ്ടാം കാശ്മീർ യാത്രക്ക് പദ്ധതി ഇട്ടപ്പഴേ ഞാൻ ഇഷ്ഫാഖിനെ വിളിച്ച് രണ്ട് കാര്യങ്ങൾ ആവശ്യപ്പെട്ടു. കുറച്ച് സ്ട്രോബറി തൈകളും ആപ്പിൾ തൈയും റെഡിയാക്കി വയ്ക്കണം; ഞാൻ നേരിട്ട് വീട്ടിൽ വന്ന് വാങ്ങും. ഇഷ്ഫാഖ് അപ്പോൾ തന്നെ യെസ് മൂളി.
രണ്ടാം കാശ്മീർ യാത്രയുടെ രണ്ടാം ദിവസം ഞങ്ങൾ ഗുൽമാർഗ്ഗിൽ എത്തും എന്ന് ഗുൽമാർഗ്ഗിനടുത്ത് ടാങ് മാർഗ്ഗിൽ താമസിക്കുന്ന ഇഷ്ഫാഖിനെ ഞാൻ അറിയിച്ചു. ആപ്പിൾ തൈയും സ്ട്രോബറി തൈയും റെഡിയാണെന്ന് അവൻ തിരിച്ചും അറിയിച്ചു. ഗുൽമാർഗ്ഗിലെ മഞ്ഞിൽ കളിച്ച് തിരിച്ച് പോരുന്ന വഴിക്ക് ഒരു ആപ്പിൾ തൈയും നാലഞ്ച് സ്ട്രോബറി തൈ മൂടുകളും (ഒന്നിൽ തന്നെ നാലഞ്ച് തൈകൾ ഉണ്ടാകും) ഇഷ്ഫാഖ് എനിക്ക് കൈമാറി.
പിറ്റേ ദിവസം മുഴുവൻ തൈകൾ ശ്രീനഗറിലെ റൂമിനകത്ത് വച്ചു. തൊട്ടടുത്ത ദിവസം മുഴുവൻ ജമ്മുവിലേക്കുള്ള യാത്രയിൽ ആരും തട്ടാതെയും മുട്ടാതെയും ആപ്പിൾ തൈയെ കാത്തു. രാത്രി ജമ്മുവിൽ നിന്ന് ഡൽഹിയിലേക്കുള്ള ട്രെയിൻ യാത്രയിലും തൈകളെ സംരക്ഷിക്കാൻ അൽപം പാടുപെട്ടു. ഡൽഹിയിലും ഒരു ദിവസം മുഴുവൻ തൈകളെ റൂമിനകത്ത് വച്ചു. ഇഷ്ഫാഖ് പറഞ്ഞ പ്രകാരം എല്ലാ ദിവസവും ചെറുതായൊന്ന് നനച്ച് കൊടുത്തു. തൈ കിട്ടി നാലാം ദിവസം ഡൽഹിയിൽ നിന്നും കോഴിക്കോട്ടേക്കുള്ള യാത്ര ആരംഭിച്ചു. സൈഡ് ലോവർ ബർത്ത് കിട്ടിയതിനാൽ തൈക്ക് സുരക്ഷിതമായൊരു മൂല കിട്ടി. ആറാം ദിവസം പുലർച്ചെ കോഴിക്കോട്ടും രാവിലെ എട്ട് മണിയോടെ വീട്ടിലും എത്തിയതോടെ എല്ലാ തൈകളും സുരക്ഷിതമായി വീട്ടിലെത്തിയ സന്തോഷം ഞാൻ അനുഭവിച്ചറിഞ്ഞു.
ഞങ്ങളുടെ ഇരുപത്തഞ്ചാം വിവാഹ വാർഷികം ആഘോഷങ്ങളൊന്നുമില്ലാതെ വേളിയിൽ കഴിഞ്ഞു പോയത് കശ്മീർ യാത്രയുടെ ഒരു മാസം മുമ്പായിരുന്നു.നാല് മക്കളും ചേർന്ന് പ്രസ്തുത ആപ്പിൾ തൈ മുറ്റത്ത് നട്ട് കൊണ്ട് വാർഷിക സ്മരണ ധന്യമാക്കി.പൂവ് പിടിച്ചിരുന്ന സ്ട്രോബറി തൈയിൽ ഏതാനും ദിവസങ്ങൾക്കകം തന്നെ സ്ട്രോബറി പഴവും ഉണ്ടായി.
2 comments:
ന്യൂട്ടൻ്റെ തലയിൽ ആപ്പിൾ വീണ കഥ കേൾക്കുന്ന എൻ്റെ പേരമക്കൾ അത് ശരിക്കും അനുഭവിക്കുമോ ആവോ?🤩
മുറ്റത്ത് ആപ്പിൾ നിറയട്ടെ
Post a Comment
നന്ദി....വീണ്ടും വരിക