എന്റെ കുട്ടിക്കാലത്ത് വീട്ടിൽ പൂമ്പാറ്റ,ചംപക്,മലർവാടി തുടങ്ങിയ ബാലപ്രസിദ്ധീകരണങ്ങൾ വരുത്താറുണ്ടായിരുന്നു.മലർവാടിയിൽ അന്ന് ചിത്രകഥാ രൂപത്തിൽ വന്ന 'മുച്ചീട്ടു കളിക്കാരന്റെ മകൾ' ആയിരുന്നു ഞാൻ വായിച്ച ശ്രീ വൈക്കം മുഹമ്മദ് ബഷീറിന്റെ ആദ്യ നോവൽ എന്നാണ് എന്റെ ഓർമ്മ.സ്വയം നീങ്ങുന്ന വാഴക്കുലയും നോക്കി നദിക്കരയിൽ നിൽക്കുന്ന മണ്ടൻ മുത്തപ്പയുടെയും ചന്തയിൽ ചീട്ട് നിരത്തുന്ന ഒറ്റക്കണ്ണൻ പോക്കറിന്റെയും അന്നത്തെ ചിത്രങ്ങൾ ഇപ്പോഴും എന്റെ മനസ്സിലുണ്ട്. "പോടാ കൈതേ" എന്ന ഒറ്റക്കണ്ണൻ പോക്കറിന്റെ വിളി അന്ന് വായിക്കുമ്പോൾ ഒരു പ്രത്യേക രസം തന്നെയായിരുന്നു.
എല്ലാ വർഷവും വേനലവധിക്കാലത്ത് നൊച്ചാട്ടുള്ള മൂത്താപ്പയുടെ വീട്ടിൽ വിരുന്ന് പോകാറുണ്ടായിരുന്നു. ഹൈസ്കൂൾ ക്ലാസ്സിലെത്തിയ കാലത്ത് ഇങ്ങനെ വിരുന്ന് പോയ ഒരു ദിവസം അവിടെ നിന്നാണ് വീണ്ടും 'മുച്ചീട്ടു കളിക്കാരന്റെ മകൾ' എന്റെ കയ്യിൽ കിട്ടിയത്. അന്നത് വീണ്ടും വായിച്ചു. ഡിഗ്രി പഠനം കഴിഞ്ഞ് മാസങ്ങളോളം അവധി ആഘോഷിച്ച കാലത്ത് നാട്ടിലെ ലൈബ്രറിയിൽ അംഗത്വമെടുത്തപ്പോഴും ഈ പുസ്തകം എന്റെ കൈകളിലെത്തി.ഇപ്പോൾ എൻ്റെ സ്വന്തം ഹോം ലൈബ്രറിയിലും 'മുച്ചീട്ടു കളിക്കാരന്റെ മകൾ' എത്തിയതോടെ ഒരിക്കൽ കൂടി വായിച്ച് പഴയ വായനാ ഓർമ്മകളിലൂടെയും ഒരു സഞ്ചാരം നടത്തി.
മുച്ചീട്ടു കളിക്കാരന്റെ മകൾ സൈനബയും പോക്കറ്റടിക്കാരൻ മുത്തപ്പയും പ്രണയത്തിലാണ്. മകളെ മുത്തപ്പക്ക് വിവാഹം ചെയ്തു കൊടുക്കാൻ മുച്ചീട്ടു കളിക്കാരൻ ഒറ്റക്കണ്ണൻ പോക്കറിന് സമ്മതവുമല്ല. അവസാനം സൈനബ പറഞ്ഞുകൊടുത്ത ട്രിക്കിലൂടെ മുച്ചീട്ടു കളിക്കാരനെ കളിയിൽ തോൽപ്പിച്ച് മുത്തപ്പ സൈനബയെ സ്വന്തമാക്കുന്നതാണ് നോവലിന്റെ ഇതിവൃത്തം.
വളരെ സാധാരണമായ ഒരു കഥയാണെങ്കിലും നാട്ടിൻപുറവും അവിടത്തെ ജനങ്ങളും അവരുടെ ജീവിത രീതിയും കൃത്യമായി വരച്ചു കാണിക്കുന്ന രൂപത്തിലുള്ള കഥാഖ്യാനമാണ് ഈ കൊച്ചു നോവലിനെ ജനപ്രിയമാക്കുന്നത്.ഞാൻ നേരത്തെ സൂചിപ്പിച്ച "പോടാ കൈതേ" പോലെയുള്ള ചില ഡയലോഗുകൾ ഇന്നും ചുണ്ടിൽ പുഞ്ചിരി വിടർത്തുന്നു.ചെറിയ കുട്ടികൾക്ക് പോലും മനസ്സിലാവുന്ന രീതിയിലുള്ള ഈ രചനാവൈഭവം തന്നെയാണ് വൈക്കം മുഹമ്മദ് ബഷീറിനെ മലയാളത്തിന്റെ സുൽത്താനാക്കിയത്.
പുസ്തകം : മുച്ചീട്ടു കളിക്കാരന്റെ മകൾ
രചയിതാവ്: വൈക്കം മുഹമ്മദ് ബഷീർ
പ്രസാധകർ : ഡി.സി.ബുക്സ്
പേജ്: 44
വില: 50 രൂപ
1 comments:
ബഷീർ ദിനത്തിൽ ഞാൻ വായിച്ച ബഷീർ കൃതികളിൽ ഒന്നിൻ്റെ വായനാനുഭവം
Post a Comment
നന്ദി....വീണ്ടും വരിക