പത്താം ക്ലാസ് പരീക്ഷ പാസായാൽ നല്ലൊരു കോളേജിൽ പ്രീ ഡിഗ്രിക്ക് ചേരുക എന്നതായിരുന്നു 1990 വരെ തുടർന്ന് പോന്നിരുന്ന നാട്ടാചാരം. അരീക്കോട്ടുകാർക്ക് മിക്കവർക്കും പരിചയമുള്ളത് എം.ഇ.എസ് കോളേജ് മമ്പാടും പി.എസ്.എം.ഒ കോളേജ് തിരൂരങ്ങാടിയും ഫാറൂഖ് കോളേജ് കോഴിക്കോടും ആയിരുന്നു.എന്റെ വിദ്യഭ്യാസ കാലഘട്ടം ഒരു തരം പരീക്ഷണം ആയതിനാൽ എന്റെ പ്രിയ പിതാവ് എന്നെ കൊണ്ടാക്കിയത് പി.എസ്.എം.ഒ കോളേജിൽ ആയിരുന്നു.സെക്കൻഡ് ഗ്രൂപ്പ് മോർണിംഗ് ബാച്ചിൽ നിറയെ പെൺകുട്ടികൾക്കൊപ്പം ഏതാനും ആൺകുട്ടികൾ മാത്രം ഉള്ള ഒരു ക്ലാസ് ആയിരുന്നു എന്റേത്.
പെൺകുട്ടികളോട് സല്ലപിക്കുന്നതിൽ ഒരു തരം നാണം തോന്നിയിരുന്നതിനാൽ ഞാൻ അവരുടെ ഭാഗത്തേക്ക് ശ്രദ്ധിച്ചിരുന്നേ ഇല്ല.പക്ഷെ ഹോസ്റ്റലിൽ താമസിക്കുന്നതിനാൽ ലേഡീസ് ഹോസ്റ്റലിലെ പല കുട്ടികളെയും അറിയുമായിരുന്നു. കൗമാരത്തിന്റെ കൗതുകം കാരണം ചിലരെയെല്ലാം ഇഷ്ടവുമായിരുന്നു.അത് ഒരാളിലേക്ക് മാത്രം കേന്ദ്രീകൃതമാകാത്തതിനാൽ അത് ആൺവർഗ്ഗത്തിന്റെ സ്വാഭാവികതയായി എണ്ണപ്പെട്ടു.എന്നാൽ പ്രീ ഡിഗ്രി കഴിഞ്ഞ ശേഷം കോളേജ് വിട്ടപ്പോഴാണ് ചില പെൺകുട്ടികൾ എന്റെ 'പെൻ ഫ്രണ്ടുകൾ' ആയി മാറിയത്. അതിൽ പ്രധാനികളായിരുന്നു തിരൂർക്കാരി ഹസീന,പൊന്നാനിക്കാരി നൗഷീൻ,വേങ്ങരക്കാരി സുജാത എന്നിവർ. കാലത്തിന്റെ കുത്തൊഴുക്കിൽ ആ കത്തിടപാടുകളും എവിടെയോ വച്ച് മുറിഞ്ഞുപോയി.
പ്രീഡിഗ്രിക്കാലത്ത് ഹസീനയുടെ കൂട്ടുകാരികളായിരുന്നു സിന്ധുവും ഷാഹിനയും. മൂന്ന് പേരും കണ്ണട വച്ചവരായിരുന്നു .എപ്പോഴും ഒരുമിച്ച് നടക്കുന്നതിനാൽ കോളേജിലെ ചില ലോല ഹൃദയരുടെ നോട്ടപ്പുള്ളികളായിരുന്നു അവർ. ഈ മൂവർ സംഘത്തിന് ആരോ ഇട്ട പേരായിരുന്നു 'ത്രീ മോസ്കിറ്റോസ്'. പ്രീഡിഗ്രിക്ക് ശേഷം മൂന്ന് കൊതുകുകളും മൂന്ന് വഴിക്ക് പാറിപ്പോയി.കത്തെഴുത്തിലൂടെ ഹസീനയുമായി എന്റെ ബന്ധം നില നിന്നെങ്കിലും മറ്റു രണ്ടു പേരും എന്റെ മനസ്സിൽ നിന്നിറങ്ങിപ്പോയി.
ആറ് വർഷം മുമ്പ് അന്നത്തെ പൂച്ച പിഡിസിക്കാരുടെ ഒരു ഗ്രൂപ്പ് ഉണ്ടാക്കിയപ്പോഴാണ് പഴയ പല ഓർമ്മകളും വീണ്ടും തികട്ടി വരാൻ തുടങ്ങിയത്.പക്ഷെ, ഔദ്യോഗിക തിരക്കിനിടയിൽ ഗ്രൂപ്പിൽ സജീവമായി ഇടപെടുക എന്നത് ഗ്രൂപ്പിലെ മിക്ക മെമ്പർമാർക്കും സാധ്യമായിരുന്നില്ല. അതിനാൽ ഗ്രൂപ്പ് നിർജീവമായി ഇഴഞ്ഞ് നീങ്ങി.
2019-ൽ കോഴിക്കോട് ലളിത കലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ "പേപ്പർ ബിറ്റ്സ്" എന്ന പേരിൽ ഒരു കൊളാഷ് പ്രദർശനം നടക്കുന്നു എന്നും സിന്ധു അത് കാണാൻ വരുന്നു എന്നും ഗ്രൂപ്പിൽ ഒരു പോസ്റ്റ് കണ്ടു. ഞാൻ ജോലി ചെയ്യുന്ന നഗരത്തിൽ വച്ച് പഴയ ക്ലാസ്മേറ്റിനെ കണ്ടുമുട്ടാം എന്ന് കരുതിയാണ് ഞാൻ ആ പ്രദർശനം കാണാൻ പോയത്. ആകർഷകമായ ആ കാഴ്ച വിരുന്ന് ഒരുക്കിയത് സിന്ധുവിൻ്റെ ഭർതൃ സഹോദരനോ മറ്റോ ആയിരുന്നു എന്ന് അവളെ കണ്ടപ്പോഴാണ് അറിഞ്ഞത്.
കാലം പിന്നെയും കടന്നു പോയി. ഇക്കഴിഞ്ഞ മെയ് മാസത്തിൽ അട്ടപ്പാടിയിലെ ആദിവാസി കുട്ടികൾ പഠിക്കുന്ന ഒരു യു.പി സ്കൂളിലേക്ക് വിവിധ തരം പഠന സാമഗ്രികൾ ആവശ്യമുണ്ട് എന്ന പോസ്റ്റ് കണ്ടാണ് ഞാൻ സിന്ധുവുമായി വീണ്ടും ബന്ധപ്പെടുന്നത്. സാമഗ്രികൾക്കായി ചില വാതിലുകൾ എല്ലാം മുട്ടിയെങ്കിലും എൻ്റെ സ്വന്തം പത്താം ക്ലാസ് കൂട്ടായ്മയാണ് പ്രതീക്ഷ നൽകുന്ന മറുപടി തന്നത്. അങ്ങനെ ബാഗ്, കുട, നോട്ട്ബുക്ക്, പെൻസിൽ,ചാർട്ട് പേപ്പർ, കളർ പേപ്പർ, A4 പേപ്പർ എന്നിങ്ങനെ നിരവധി സാധനങ്ങളുമായി ഞങ്ങൾ ഒരു ഏഴംഗ സംഘം അഗളിയിലേക്ക് പുറപ്പെട്ടു.
ലൊക്കേഷൻ ഇട്ട് തന്ന് , നേരെ അവളുടെ വീട്ടിൽ എത്താനായിരുന്നു സിന്ധു തന്ന നിർദ്ദേശം. അത് പ്രകാരം ഞങ്ങൾ അവിടെ എത്തി. മരങ്ങൾ തിങ്ങി നിറഞ്ഞ, താഴ്ഭാഗത്ത് കൂടി അരുവി ഒഴുകുന്ന ഒരു പറമ്പിൽ, ഇഷ്ടിക കൊണ്ട് പണിത ഒരു വീട്. സദാ സമയവും കാറ്റ് വീശുന്നതിനാൽ വീട്ടിൽ ഫാൻ വച്ചിട്ടേ ഇല്ല !ലാറി ബേക്കർ സ്റ്റൈലിൽ ഇരുപത്തിനാല് വർഷം മുമ്പ് നിർമ്മിച്ച വീടിന് ആകെ ചെലവായത് ഒരു ലക്ഷം രൂപ മാത്രം !! ഞങ്ങൾക്കായി ഒരുക്കിയ ചായ ആസ്വദിച്ച് മുറ്റത്തെ മാവിൻ ചുവട്ടിലെ കസേരകളിലും തിണ്ണയിലും ഇരിക്കുമ്പോൾ എല്ലാവരും ആ പ്രകൃതി ഭംഗി ആസ്വദിക്കുകയായിരുന്നു.
ചായക്ക് ശേഷം, പഠന സാമഗ്രികൾ കൈമാറാനായി ഞങ്ങൾ സ്കൂളിലേക്ക് പുറപ്പെട്ടു. സിന്ധുവും ഞങ്ങളുടെ കാറിൽ കയറി. സ്കൂളിൽ വച്ച് എല്ലാം കൈമാറിയ ശേഷം സിന്ധു തന്നെ സന്ദർശനം അറേഞ്ച് ചെയ്ത "വിസ്പെറിംഗ് ഹിൽസ്" റിസോർട്ടിൽ ഞങ്ങളെത്തി. പിന്നീട് ഞങ്ങളെ കതിരമ്പതി ഊരും അയ്യപ്പനും കോശിയും സിനിമയിലൂടെ പ്രസിദ്ധമായ നരസിമുക്കും കാണിക്കാൻ സിന്ധു തന്നെ മുന്നിട്ടിറങ്ങി. തിരിച്ച് പോരുന്നതിന് മുമ്പ് 2020 ലെ മികച്ച പിന്നണി ഗായികക്കുള്ള ദേശീയ സിനിമാ അവാർഡ് നേടിയ നഞ്ചിയമ്മയെ സന്ദർശിക്കാനും അൽപ നേരം സംവദിക്കാനും സിന്ധു ഞങ്ങളെ സഹായിച്ചു. വൈകിട്ട് അഞ്ചരയ്ക്ക് യാത്ര പറഞ്ഞ് തിരിച്ചു പോരുമ്പോൾ എൻ്റെ കൂട്ടുകാർക്കും സിന്ധു ഏറെ പരിചിതയായി കഴിഞ്ഞിരുന്നു.
പാഠം: സൗഹൃദങ്ങൾ എത്ര പഴയതായാലും കാത്ത് സൂക്ഷിക്കുക. അത് പൂക്കുന്നത് വസന്തകാലത്ത് മാത്രമാകില്ല.
2 comments:
അത് പൂക്കുന്നത് വസന്തകാലത്ത് മാത്രമാകില്ല.
യാത്ര വളരെ മാനസിക ഉന്മേഷം തരുന്ന മറക്കാൻ കഴിയാത്ത അനുഭവം ആയിരുന്നു 🥰
Post a Comment
നന്ദി....വീണ്ടും വരിക