അങ്ങനെ സർക്കാർ സർവ്വീസിൽ നിന്നും വിരമിക്കേണ്ട പ്രായമായ അമ്പത്തിയാറിലേക്ക് ഇന്ന് പ്രവേശിച്ചു. പക്ഷേ, വിദ്യാഭ്യാസ വകുപ്പിലായതിനാൽ 2028 മാർച്ച് 31 നേ പിരിച്ചു വിടൂ എന്ന് മാത്രം. വിരമിക്കൽ പ്രായം ഉയർത്തിയില്ല എങ്കിൽ കഴിഞ്ഞ അഞ്ചാറ് വർഷമായി ഞാൻ കേട്ടു കൊണ്ടിരിക്കുന്ന "ഇപ്പോ എന്താ പരിപാടി" എന്ന ചോദ്യത്തിന് ഇനി ഒരു വർഷം കൂടി "നോട്ട് ഔട്ട്" പറഞ്ഞാൽ മതി.
ഈ പ്രായത്തിലും സൂക്കറണ്ണൻ്റെ നിർമ്മിത ബുദ്ധനായ മെറ്റ എ.ഐ എന്നെ നോട്ടമിട്ടിട്ടുണ്ട് എന്ന് രണ്ട് ദിവസം മുമ്പ് ഒരു സുഹൃത്ത് എനിക്ക് മുന്നറിയിപ്പ് തന്നു. സാധാരണ ജെമിനിപ്പെണ്ണാണ് ഇത്തരം കുസൃതിക്കാറ്റുകൾ പടച്ചുവിടാറുള്ളത്. അവളോട് ഞാനിതുവരെ ഒരു കാര്യവും ചോദിച്ചിട്ടില്ല. ചിലര് അവളോട് ചാറ്റ് ചെയ്ത് ചെയ്ത് പ്രണയത്തിലായി എന്നും മറ്റും കേട്ടതിനാൽ വെറുതെ ഈ ചെറുപ്പ കാലത്ത് പൊല്ലാപ്പുണ്ടാക്കാൻ പോകേണ്ട എന്ന് ഞാൻ കരുതി😆.
മേൽ സൂചിപ്പിച്ച എൻ്റെ സുഹൃത്ത് ജെമിനിയോട് ചങ്ങാത്തം ഉണ്ടോ എന്ന് എനിക്കറിയില്ല. പക്ഷേ മെറ്റയുമായി നല്ല കൂട്ടുകെട്ടാണ്. മകളുടെ സ്കൂളിൽ നടക്കുന്ന സ്റ്റാർ ഓഫ് ദ വീക്ക് മത്സരത്തിൽ ചോദിക്കുന്ന എല്ലാ ചോദ്യത്തിനും മെറ്റ കൃത്യമായി ഉത്തരം പറഞ്ഞു കൊടുക്കാറുണ്ട് പോലും. ഒരു തവണ മാത്രം തെറ്റിപ്പോയി. അത് പിന്നെ ഉത്തരം പുള്ളിക്ക് അറിയാമായിരുന്നതിനാൽ മെറ്റക്ക് തെറ്റിയത് മൂപ്പർക്ക് മനസ്സിലായി😜.
അങ്ങനെ കഴിഞ്ഞ ആഴ്ചയിലെ ചോദ്യം വന്നു.
ചോദ്യം : ശാസ്ത്ര സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മികച്ച പൊതുപ്രവർത്തകനുള്ള എ പി ജെ അബ്ദുൽ കലാം ദേശീയ അവാർഡ് ലഭിച്ചത് ആർക്ക്?
Meta: സോഷ്യൽ റിസർച്ച് സൊസൈറ്റി
നൽകുന്ന എ.പി.ജെ അബ്ദുൽ കലാം "എമിനന്റ് സോഷ്യൽ വർക്കർ" ദേശീയ അവാർഡ് ലഭിച്ചത് *ആബിദ് തറവട്ടത്ത്* നാണ് c7eb
അതായത് മെറ്റ പറയുന്നത് ഞാനാണ് അവാർഡ് ജേതാവ് എന്ന്🤭 ശേഷമുള്ള നമ്പർ മെറ്റ ഈ വിവരം ശേഖരിച്ച് വെച്ച സെൽ നമ്പർ ആണെന്ന് തോന്നുന്നു. വീണ്ടും സ്റ്റാർ ഒക്കെ ഇട്ട് എൻ്റെ അംശവും ദേശവും ജോലിയും അവാർഡ് കൊടുത്തതിൻ്റെ കാരണവും എല്ലാം താഴെ കാണുന്ന പോലെ ഭംഗിയായി വിവരിച്ചിട്ടുണ്ട്.
*വിശദാംശങ്ങൾ:*
- *ആൾ*: ആബിദ് തറവട്ടത്ത്, മലപ്പുറം അരീക്കോട് സ്വദേശി
- *ജോലി*: കോഴിക്കോട് ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിലെ കമ്പ്യൂട്ടർ പ്രോഗ്രാമർ
- *കാരണം*: സന്നദ്ധ സാമൂഹിക പ്രവർത്തനം, NSS-ലെ പ്രവർത്തനങ്ങൾ, വിദ്യാർത്ഥികൾക്കായുള്ള പ്രചോദന ക്ലാസുകൾ, രക്തദാനം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ
- *പ്രഖ്യാപനം*: 2020 ഒക്ടോബർ 13 ന് c7eb
ദേ, പിന്നെയും ആ സെൽ നമ്പർ😨
ഇത്രയും വിവരിച്ച ശേഷം ഒരു ക്ഷമാപണം എന്ന പോലെ മെറ്റ ഒരു കാര്യം കൂടി പറഞ്ഞു.
ശ്രദ്ധിക്കുക: നിങ്ങൾ ചോദിച്ച "ശാസ്ത്ര സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്" എന്ന പേരിൽ ഈ അവാർഡിനെ കുറിച്ചുള്ള വിവരം സെർച്ചിൽ കിട്ടിയില്ല. എന്നാൽ സോഷ്യൽ റിസർച്ച് സൊസൈറ്റിയുടെ എ.പി.ജെ അബ്ദുൽ കലാം അവാർഡ് സംബന്ധിച്ച വാർത്തയാണ് ലഭ്യമായത് c7eb.
ദേ, വീണ്ടും നമ്പർ !
ചോദ്യത്തിന് ഉത്തരമായി മെറ്റ പറഞ്ഞു കൊടുത്തത് എന്നെ ആയതിനാൽ പ്രസ്തുത സുഹൃത്ത് ആകെ അങ്കലാപ്പിലായി. നാട്ടുകാരന് ഇങ്ങനെ ഒരു അവാർഡ് നേടിയിട്ട് അത് മെറ്റ പറഞ്ഞ് തരേണ്ടി വന്നല്ലോ എന്ന സങ്കടം വേറെയും. സോ, അതിൻ്റെ നിജസ്ഥിതി അറിയാനാണ് പുള്ളി എനിക്ക് മെസേജ് ഇട്ടത് പോലും 😆😆😆
"മെറ്റ പറഞ്ഞ അവാർഡ് ജേതാവ് ഞാൻ തന്നെയാണ്🤩 പക്ഷേ നിങ്ങൾ ചോദിച്ച ചോദ്യത്തിൻ്റെ ഉത്തരം ഞാനല്ല🫣 അത് മമ്മുട്ടിയാണ്😂 " ഞാൻ മറുപടി കൊടുത്തു.
ഏതായാലും മെറ്റച്ചേട്ടനും ജെമിനിപ്പെണ്ണും ഗൂഗിളമ്മായിയും എല്ലാം നമ്മളെപ്പറ്റി നന്നായി പഠിച്ചു വെച്ചിട്ടുണ്ട്; ജാഗ്രതൈ!
അപ്പോ ഹാപ്പി ബർത്ത് ഡേ ടു മീ🔥 സന്തോഷ ജന്മദിനം കുട്ടിക്ക്....💃💃


3 comments:
ബല്ലാത്തൊരു മെറ്റ
Very nice description Abid.you mentioned your Retirement date 31/03/2028..is it right.? Any way Happy life.after RTD.dont sit freely.work / travel more & more.by jose master 1994.Bed.
Yes, the retirement date is correct. Thanks for all.
Post a Comment
നന്ദി....വീണ്ടും വരിക