മുസ്ലിംകൾക്ക് ആഘോഷിക്കാൻ ദൈവം നിശ്ചയിച്ച് നൽകിയ രണ്ട് ആഘോഷങ്ങളാണ് ഈദുൽ ഫിത്വറും (ചെറിയ പെരുന്നാൾ) ഈദുൽ അദ്ഹായും (ബലി പെരുന്നാൾ).ഇതല്ലാത്ത പലതരം ആഘോഷങ്ങളും ഇന്നത്തെ സമൂഹത്തിൽ നടക്കുന്നുണ്ട് എങ്കിലും അവയൊന്നും യഥാർത്ഥ മത നിർദ്ദേശങ്ങളുമായി യോജിച്ചതല്ല.
ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിലൂടെ ശുദ്ധീകരിക്കപ്പെട്ട മനസ്സുമായിട്ടാണ് ഈദ് മൈതാനത്ത് (ഈദ് ഗാഹ്) വിശ്വാസികൾ ഒത്തുകൂടുന്നത്. വ്രത വിരാമത്തിന്റെ ആഘോഷം എന്നാണ് ഈദുൽ ഫിത്വർ എന്നതിനർത്ഥം. ആശംസാ കൈമാറ്റങ്ങളും ബന്ധുഗൃഹ സന്ദർശനങ്ങളും സൗഹൃദ കൂട്ടങ്ങളും എല്ലാം ഈദിന്റെ ഭാഗമായി നടന്നുവരുന്നു.ഇത്തവണ കോവിഡ് ഭീഷണി ഏറെ രൂക്ഷമായതിനാൽ ഇവയിൽ ഓൺലൈൻ ആയി നടത്താൻ പറ്റുന്നവ മാത്രമാണ് മിക്ക സ്ഥലത്തും നടന്നിട്ടുള്ളൂ.
പത്ത് വർഷത്തോളമായി ഈദ് രാവിൽ അല്ലെങ്കിൽ ഈദ് ദിനത്തിൽ മുടങ്ങാതെ എനിക്ക് രണ്ട് ആശംസകൾ ലഭിക്കും.വ്യക്തിപരമായി ലഭിക്കുന്ന നിരവധി സന്ദേശങ്ങളിൽ നിന്ന് ഇത് രണ്ടും ഞാൻ എടുത്തു പറയാൻ കാരണമുണ്ട്. രണ്ടും വരുന്നത് ഹിന്ദു സഹോദരങ്ങളിൽ നിന്നാണ്.നിരവധി ഹിന്ദു സഹോദരീ സഹോദരന്മാരിൽ നിന്നും ക്രിസ്ത്യൻ സഹോദരീ-സഹോദരന്മാരിൽ നിന്നും ലഭിക്കുന്ന ആശംസകളിൽ നിന്ന് ഇവ രണ്ടും വേറിട്ട് നിൽക്കുന്നു.
അതിൽ ഒന്നാമത്തെ ആശംസ എക്കാലത്തും നേരിട്ടുള്ള ഒരു ഫോൺ കാൾ ആണ്. മാനന്തവാടിയിലെ ദീർഘ കാല താമസത്തിനിടക്ക് അറിയാതെ അടുത്തുപോയ പവിത്രേട്ടന്റെ വിളിയാണ് അത്. മറ്റു പല സന്ദർഭങ്ങളിലും പവിത്രേട്ടൻ വിളിക്കാറുണ്ടെങ്കിലും പെരുന്നാളിന്റെ തലേദിവസം ഒന്ന് വിളിച്ച് എനിക്കും കുടുംബത്തിനും ആശംസ നേർന്നില്ലെങ്കിൽ പവിത്രേട്ടന് ഉറക്കം വരില്ല എന്നാണ് എനിക്ക് തോന്നിയത്.കേവലം ഒരാശംസ അറിയിച്ച് വയ്ക്കുന്നതിന് പകരം ദീർഘനേരം സംസാരിക്കാനും കൂടി ഈ അവസരം ഉപയോഗപ്പെടുത്തുന്ന വ്യക്തിയാണ് പവിത്രേട്ടൻ.
രണ്ടാമത്തെ ആശംസ ഇന്നും എനിക്ക് അത്ഭുതം നിറഞ്ഞതാണ്. അത് ഒരു എസ്.എം.എസ് ആയിട്ടാണ് സാധാരണ വരാറ്. മുസ്ലിം വിരോധത്തിന് പേരുകേട്ട സാക്ഷാൽ യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തർപ്രദേശിൽ നിന്നുള്ള ശ്രീമാൻ യശ്വന്ത് സിങ്ങിന്റെതാണ് ആ ആശംസ. ഉത്തരേന്ത്യയിലെ ഈദിനനുസരിച്ച് അത് ദിവസം അങ്ങോട്ടോ ഇങ്ങോട്ടോ നിൽക്കുമെങ്കിലും മുടക്കമില്ലാതെ എത്തും! 2011 ൽ പോണ്ടിച്ചേരിയിൽ വച്ച് നടന്ന എൻ.എസ്.എസ് ന്റെ നാഷണൽ ഇന്റഗ്രേഷൻ ക്യാംപിൽ ഉത്തർപ്രദേശിൽ നിന്നുള്ള വളന്റിയർമാരെയും നയിച്ച് വന്ന ശ്രീ.യശ്വന്ത് സിങ്ങിന്റെ മനസ്സിൽ കേരള വളന്റിയർമാരെയും നയിച്ച് എത്തിയ ഞാൻ കയറിക്കൂടിയത് എങ്ങനെ എന്നത് ഇന്നും എനിക്ക് അജ്ഞാതമാണ്.ക്യാമ്പ് കഴിഞ്ഞ് പിറ്റേ ദിവസം സൺഡേ മാർക്കറ്റിൽ ഷോപ്പിംഗ് നടത്താൻ അദ്ദേഹത്തെയും ടീമിനെയും സഹായിച്ചിരുന്നു എന്നത് മാത്രമാണ് നേരിയ ഒരു സാധ്യത.അന്ന് താൽക്കാലിക ജീവനക്കാരനായിരുന്ന അദ്ദേഹം പിന്നീട് ജോലിയിൽ നിന്നും എൻ .എസ് .എസ് ൽ നിന്നും വിട്ടു പോയിട്ടും ഞാനുമായുള്ള ബന്ധം തുടരുന്നു.
എല്ലാ ഈദിനും എത്തുന്ന ഈ രണ്ട് ആശംസകളും ഞാൻ ഏറെ ഇഷ്ടപ്പെടുന്നു. കേവലം ഫോർവേഡ് ചെയ്യുന്ന വിവിധതരം ആശംസകൾക്കിടയിൽ അവ വേറിട്ട് നിൽക്കുന്നു. കാരണം ഈ രണ്ട് ആശംസകളും മനസ്സിന്റെ അടിത്തട്ടിൽ നിന്നും ഉയർന്നു വരുന്ന ഒരു ബന്ധത്തിന്റെ കുളിരിൽ നിന്നും ഉരുത്തിരിയുന്ന ഒരു സ്നേഹ പ്രവാഹമാണ് . അതെന്നെന്നും നിലനിൽക്കട്ടെ. ഈദാശംസകൾ.
1 comments:
ഈ രണ്ട് ആശംസകളും മനസ്സിന്റെ അടിത്തട്ടിൽ നിന്നും ഉയർന്നു വരുന്ന ഒരു ബന്ധത്തിന്റെ കുളിരിൽ നിന്നും ഉരുത്തിരിയുന്ന ഒരു സ്നേഹ പ്രവാഹമാണ് .
Post a Comment
നന്ദി....വീണ്ടും വരിക