ഒരു എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ആയിരുന്നതിനാൽ ദേശീയ അദ്ധ്യാപക ദിനത്തിൽ നിരവധി ആശംസകൾ ലഭിക്കാറുണ്ട്. അതിനിടയിൽ നമ്മെ നാമാക്കിയ, നാം ആശംസകൾ അർപ്പിക്കേണ്ട പല അദ്ധ്യാപകരെയും മറന്ന് പോകാറുമുണ്ട്. 2019 ലെ 'ഒരു വട്ടം കൂടി' എന്ന ഞങ്ങളുടെ പത്താം ക്ലാസ് സംഗമത്തിന് ശേഷമാണ്, എൻ്റെ ഭാവി രൂപപ്പെടുത്തുന്നതിൽ മുഖ്യ പങ്ക് വഹിച്ചു എന്ന് ഞാൻ കരുതുന്ന എൻ്റെ സ്കൂൾ അദ്ധ്യാപകരെ ഞാൻ നേരിട്ട് വിളിക്കാനും ആശംസകൾ അറിയിക്കാനും മറ്റു വിവരങ്ങൾ ആരായാനും സമയം കണ്ടെത്തി തുടങ്ങിയത്.
ഒരു ശിഷ്യൻ പഴയ അദ്ധ്യാപകരെ വിളിക്കുമ്പോൾ അനുഭവപ്പെടുന്ന സുഖവും സന്തോഷവും ഞാൻ ഒരുപാട് അനുഭവിച്ചിട്ടുണ്ട്. അവരുടെ മനസ്സിൽ കയറിപ്പറ്റാൻ ഉതകുന്ന എന്തോ ഒരു ക്വാളിറ്റി ഉള്ളത് കൊണ്ടായിരിക്കും വർഷത്തിൽ ഒരിക്കൽ വരുന്ന അദ്ധ്യാപക ദിനത്തിൽ നമ്മെ ഓർമ്മിച്ചുകൊണ്ട് അവർ വിളിക്കുന്നത്. മൊബൈൽഫോൺ വ്യാപകമായതോടെ അത് നിർജ്ജീവമായ നിരവധി റെഡിമെയ്ഡ് സന്ദേശങ്ങൾ ഫോർവേഡ് ചെയ്യുന്നതിൽ ഒതുങ്ങിപ്പോകുന്നു എന്നത് ദുഃഖ സത്യമാണ്.
ഇതിന് ഒരു മാറ്റം വേണമെന്ന ഉദ്ദേശത്തോടെ എൻ്റെ പത്താം ക്ലാസ് കൂട്ടായ്മയിൽ ഞാൻ ലളിതമായ ഒരു ആശയം പങ്കുവച്ചു.'ആൻ ഈവനിംഗ് ടീ വിത്ത് മൈ ടീച്ചർ' എന്ന, നമ്മുടെ സ്കൂൾ കാലത്തെ ഏതെങ്കിലും ഒരദ്ധ്യാപകനെ നേരിട്ട് സന്ദർശിച്ച് അൽപ നേരം അവരുടെ കൂടെ ഓർമ്മകൾ അയവിറക്കുന്ന ഒരു പരിപാടി.ബാച്ചിൽ നിന്ന് ഒരാളെ മാത്രമേ കിട്ടിയുള്ളൂ എങ്കിലും ഞാൻ പിന്മാറിയില്ല.പഴയ സംഗീത അദ്ധ്യാപിക ഗീത ടീച്ചറെയും ഭർത്താവ് കണക്കദ്ധ്യാപകൻ ജയകൃഷ്ണൻ മാഷെയും അവരുടെ വീട്ടിൽ പോയി കണ്ടു.മുപ്പത്തിയഞ്ച് വർഷം മുമ്പത്തെ ശിഷ്യർ തങ്ങളെ തേടി എത്തിയതിന്റെ സന്തോഷം പ്രിയപ്പെട്ട ഗുരുനാഥന്മാരുടെ മുഖത്ത് പരത്തിയ പൂനിലാവ് വാക്കുകൾക്കതീതമാണ്.
കൃഷിയിൽ താല്പര്യമുള്ള ടീച്ചർക്ക് ഒരു പാക്കറ്റ് പച്ചക്കറി വിത്തും ഒരു ചെറുനാരങ്ങത്തൈയും ഞങ്ങൾ സമ്മാനിച്ചു.ഒരു കുഞ്ഞ് ആശയം എനിക്കും സുഹൃത്തിനും ഞങ്ങളുടെ ഗുരുനാഥന്മാർക്കും അവരുടെ മക്കൾക്കും നൽകിയ സന്തോഷം മനസ്സിൽ എന്നെന്നും പച്ചപിടിച്ച് നിൽക്കും എന്ന് തീർച്ചയാണ്.ഓൺലൈനിൽ നിന്നും ഫോൺലൈനിൽ നിന്നും യഥാർത്ഥ ലൈനിലേക്ക് വന്നാൽ മാത്രമേ ഇത്തരം അനുഭവങ്ങൾ ആസ്വദിക്കാൻ സാധിക്കൂ.
എല്ലാവർക്കും അദ്ധ്യാപക ദിനാശംസകൾ.
3 comments:
മുപ്പത്തിയഞ്ച് വർഷം മുമ്പത്തെ ശിഷ്യർ തങ്ങളെ തേടി എത്തിയതിന്റെ സന്തോഷം പ്രിയപ്പെട്ട ഗുരുനാഥന്മാരുടെ മുഖത്ത് പരത്തിയ പൂനിലാവ് വാക്കുകൾക്കതീതമാണ്.
അതെ
ഓൺലൈനിൽ നിന്നും ഫോൺലൈനിൽ നിന്നും യഥാർത്ഥ ലൈനിലേക്ക് വന്നാൽ മാത്രമേ ഇത്തരം അനുഭവങ്ങൾ ആസ്വദിക്കാൻ സാധിക്കൂ.
മുരളിയേട്ടാ... നന്ദി
Post a Comment
നന്ദി....വീണ്ടും വരിക