ചില സ്ഥലങ്ങളിൽ നമ്മൾ എത്തിപ്പെടുന്നത് വളരെ യാദൃശ്ചികമായിട്ടായിരിക്കും. സമയവും കാശും മുടക്കി നമ്മൾ നടത്തിയ എത്രയോ യാത്രകൾക്ക് പകരം ഈ പ്രദേശത്തേക്ക് ഒന്ന് വന്നാൽ മതിയായിരുന്നു എന്ന് അപ്പോൾ തോന്നിപ്പോകുന്ന വിധത്തിൽ ആ പ്രദേശങ്ങൾ നമ്മുടെ മനസ്സിൽ കുടിയേറുകയും ചെയ്യും. അങ്ങനെ അപ്രതീക്ഷിതമായി ഞാൻ എത്തിയ ഒരു സ്ഥലമാണ് വെണ്ടേക്കുംപൊയിൽ .
മലപ്പുറം ജില്ലയിൽ എന്റെ തൊട്ടടുത്ത പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണെങ്കിലും വെണ്ടേക്കുംപൊയിലിൽ എത്തണമെങ്കിൽ കോഴിക്കോട് ജില്ലയിലെ കൂമ്പാറയിലൂടെ കക്കാടം പൊയിൽ വഴി കയറിയിറങ്ങണം.ഞാൻ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറായി സർക്കാർ സർവ്വീസിൽ കയറിയ അന്ന് മുതൽ കേൾക്കുന്ന സ്ഥലമാണ് വെണ്ടേക്കുംപൊയിൽ .
അന്ന് സർക്കാർ പദ്ധതി പ്രകാരം ആദിവാസികൾക്ക് ആടിനെ നൽകാറുണ്ടായിരുന്നു. ആട് ദാനം കഴിഞ്ഞ് രണ്ടാഴ്ച കഴിയുമ്പോൾ ഉടമകൾ ഓരോരുത്തരായി മല ഇറങ്ങിവരും. ഇൻഷുർ ചെയ്ത് നൽകുന്ന ആടുകളുടെ ചെവിയിൽ കമ്മൽ പോലെ മെറ്റൽ കൊണ്ടുള്ള ഒരു വട്ടം അടിക്കാറുണ്ടായിരുന്നു. ആടിന്റെ ഉടമകൾ അത് അറുത്തെടുത്താണ് ആശുപത്രിയിൽ വരുന്നത്.ആട് ചത്തു , ഇൻഷൂറൻസ് സംഖ്യ കിട്ടണം എന്ന ആവശ്യം ഉന്നയിക്കും. അവരുടെ ഊരിൽ പോയി ഇത് സത്യമാണോ എന്ന് നോക്കണമെങ്കിൽ അമ്പത് കിലോമീറ്ററോളം ചുറ്റിവളഞ്ഞ് പോകണം. ഇന്നത്തെപ്പോലെ വാഹന സൗകര്യം ഇല്ലതാനും. അന്നാണ് വെണ്ടേക്കുംപൊയിൽ എന്ന സ്ഥലം എന്റെ മനസ്സിൽ ഞാൻ ആദ്യമായി അടയാളപ്പെടുത്തി ഇട്ടത്.
വെണ്ടേക്കുംപൊയിലിലെ കരിമ്പ ആദിവാസി കോളനിയിൽ, പത്താം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിക്ക് പഠന സാമഗ്രികൾ ആവശ്യമുണ്ട് എന്ന് വാർഡ് മെമ്പറും എന്റെ സഹപാഠിയുമായ ടെസ്സി സണ്ണി അറിയിച്ചത് പ്രകാരം അത് നൽകാനാണ് ഞങ്ങൾ കുറച്ച് പേർ ടെസ്സിയോടൊപ്പം അവിടെ എത്തിയത്. വാഹനം എത്തുന്നത് വരെ പോയ ശേഷം ഒരു ചവിട്ടടി പാതയിലൂടെ നടത്തം .അത് കഴിഞ്ഞ് നല്ലൊരു കയറ്റം നടന്ന് തന്നെ കയറി.അവിടവിടെയായി ചില വീടുകൾ കണ്ട് തുടങ്ങി.പിന്നെ നിരപ്പായ ഒരു സ്ഥലത്ത് ഒറ്റപ്പെട്ട് നിൽക്കുന്ന ഒരു വീടിന്റെ മുന്നിലെത്തി.അവിടെയാണ് ഞങ്ങൾ അന്വേഷിച്ച് നടക്കുന്ന പയ്യൻ. അവനെ വിളിച്ച് വരുത്തി സാമഗ്രികൾ കൈമാറി ഞങ്ങൾ തിരിച്ചിറങ്ങി.
ആ വീടിന് ചുറ്റുമുള്ള സ്ഥലങ്ങളും മലകളും ആയിരുന്നു എൻ്റെ മനസ്സ് നിറയെ.പ്രകൃതി അത്രത്തോളം അനുഗ്രഹിച്ച സുന്ദരമായ സ്ഥലം. മുറ്റത്തെ മുല്ലക്ക് മണമില്ലാത്തതിനാൽ ഈ പാവം മനുഷ്യർക്ക് അത് തിരിച്ചറിയാൻ പറ്റുന്നില്ല. അവർ താമസിക്കുന്ന സ്ഥലവും വീടും മറ്റൊരാൾക്ക് വിൽക്കാൻ സാധിക്കില്ല എന്നതിനാൽ ഈ സ്ഥലത്ത് സ്വകാര്യ വ്യക്തികൾ കയറില്ല എന്ന സമാധാനം മാത്രം ബാക്കിയുണ്ട്.ഇങ്ങനെ എത്ര എത്ര സ്ഥലങ്ങൾ നമ്മുടെ തൊട്ടടുത്ത് ആരും അറിയാതെ കിടക്കുന്നു.
3 comments:
ഇങ്ങനെ എത്ര എത്ര സ്ഥലങ്ങൾ നമ്മുടെ തൊട്ടടുത്ത് ആരും അറിയാതെ കിടക്കുന്നു.
ഇത്തരം ആരുംകാണാത്ത എത്ര എത്ര മനോഹര സ്ഥലങ്ങൾ നമ്മുടെ തൊട്ടടുത്ത് തന്നെ കിടക്കുന്ന നാടാണ് നമ്മുടേത്
മുരളിയേട്ടാ... നന്ദി.
Post a Comment
നന്ദി....വീണ്ടും വരിക