ജീവിതത്തിൽ പല ആഗ്രഹങ്ങളും ഉണ്ടാകാറുണ്ട്.വലിയ മുതൽ മുടക്കുള്ളതും ചെറിയ മുതൽ മുടക്കുള്ളതും ഒട്ടും മുതൽ മുടക്കില്ലാത്തതും ഒക്കെ അതിലുണ്ട്. അവയിൽ പലതും സഫലവും ആയിട്ടുണ്ട് (ദൈവത്തിന് സ്തുതി).
2006 ആഗസ്റ്റിൽ മലയാളത്തിൽ ഒരു ബ്ലോഗ് തുടങ്ങുമ്പോൾ എഴുത്ത് പരിപോഷിപ്പിക്കുക എന്നത് മാത്രമായിരുന്നു എന്റെ പ്രധാന ലക്ഷ്യം. അന്നെവിടെയോ വായിച്ചതനുസരിച്ച് ഗൂഗിൾ ആഡ്സെൻസ് അക്കൗണ്ടിന് അപേക്ഷ നൽകി. വലിയ കടമ്പകളില്ലാതെ അത് കിട്ടുകയും ചെയ്തു.പക്ഷെ മലയാളം ബ്ലോഗുകളിൽ ഗൂഗിൾ ആഡ്സെൻസ് സപ്പോർട്ട് ഇല്ല എന്നതിനാൽ എനിക്ക് ആ അക്കൗണ്ട് കൊണ്ട് ഗുണം കിട്ടിയില്ല.
സമയവും അവസരവും ആവശ്യമായ വിഭവങ്ങളും കൈത്തുമ്പിൽ എത്തിയപ്പോൾ ഇംഗ്ളീഷിലും ഞാൻ എഴുത്ത് തുടങ്ങി.പുതുതായി ഉണ്ടാക്കിയ ബ്ലോഗിലും മറ്റ് ചില സൈറ്റുകളിൽ ലോഗിൻ ചെയ്തും എഴുത്ത് തുടർന്നു.പല സൈറ്റുകളും ചില്ലറ തന്ന് എന്നെ പ്രോത്സാഹിപ്പിച്ചു; ആഡ്സെൻസ് വഴി അവർ അതിന്റെ നൂറിരട്ടി കൊയ്യുകയും ചെയ്തു.ഞാൻ എത്ര ശ്രമിച്ചിട്ടും എന്റെ വരുമാനം മാസത്തിൽ ഒരു ഡോളർ പോലും തികഞ്ഞതുമില്ല .പലതുള്ളി പെരുവെള്ളം എന്നാണല്ലോ.2020 ആഗസ്റ്റിൽ അക്കൗണ്ട് ചെക്ക് ചെയ്തപ്പോൾ പതിനഞ്ച് വർഷം കൊണ്ട് അതിൽ 44 ഡോളർ ആയിട്ടുണ്ട്.100 ഡോളർ ആയാലേ പേയ്മെന്റ് ഉള്ളൂ എന്നതിനാൽ ഞാനത് ഗൂഗിളിന് തന്നെ സംഭാവന ചെയ്യാൻ തീരുമാനിച്ചു.
അങ്ങനെയിരിക്കെയാണ് കോവിഡും അനന്തര ലോക്ക് ഡൗണും ലോകത്തെ മുഴുവൻ കുലുക്കി മറിച്ചത്.പലരെയും പോലെ ഞാനും ഒരു വ്ലോഗ് തുടങ്ങി;ബ്ലോഗും മുടങ്ങാതെ നിലനിർത്തി.പതിയെ തുടങ്ങിയ വ്ലോഗ് ആറ് മാസം കൊണ്ട് തന്നെ ഹിറ്റായി (എൻട്രൻസ് കോച്ചിംഗ് പണം വാരിയ പോലെ അതിന്റെ ശേഷമുള്ള മാർഗ്ഗ നിർദ്ദേശങ്ങളിലൂടെ ഞാനും സബ്സ്ക്രൈബേർസിനെ വാരിക്കൂട്ടി ).വ്ലോഗിനെ ഗൂഗിൾ ആഡ്സെൻസുമായി ലിങ്കും ചെയ്തു.
ഒരു വർഷം കഴിഞ്ഞ് ആഡ്സെൻസ് അക്കൗണ്ട് നോക്കിയപ്പോൾ അത് നിറഞ്ഞ് തുളുമ്പുന്നു - 120 ഡോളർ !! ഇന്നലെ അതിന് തുല്യമായ ഇന്ത്യൻ മണി 8914 രൂപ എന്റെ ബാങ്ക് അക്കൗണ്ടിൽ ക്രെഡിറ്റായതോടെ പലരും പറഞ്ഞറിഞ്ഞുള്ള ഗൂഗിൾ വരുമാനം സത്യമാണെന്ന് എനിക്ക് ബോധ്യമായി.അങ്ങനെ ഒരാഗ്രഹം കൂടി സഫലമായി. ദൈവത്തിന് വീണ്ടും സ്തുതി.
2 comments:
അങ്ങനെ ഒരാഗ്രഹം കൂടി സഫലമായി. ദൈവത്തിന് വീണ്ടും സ്തുതി.
ഇന്നൊക്കെ മിക്കവരും ഇത്തരം ഓൺ ലൈൻ സർവീസുകൾ മുഖാന്തിരം സ്ഥിരവരുമാനം ഉണ്ടാക്കികൊണ്ടിരിക്കുന്നുണ്ട്
Post a Comment
നന്ദി....വീണ്ടും വരിക