ഡിഗ്രി പഠന കാലത്ത് വിവിധ മത്സര പരീക്ഷകൾ എഴുതാനായി ഞാൻ തിരുവനന്തപുരത്ത് പോകാറുണ്ടായിരുന്നു. സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തുന്ന പരീക്ഷകൾക്കും കേന്ദ്ര ഗവണ്മെന്റ് സ്ഥാപനങ്ങളിലെ പഠനത്തിനുള്ള പ്രവേശന പരീക്ഷകൾക്കും കേരളത്തിലെ ഏക പരീക്ഷാ കേന്ദ്രം തിരുവനന്തപുരം മാത്രമായിരുന്നു. എസ്.എസ്.എൽ.സി റാങ്ക് നേടുന്നവർ എല്ലാവരും തിരുവനന്തപുരത്ത്കാരായതിനാലാണ് ഈ ആനുകൂല്യം എന്നായിരുന്നു അന്ന് എൻ്റെ ധാരണ. എല്ലാ പരീക്ഷകളും എഴുതാൻ, അകമ്പടിയില്ലാതെ സ്വമേധയാ പോകണം എന്ന എന്റെ പിതാവിന്റെ ഓർഡർ കൂടി ഉള്ളതിനാൽ എന്റെ മുമ്പിൽ മറ്റു മാർഗ്ഗങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.
അന്ന് തിരുവനന്തപുരത്ത് പോകാൻ കോഴിക്കോട് നിന്നും കെ.എസ്.ആർ.ടി.സി ബസ്സ് കയറണം.അല്ലെങ്കിൽ ട്രെയിനിൽ കയറണം.ട്രെയിൻ ടിക്കറ്റ് എടുക്കുന്നതും എടുത്താൽ തന്നെ ഏത് ബോഗിയിൽ കയറണം എന്നതും എവിടെ ഇറങ്ങണം എന്നതും ഒന്നും വശമില്ലാത്തതിനാൽ ഞാൻ ബസ്സിൽ മാത്രമേ പോകാറുള്ളൂ. രാത്രി ബസ്സിൽ കയറിയാൽ രാവിലെ തിരുവനന്തപുരത്ത് എത്തും എന്നതിനാലും കാശ് കണ്ടക്ടർ വന്ന് നേരിട്ട് വാങ്ങും എന്നതിനാലും ഏറ്റവും സൗകര്യപ്രദമായ യാത്രയായി എനിക്ക് തോന്നിയിരുന്നതും കെ.എസ്.ആർ.ടി.സി യാത്രയായിരുന്നു.
ഈ യാത്രകളിലാണ് എൻ്റെ നാട്ടിൽ കാണാത്ത ഒരു പഴം ഞാൻ അവിടെ കണ്ടെത്തിയത്. മഞ്ഞ നിറത്തിലുള്ള വാഴപ്പഴം മാത്രം കണ്ട എനിക്ക് ചുവപ്പ് നിറത്തിലുള്ള ആ പഴം തിന്ന് നോക്കാൻ സ്വാഭാവികമായും ആശയുദിച്ചു. ചെങ്കദളി എന്നാണ് ഇതിന്റെ പേര് എന്നും എന്റെ വായക്ക് അത് ഇഷ്ടമാണെന്നും ഞാൻ പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞു. തിരുവനന്തപുരത്ത് പോകുന്ന വേളകളിലെല്ലാം വീട്ടുകാർക്കായി ഞാൻ ചെങ്കദളിപ്പഴം വാങ്ങി കൊണ്ട് വരികയും ചെയ്തിരുന്നു.പിന്നീട് ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസ്സ് സ്റ്റാന്റിനകത്തും ചെങ്കദളി കണ്ട് തുടങ്ങി. ബസ്സ് അല്പസമയം അവിടെ വിശ്രമിക്കുന്നതിനാൽ അവിടെയും ഞാൻ എന്റെ ആമാശയത്തിന്റെ ആശ സഫലീകരിച്ചു തുടങ്ങി.
കാലം ഏറെ കഴിഞ്ഞു..തീവണ്ടി യാത്രയുടെ സൗകര്യവും യാത്രാചിലവിലെ അന്തരവും തിരിച്ചറിഞ്ഞതോടെ ഞാൻ കെ.എസ്.ആർ.ടി.സിയോട് സലാം ചൊല്ലി.നാട്ടിലെ പഴക്കുലകൾക്കിടയിൽ ചെങ്കദളി തൂങ്ങിയാടാനും തുടങ്ങി.പക്ഷെ അന്നത്തെ രുചി ഈ ചെങ്കദളിക്ക് കിട്ടിയില്ല.എങ്കിലും എന്നെങ്കിലും ഒക്കെ ആമാശയത്തിന്റെ വിളി ഞാൻ ചെവികൊണ്ടു.
അങ്ങനെയിരിക്കെയാണ് 2019 ലെ ശിവരാത്രി ദിനത്തിൽ എന്റെ മുറ്റത്ത്, സഹപ്രവർത്തകനായ അബൂബക്കർ മാഷുടെ ബൈക്ക് അപ്രതീക്ഷിതമായി ലാന്റ് ചെയ്തത്. പച്ചക്കറിക്ക് വളമിട്ട് കൊണ്ടിരുന്ന ഞാൻ ചെന്ന് നോക്കുമ്പോൾ മാഷ് ബൈക്കിന്റെ പിന്നിൽ നിന്നും വലിയ രണ്ട് വാഴക്കന്നുകൾ (Click to read) അഴിച്ചെടുക്കുകയാണ്.മാഷെ വീട്ടിൽ ഉണ്ടായ കദളിവാഴയുടെ കന്നു പിരിച്ചപ്പോൾ, ഏതോ കാലത്ത് ഞാൻ അദ്ദേഹത്തോട് പറഞ്ഞ എന്റെ ചെങ്കദളി പ്രേമം ഓർമ്മ വന്നു എന്നും അപ്പോൾ തന്നെ ബൈക്കിൽ കെട്ടി കൊണ്ട് വന്നതാണെന്നും അറിയിച്ചപ്പോൾ ഞാൻ തന്നെ ഞെട്ടിപ്പോയി.അങ്ങനെ രണ്ട് മക്കളുടെ ജന്മദിനത്തിൽ (Click to read) അവ എന്റെ മുറ്റത്ത് നട്ടു.
മൂത്ത മകൾ നട്ട വാഴ 2020 ൽ കുലച്ചു. രണ്ടാമത്തേതും ഉടൻ കുല വരും എന്ന പ്രതീക്ഷയിൽ നിൽക്കുമ്പോഴാണ് തൊട്ടടുത്ത് നിന്നിരുന്ന കമുക് വീണ് അതിന്റെ നടുവൊടിഞ്ഞത്. വാഴ നട്ട ലൂന മോൾക്ക് അന്നുണ്ടായ സങ്കടം പറഞ്ഞറിയിക്കാൻ വയ്യ. കാരണം അതിന്റെ രണ്ടാഴ്ച മുമ്പായിരുന്നു ബാലഭൂമിയുടെ 'മരത്തോട് സംസാരിക്കുക' മത്സരത്തിനായി അവൾ ഈ വാഴയോട് സംസാരിച്ചിരുന്നത്. തൊട്ടടുത്ത് വളർന്ന് വന്നിരുന്ന വാഴക്കന്ന് ചൂണ്ടിക്കാട്ടി ഞാൻ അവളെ സമാധാനിപ്പിക്കുകയും ചെയ്തു.
മൂന്ന് മാസം മുമ്പ് ആ കദളി വാഴയും കുലച്ചു. കാറ്റും മഴയും ശക്തമാകുന്നതിന് മുമ്പ് തന്നെ അത് മൂപ്പെത്തി. ലൂന മോൾക്കും സന്തോഷമായി.
3 comments:
മൂന്ന് മാസം മുമ്പ് ആ കദളി വാഴയും കുലച്ചു. കാറ്റും മഴയും ശക്തമാകുന്നതിന് മുമ്പ് തന്നെ അത് മൂപ്പെത്തി. ലൂന മോൾക്കും സന്തോഷമായി.
ചെങ്കദളി നല്ല ചെമ്പുണ്ടാക്കാവുന്ന ഒരു കൃഷിയാണ് കേട്ടോ
മുരളിയേട്ടാ.. ഈ ചെമ്പ് തന്നെ മതി...
Post a Comment
നന്ദി....വീണ്ടും വരിക