ഊട്ടിയിൽ ആദ്യമായി എത്തുന്നവർ നിർബന്ധമായും കാണേണ്ട ഒരു സ്പോട്ട് ആണ് ഊട്ടി തടാകം. 1824 ൽ കോയമ്പത്തൂർ കളക്ടർ ആയിരുന്ന ജോൺ സുള്ളിവൻ മൽസ്യ ബന്ധനത്തിനായി പണികഴിപ്പിച്ചതാണ് ഈ തടാകം.അറുപത്തിയഞ്ച് ഏക്കറിലോളം പരന്നു കിടക്കുന്ന ഈ തടാകം, പ്രത്യക്ഷത്തിൽ പ്രകൃതി ദത്തമാണെന്ന് തോന്നുമെങ്കിലും മനുഷ്യ നിർമ്മിതമാണ്.ഊട്ടിയുടെ കുളിരും ആസ്വദിച്ച് കൊണ്ട് ഈ തടാകത്തിലൂടെയുള്ള ബോട്ടിംഗ് ഊട്ടിയിൽ എത്തുന്ന ഓരോ സഞ്ചാരിയും നിർബന്ധമായും ചെയ്യേണ്ട ഒന്നാണ്.കുട്ടികൾക്ക് ആ യാത്ര അറിയാനായി ഞങ്ങൾ ബോട്ട് ഹൗസിലെത്തി.
ഡിഗ്രി പഠനത്തിന്റെ രണ്ടാം വർഷത്തിലാണ് ഞാൻ ആദ്യമായി ഊട്ടിയിൽ എത്തിയിരുന്നത്.അന്ന് ഈ ബോട്ട് ഹൗസിൽ വന്നത് എന്റെ ഓർമ്മയിൽ ഇന്നും തങ്ങി നിൽക്കുന്നുണ്ട്.പിന്നീട് പ്രീഡിഗ്രി സുഹൃത്തുക്കളുടെ കൂടെ ആദ്യമായി വന്ന സമയത്തും ബോട്ടിംഗിന് എത്തിയിരുന്നു.ഒരാൾക്ക് ഇരുപത് രൂപയാണ് ബോട്ട് ഹൌസ് പ്രവേശന ഫീസ്.രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ചര മണി വരെയാണ് പ്രവേശനം.ബോട്ടിംഗ് നടത്താൻ നമ്മൾ തെരഞ്ഞെടുക്കുന്ന ബോട്ടിനും സീറ്റിനും അനുസരിച്ച് വേറെ ഫീസ് അടക്കണം. എട്ട് പേർക്ക് സഞ്ചരിക്കാവുന്ന മോട്ടോർ ബോട്ട് ആണ് ഞങ്ങൾ തെരഞ്ഞെടുത്തത്.950 രൂപ കൗണ്ടറിൽ അടച്ച് ടിക്കറ്റ് വാങ്ങി ഞങ്ങൾ ബോട്ടിനടുത്തേക്ക് നീങ്ങി.
വെയിൽ മൂക്കുന്നതിന് മുമ്പ് ഊട്ടി തടാകത്തിലൂടെയുള്ള ബോട്ട് യാത്ര ഹൃദ്യമാണ്.ഇരുപത് മിനുട്ട് നേരത്തെ യാത്രക്കിടയിൽ തടാകത്തിൽ നീരാടാനും ഭക്ഷണം തേടാനും വന്ന വിവിധതരം പക്ഷികളെ കാണാം. ഊട്ടിയിൽ രണ്ടാമത്തെ തവണ വന്ന സമയത്ത് ബോട്ടിംഗിന് പോയപ്പോൾ നിരവധി മാനുകളെയും കണ്ടിരുന്നു. മറുഭാഗത്തെ കാട്ടിൽ വെള്ളത്തോട് ചേർന്ന സ്ഥലത്തായിരുന്നു അവയെ കണ്ടിരുന്നത്.അതേപ്പറ്റി അന്വേഷിച്ചപ്പോൾ ഇപ്പോൾ അവയൊന്നും ഇല്ല എന്നായിരുന്നു ബോട്ട് ഡ്രൈവറുടെ മറുപടി.ഇപ്പോൾ നിരവധി താൽക്കാലിക കൂടാരങ്ങൾ അവിടെ ഉയർന്നു വരുന്നുണ്ട്.സഞ്ചാരികൾക്ക് താമസിക്കാനായി ഉടൻ ആരംഭിക്കാൻ പോകുന്ന ഒരു പദ്ധതിയാണതെന്ന് ഡ്രൈവർ പറഞ്ഞു.
ബോട്ടിംഗ് സമയത്ത് കരയിലൂടെ ഒരു ട്രെയിൻ പോകുന്നത് ഞങ്ങൾ ശ്രദ്ധിച്ചിരുന്നു.ഊട്ടി മേട്ടുപ്പാളയം റൂട്ടിലെ പൈതൃക വണ്ടി പോലെയാണ് എനിക്ക് തോന്നിയത്.ലിദു മോന് അതിൽ കയറാൻ ആഗ്രഹം തോന്നിയതിനാലും തടാകത്തിന്റെ കരയിലൂടെ ഒന്ന് ചുറ്റിക്കാണാം എന്ന പ്രതീക്ഷയിലും ഞങ്ങൾ അങ്ങോട്ട് നീങ്ങി.ഒരാൾക്ക് എഴുപത് രൂപയായിരുന്നു ടിക്കറ്റ്.കുറേ നേരം കാത്തിരുന്നെങ്കിലും മറ്റാരും വന്നില്ല. റൂം വെക്കേറ്റ് ചെയ്യേണ്ടതിനാൽ ഞങ്ങൾ തിരക്ക് കൂട്ടിയപ്പോൾ ട്രെയിൻ ഞങ്ങളെ മാത്രം വഹിച്ചു കൊണ്ട് യാത്ര തുടങ്ങി.ഇരുന്നൂറ് മീറ്ററോളം മുന്നോട്ട് പോയി അതേ ട്രാക്കിലൂടെ തന്നെ വണ്ടി റിവേഴ്സിലും പോന്നു!പ്രത്യേകിച്ച് ഒന്നും കാണാനോ ആസ്വദിക്കാനോ ഇല്ലാത്ത ഈ യാത്ര ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത്.
ബോട്ടിംഗ് കഴിഞ്ഞ് ഞങ്ങൾ വില്ലയിലേക്ക് തന്നെ തിരിച്ചെത്തി.മാനേജർ ആനന്ദിനെ വിളിച്ചപ്പോൾ വാടക ഗൂഗിൾ പേ ചെയ്ത് റൂം വെക്കേറ്റ് ചെയ്യാൻ പറഞ്ഞു.ആനന്ദിന് മലയാളികളെ അത്രയും വിശ്വാസമാണെന്ന് എനിക്ക് മനസ്സിലായി.മാനേജരും ഞാനും തമ്മിൽ എല്ലാ ഇടപാടുകളും ഫോണിലൂടെ തന്നെ തീർത്ത് ഞങ്ങൾ വില്ലയോട് വിട പറഞ്ഞു.
ഊട്ടിയിൽ കർണാടക സർക്കാർ തുടങ്ങിയ ഒരു പുതിയ ഗാർഡൻ ഉണ്ടെന്നും ബൊട്ടാണിക്കൽ ഗാർഡനോട് കിടപിടിക്കുന്ന ഒന്നാണെന്നും നാലഞ്ച് വർഷമായി ഞാൻ കേൾക്കാൻ തുടങ്ങിയിട്ട്.ഞങ്ങളാരും ഈ ഗാർഡൻ കണ്ടിട്ടില്ലാത്തതിനാലും ബൊട്ടാണിക്കൽ ഗാർഡനിൽ ഇത്തവണ കയറാൻ ഉദ്ദേശം ഇല്ലാത്തതിനാലും കർണാടക സിരി ഹോർട്ടികൾച്ചർ ഗാർഡൻ (KSHG) എന്ന പ്രസ്തുത ഗാർഡൻ സന്ദർശിക്കാൻ ഞങ്ങൾ തീരുമാനിച്ചു.
ഊട്ടി തടാകത്തിന്റെ സൈഡിലൂടെയുള്ള റോഡിന് രണ്ട് കിലോമീറ്റർ മുന്നോട്ട് പോയാൽ എത്തിച്ചേരുന്ന ഫേൺ ഹില്ലിൽ ആണ് കർണാടക സിരി ഹോർട്ടികൾച്ചർ ഗാർഡൻ സ്ഥിതി ചെയ്യുന്നത്. ഊട്ടിയിലെ ഹിൽ സ്റ്റേഷനിലെ രണ്ടാമത്തെ വലിയ പൂന്തോട്ടം കൂടിയാണിത്.മുപ്പത്തി എട്ട് ഏക്കറിൽ പരന്നുകിടക്കുന്ന ഈ പൂന്തോട്ടം ഒരുകാലത്ത് മൈസൂർ രാജ്യത്തിൻ്റെ സ്വത്തായിരുന്ന ഭൂമിയിലാണ് സ്ഥാപിച്ചത്.2018-ൽ ആണ് ഇത് ഉദ്ഘാടനം ചെയ്യപ്പെട്ടത്.
കുന്നിൻ ചരിവുകൾക്കും താഴ്വരകൾക്കുമിടയിൽ വ്യാപിച്ചുകിടക്കുന്നതും ചെടികൾ വിവിധ രൂപത്തിൽ വെട്ടി വളർത്തിയതുമായ ടോപ്പിയറി ഗാർഡൻ , ഇറ്റാലിയൻ ഗാർഡൻ, മേസ് ഗാർഡൻ, റോസ് ഗാർഡൻ, സൺകെൻ ഗാർഡൻ, ടീ ഗാർഡൻ,പുൽത്തകിടികൾ,ചെക്ക് ഡാമുകൾ എന്നിവയാണ് ഈ ഉദ്യാനത്തിൻ്റെ പ്രധാന സവിശേഷതകൾ.ചെക്ക് ഡാമുകളിൽ നീന്തി തുടിക്കുന്ന വിവിധ വർണ്ണത്തിലും വലിപ്പത്തിലും ഉള്ള മൽസ്യങ്ങളും കാഴ്ചക്ക് ഭംഗി വർദ്ധിപ്പിക്കുന്നു.ഹരിതഗൃഹത്തിൽ അമ്പതിനായിരം ചട്ടികളിലായി വളരുന്ന വിവിധ ഇനം പൂക്കൾ ഈ പൂന്തോട്ടത്തിൻ്റെ പ്രത്യേക ആകർഷണമാണ്. മേപ്പിൾ ട്രീ അവന്യൂ, ഓർക്കിഡുകൾക്കും ഔഷധസസ്യങ്ങൾക്കുമുള്ള പ്രത്യേക സ്ഥലം എന്നിവയാണ് മറ്റ് പ്രത്യേകതകൾ.രണ്ട് കുന്നുകളെ ബന്ധിപ്പിക്കുന്ന തൂക്കുപാലം പോലെയുള്ള ഒരു നടപ്പാലം, സഞ്ചാരികൾക്ക് പൂന്തോട്ടത്തിന്റെ ഒരു ആകാശ കാഴ്ചയും പ്രദാനം ചെയ്യും.വെയിലിന് ചൂട് കൂടിയാൽ ഒരു തണൽ കിട്ടാൻ ഏറെ പ്രയാസമാണ് എന്നതാണ് വലിയൊരു പോരായ്മയായി എനിക്ക് തോന്നിയത്.
രാവിലെ ഒമ്പത് മണിമുതൽ വൈകിട്ട് ആറ് മണി വരെയാണ് പ്രവേശന സമയം.മുതിർന്നവർക്ക് അമ്പത് രൂപയും കുട്ടികൾക്ക് ഇരുപത്തിയഞ്ച് രൂപയുമാണ് പ്രവേശന ഫീസ്.വിശാലമായ പാർക്കിംഗ് സൗകര്യം സഞ്ചാരികളെ കൂടുതൽ ആകർഷിക്കും.
ഉച്ച സമയം ആയതിനാൽ അടുത്ത ലക്ഷ്യം ഏത് എന്ന ചോദ്യത്തിന് പുതിയ മരുമകൻ റാഫി മുന്നോട്ട് വച്ച നിർദ്ദേശമായിരുന്നു ഹംഗർ ഫോർഡ്. സോഷ്യൽ മീഡിയയിലൂടെ പ്രസിദ്ധമായ പ്രസ്തുത സ്ഥലം ഒന്ന് എക്സ്പ്ലോർ ചെയ്യാം എന്ന ലക്ഷ്യത്തോടെ ഞങ്ങൾ ഹംഗർ ഫോർഡിലേക്ക് തിരിച്ചു.
3 comments:
ഊട്ടി പട്ടണത്തിലൂടെ യാത്ര തുടരുന്നു....
അരീക്കോടൻ മാഷേ,
എഫ്ബിയിലെ കുറിപ്പ് കണ്ട് ഓടിയെത്തി ഊട്ടിയിലെ കാഴ്ചകൾ കാണാൻ!😂
അതിമനോഹരം ഈ വർണ്ണന ഒപ്പം ചിത്രങ്ങളും. ബ്ലോഗ് യാത്ര താങ്കൾക്കൊപ്പം തുടരുന്നു
ആശംസകൾ 🌹🙏
ഫിലിപ്പ് ജീ .... വായനയ്ക്കും അഭിപ്രായത്തിനും ഹൃദയം നിറഞ്ഞ നന്ദി.ബ്ലോഗിൽ എന്നും എഴുത്ത് തുടരണം എന്ന് തന്നെയാണ് ആഗ്രഹം.
Post a Comment
നന്ദി....വീണ്ടും വരിക