ദൂര യാത്രകൾക്കൊപ്പം തന്നെ നാടിന് ചുറ്റുമുള്ള പിക്നിക് സ്പോട്ടുകളിലും ഒറ്റക്കും കുടുംബത്തോടെയും ഞാൻ സന്ദർശനം നടത്താറുണ്ട്. . മുറിഞ്ഞ മാടിലും കൊല്ലം കൊല്ലി വെള്ളച്ചാട്ടത്തിലും ഓടക്കയത്തും എല്ലാം എത്തിയത് അങ്ങനെയായിരുന്നു. വീട്ടിൽ നിന്നും അര മണിക്കൂർ മാത്രം ദൂരമുള്ള ചാത്തല്ലൂരിലും പരിസരത്തും കാണാനുള്ള കാഴ്ചകളെപ്പറ്റി കേട്ടിരുന്നെങ്കിലും കുടുംബ സമേതം പോകാവുന്ന സ്ഥലങ്ങളാണോ എന്നറിയാത്തതിനാൽ ഇതു വരെ ശ്രമം നടത്തിയിരുന്നില്ല. ആമസോൺ വ്യൂ പോയിന്റ് എന്ന അത്ഭുത കാഴ്ചയെപ്പറ്റി കൂടി കേട്ടതോടെ സുഹൃത്തുക്കൾക്കൊപ്പം ചാത്തല്ലൂർ വരെ ഒന്ന് പോകാം എന്ന് തീരുമാനിച്ചു.
കിഴക്കേ ചാത്തല്ലൂർ എന്ന ഉൾഗ്രാമത്തിലാണ് ഈ സ്ഥലം. കൂട്ടത്തിലാർക്കോ പറ്റിയ ഒരു തെറ്റ് കാരണം ഞങ്ങളെത്തിയത് പടിഞ്ഞാറെ ചാത്തല്ലൂരായിരുന്നു. മുമ്പേ ഗമിക്കും ഗോ തൻ പിമ്പേ ഗമിക്കും ഗോക്കളെല്ലാം എന്ന ചൊല്ല് അന്വർത്ഥമാക്കി മുന്നിൽ പോയ സ്കൂട്ടറിന് പിന്നാലെ മൂന്ന് കാറുകളും പോയി എന്നതാണ് സത്യം. വഴി തെറ്റി എന്ന് മനസ്സിലായതോടെ വണ്ടി തിരിച്ചങ്കിലും മറ്റൊരു തെറ്റിദ്ധാരണ കാരണം ഞങ്ങൾ എത്തിപ്പെട്ടത് മനോഹരമായ ഒരു വെള്ളച്ചാട്ടത്തിലായിരുന്നു.
ഉയരത്തിൽ നിന്നും താഴേക്ക് പതിച്ച് പാറകളെ തഴുകി തലോടി നുരഞ്ഞ് പതഞ്ഞ് ഒഴുകുന്ന വെള്ളത്തിന്റെ കാഴ്ച എത്ര കണ്ടാലും മതിവരാത്ത ഒന്നാണ്. ഓരോ വെള്ളച്ചാട്ടവും കാണുമ്പോൾ മുമ്പ് കണ്ട എല്ലാ ചാട്ടങ്ങളും ഓർമ്മയിൽ തുള്ളിച്ചാടുന്നതും അനുഭവിക്കാൻ സാധിക്കും.ഞങ്ങൾ വഴി തെറ്റിയെത്തിയത് ചാത്തല്ലൂർ കമ്പിക്കയം വെള്ളച്ചാട്ടത്തിലാണെന്ന് പിന്നീടാണ് മനസ്സിലായത്.
വലിയ ചാട്ടങ്ങൾക്ക് പകരം കുഞ്ഞു കുഞ്ഞു പതനങ്ങൾ ആയതിനാൽ ഭീകരത കുറഞ്ഞ ഒന്നാണ് കമ്പിക്കയം വെള്ളച്ചാട്ടം. പക്ഷെ വെള്ളം പതിക്കുന്നിടത്ത് ഒരാളുടെ അത്രയും ആഴത്തിൽ വെള്ളമുണ്ട് എന്നത് നാട്ടുകാരനായ ഒരാൾ കയ്യിലുള്ള കമ്പ് വെള്ളത്തിലാഴ്ത്തി കാണിച്ചപ്പോഴാണ് മനസ്സിലായത്.അതിനാൽ തന്നെ കുട്ടികളെയും കൊണ്ട് വെള്ളച്ചാട്ടത്തിൽ ഇറങ്ങുന്നവർ അതീവ ജാഗ്രത പുലർത്തണം.പാറകളിലെ വഴുതലും അപകടം ക്ഷണിച്ച് വരുത്തും.
ലക്ഷ്യം ആമസോൺ വ്യൂ പോയിന്റ് ആയിരുന്നതിനാൽ ഞങ്ങളുടെ ആരുടെ കയ്യിലും ഒരു തോർത്ത്മുണ്ട് പോലും ഉണ്ടായിരുന്നില്ല. അതിനാൽ പെട്ടെന്ന് തന്നെ ഞങ്ങൾ കമ്പിക്കയത്തിൽ നിന്ന് കയറി.
3 comments:
വലിയ ചാട്ടങ്ങൾക്ക് പകരം കുഞ്ഞു കുഞ്ഞു പതനങ്ങൾ ആയതിനാൽ ഭീകരത കുറഞ്ഞ ഒന്നാണ് കമ്പിക്കയം വെള്ളച്ചാട്ടം.
കാണാത്ത കേൾക്കാത്ത സ്ഥലങ്ങൾ ..
ഹ ഹ ഹാ ...മുരളിയേട്ടാ , ഞാനും അന്നാണ് ഈ സ്ഥലത്തെപ്പറ്റി കേട്ടത് !!!
Post a Comment
നന്ദി....വീണ്ടും വരിക