കേരളത്തിൽ ഓറഞ്ച് വിളയുന്ന സ്ഥലം ഏതെന്ന് നാലാം ക്ലാസിലെ എൽ.എസ്.എസ് പരീക്ഷ പരിശീലന സമയത്ത് കാണാതെ പഠിച്ചിട്ടുണ്ട്.ബാപ്പയുടെ നാട്ടിലേക്ക് വർഷത്തിൽ ഒരിക്കലുള്ള സഞ്ചാരത്തിൽ കോഴിക്കോട് ബസ്റ്റാന്റിൽ നിന്നും വാങ്ങുന്ന ഓറഞ്ച് കേരളത്തിന് പുറത്ത് നിന്ന് വരുന്നതാണ് എന്ന അറിവോ ബോധമോ ആ കുഞ്ഞുപ്രായത്തിൽ ഉണ്ടായിരുന്നില്ല. ഡിഗ്രി പഠനത്തിന് ശേഷം പല ആവശ്യങ്ങൾക്കായി നടത്തിയ ഉത്തരേന്ത്യൻ യാത്രകളാണ് ഇന്ത്യയുടെ ഓറഞ്ച് നഗരം നാഗ്പൂർ ആണെന്നും അവിടെ നിന്നാണ് നമ്മുടെ നാട്ടിലേക്ക് ഓറഞ്ച് എത്തുന്നത് എന്നും മനസ്സിലാക്കിത്തന്നത്.
ഈ അറിവിന്റെ മുമ്പും പിമ്പും നിരവധി ഓറഞ്ചുകൾ എന്റെ ആമാശയത്തിൽ എത്തിയിട്ടുണ്ട്. അപ്പോഴും കേരളത്തിൽ ഇത് സമൃദ്ധമായി വിളയുന്ന ഒരു സ്ഥലം ഉണ്ട് എന്നത് മനോമുകുരത്തിൽ വന്നതേ ഇല്ല. പക്ഷെ കോഴിക്കോട് കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന് ഒരു പ്രകൃതി പഠന ക്യാമ്പ് നെല്ലിയാമ്പതിയിൽ ഒത്തു വന്നപ്പോഴാണ് ഓറഞ്ച് സ്മരണകൾ മൂക്കിലടിച്ച് കയറിയത്. പിന്നീടൊരിക്കൽ, ഓറഞ്ചുകൾക്ക് പേരുകേട്ട കുടകിലൂടെ നാഗർഹോളെയിലേക്ക് കുടുംബ സമേതം യാത്ര ചെയ്തപ്പോഴും കേരളത്തിന്റെ ഓറഞ്ച് ഗ്രാമം മനസ്സിലെത്തിയിരുന്നില്ല.
പ്രകൃതി പഠനക്യാമ്പിനായി വൈകുന്നേരത്തോടെയാണ് ഞങ്ങൾ നെല്ലിയാമ്പതിയിൽ എത്തിയത്. ബസ് റോഡ് സൈഡിൽ ഒതുക്കിയിട്ട് മനോഹരമായ ഒരു തേയിലത്തോട്ടത്തിലേക്ക് ഞങ്ങൾ പ്രവേശിച്ചു. തേയിലച്ചെടികൾക്കിടയിലൂടെയുള്ള കല്ലുപാകിയ വഴിയിലൂടെ നടന്ന് തൊഴിലാളികൾ താമസിക്കുന്ന പാടികളും കടന്ന് ഞങ്ങൾ ഒരു പഴയ ബംഗ്ലാവിലെത്തി.
ബ്രിട്ടീഷ് നിർമ്മിതികളായിരുന്നു അവയിൽ പലതും. സൗകര്യം കൂടിയതും എന്നാൽ ലളിതവുമായ ഈ കെട്ടിടങ്ങളുടെ പുറം മോടിയും ആ ചുറ്റുപാടിന് ഇണങ്ങുന്നതായിരിക്കും.
ക്യാമ്പിന്റെ ഭാഗമായി തൊട്ടടുത്ത കാട്ടിലൂടെയുള്ള (ഏതാണെന്ന് പേര് ഓർമ്മയില്ല) ട്രക്കിംഗും ഏതോ ഒരു മലയുടെ മുകളിലേക്കുള്ള ട്രക്കിംഗും നടത്തിയിരുന്നു. സീതാർക്കുണ്ട് വ്യൂപോയിന്റും അന്നാണാദ്യമായി ഞാൻ കണ്ടത്. പാലക്കാടിന്റെ ചൂടിന് കാരണമായ പാലക്കാടൻ ചുരത്തെപ്പറ്റി ആദ്യമായി അറിഞ്ഞതും അന്നായിരുന്നു.
പാലക്കാടിന്റെ ഗ്രാമീണ ഭംഗി നന്നായി ആസ്വദിച്ച ഈ യാത്രയിൽ തന്നെ, നെല്ലിയാമ്പതിയിലേക്ക് ഒരു തവണ കൂടി വരണം എന്ന ആഗ്രഹം മനസ്സിലിട്ടിരുന്നു. അതും ഈയിടെ സഫലമായി.
(തുടരും....)
4 comments:
നെല്ലിയാമ്പതിയിലൂടെ...
പണ്ടത്തെ സ്കൂൾ ടൂറിൽ ഒഴിച്ചു കൂടാനാകാത്ത സ്ഥലമാണിത്
ഞങ്ങൾക്ക് മലമ്പുഴ ആയിരുന്നു ഒരേ ഒരു സ്ഥലം.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. എഴുത്ത് അതിമനോഹരം 👏👏👏👏
Post a Comment
നന്ദി....വീണ്ടും വരിക