കാശ്മീരിൽ നിന്നും ഞങ്ങൾ ഡൽഹിയിൽ തിരിച്ചെത്തുമ്പോൾ സമയം രാവിലെ ആറ് മണി ആകുന്നതേ ഉണ്ടായിരുന്നുള്ളൂ. ഒന്ന് ഫ്രഷായി പ്രഭാത ഭക്ഷണവും പെട്ടെന്ന് തീർത്താൽ അന്നത്തെ ഡൽഹി ദർശൻ യാത്രയ്ക്ക് പോകാം എന്ന് ടൂർ മാനേജർ നിഖിൽ അറിയിച്ചു. താമസിക്കുന്ന ഹോട്ടലിൻ്റെ തൊട്ടടുത്ത് നിന്ന് തന്നെയാണ് ദർശൻ ബസ് പുറപ്പെടുന്നത് എന്നും നിഖിൽ പറഞ്ഞു.
ഡൽഹിയിലെ പ്രധാനപ്പെട്ട എല്ലാ സ്മാരകങ്ങളും പല തവണ വന്നപ്പോഴായി പല കുറി സന്ദർശിച്ചതാണ്. എങ്കിലും ഒരു ദിവസം മുഴുവൻ റൂമിൽ ചുരുണ്ട് കൂടി കിടക്കുന്നതിലും ഭേദം ഡൽഹി ദർശൻ ഒന്നനുഭവിച്ച് അറിയുകയാണെന്ന് തോന്നിയതിനാൽ ഞാനും സത്യൻ മാഷും യാത്രക്ക് 'യെസ് ' മൂളി.
രാവിലെ 8 മണി മുതൽ രാത്രി 7 മണി വരെയുള്ള യാത്രയ്ക്ക് ഒരാൾക്ക് 300 രൂപയാണ് ബസ് ചാർജ്ജ്. മറ്റ് ടിക്കറ്റുകളും ഭക്ഷണവും എല്ലാം അപ്നാ അപ്ന. നാലോ അഞ്ചോ അംഗങ്ങളുള്ള ഒരു ഫാമിലിക്ക് ഇത് അനുയോജ്യമായിരിക്കില്ല, ബട്ട് സിംഗിൾ ആണെങ്കിൽ സൗകര്യപ്രദവുമായിരിക്കും.മെട്രോ ഉപയോഗപ്പെടുത്താൻ അറിയുന്നവർക്ക് അതാാണ് ഏറ്റവും ലാഭകരം.
റൂമിലെത്തി പ്രഭാത കർമ്മങ്ങളും കൃത്യങ്ങളും വിജയകരമായി പൂർത്തിയാക്കി ഞങ്ങൾ പ്രഭാത ഭക്ഷണത്തിനായി സമീപത്തുള്ള "അണ്ണാ ക ദൂകാനി"ൽ എത്തി. എല്ലാവർക്കും ദോശ കിട്ടി തിന്ന് തീരുമ്പോഴേക്കും ഞങ്ങളെ കയറ്റാനുദ്ദേശിച്ച ദർശൻ ബസ് സ്റ്റാൻ്റ് വിട്ടിരുന്നു.
ഒരു ഓട്ടോ പിടിച്ച് ആദ്യ സൈറ്റായ ബിർള മന്ദിറിൽ എത്താൻ നിഖിൽ പറഞ്ഞതനുസരിച്ച് ഞങ്ങൾ അവിടെ എത്തി. അപ്പോഴേക്കും പലരും മന്ദിർ കണ്ട് തിരിച്ച് ബസ്സിൽ കയറിത്തുടങ്ങിയിരുന്നു. ഇനി മന്ദിർ കാണാൻ പോയാൽ വീണ്ടും ഓട്ടോ പിടിക്കേണ്ടി വരും എന്നതിനാൽ മന്ദിർ സന്ദർശനം ഞങ്ങൾ റദ്ദാക്കി.
അടുത്തതായി പോകുന്നത് രാഷ്ട്രപതി ഭവൻ കാണാനാണെന്നും ഒരു ഫോട്ടോഗ്രാഫർ ബസ്സിൽ കയറുന്നുണ്ട് എന്നും ഗൈഡ് അറിയിച്ചു. രാഷ്ട്രപതി ഭവൻ പശ്ചാത്തലത്തിലുള്ള SLR ക്യാമറ വച്ചുള്ള ഫോട്ടോ അയാൾ എടുത്ത് തരുമെന്നും ഒരു കോപ്പിക്ക് വെറും അമ്പത് രൂപ നൽകിയാൽ മതി എന്നും ദർശൻ ഗൈഡ് പറഞ്ഞു. രാഷ്ട്രപതി ഭവനിൻ്റെ അകത്തും പുറത്തും വച്ചുള്ള നിരവധി ഫോട്ടോകൾ എൻ്റെ പക്കൽ ഉള്ളതിനാൽ എനിക്ക് ഫോട്ടോയ്ക്ക് താൽപര്യം തോന്നിയില്ല. രാഷ്ട്രപതി ഭവനിൻ്റെ ഏതോ ഭാഗത്ത് കൂടെ മുന്നോട്ട് നീങ്ങിയ ബസ് ഒരു ഉൾറോഡിലേക്ക് കയറി ഒഴിഞ്ഞ ഒരു സ്ഥലത്തെത്തി. എല്ലാവരോടും പെട്ടെന്ന് ഇറങ്ങി ഫോട്ടോ എടുത്ത് തിരിച്ച് കയറാൻ ഗൈഡ് തിടുക്കം കൂട്ടി.
പുറത്തിറങ്ങിയ ഞാൻ കണ്ടത് ഒരു മതിലിന് അപ്പുറം അൽപം ദൂരെയായി കാണുന്ന രാഷ്ട്രപതി ഭവൻ്റെ കുംഭ ഗോപുരങ്ങളിൽ ഒന്നാണ്. ക്യാമറ ക്രമീകരണത്തിലൂടെ ഫോട്ടോ എടുത്തത് രാഷ്ട്രപതി ഭവൻ്റെ തൊട്ടടുത്ത് നിന്നാണെന്ന് തോന്നിപ്പിക്കും. വന്ന സ്ഥിതിക്ക് ഓരോ ഫോട്ടോ വീതം എടുക്കാം എന്ന് ഞാനും സത്യൻ മാഷും തീരുമാനിച്ചു. ഒരു ക്ലിക്ക് കഴിഞ്ഞപ്പോൾ ആരോ ഒരു കൂളിംഗ് ഗ്ലാസ് നീട്ടി. അത് വയ്ക്കേണ്ട താമസം അടുത്ത ക്ലിക്ക് അടിച്ചു. അൽപം ചരിച്ച് നിർത്തി മൂന്നാമത്തെ ക്ലിക്ക്.പിന്നെ മറ്റേ ഭാഗത്തേക്ക് ചരിച്ച് നിർത്തി ഒന്ന് കൂടി (ആദ്യത്തേത് ശരിയാകാത്തത് കൊണ്ടാണ് ഇത് എന്നാണ് സത്യമായിട്ടും കരുതിയത്).വീണ്ടും ഞങ്ങളെ രണ്ട് പേരെയും ഒരുമിച്ച് നിർത്തി അടുത്ത ക്ലിക്ക് !! ഒരാളുടെ തന്നെ നാലും അഞ്ചും ഫോട്ടോ എടുത്താൽ ക്യാമറാമാന് നിമിഷ നേരം കൊണ്ട് കീശയിലെത്തുന്നത് മുവായിരം - നാലായിരം രൂവാ!! നാമറിയാതെ നമ്മുടെ കീശ കാലിയാക്കുന്ന ദർശൻ ട്രിക്ക് !!
പെട്ടെന്ന് തന്നെ എല്ലാവരെയും ഗൈഡ് ബസ്സിൽ തിരിച്ച് കയറ്റി. അടുത്തത് ഇന്ത്യാ ഗേറ്റിലേക്കാണെന്നും അമർ ജവാൻ ജ്യോതി അടുത്ത് ചെന്ന് കാണാമെന്നും ഗൈഡ് അറിയിച്ചു. ഈ ഒരു സ്പോട്ടിൽ കൂടി ഫോട്ടോഗ്രാഫർ ഉണ്ടാകുമെന്നും ഇന്ത്യാ ഗേറ്റിൻ്റെ മുന്നിൽ അങ്ങനെ നിൽക്കുന്നതും ഇങ്ങനെ നിൽക്കുന്നതും മകുടത്തിൽ തൊട്ട് നിൽക്കുന്നതും കൂളിംഗ് ഗ്ലാസ് വച്ച് നിൽക്കുന്നതും ഗ്രൂപ്പായി നിൽക്കുന്നതും എല്ലാം ഫോട്ടോയാക്കി എന്നെന്നും ഓർമ്മിക്കാനുള്ളതാക്കി മാറ്റണമെന്നും ഗൈഡ് ഉപദേശിച്ചു. കാര്യം ഏകദേശം പിടി കിട്ടിയതിനാൽ നമ്മുടെ മൊബൈൽ ക്യാമറ കൊണ്ടുള്ള ഫോട്ടോ മതി എന്ന് ഞങ്ങളും തീരുമാനിച്ചു. ഇന്ത്യാ ഗേറ്റിൽ തട്ടി പലരുടെയും കീശയിൽ നിന്ന് അഞ്ഞൂറിൻ്റെ നോട്ടുകൾ അപ്രത്യക്ഷമാകുന്നത് ഞങ്ങൾ നിസ്സഹായരായി നോക്കി നിന്നു.
ഇന്ത്യാ ഗേറ്റിന് മറുവശത്തുള്ള വിശാലമായ ഗാർഡനിൽ ആയിരുന്നു ഞങ്ങളെത്തിയത്. ഗേറ്റിനും ഗാർഡനും ഇടയിലൂടെ തിരക്കേറിയ റോഡായതിനാൽ ബാരിക്കേഡ് ഉയർത്തിയിരുന്നു. അത് കാരണം ഞങ്ങൾ അപ്പുറം പോയില്ല. എന്നാൽ ടീമിലെ ന്യൂജൻ അംഗങ്ങൾ ഒരു അണ്ടർ ഗ്രൗണ്ട് പാസേജ് കണ്ടെത്തി അത് വഴി അമർ ജവാൻ ജ്യോതിയുടെ അടുത്ത് വരെ എത്തി. എല്ലാവരും തിരിച്ചെത്താൻ അൽപം സമയം എടുത്തതിനാൽ ഗാർഡനിലെ വിവിധ ഭാഗങ്ങളിൽ വച്ച് ഞങ്ങളും നിരവധി ക്ലിക്കുകൾ എടുത്തു.
അപ്പോഴേക്കും സമയം ഉച്ചയായിരുന്നു. അടുത്തതായി കുത്തബ് മിനാറിലേക്കാണ് പോകുന്നതെന്നും വഴിയിൽ ഭക്ഷണത്തിന് നിർത്തുമെന്നും അറിയിപ്പ് ലഭിച്ചു. ഒരു മണിക്കൂറിനുള്ളിൽ ഞങ്ങൾ ഹോട്ടലിന് മുന്നിൽ എത്തി. എനിക്ക് ആ പരിസരം നല്ല പരിചയമുള്ള പോലെ തോന്നി.2021 ൽ കുടുംബ സമേതം ഡൽഹിയിൽ എത്തിയപ്പോൾ ദീപ് സിംഗ് ഞങ്ങളെ കൊണ്ടുപോയ അതേ സ്ഥലം! ഭക്ഷണ ശേഷം അൽപനേരം ITDC യിൽ ഷോപ്പിംഗിനായി സമയം ഉണ്ടെന്ന് അറിയിപ്പ് കിട്ടി. അതും അന്ന് സർദാർജി ഞങ്ങളെ കൊണ്ട് പോയ മറ്റൊരിടം.!! വെറുതെ ഇരിക്കാൻ അൽപസമയം കിട്ടിയതിനാൽ ഞങ്ങൾ രണ്ട് പേരും ബസ്സിൽ തന്നെ ഇരുന്നു.
( ഡൽഹി ദർശൻ 2 )
1 comments:
നാമറിയാതെ നമ്മുടെ കീശ കാലിയാക്കുന്ന ദർശൻ ട്രിക്ക് !!
Post a Comment
നന്ദി....വീണ്ടും വരിക