കുട്ടിക്കാല സ്മരണകൾ അയവിറക്കുന്ന കഥകൾ എഴുതാനും വായിക്കാനും എനിക്ക് ഏറെ താൽപര്യമാണ്. ബ്ലോഗെഴുത്തിൻ്റെ ആദ്യ വർഷങ്ങളിൽ, മനസ്സിൽ മായാതെ സൂക്ഷിച്ച ഏതാനും സ്മരണകൾ ഞാൻ ഇവിടെ പോസ്റ്റ് ചെയ്തിരുന്നു. ആ പോസ്റ്റുകളിൽ നിന്നാണ് സ്കൂൾ ഓർമ്മകളെപ്പറ്റി എഴുതാനും വായിക്കാനും പ്രചോദനം കിട്ടിയത്. കേരളത്തിലെ, വിവിധ മേഖലകളിൽ പ്രഗത്ഭരായവരുടെ സ്കൂൾ കാലം അയവിറക്കുന്ന മാതൃഭൂമി ബുക്സിൻ്റെ സ്കൂൾ മുറ്റം എന്ന പുസ്തകം ഞാൻ വാങ്ങി വായിച്ചതും ഈ താല്പര്യം കാരണമായിരുന്നു.
പ്രമുഖർ അല്ലെങ്കിലും ഒരേ കാലഘട്ടത്തിൽ ഒരേ സ്കൂളിൽ പഠിച്ച പതിനാല് പേരുടെ സ്കൂൾ ഓർമ്മകൾ കഥാ രൂപത്തിൽ അവതരിപ്പിക്കുന്ന പുസ്തകമാണ് "പാഠം ഒന്ന് ഉപ്പാങ്ങ". പുസ്തകത്തിൻ്റെ തലക്കെട്ട് തന്നെ ആരെയും കുട്ടിക്കാലത്തേക്ക് കൂട്ടിക്കൊണ്ടു പോകും എന്ന് തീർച്ചയാണ്. മലപ്പുറം ജില്ലയിലെ ഊർങ്ങാട്ടിരി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സുബുലുസ്സലാം ഹൈസ്കൂളിലെ 1987 ബാച്ചിലെ ഞാനടക്കമുള്ള പതിനാല് പേരുടെ ഓർമ്മകളാണ് കഥാരൂപത്തിൽ ഈ പുസ്തകത്തിലൂടെ ഇതൾ വിരിയുന്നത്.
ചരിത്രം നമ്മെ ഭൂതത്തിലേക്കും വർത്തമാനത്തിലേക്കും ഭാവിയിലേക്കും എല്ലാം എത്തിക്കുന്നു. ആ ചരിത്രം ഒരു കാലഘട്ടത്തെ നർമ്മത്തിലൂടെ അടയാളപ്പെടുത്തുന്നു എന്ന് വന്നാൽ അത് മനോഹരമായിരിക്കും അല്ലേ? ആ മനോഹാരിത ഈ പുസ്തകത്തിനുണ്ട്. ഞാൻ എവിടേയും ഇത് വരെ വായിച്ചിട്ടില്ലാത്ത പുത്തൻ കാര്യങ്ങളുടെ അകമാണീ ചരിത്ര പുത്തകം. നർമ്മമാണ് ജീവിതത്തിൻ്റെ ലാഭം എന്ന് പറഞ്ഞത് ഭഗവാൻ കൃഷ്ണനാണ്. ഇതിൻ്റെ ഓരോ താളുകളിലും ആ ലാഭം വേണ്ടുവോളമുണ്ട്. അതിൽ കൃഷ്ണൻ്റെ കുസൃതികളും വികൃതികളും കള്ളത്തരങ്ങളുമുണ്ട്. സാധാരണ അവനവൻ എഴുതുന്ന കഥകളിൽ അവൻ തന്നെയാണ് എപ്പോഴും നായകൻ. എന്നാൽ ഇതിലെ ഭൂരിഭാഗം കഥാപാത്രങ്ങളും വില്ലന്മാരോ , മടിയൻമ്മാരോ , പൊട്ടൻന്മാരോ കള്ളൻന്മാരോ ആണ് എന്നതും വായനാ രസം നൽകുന്നു. എഴുത്ത് കാരനായ ശ്രീ. എം.എ സുഹൈൽ പുസ്തകത്തിൻ്റെ അവതാരികയിൽ പറയുന്നത് അക്ഷരാർത്ഥത്തിൽ ശരിയാണെന്ന് ഓരോ കഥകളും വായിക്കുമ്പോൾ മനസ്സിലാകും.
ക്ലാസ് പരീക്ഷയിൽ നിന്നും രക്ഷപ്പെടാൻ ഉസ്മാൻ നടത്തിയ ഒളിച്ചോട്ടവും ലോകത്തിൽ ഇന്നേ വരെ ആരും എഴുതാത്ത ഇമ്പോസിഷൻ എഴുതിയ ജോമണിയും ആരോ എറിഞ്ഞുകൊന്ന കോഴിക്ക് വേണ്ടി തല മൊട്ടയടിക്കേണ്ടി വന്ന മുനീറും കുരങ്ങനെ കാണാൻ പോയി കാണാതായ നൂർജഹാനും എല്ലാം ഇക്കാലത്തും ആരെയും കുടുകുടാ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യും. ഓർമ്മകൾ അയവിറക്കി സഹകരിച്ച എല്ലാ സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ നന്ദി.
പ്രസാധനം: പെൻഡുലം ബുക്സ്
പേജ് : 60
1 comments:
എൻ്റെ മൂന്നാമത്തെ പുസ്തകം
Post a Comment
നന്ദി....വീണ്ടും വരിക