തികച്ചും യാദൃശ്ചികമായിട്ടാണ് ശ്രീ. ടി. പത്മനാഭൻ്റെ നാലു കഥാ സമാഹാരങ്ങൾ അടങ്ങിയ ഒരു പുസ്തകം എൻ്റെ പുസ്തക ശേഖരത്തിൽ എത്തിയത്. ആരോ ഓർഡർ നൽകി പിൻമാറിയപ്പോൾ പുസ്തകം പ്രത്യേക ഡിസ്കൗണ്ട് റേറ്റിൽ എത്തിപ്പെട്ടത് എൻ്റെ കയ്യിലായിരുന്നു. കഥയുടെ കുലപതി എന്നറിയപ്പെടുന്ന ശ്രീ. ടി. പത്മനാഭൻ്റെ ഒരു കൃതി ഞാൻ വായനക്ക് എടുക്കുന്നതും ആദ്യമായിട്ടായിരുന്നു. ഗുൽ മുഹമ്മദ് എന്ന കഥാ സമാഹാരമാണ് ഞാൻ വായിച്ചത്.
ഗുൽ മുഹമ്മദ് എന്ന പന്ത്രണ്ട് വയസ്സുകാരൻ്റെ കഥയാണ് പ്രഥമ അദ്ധ്യായം. രണ്ടാനമ്മയുടെ പീഡനം കാരണം വീട് വിട്ടിറങ്ങി അറിയാത്ത ഒരു ദേശത്തെ യതീംഖാനയിൽ എത്തിയ ഗുൽ മുഹമ്മദിനെ അഛൻ തേടി വരുന്നതാണ് കഥാ തന്തു. പക്ഷെ, പീഡന പർവ്വത്തിലേക്ക് തിരിച്ചു പോകാൻ ആഗ്രഹിക്കാത്ത ഗുൽമുഹമ്മദ് കടലിലേക്ക് നടന്ന് നീങ്ങി. ഈ കഥയുടെ പിന്നിലുള്ള സംഭവം പിന്നീട് അദ്ദേഹം പങ്കുവച്ചതും ഞാൻ വായിച്ചിരുന്നു.
ഗുൽമുഹമ്മദ് എന്ന പേരു പോലെ കഥാ പാത്രങ്ങളുടെ പേരിലുള്ള മറ്റ് നിരവധി കഥകളും ഈ സമാഹാരത്തിലുണ്ട്. അശ്വതി, മോളു, ചിത്തരഞ്ജിനി തുടങ്ങിയവ ചില ഉദാഹരണങ്ങൾ മാത്രം. പന്ത്രണ്ട് കഥകളാണ് ഈ സമാഹാരത്തിലുള്ളത്.
ടി. പത്മനാഭന്റെ കഥകളെപ്പറ്റി ഞാൻ വായിച്ചത് ഇപ്രകാരമാണ് - ജീവിതത്തിൻ്റെ നാനാമുഖങ്ങൾ നമുക്കു മുന്നിൽ ഇതുപോലെ വരച്ചുകാട്ടിയ മറ്റൊരാളും മലയാള സാഹിത്യത്തിൽ ഇല്ല. വായനക്കാരനെകൊണ്ട് കഥയുടെ ബാക്കിഭാഗത്തെ കുറിച്ച് അഗാധമായി ആലോചിക്കുവാനുള്ള പ്രേരണ തന്റെ കഥയിലൂടെ അദ്ദേഹം നൽകുന്നു.ഒരു വായനക്കാരന് ഒരെഴുത്തുകാരൻ നൽകുന്ന ഏറ്റവും മികച്ച സമ്മാനങ്ങളിൽ ഒന്നാണത്. പക്ഷെ, ഈ സമാഹാരത്തിൽ ഗുൽമുഹമ്മദ് എന്നതൊഴികെയുള്ള ഒരു കഥയും അത്ര ആകർഷകമായി എനിക്ക് തോന്നിയില്ല. പല കഥകളുടെയും തലക്കെട്ടും അനാകർഷകമാണ്.
എന്റെ വായനാനുഭവം ആയിരിക്കില്ല മറ്റൊരാളുടെ വായനാനുഭവം എന്നതിനാൽ ഇത് ഒരു അവസാന വാക്കല്ല. ചുരുങ്ങിയത് ഗുൽമുഹമ്മദ് എന്ന കഥ എങ്കിലും എല്ലാവരും വായിച്ചിരിക്കണം. ഇനിയും അദ്ദേഹത്തിന്റെ കഥകൾ വായിക്കാൻ അത് പ്രേരണ നൽകും എന്ന് തീർച്ചയാണ്.ഞാനും അദ്ദേഹത്തിന്റെ മറ്റു കൃതികൾ കൂടി വായിക്കണം എന്ന് കരുതുന്നു.
പുസ്തകം: ഗുൽ മുഹമ്മദ്രചയിതാവ്: ടി. പത്മനാഭൻ
പബ്ലിഷേഴ്സ്: ഡി.സി ബുക്സ്
പേജ്: 60
1 comments:
ഗുൽ മുഹമ്മദ് - ഒരു വായനാ കുറിപ്പ്.
Post a Comment
നന്ദി....വീണ്ടും വരിക