നിത്യജീവിതം യന്ത്രവത്കൃതമായതോടെ ജീവിതശൈലീ രോഗങ്ങളും വർദ്ധിച്ചു. രോഗങ്ങൾക്കനുസരിച്ച് ആശുപത്രികളും കൂണ് പോലെ മുളച്ചു പൊന്തി. ജീവിതത്തിൻ്റെ ഭാഗമായി തീർന്ന യന്ത്രങ്ങൾ ഒന്നിനെയും പടി ഇറക്കാൻ സാധ്യമല്ലാത്ത വിധത്തിൽ സർവ്വ സാധാരണമായി.
രോഗപ്രതിരോധ ബോധവൽക്കരണത്തിൻ്റെ ഫലമായി നാട്ടിലെങ്ങും ആരോഗ്യ കൂട്ടായ്മകളും പ്രഭാത നടത്ത കൂട്ടായ്മകളും വ്യായാമ കൂട്ടായ്മകളും എല്ലാം തുടക്കം കുറിച്ചു. ഉയർന്ന രക്തസമ്മർദ്ദം മൂന്ന് തവണ എൻ്റെ രക്തദാന മോഹങ്ങളെ തല്ലിക്കെടുത്തിയതോടെ ഒരു കൂട്ടായ്മയിലും ചേരാതെ ഞാനും പ്രഭാത കവാത്ത് ആരംഭിച്ചു. മഴക്കാലമായതോടെ ഞാനത് നിർത്തുകയും ചെയ്തു.
കവാത്ത് പുനരാരംഭിക്കാൻ ഞാൻ ഗൗരവമായി ചിന്തിക്കാൻ തുടങ്ങുമ്പോഴാണ് MEC7 ഹെൽത്ത് ക്ലബ്ബ് എന്നൊരു വ്യായാമ കൂട്ടായ്മ നാട്ടിൽ ആരംഭിക്കാൻ പോകുന്ന വിവരം അറിഞ്ഞത്. മൂത്ത മോളുടെ കല്യാണത്തിരക്കിലായതിനാൽ ഒക്ടോബർ ഒന്ന് മുതൽ അതിൽ പങ്കെടുക്കാം എന്നും തീരുമാനിച്ചു.
മൾട്ടി എക്സർസൈസ് കോമ്പിനേഷൻ എന്നതിൻ്റെ ചുരുക്ക രൂപമാണ് MEC. എയ്റോബിക്സ്,ലളിത വ്യായാമങ്ങൾ, യോഗ, മെഡിറ്റേഷൻ, അക്യുപ്രഷർ, ശ്വസന വ്യായാമങ്ങൾ, ഫെയ്സ് മസാജ് തുടങ്ങി ഏഴ് വിഭാഗങ്ങളിൽപ്പെട്ട ഇരുപത്തി ഒന്ന് മിനുട്ട് കൊണ്ട് ചെയ്യേണ്ട ഇരുപത്തി ഒന്ന് തരം വ്യായാമ മുറകൾ ആണ് MEC7 ൽ ചെയ്യാനുള്ളത്. 1750 ശരീര ചലനങ്ങൾ ഈ ഇരുപത്തി ഒന്ന് മിനുട്ട് കൊണ്ട് ഉണ്ടാകും എന്നാണ് കണക്കാക്കുന്നത്. ലിംഗ-പ്രായ ഭേദമന്യേ എല്ലാവർക്കും ചെയ്യാൻ പറ്റുന്ന വ്യായാമങ്ങളാണ് ഇതിൽ ഭൂരിഭാഗവും എന്നതും പ്രധാന ആകർഷണമാണ്.
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കാരനായ മുൻ സൈനിക ഉദ്യോഗസ്ഥൻ ശ്രീ.സലാഹുദ്ദീൻ ആണ് ഈ വ്യായാമമുറയുടെ ഉപജ്ഞാതാവ്. 2022 ലാണ് MEC7 ഹെൽത്ത് ക്ലബുകൾ വ്യാപകമായി പ്രചരിച്ചത്. ഇപ്പോൾ കേരളത്തിലും വിദേശത്തുമായി നൂറിലധികം MEC7 ഹെൽത്ത് ക്ലബുകൾ ദിവസവും വ്യായാമങ്ങൾ ചെയ്യുന്നുണ്ട്. ഓരോ കേന്ദ്രങ്ങളിലും സ്ത്രീകളടക്കം ഇരുന്നൂറിൽ പരം ആൾക്കാർ ഇതിൽ പങ്കെടുക്കുന്നു എന്നത് ഈ വ്യായാമ മുറയുടെ സ്വീകാര്യത വിളിച്ചോതുന്നു.
ഒക്ടോബർ ഒന്ന് മുതൽ ഞാനും MEC7 ഹെൽത്ത് ക്ലബിൽ അംഗമായി വ്യായാമങ്ങൾ ആരംഭിച്ചു. നിലവിൽ എൻ്റെ തൂക്കം 65 കി.ഗ്രാം ആണ്. ഇനി വരുന്ന മാറ്റങ്ങൾ വഴിയേ പറയാം, ഇൻഷാ അള്ളാഹ്.
1 comments:
ഒക്ടോബർ ഒന്ന് മുതൽ ഞാനും MEC7 ഹെൽത്ത് ക്ലബിൽ അംഗമായി വ്യായാമങ്ങൾ ആരംഭിച്ചു.
Post a Comment
നന്ദി....വീണ്ടും വരിക