2012 ലെ പ്രഥമ കൊച്ചി മുസ്‌രിസ് ബിനാലെയും 2016-ലെ മൂന്നാമത് കൊച്ചി മുസ്‌രിസ് ബിനാലെയും കാണാൻ കുടുംബ സമേതം ഫോർട്ട് കൊച്ചിയിൽ പോയത് എൻ്റെ ഓർമ്മയിൽ തങ്ങി നിൽക്കുന്നുണ്ട്. അതിന് മുമ്പും ഫോർട്ട് കൊച്ചിയിൽ ഞാൻ പോയിരിക്കും എന്നാണ് എൻ്റെ ധാരണ. കാരണം ഫോർട്ട് കൊച്ചിക്ക് തൊട്ടടുത്തുള്ള മട്ടാഞ്ചേരിയിൽ ഞാൻ ഇതിന് മുമ്പേ സന്ദർശനം നടത്തിയതാണ്. എൻ്റെ സ്വഭാവമനുസരിച്ച്, ആ സമയത്ത് ഫോർട്ട് കൊച്ചിയും സന്ദർശിക്കാതെ തിരിച്ചു പോകാൻ സാദ്ധ്യതയില്ല.
ആറാമത് കൊച്ചി മുസ്‌രിസ് ബിനാലെ കാണാൻ ഫോർട്ട് കൊച്ചിയിൽ എത്തുമ്പോഴും ബിനാലെക്ക് പുറമെ അവിടെ കാണാനുള്ളതിനെപ്പറ്റി എനിക്ക് ഒരു ധാരണ ഇല്ലായിരുന്നു. സഞ്ചാരികളുടെ പിന്നാലെ, ഒരു ഫോട്ടോ ഷീറ്റ് കാണിച്ചു കൊണ്ട് ഓട്ടോക്കാർ സംസാരിക്കുന്നത് കണ്ടപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്. ചോദിച്ചപ്പോൾ ഫോർട്ട് കൊച്ചിയിൽ കാണാനുള്ള കാഴ്ചകൾ ആണ് അവയെന്ന് ഒരു ഓട്ടോക്കാരൻ പറഞ്ഞു.
ഞങ്ങളെത്തിയത് വാസ്കോ ഡ ഗാമ സ്ക്വയറിൽ ആണെന്ന് അപ്പോഴാണ് മനസ്സിലായത്. ബാസ്റ്റ്യൺ ബംഗ്ലാവ്, സെൻ്റ് ഫ്രാൻസിസ് ചർച്ച്, സെൻ്റ് പീറ്റേർസ് ചർച്ച്, ഗാമയുടെ വീട്, ചൈനീസ് വലകൾ, നേവൽ മ്യൂസിയം, ബീച്ച് തുടങ്ങി നിരവധി കാഴ്ചകൾ ഫോർട്ട് കൊച്ചിയിൽ കാണാനുണ്ട്. ഇതിന് പുറമെ മട്ടാഞ്ചേരിയിലെ കാഴ്ചകൾ കൂടി ഉൾപ്പെടുത്തി രണ്ട് - രണ്ടര മണിക്കൂർ നീളുന്ന യാത്രക്ക് എണ്ണൂറ് രൂപയാണ് ഓട്ടോക്കാർ ഈടാക്കുന്നത്. ബിനാലെ കാണാനുള്ളതിനാലും ചുരുങ്ങിയ ദൂരത്തിന് ഈ ചാർജ്ജ് വളരെ കൂടുതലാണ് എന്നതിനാലും ഞാൻ ഓട്ടോ യാത്ര ഒഴിവാക്കി.
ആദ്യം ബിനാലെ പിന്നെ കറക്കം എന്നതായിരുന്നു എൻ്റെ പ്രഥമ പ്ലാൻ. അതു പ്രകാരം ബോട്ടിറങ്ങി വാക്ക് വേയിലൂടെ ഞങ്ങൾ ബീച്ച് സൈഡിലേക്ക് അൽപം നടന്നു. വാക്ക് വേയുടെ ഓരത്ത് വിവിധതരം മത്സ്യങ്ങൾ കണ്ടപ്പോൾ വായിൽ വെള്ളമൂറിയെങ്കിലും പരിസരത്തൊന്നും അത് ഫ്രൈ ആക്കുന്നത് കണ്ടില്ല.
പ്രാചീന ഇന്ത്യയുടെ വ്യാപാര പങ്കാളിയായിരുന്ന ചൈനക്കാർ ഇന്ത്യക്ക് സമ്മാനിച്ച സാധനങ്ങളിൽ പ്രധാനപ്പെട്ട ഒന്നായ ചീന വലകൾ ഫോർട്ട് കൊച്ചിയുടെ പ്രത്യേകതയാണ്. കായലിനോട് ചേർന്ന് ഉയർന്ന് നിൽക്കുന്ന ചീന വലകൾ ഞങ്ങൾക്ക് ഹൃദ്യമായ കാഴ്ചയായി. റോഡിലേക്ക് എത്താനായി വാക്ക് വേയിൽ നിന്നും മാറി നടന്നപ്പോഴാണ് വാസ്കോഡ ഗാമ സ്ക്വയർ എന്ന ബോർഡ് കണ്ടത്. അപ്പോഴാണ് കോഴിക്കോട്ട് ആദ്യമായി കപ്പലിറങ്ങിയ വാസ്കോഡ ഗാമയും ഫോർട്ട് കൊച്ചിയും തമ്മിലുള്ള അഗാധ ബന്ധം ഞാൻ അറിഞ്ഞത്.
റോട്ടിലൂടെ ഞങ്ങൾ ബിനാലെ വേദിയായ ആസ്പിൻ വാൾ ലക്ഷ്യമാക്കി നടന്നു. ഫോർട്ട് കൊച്ചിയിലെ ബിൽഡിംഗുകൾ മിക്കവയും പോർച്ചുഗീസ് - ഡച്ച് ശൈലിയിലുള്ളതാണ്. അതിൻ്റെ പഴമയും നിർമ്മാണ രീതിയും നിറങ്ങളും ഏതൊരു മനുഷ്യനെയും ആകർഷിക്കും. തെരുവിലെ ചുമർചിത്രപ്പണികളും തലയുയർത്തി നിൽക്കുന്ന പൈതൃക കെട്ടിടങ്ങളും നമ്മെ ഒരു പക്ഷേ പോർച്ചുഗലിലെയോ നെതർലൻ്റിലെയോ ഒരു തെരുവിൽ കൊണ്ടെത്തിച്ചേക്കും.
ഓൾഡ് ഹാർബർ ഹോട്ടലും പിന്നിട്ട് മനോഹരമായ ഒരു ചർച്ചിന് സമീപം ഞങ്ങളെത്തി. 1857ൽ സ്ഥാപിച്ച സെൻ്റ് പീറ്റേഴ്സ് & സെൻ്റ് പോൾസ് ഓർത്തഡോക്സ് സിറിയൻ ചർച്ചായിരുന്നു അത്. അഞ്ച് മിനുട്ടിനകം ആസ്പിൻ വാളിലെ ബിനാലെ മെയിൻ വേദിയിൽ എത്തുമായിരുന്ന ഞങ്ങൾ അവിടെ വെച്ച് വൃദ്ധനായ ഒരു ഐസ്ക്രീം കച്ചവടക്കാരനെ കണ്ടുമുട്ടി.
ഐസ്ക്രീം വാങ്ങി കഴിക്കുന്നതിനിടയിൽ ഞാൻ എൻ്റെ യാത്രാ പ്ലാൻ അദ്ദേഹത്തെ അറിയിച്ചു. കാഴ്ചകൾ കണ്ട ശേഷം ബിനാലെക്ക് കയറുന്നതാണ് നല്ലത് എന്നായിരുന്നു അദ്ദേഹത്തിൻ്റെ ഉപദേശം. ബിനാലെയുടെ ഒരു വേദി മട്ടാഞ്ചേരിയിലേക്ക് പോകുന്ന വഴിയായതിനാൽ അത് കണ്ട് തിരിച്ച് വന്ന് ഫോർട്ട് കൊച്ചി കാണൽ ബുദ്ധിമുട്ടായിരുന്നു. അതിനാൽ ആ വൃദ്ധോപദേശം സ്വീകരിക്കാൻ ഞങ്ങൾ നിർബന്ധിതരായി. അതോടെ, നടന്ന് വന്ന വഴിയേ തന്നെ ഞങ്ങൾ തിരിച്ചു നടന്നു. മൂത്തവരുടെ വാക്കും മുതു നെല്ലിക്കയും ആദ്യം കയ്ക്കും, പിന്നെ മധുരിക്കും എന്നാണല്ലോ? അത് ഞങ്ങൾക്ക് ശരിക്കും ബോധ്യമായി.





1 comments:
അതിനാൽ ആ വൃദ്ധോപദേശം സ്വീകരിക്കാൻ ഞങ്ങൾ നിർബന്ധിതരായി.
Post a Comment
നന്ദി....വീണ്ടും വരിക