Pages

Tuesday, January 01, 2019

2018 - ഒരു തിരിഞ്ഞുനോട്ടം

                കടന്നുവന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം നടത്തിയാലേ വരാനുള്ള വഴികൾ സുഗമമാക്കാൻ സാധിക്കൂ എന്ന് ആരെങ്കിലും പറഞിട്ടുണ്ടോ എന്ന് കൃത്യമായി അറിയില്ല. ഏതാണ്ട് അതു പോലെ പലതും പലരും പറഞ്ഞിട്ടുണ്ട്. അല്ലെങ്കിൽ ഇത്ര പെട്ടെന്ന് എന്റെ നാക്കിന്റെ തുമ്പത്ത് അതങ്ങനെത്തന്നെ വരാൻ സാധ്യതയില്ല. 2019ന്റെ ആദ്യ ദിനത്തിൽ ഞാനും ഒന്ന് തിരിഞ്ഞ് നോക്കുകയാണ്.

               സോഷ്യൽ മീഡിയയിലെ മറ്റു പതിപ്പുകളിൽ സജീവമായതോടെ പലരും ബ്ലോഗ് ഉപേക്ഷിച്ചു പോയി. 2018 നവംബർ 10 ന് ബ്ലോഗ് ചലഞ്ച്  നടത്തി ബ്ലോഗർമാരെ ഒന്നുണർത്താൻ ഒരു ശ്രമം നടത്തിയെങ്കിലും ഉണർന്നവർ തുലോം കുറവ് തന്നെയാണ്.ഉണർന്നിരുന്നവർ  ഉറങ്ങാതെ ഇരിക്കുന്നു എന്നത് ആശ്വാസകരം തന്നെ. ബ്ലോഗ് രംഗത്ത് ഈ വര്‍ഷവും ഞാൻ എന്റെ ലക്ഷ്യം പിന്നിട്ടു.കലണ്ടർ വർഷത്തിൽ 100 പോസ്റ്റ് എന്നതാണ് ഞാൻ ലക്ഷ്യമിടാറ്‌. ഇത്തവണ 102 പോസ്റ്റ് പ്രസിദ്ധീകരിക്കാൻ സാധിച്ചു.

                പുസ്തക വായനയിൽ അൻ‌വരികളെയും മുബിയെയും കടത്തി വെട്ടാൻ ബൂലോകത്ത് ആരെങ്കിലും ഉണ്ടോ എന്നറിയില്ല.മുബി ഇക്കഴിഞ്ഞ വർഷം 50 പുസ്തകങ്ങളാണ് വായിച്ച് തീർത്തത്. അൻ‌വരികൾ അതിലും കൂടുതൽ ഉണ്ടാകും എന്ന് അനുമാനിക്കുന്നു. അവരുമായിട്ട് താരതമ്യം ചെയ്യുമ്പോൾ അജഗജാന്തരം ഉണ്ടെങ്കിലും എന്റെ വായനയുടെ വസന്തകാലത്തെ അനുസ്മരിപ്പിക്കാൻ പോയ വര്‍ഷം എനിക്ക് കഴിഞ്ഞു. താഴെ പറയുന്ന പുസ്തകങ്ങൾ വായിക്കാനും എന്റെ സ്വതന്ത്ര അഭിപ്രായം പങ്കു വയ്ക്കാനും സാധിച്ചു എന്നതിൽ ഞാൻ അഭിമാനിക്കുന്നു.

1. ദ ബട്ടർ ഫ്ലൈ എഫക്ട്ഡോ.സി. തോമസ് എബ്രഹാം
2. മരിച്ചവരുടെ നോട്ടുപുസ്തകം - വി. മുസഫർ അഹമ്മദ്
3. ചതുപ്പ് - എം.കമറുദ്ദീൻ
4. ഉമ്മാച്ചു - ഉറൂബ്
5. കുട നന്നാക്കുന്ന ചോയി - എം.മുകുന്ദൻ
6. എന്റെ ജീവിതയാത്ര - ഡോ. എ.പി.ജെ അബ്ദുൽകലാം
7. നനഞ്ഞു തീർത്ത മഴകൾ - ദീപാ നിശാന്ത്
8. ആ പെൺ‌കുട്ടി ഇപ്പോൾ എവിടെ? - അക്ബർ കക്കട്ടിൽ
9. കാൻസർ വാർഡിലെ ചിരി - ഇന്നസന്റ്
10. നാടൻ പ്രേമം - എസ്.കെ.പൊറ്റക്കാട്ട്
11. ടോട്ടോച്ചാന്റെ കഥതെത്‌സുകോ കുറോയാനഗി
12. പ്രണയം പോലെ യാത്രകൾ - പുനത്തിൽ കുഞ്ഞബ്ദുള്ള
13. ഷാഹിനയുടെ സ്കൂൾ - പ്രൊഫ.പാപ്പൂട്ടി

                വലുതും ചെറുതുമായ യാത്രകള്‍ കുടുംബസമേതം തന്നെ എല്ലാ വര്‍ഷവും നടത്താറുണ്ട്. ഇത്തവണ ഒറ്റക്കും കുടുംബത്തോടൊപ്പവും സന്ദര്‍ശിച്ച പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഇവയാണ്.

1. രാമേശ്വരം - ധനുഷ്കോടി
2. ഗുണ്ടല്‍‌പേട്ട്
3. കക്കാടമ്പൊയില്‍
4. കരിയാത്തന്‍‌പാറ
5. നെടുങ്കയം
6. കോട്ടക്കുന്ന്
7. സ്നേഹതീരം ബീച്ച്
8. ഡെല്‍ഹി (സോളോ)

                പോയ വര്‍ഷം ഞങ്ങള്‍ക്ക് അംഗീകാരങ്ങളുടെ വര്‍ഷം കൂടിയായിരുന്നു.മൂന്നാം തവണയും കേരള സര്‍ക്കാരിന്റെ മികച്ച എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ക്കുള്ള അവാര്‍ഡ് എന്നെത്തേടി എത്തി.ഇതുവരെ രണ്ടേ രണ്ട് സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജുകള്‍ മാത്രമേ ഈ പുരസ്കാരം നേടിയിട്ടുള്ളൂ. ആ രണ്ട് യൂണിറ്റിന്റെയും അമരം എന്റെ കയ്യിലായിരുന്നു. രണ്ടാമത്തെ മകള്‍ ലുഅ സ്കൌട്ട് & ഗൈഡ്‌സിന്റെ രാജ്യപുരസ്കാര്‍  അവാര്‍ഡും നേടി. ലൂന മോള്‍ ആദ്യമായി പങ്കെടുത്ത ബാലഭൂമിയുടെ മത്സരത്തില്‍ സമ്മാനിതയായി.റിയാലിറ്റി ഷോ താരങ്ങളെ പിന്തള്ളി, ലുലു മോള്‍ ഫാറൂഖ് കോളേജിന്റെ മ്യൂസിക് ബാന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഞാനും ഭാര്യയും എം.എസ്.സി അപ്ലൈഡ് സൈക്കോളജി ബിരുദധാരികളും ആയി.

                 മൂന്ന് വര്‍ഷത്തെ വയനാട് വാസം കഴിഞ്ഞ് ഞാന്‍ വീണ്ടും കോഴിക്കോടിന്റെ മണ്ണില്‍ എത്തിയതും പോയ വര്‍ഷം തന്നെ.2010 മുതല്‍ സംസ്ഥാന തലത്തിലും ജില്ലാതലത്തിലും നാഷണല്‍ സര്‍വീസ് സ്കീമിന്റെ വിവിധ പദവികള്‍ അലങ്കരിച്ചു പോന്നിരുന്ന എനിക്ക് അതെല്ലാം നഷ്ടമായതും ഈ സ്ഥലം മാറ്റത്തോടെയാണ്. ക്യാമ്പുകളും യോഗങ്ങളും പ്രവര്‍ത്തനങ്ങളും യാത്രകളും കൊണ്ട് തിരക്ക് പിടിച്ച എട്ട് വര്‍ഷത്തിന് ശേഷം, ഔദ്യോഗിക ജീവിതത്തില്‍ വല്ലാത്തൊരു ശൂന്യതയും അതിനാല്‍ അനുഭവപ്പെടുന്നു. ക്യാമ്പുകളില്‍ ക്ലാസ് എടുത്തും സ്വമേധയാ ക്യാമ്പുകള്‍ സന്ദര്‍ശിച്ചും എട്ടു വര്‍ഷത്തിന് ശേഷം കിട്ടിയ ക്രിസ്തുമസ് അവധി ഞാന്‍ ഗംഭീരമാക്കി.

                ഇനി 2019. പ്രതീക്ഷയുടെ ഒരു പൊന്‍പുലരി കൂടി ഇന്ന് ഭൂമിയില്‍ പിറന്നു. എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍ നേരുന്നു.

10 comments:

Areekkodan | അരീക്കോടന്‍ said...

പ്രതീക്ഷയുടെ ഒരു പൊന്‍പുലരി കൂടി ഇന്ന് ഭൂമിയില്‍ പിറന്നു. എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍ നേരുന്നു.

Muralee Mukundan , ബിലാത്തിപട്ടണം said...

ഇഷ്ട്ട വിനോദങ്ങളുമായി അടിച്ചുപൊളിച്ച
ഒരു വര്ഷം കൂടി എന്നിതിനെ വിശേഷിപ്പിക്കാം
കേട്ടോ ഭായ്

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ...കൂടുതല്‍ ഇഷ്ടത്തോടെ പലതും ചെയ്ത ഒരു വര്‍ഷം കൂടി!!

Joseph said...

Coollll.

I like that..

Areekkodan | അരീക്കോടന്‍ said...

ജോസഫ്...നന്ദി

Geetha said...

ഈ വർഷം വായനയൊന്നും കാര്യമായി നടന്നില്ല... പലതിൽ നിന്നും വിട്ടുനിൽക്കേണ്ടി വന്നു സാഹചര്യങ്ങൾ ആയിപ്പോയി. മാഷിന്റെ വായനയും യാത്രയും നേട്ടങ്ങളും ഒക്കെ വായിച്ചു. ഏറെ സന്തോഷം. ഇനിയും തുടർന്നും സന്തോഷമായി മുന്നോട്ടു പോവാൻ ദൈവം അനുഗ്രഹിക്കട്ടെ.

© Mubi said...

വായനകളും യാത്രകളുമായി നല്ലൊരു വർഷം ആശംസിക്കുന്നു...

Areekkodan | അരീക്കോടന്‍ said...

ഗീതാജി...തിരിഞ്ഞുനോട്ടത്തില്‍ പങ്കു ചേര്‍ന്നതിന് നന്ദി

മുബീ...നന്ദി

Cv Thankappan said...

1967 മുതൽ ലൈബ്രറിഭാരവാഹിയാതോണ്ട് എൻ്റെ വായനയും നല്ലോണം നടക്കുന്നു.
ആശംസകൾ മാഷേ

Areekkodan | അരീക്കോടന്‍ said...

തങ്കപ്പേട്ടാ...നല്ല പുസ്തകങ്ങളുടെ ഒരു ലിസ്റ്റ് തരൂ, ഞങ്ങളും വായിക്കട്ടെ.

Post a Comment

നന്ദി....വീണ്ടും വരിക