Pages

Monday, December 04, 2017

ബ്രഹ്മഗിരിയിലേക്ക്...1

              നവംബര്‍ 23ന് സന്ധ്യക്കാണ് ട്രക്കിംഗിനെപ്പറ്റി എല്ലാ സംഗതികളും ചോദിച്ചറിഞ്ഞ് ഞങ്ങള്‍ ഡി.എഫ്.ഒ ബംഗ്ലാവ് വിട്ടത്. അന്ന് വൈകിട്ട് തന്നെ മാനന്തവാടി ടൌണില്‍ അസാധാരണമായ വിധത്തില്‍ പോലീസ് സന്നാഹം ഞാന്‍ ദര്‍ശിച്ചിരുന്നു. എന്നാല്‍ അപ്പോള്‍ അത് ചിന്താമണ്ഠലത്തില്‍ ഒരു തരംഗവും ഉണ്ടാക്കിയില്ല.പിറ്റേന്ന് പത്രം കണ്ടപ്പോഴാണ് ചോദിച്ച് വാങ്ങി കഴുത്തിലിട്ടത് മൂര്‍ഖന്‍ പാമ്പാണെന്ന് തിരിച്ചറിഞ്ഞത്.

              2017 നവമ്പര്‍ 24 എന്നാല്‍ മാവോവാദികളായ കുപ്പു ദേവരാജും അനിതയും നിലമ്പൂര്‍ കാടുകളില്‍ വെടിയേറ്റ് വീണതിന്റെ ഒന്നാം വാര്‍ഷികമായിരുന്നു. നിരവധി സ്ഥലങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു - അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് തിരുനെല്ലി പോലീസ് സ്റ്റേഷന്‍ ആയിരുന്നു. മാ‍ത്രമല്ല മാവോവാദി സാന്നിദ്ധ്യം ഉറപ്പ് വരുത്തിയ റെഡ് സ്പോട്ടുകളില്‍ ഒന്നായിരുന്നു ബ്രഹ്മഗിരി.അങ്ങോട്ടാണ് അമ്പതോളം കുട്ടികളെയും കൊണ്ട് ഈ ചരമവാര്‍ഷികപ്പിറ്റേന്ന് തന്നെ പോകുന്നത്.

             കുട്ടികളില്‍ ചിലരോടും സുഹൃത്തുക്കളില്‍ ചിലരോടും ഞാന്‍ ഇത് പങ്ക് വച്ചു.ശാരീരികമായും മാനസികമായും എല്ലാവരും ട്രക്കിംഗിന് ഒരുങ്ങിക്കഴിഞ്ഞതിനാല്‍ ഇനി പിന്മാറാന്‍ ഞാന്‍ തയ്യാറായിരുന്നില്ല. ഡി.എഫ്.ഒ സാറും ഒരു മുന്നറിയിപ്പ് തരാത്തതിനാല്‍ വിളിച്ചു ചോദിക്കാന്‍ മനസ്സ് വന്നില്ല - അഥവാ പോകേണ്ട എന്ന് പറഞ്ഞാലോ? നവമ്പര്‍ 25ന് ഞങ്ങളുടെ ബസ് പുറപ്പെട്ട ശേഷമാണ് ഞാന്‍ പിന്നീട് ഡി.എഫ്.ഒയെ വിളിച്ചത്. പ്രത്യേകിച്ച് ഒന്നും പറയാത്തതിനാല്‍ ഞങ്ങള്‍ പ്രതീക്ഷയോടെ യാത്ര തുടര്‍ന്നു.

             ബ്രഹ്മഗിരി വന്യജീവി സങ്കേതത്തില്‍  ഞാനും കുടുംബവും കഴിഞ്ഞ വര്‍ഷം എത്തിപ്പെട്ടിരുന്നു!! ബ്രഹ്മഗിരി ട്രക്കിംഗ് പോയിന്റ്റിലേക്ക് പോകുന്നത് ആദ്യമായിട്ടായിരുന്നു. തിരുനെല്ലി ക്ഷേത്രത്തിനടുത്താണ് ഈ ട്രക്കിംഗ് & ക്യാമ്പിംഗ് പോയിന്റ്. ഞങ്ങള്‍ അവിടെ എത്തുമ്പോള്‍ തന്നെ ഒമ്പത് മണിയോടടുത്തിരുന്നു. 9 മണിക്ക് ശേഷം ട്രക്കിംഗ് അനുവദിക്കില്ല എന്ന് മുന്നില്‍ തന്നെ സ്ഥാപിച്ച ബോര്‍ഡ് പറയുന്നു.കൂടാതെ തിങ്കളാഴ്ചയും വെള്ളീയാഴ്ചയും ട്രക്കിംഗ് ഇല്ല എന്നും. വിദ്യാര്‍ത്ഥികള്‍ക്ക് 45 രൂപയും കൂടെ വരുന്ന അദ്ധ്യാപകര്‍ക്ക് 150 രൂപയും ആണ് പ്രവേശന ഫീസ് (സ്കൂള്‍/കോളേജ് ലെറ്റര്‍ഹെഡില്‍ കത്ത് നല്‍കണം).കൂടാതെ 18% ജി.എസ്.ടിയും. സാധാരണക്കാര്‍ക്ക് 300 രൂപ+ജി.എസ്.ടി. ഗൈഡ് ഫീ 100 രൂപയാണ് അംഗീകൃത റേറ്റ് എങ്കിലും ഒരാള്‍ക്ക് 350 രൂപ നല്‍കണം (അനുഭവമേ ഗുരു).

              ട്രക്കിംഗ് തുടങ്ങുന്നതിന് മുമ്പെ ഈ കാടിനെക്കുറിച്ച്  വനം വകുപ്പ് ഉദ്യോഗസ്ഥന്‍ ഞങ്ങള്‍ക്ക് ഒരു ചെറു വിവരണം നല്‍കി. പുലി,കടുവ,ആന തുടങ്ങീ വന്യമൃഗങ്ങളെ കാണാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞപ്പോഴേ ചിലരുടെ ഹൃദയമിടിപ്പ് പുറത്തേക്ക് കേള്‍ക്കാന്‍ തുടങ്ങി. കാട്ടിലേക്ക് കയറുന്നതിന് മുമ്പ് തന്നെ സിംഹവാലന്‍ കുരങ്ങും മലയണ്ണാനും ഞങ്ങള്‍ക്ക് സ്വാഗതമോതി.

                        ബ്രഹ്മഗിരി കുന്നുകള്‍ കയറുന്നതിന് മുമ്പ് ഒരു വാച്ച് ടവര്‍ ഉണ്ട്.കാട്ടിലൂടെ 3 കിലോമീറ്ററോളം നടന്നാലേ അവിടെ എത്തൂ. വീണ്ടും ഒരു 3 കിലോമീറ്റര്‍ താണ്ടണം ബ്രഹ്മഗിരിയുടെ മണ്ടയിലെത്താന്‍. അപ്പോള്‍ ഏകദേശം 5250 അടി ഉയരത്തില്‍ ആയിരിക്കും നാം നില്‍ക്കുന്നത് അല്ലെങ്കില്‍ കിടക്കുന്നത്. ഒരു ഭാഗത്തേക്ക് തന്നെ മൂന്നര മണിക്കൂര്‍ സമയം നടക്കാനുണ്ട്. ഹൃദ്രോഗം, ശ്വാസം മുട്ടല്‍,ആസ്തമ,പേശിവലിവ്,മുട്ടുവേദന എന്നിവ ഉള്ളവരും അമിതവണ്ണം ഉള്ളവരും കയറാതിരിക്കുന്നതാവും നല്ലത്.

               കയ്യില്‍ കരുതിയിരുന്ന നേന്ത്രപ്പഴം കഴിച്ചു കൊണ്ടാണ് ഞങ്ങള്‍ ട്രക്കിംഗ് ആരംഭിച്ചത്.ആവശ്യത്തിന് വെള്ളവും കരുതിയിരുന്നെങ്കിലും വാച്ച് ടവര്‍ വരെ ഇടക്കിടക്ക് കാട്ടരുവികള്‍ ഉള്ളതിനാല്‍ അധികം വെള്ളമെടുക്കേണ്ട എന്ന് ഗൈഡുകള്‍ നിര്‍ദ്ദേശിച്ചു.പ്ലാസ്റ്റിക്ക് കുപ്പികളും കവറുകളും അനുവദനീയമല്ലതാനും. എന്നാലും അനുവാദം വാങ്ങി അത്യാവശ്യമായ ഭക്ഷണ സാധനങ്ങള്‍ (അവില്‍,ബ്രഡ്,പഴം) തുടങ്ങിയവ കൊണ്ടുപോകാം. അട്ടയെ അകറ്റാന്‍ ഉപ്പും അത്യാവശ്യം പ്രഥമശുശ്രൂഷാ മരുന്നുകളും എടുക്കുന്നതും എപ്പോഴും നല്ലതാണ്.

 ട്രക്കിംഗ് വിശേഷങ്ങള്‍ തുടരും....

3 comments:

Areekkodan | അരീക്കോടന്‍ said...

കാട്ടിലൂടെ 3 കിലോമീറ്ററോളം നടന്നാലേ അവിടെ എത്തൂ. വീണ്ടും ഒരു 3 കിലോമീറ്റര്‍ താണ്ടണം ബ്രഹ്മഗിരിയുടെ മണ്ടയിലെത്താന്‍.

© Mubi said...

ട്രക്കിംഗ് വിശേഷങ്ങള്‍ തുടരട്ടെ...

Areekkodan | അരീക്കോടന്‍ said...

Mubi...തുടരും....

Post a Comment

നന്ദി....വീണ്ടും വരിക