Pages

Wednesday, October 25, 2006

അബുവിന്റെ മുഹബ്ബത്ത്‌

ഓത്തുപള്ളിയിലെ ഏതോ ഒരു സന്ധ്യക്ക്‌ മുനിഞ്ഞ്‌ കത്തുന്ന പാനീസ്‌ വിളക്കിന്റെ വെളിച്ചത്തില്‍ സൈനബയെ കണ്ട അന്ന് മുതലാണ്‌ അബുവിന്റെ മനസ്സില്‍ സൈനബയോടുള്ള മുഹബ്ബത്ത്‌ പൊട്ടിമുളച്ചത്‌.ചുവപ്പില്‍ വെളുത്ത പുള്ളികളുള്ള കസവുതട്ടവും സ്വര്‍ണ്ണ നൂലിട്ട കുപ്പായവും വെള്ളക്കാച്ചിയുമുടുത്ത സൈനബ ....പാനീസിന്റെ അരണ്ട വെളിച്ചത്തില്‍ സൈനബ കൂടുതല്‍ സുന്ദരിയായി അബുവിന്‌ തോന്നി.പക്ഷേ സൈനബയോടത്‌ തുറന്ന് പറയാന്‍ അബുവിന്‌ ഒരു നാണം.പോരാത്തതിന്ന് അര്‍മാന്‍ മോല്യാര്‍ എന്ന വന്മതിലും.എന്നാലും മുഹബ്ബത്ത്‌ എങ്ങിനേ എങ്കിലും പ്രകടിപ്പിക്കാന്‍ അബു തീരുമാനിച്ചു.അപ്രകാരം മുഴുത്തൊരു വെള്ളത്തണ്ട്‌ ഒപ്പിച്ചതിന്റെ വേദന ചന്തിയില്‍ ഇപ്പോഴും തങ്ങിനില്‍ക്കുന്നു!ചന്തിയില്‍ മുള്ള്‌ കോറിയാലെന്താ...സൈനബക്കുള്ള വെള്ളത്തണ്ട്‌ കിട്ടിയില്ലേ...ഹൊ...രാമേട്ടന്റെ പട്ടിയുടെ അന്നത്തെ ആ വരവ്‌.....രാമേട്ടന്റെ കയ്യാലയില്‍ തൂങ്ങിക്കിടന്ന വെള്ളത്തണ്ട്‌ കണ്ടപ്പോള്‍ അത്‌ വേരോടെ പറിക്കാന്‍ തോന്നി......കുറുക്കന്‍,നായ,കീരി തുടങ്ങിയവ നുഴഞ്ഞ്‌ കയറുന്ന ഒരു സ്ഥലം കണ്ടെത്തി ശ്വാസം പോലും വിടാതെ ഇഴഞ്ഞിഴഞ്ഞ്‌ പറമ്പില്‍ കയറി.ഹായ്‌....ധാരാളം തുടുത്ത വെള്ളത്തണ്ടുകള്‍....ഏറ്റവും വലിയ ഒന്ന് പറിച്ച്‌ അടുത്തതിന്നായി തിരയുമ്പോളാണ്‌ രാമേട്ടന്റെ പട്ടി ഓടി വരുന്നത്‌ കണ്ടത്‌.ഒറ്റക്കുതിപ്പ്‌.മുന്നില്‍ മുള്ളുവേലി ഉണ്ടായിരുന്നത്‌ അറിഞ്ഞതേയില്ല.അബു അപ്പുറം പട്ടി ഇപ്പുറം.കുറെ ദൂരം ഓടിയപ്പോളാണ്‌ കാലിലൂടെ എന്തോ ഒലിക്കുന്നതായി തോന്നിയത്‌.ചന്തിയില്‍ മുള്ള്‌ കോറി ചോര ഒലിക്കുന്നത്‌ അപ്പോളാണ്‌ കണ്ടത്‌.സാരമില്ല...സൈനബക്ക്‌ വേണ്ടിയല്ലേ....പക്ഷേ ആ കള്ളബലാല്‍ കോമു ആ വെള്ളത്തണ്ട്‌ തട്ടിപ്പറിച്ചപ്പോള്‍ ഖല്‍ബിന്റെ കഷ്ണം പോയത്‌ പോലെ തോന്നി.അന്ന് ഓത്തുപള്ളിയില്‍ നിന്ന് മടങ്ങി വന്നപ്പോളാണ്‌ ഉമ്മ നെല്ലിക്ക ഉപ്പിലിടുന്നത്‌ കണ്ടത്‌.ഇനി നെല്ലിക്ക പാകമാകട്ടെ,സൈനബക്ക്‌ രണ്ടെണ്ണം കൊണ്ടുകൊടുക്കണം.പക്ഷെ അത്‌ അര്‍മാന്‍ മോല്യാരും കശപിശയാക്കി.അബു കഴിഞ്ഞ കഥകള്‍ അയവിറക്കി. ആയിടക്കാണ്‌ അബുവിന്റെ എളാപ്പ കോയാമു ഗള്‍ഫില്‍ നിന്ന് വന്നത്‌.എളാപ്പയുടെ വക അബുവിന്‌ നല്ലൊരു സമ്മാനമുണ്ടായിരുന്നു.അബു അത്‌ തിരിച്ചും മറിച്ചും നോക്കി. "എത്താ അബോ ജ്ജ്‌ കുര്‍ക്കന്‌ ആമ ക്ട്ട്‌യ മാതിരി ങനെ നോക്‌ക്‍ണാ..."ഉമ്മ അബുവിനോട്‌ ചോദിച്ചു. "ഇമ്മാ....ഇത്‌ ആപ്പ തെന്നതാ .....ഞെക്ക്യാ ചീറ്റ്‌ണ ശെന്റ്‌...." പിറ്റേ ദിവസം ഓത്തുപള്ളിയില്‍ പോകുമ്പോള്‍ ഉമ്മ കാണാതെ അബു ആ കുപ്പിയും കീശയിലിട്ടു.'ഓത്തുപള്ളിയിലെ എല്ലാര്‍ക്കും കാണിച്ച്‌ കൊടുക്കണം.സൈനബക്ക്‌ തൊട്ട്‌ നോക്കാനും കൊടുക്കണം.'അബു മനസ്സില്‍ കരുതി. അന്ന് അബു നേരത്തെ ഓത്തുപള്ളിയില്‍ എത്തി.ഭാഗ്യം...അര്‍മാന്‍ മോല്യാര്‍ എത്തിയിട്ടില്ല. "ബഡ്ക്കൂസുകളേ....ബഡ്ക്കൂസികളേ...." അബു ഗമയില്‍ ഞെളിഞ്ഞ്‌ നിന്ന് എല്ലാവരെയും വിളിച്ചു. "ഇന്റെ കീസേലെ സാനം കാണണെങ്കി ഒരു കോല്‌...സൈനബക്ക്‌ മാത്തിരം ഫ്‌രീ!!!" അബുവിന്റെ കീശയിലെ സാധനം കാണാന്‍ അബ്ദുവും ഐദറും കോമുവും കാദറും കൈസുവും പാത്തുവും സൈനബയും എല്ലാം തിക്കി തിരക്കി വന്നു. "തിക്കണ്ട തിക്കണ്ടാ..എല്ലാരും ബെരിബെരിക്ക്‌ നിന്നോളി..." "എടീ.....അന്റേമ്മന്ന് ഒര്‌ കോല്‌ന്റെ കസ്‌ണം ഇച്ചും തെരോ..." പാത്തുവിനോട്‌ അയ്ഷു ചോദിച്ചു. "ആരും കോല്‌ പൊട്ടിച്ചര്‌ത്‌...പൊട്ടിച്ച കോല്‌ ഇട്ക്കൂല..."അബുവിന്റെ അടുത്ത കല്‍പന വന്നു. "അബോ..... അയ്ദറു ബെടെ കൊള്ളി തീര്‌ണ്‌..." വരിയില്‍ തിരക്കി കയറാന്‍ ശ്രമിച്ച ഐദറിനെ തള്ളിമാറ്റിക്കൊണ്ട്‌ കാദര്‍ പറഞ്ഞു. " ആങ്കൂസമ്മാര്‌ ഒര്‌ ബെരി...പെങ്കൂസമ്മാര്‌ ബേറെ ബെരി..."അബു നിര്‍ദ്ദേശിച്ചു. " കോല്‌ന്‌ ബെല്‍പം എത്തര മാണം ?" കൈസു അബുവിനോട്‌ ചോദിച്ചു. "പെങ്കൂസമ്മാര്‌ ബെരീല്‌ ഏറ്റം മുന്ന്ല്‌ സൈനബ ബെരട്ടെ..."അബു നിര്‍ദ്ദേശങ്ങള്‍ കൊടുത്ത്‌ കൊണ്ടിരുന്നു. "അര്‍മാന്‍ മോല്യാര്‍ ....!!!"പെട്ടെന്നാരോ വിളിച്ച്‌ പറഞ്ഞു.വാണം വിട്ട പോലെ അബു മൂത്രപ്പുരയിലേക്കും മറ്റുള്ളവര്‍ ക്ലാസ്സിലേക്കും ഓടി മറഞ്ഞു. *********************************** കോല്‌: സ്ലേറ്റ്‌ പെന്‍സില്‍ കഷ്ണം.

5 comments:

Sul | സുല്‍ said...

അരീക്കോടാ ജ്ജ് ഞമ്മളെ ടെന്‍ഷനടിപ്പിക്കല്ലെ. അബു എപ്പൊയാ സൈനബാട് കാര്യം പറയാ?

ഗുഡ്. :)

അഗ്രജന്‍ said...

സുല്‍ പറഞ്ഞ പോലെ... അടുത്ത ഭാഗം എപ്പോ പ്രതീക്ഷിക്കാം... :)


ഖണ്ഡിക തിരിച്ചിട്ടാല്‍ വായിക്കാന്‍ സുഖം കൂടും!

അരീക്കോടന്‍ said...

ഞി അബൂന്‌ എത്താ ക്‌ട്ട്‌ണന്ന് നോക്കട്ടെ.....ഇപ്പം തന്നെ സൈനൂനോടണ്ട്‌ പറഞ്ഞാല്‌ പിന്നെ എത്താ കത????

മുസാഫിര്‍ said...

തുടക്കം നന്നായി.ബാക്കികുടെ പോരട്ടെ.

വല്യമ്മായി said...

അബുവിന്‍റേയും സൈനബയുടേയും പ്രണയ പരിണാമം അറിയാന്‍ തിരക്കായി,വേഗമെഴുതൂ അടുത്ത ഭാഗം.

Post a Comment

നന്ദി....വീണ്ടും വരിക