ആസ്പിന്‍ വാളിലെ കാഴ്ചകള്‍ വിസ്മയാവഹമാണ്. സാധാരണ ഇന്‍സ്റ്റലേഷനുകളില്‍ നിന്നും വ്യത്യസ്തമായി നിറവും ശബ്ദവും വെളിച്ചവും എല്ലാം ഉപയോഗിച്ചുകൊണ്ടുള്ള വിവിധ കലാകാരന്മാരുടെ ഭാവനകള്‍ നിറഞ്ഞതായിരുന്നു ഇത്തവണത്തെ കൊച്ചിന്‍ മുസ്‌രിസ് ബിനാലെ എന്ന് പറയാതിരിക്കാന്‍ വയ്യ.
അങ്ങനെ എത്തിപ്പെട്ടതാണ് ഈ ഇരുട്ട് മുറിയിലും. പക്ഷെ ഇടക്ക് വരുന്ന റോസ് വെളിച്ചത്തില്‍ കസേരയിലിരിക്കുന്ന ഒരു മനുഷ്യന്‍ തെളിഞ്ഞു കാണുന്നുണ്ട്. അത് യഥാര്‍ത്ഥ മനുഷ്യനല്ല എന്ന് സൂക്ഷിച്ച് നോക്കിയപ്പോഴാണ് അറിഞ്ഞത് - ഒരു മെഴുക് പ്രതിമ ! നാം അതിനടുത്ത് നില്‍ക്കുന്നതിനനുസരിച്ച് അത് ഉരുകിത്തീരുമത്രേ!
ശിതീകരിച്ച മുറിയായതിനാല്‍ അവിടെ കുറച്ച് നേരം തങ്ങാമെന്നുണ്ടായിരുന്നു. പക്ഷെ അയാള്‍ ഉരുകിത്തീര്‍ന്നാല്‍ എന്റെ പിന്നാലെ മലപ്പുറത്ത് നിന്നും കോഴിക്കോട് നിന്നും ഒക്കെ കഷ്ടപ്പെട്ട് വരുന്നവര്‍ക്ക് ഒന്നും കാണാനുണ്ടാകില്ലല്ലോ ...? ഞാനും കുടുംബവും മെല്ലെ അടുത്ത് മുറിയിലേക്ക് നീങ്ങി.പല വലിപ്പത്തിലുള്ള പല ജാതി ചിത്രങ്ങള്‍ ഫ്രെയിം ചെയ്ത് അടുത്തടുത്ത് തൂക്കിയിട്ടിരിക്കുന്നു. ഏത് നോക്കണം , എന്തിന് നോക്കണം എന്ന് സംശയിച്ചു. കുറെ സെല്‍ഫി ഭ്രാന്തന്മാര്‍ ഇവിടെ നിന്നും സെല്‍ഫി എടുക്കുന്നത് കണ്ടു. പത്ത് വര്‍ഷം മുമ്പ് വരെ പല വീടുകളുടെയും, സ്കൂളിന്റെയും ചുമരുകളില്‍ നിറഞ്ഞാടിയിരുന്നതും ഈ രൂപത്തിലുള്ള നമ്മുടെ ചിത്രങ്ങളായിരുന്നു എന്ന് അവര്‍ക്ക് അറിയില്ലായിരിക്കാം.
അലേഷ് ഷ്‌റ്റെയ്ഗറിന്റെ ‘ദ പിരമിഡ് ഓഫ് എക്സൈല്‍ഡ്’ പുറത്ത് നിന്ന് നോക്കിയാല്‍ ഒരു കൂറ്റന്‍ പിരമിഡ് ആണ്. ഒരു വാതിലിലൂടെ അകത്ത് കടന്നപ്പോഴാണ് അതിനുള്ളിലെ ഇരുട്ട് മനസ്സിലായത്. അല്പ നേരം സംശയിച്ച് നിന്നു , ടോര്‍ച്ച് അടിക്കണോ വേണ്ടേ എന്ന്. പിന്നെ രണ്ടും കല്പിച്ച് അതിനുള്ളിലൂടെ നടന്നു. മങ്ങിയ വെളിച്ചത്തില്‍ ഉയരുന്ന പ്രത്യേക ഗീതങ്ങള്‍ എന്തിനെയൊക്കെയോ ഓര്‍മ്മിപ്പിക്കുന്നു. പുറത്തേക്കുള്ള വഴി കണ്ടെത്തിയപ്പോഴേക്കും പിന്നിലുള്ളവര്‍ മൊബൈല്‍ ഫ്ലാഷ്‌ലൈറ്റിന്റെ വെളിച്ചത്തില്‍ വരുന്നത് കണ്ടു. അവര്‍ക്ക് ഇത് ഒട്ടും ആസ്വദിക്കാന്‍ സാധിച്ചിട്ടുണ്ടാകില്ല എന്ന് തീര്‍ച്ച.
‘ദ പിരമിഡ് ഓഫ് എക്സൈല്‍ഡ്’ , "Sea of Pain" , ‘ഡാന്‍സ് ഓഫ് ഡെത്ത്’ എന്നിവയാണ് കൊച്ചിന്‍ മുസ്‌രിസ് ബിനാലെയില്‍ നിര്‍ബന്ധമായും കാണേണ്ട ഇന്‍സ്റ്റലേഷനുകള്‍ എന്ന് ഇവിടെ വായിച്ചിരുന്നു. ഇതില്‍ മൂന്നാമത്തേത് കാണാന്‍ കൊതിക്കുമ്പോഴേക്കും സമയം ആറ് മണിയായിരുന്നു. കൃത്യം ആറ് മണിക്ക് തന്നെ ലൈറ്റുകള്‍ അണയാനും മുറികള്‍ക്ക് താഴ് വീഴാനും തുടങ്ങി. ഒഴിവ് ദിനമായിട്ടു പോലും ഇത്രയും കൃത്യമായി അടച്ചുപൂട്ടിയതിലുള്ള പ്രതിഷേധവും ‘ഡാന്‍സ് ഓഫ് ഡെത്ത്’ കാണാന്‍ സാധിക്കാത്തതിലുള്ള അമര്‍ഷവും മനസ്സില്‍ അടക്കി ഈ വര്‍ഷത്തെ ബിനാലെ കാഴ്ചകള്‍ക്ക് തിരശീലയിട്ട് ഞങ്ങള്‍ കായല്‍ തീരത്തേക്ക് നീങ്ങി
(വേറെ നിരവധി ഇന്‍സ്റ്റലേഷനുകള്‍ കണ്ടിട്ടുണ്ട്....എല്ലാം കൂടി ഇവിടെ നിരത്താന്‍ വയ്യ).
3 comments:
ഒരു മുറി നിറയെ വെള്ളം നിറച്ചുള്ള ഈ ഇന്‍സ്റ്റലേഷനിലൂടെ നടന്നു നീങ്ങുമ്പോള്‍ ഐലന്‍ കുര്‍ദിയും മറ്റു നിഷ്കളങ്കരായ നിരവധി ജീവിതങ്ങളും നമ്മുടെ മനോമുകുരത്തില്‍ അശ്രുകണങ്ങള്‍ സൃഷ്ടിക്കും.
Sea of Pain -നെ കുറിച്ച് വായിച്ചിരുന്നു. ഈ പോസ്റ്റില്‍ പരാമര്‍ശിച്ച ഇന്‍സ്റ്റലേഷനുകളെല്ലാം ഒന്നിനൊന്ന് മെച്ചം.. നന്ദി മാഷേ
Mubi...വായനക്ക് നന്ദി
Post a Comment
നന്ദി....വീണ്ടും വരിക