Pages

Thursday, June 20, 2024

ഓർമ്മകളുടെ സുഗന്ധം

സ്കൂളിൽ പഠിക്കുന്ന കാലത്ത് വേനലവധി ആകാൻ എല്ലാ കുട്ടികളെയും പോലെ ഞാനും ആഗ്രഹിച്ചിരുന്നു. രണ്ട് മാസം കളിച്ച് തിമർക്കുന്നതിന് പുറമെ ഞങ്ങൾക്ക് മറ്റൊരു സന്തോഷവും വേനലവധികൾ തന്നിരുന്നു. ബാപ്പയുടെ നാടായ പേരാമ്പ്രയിലേക്ക് വർഷത്തിൽ ഒരിക്കലുള്ള ബാപ്പയുടെ യാത്ര വേനലവധിക്കാലത്താണ് നടത്താറ്. ബാപ്പയുടെ കൂടെ ഉമ്മയും മക്കളായ ഞങ്ങളും പോകും. രണ്ട് ബസ്സുകൾ മാറിക്കയറണം എന്നതും കോഴിക്കോട് എന്ന അന്നത്തെ കാലത്തെ മഹാനഗരം കാണാമെന്നതും ഒക്കെ ആ യാത്രയുടെ ത്രില്ലിംഗ് എക്പിരിയൻസുകളാണ്. 

യാത്ര പോകാനുള്ള ദിവസം ബാപ്പ നേരത്തെ തന്നെ തീരുമാനിച്ച് പ്രഖ്യാപ്പിക്കുന്നതിനാൽ കളിക്കൂട്ടുകാർക്കിടയിൽ "നാട്ടിൽ പോവുന്ന" വിവരം പറഞ്ഞ് അവരെ കൊതിപ്പിക്കുന്നതും ഒരു രസമായിരുന്നു. ഞങ്ങളെപ്പോലെ പോകാൻ അവർക്കൊന്നും "നാടി"ല്ലാത്തത് എന്ത് കൊണ്ട് എന്ന് കുഞ്ഞു മനസ്സിൽ അന്ന് ചോദ്യങ്ങളും ഉയർന്നിരുന്നു.

നാട്ടിൽ പോയാൽ മൂത്താപ്പയുടെ വീട്ടിലാണ് ബാപ്പയുടെയും ഞങ്ങളുടെയും താമസം. അക്കാലത്ത് എനിക്ക് നെയ്ചോറും ബിരിയാണിയും ഒന്നും ഇഷ്ടമില്ലായിരുന്നു. ഇന്ന് കാണുന്ന ബിരിയാണിയുടെ സഹോദരീ സഹോദരന്മാർ ഒന്ന് പോലും അന്ന് ഭൂജാതരായിരുന്നുമില്ല.  അരി അമ്മിയിൽ ഇട്ടരച്ച് മൂത്തുമ്മ ഉണ്ടാക്കുന്ന ടയർ പത്തിരിയും നാടൻ കോഴിക്കറിയും ആണ് അതിഥി സൽക്കാരത്തിലെ പ്രധാന വിഭവം. 

എൻ്റെ സമപ്രായക്കാരനായ മൂത്താപ്പയുടെ മകൻ മജീദുമായിട്ടായിരുന്നു ഞങ്ങളുടെ പ്രധാന കൂട്ട്. തലയിണയിൽ കയറി ഇരുന്ന് തിണ്ണയിലൂടെ ( ഞാൻ ആദ്യമായി തിണ്ണ കണ്ടത് അവിടെയാണ് ) യുള്ള ബസ് ഓടിച്ച് കളി, രാവിലെ പറമ്പിൽ പോയുള്ള വെളിയിട വിസർജനം, വിവിധ മാവുകളിൽ കയറിയുള്ള മാങ്ങാ പറി അല്ലെങ്കിൽ എറിഞ്ഞ് വീഴ്ത്തൽ, എല്ലാ ബന്ധുക്കളുടെയും വീട് സന്ദർശനം തുടങ്ങി നിരവധി കാര്യങ്ങൾ മൂന്ന് ദിവസത്തെ വാസത്തിനിടയിൽ മജീദിൻ്റെ നേതൃത്വത്തിൽ ഞങ്ങൾ ചെയ്ത് തീർക്കാറുണ്ട്. 

മൂത്താപ്പയുടെ മൂത്ത മകൻ മുഹമ്മദ് കാക്കയുടെ ശേഖരത്തിലെ പുസ്തകങ്ങൾ വായിക്കാനും അന്ന് സമയം കണ്ടെത്തിയിരുന്നു. ബഷീർ കൃതികൾ മിക്കവയും ആദ്യമായി വായിച്ചത് അവിടെ നിന്നാണ്. മൂത്താപ്പയുടെ മറ്റൊരു മകനായ അബ്ദുള്ള കാക്ക തൻ്റെ പെട്ടിക്കടയിലെ മിഠായിയും മറ്റും തരുമായിരുന്നു. വിവിധ ഭരണികളിൽ വച്ച മിഠായികൾ എല്ലാം കൂടി കൊണ്ടു പോകാൻ സൗകര്യത്തിന് ഒരു തക്കാളി പെട്ടിയിൽ അടുക്കി വച്ചത് കൊണ്ടാണ് ഈ കടയ്ക്ക് പെട്ടിക്കട എന്ന് പറയുന്നത് എന്നായിരുന്നു എൻ്റെ ധാരണ.ബഷീർ കഥകളിലെ കഥാ പാത്രങ്ങളായ പാത്തുമ്മയും സുഹറയും റാബിയയും ആയിരുന്നു മൂത്താപ്പയുടെ മറ്റ് മക്കൾ.

ബന്ധു വീടുകളിൽ ഏറ്റവും അടുത്തുള്ളതാണ് കടുവന കുന്നത്ത് വീട്. എലിപ്പാറക്കൽ  അമ്മായിയുടെ മകൻ അബ്ദുള്ളക്കുട്ടി കാക്ക (അവുള കുട്ടി എന്നാണ് വിളിക്കുക)യാണ് അവിടെ താമസം. അബ്ദുള്ള കുട്ടി കാക്കാക്ക് മൂന്ന് പെൺമക്കൾ ആയതിനാൽ ആ വീട്ടിൽ പോകാൻ ഞങ്ങൾക്ക് അത്ര താല്പര്യം ഉണ്ടായിരുന്നില്ല. പക്ഷേ, വീടിൻ്റെ തൊട്ടടുത്ത് തന്നെ ഒരു സ്രാമ്പിയും (ചെറിയ നമസ്കാരപ്പള്ളി) അതിനൊരു കുളവും ഉണ്ടായിരുന്നു. 

പ്രസ്തുത കുളത്തിൽ നീന്തിക്കളിക്കാൻ വീട്ടിൽ നിന്ന് അനുവാദം കിട്ടില്ല എന്നതിനാൽ കടുവന കുന്നത്ത് വീട്ടിൽ പോകുന്നു എന്ന വ്യാജേനയാണ് മജീദിൻ്റെ നേതൃത്വത്തിൽ കുളത്തിലേക്ക് പോകാറുണ്ടായിരുന്നത്. ആവോളം നീന്തി കുളം ആകെ കലക്കി മറിക്കുമ്പോൾ മൂന്ന് പറമ്പ് മുകളിൽ താമസിക്കുന്ന മറ്റൊരു വീട്ടുകാരനിൽ നിന്ന് (സ്രാമ്പി പരിപാലകൻ അദ്ദേഹമായിരുന്നു എന്ന് തോന്നുന്നു) ഒരു ഘോരശബ്ദം ഉയരും. അതോടെ കുളിയും കളിയും നിർത്തി തല തുവർത്തി സ്രാമ്പിയിൽ കയറി ളുഹർ നമസ്കാരവും നിർവ്വഹിച്ച് ഒരു ചടങ്ങിന് അബ്ദുള്ളക്കുട്ടി കാക്കയെ സന്ദർശിച്ച ശേഷം വീട്ടിലേക്ക് തിരിച്ച് പോരും.

ഇക്കഴിഞ്ഞ ജൂൺ രണ്ടിന് കടുവന കുന്നത്തെ പേരക്കുട്ടികളിൽ ഒരാളുടെ കല്യാണമായിരുന്നു. സ്രാമ്പിയും കുളവും എല്ലാം ഇപ്പഴും ഉണ്ടെന്നറിഞ്ഞതോടെ കല്യാണത്തിന് നിർബന്ധമായും പോകണം എന്ന ചിന്ത എൻ്റെ മനസ്സിൽ ഉടലെടുത്തു. മാത്രമല്ല,പണ്ട് നടന്ന് പോയിരുന്ന  പാടവരമ്പത്ത് കൂടെയുള്ള  വഴി ഉണ്ടെങ്കിൽ അതിലൂടെ തന്നെ നടന്ന് പോകണം എന്നും തീരുമാനിച്ചു. മജീദിനെ വിളിച്ചപ്പോൾ പഴയ വഴി ഉണ്ടെന്നും വരമ്പ് വീതി കൂട്ടി നടവഴി ആക്കിയിട്ടുണ്ടെന്നും അറിഞ്ഞു. 

മജീദിൻ്റെ വീട്ടുമുറ്റത്ത് കാർ നിർത്തി മക്കളെയും കൊണ്ട് മജീദിൻ്റെ കൂടെ ഞാൻ വീണ്ടും ആ വഴിയിലൂടെ നടന്നു. ഓർമ്മകളുടെ സുഗന്ധം എൻ്റെ മനസ്സിലേക്ക് ഇരച്ചു കയറിക്കൊണ്ടിരുന്നു. കല്യാണ വീട്ടിലേക്ക് കയറും മുമ്പ് തന്നെ സ്രാമ്പിയും കുളവും സന്ദർശിച്ച് ആ പഴയ കഥകൾ എൻ്റെ മോന് പറഞ്ഞു കൊടുത്തു. അവൻ്റെ മൂക്കിൽ അപ്പോൾ, കല്യാണപ്പന്തലിലെ മന്തിയുടെ മണമായിരുന്നു അടിച്ചു കയറിയിരുന്നത്.



Sunday, June 16, 2024

എരിവും പുളിയും

"സാർ... ഇന്ന് കാട കഴിക്കാൻ പോകാം.." ശ്രീകൃഷ്ണപുരം മണ്ണമ്പറ്റയിലെ താമസകാലത്ത് മിക്ക ബുധനാഴ്ചകളിലും വൈകിട്ട് ജയപാലൻ മാഷ് പ്രകടിപ്പിക്കാറുള്ള ഒരാഗ്രഹമാണിത്. തൊട്ടടുത്ത സ്ഥലമായ ശ്രീകൃഷ്ണപുരത്തോ കടമ്പഴിപ്പുറത്തോ ഒന്നും കാട ഫ്രൈ കിട്ടാനില്ല. അത് കഴിക്കണമെങ്കിൽ പത്ത് കിലോമീറ്റർ സഞ്ചരിച്ച് ആറ്റാശ്ശേരി എന്ന  ഉൾഗ്രാമത്തിലെ "എരിവും പുളിയും" എന്ന ഹോട്ടലിലെത്തണം. രാത്രി ഞങ്ങൾക്ക്  പ്രത്യേകിച്ച് ഒരു പരിപാടിയും ഇല്ലാത്തതിനാലും ഷൈൻ സാറിൻ്റെ വണ്ടി ഉള്ളതിനാലും പ്രസ്തുത ആഗ്രഹം നിറവേറ്റാൻ ഞാനും റഹീം മാഷും പിന്നെ എതിര് നിൽക്കാറില്ല.

കാൻ്റീനിലെ ഉച്ച ഭക്ഷണം കഴിക്കുന്നതിനിടക്കാണ് ഒരു ദിവസം യാദൃശ്ചികമായി "എരിവും പുളിയും" എന്ന പേര് ആദ്യമായി കേട്ടത്. ബാച്ചിലർമാരായ ചില അദ്ധ്യാപകർക്ക് രുചികൾ തേടിയുള്ള യാത്ര ഒരു ഹരമായതിനാൽ കോളേജിൻ്റെ പത്ത് കിലോമീറ്റർ ചുറ്റളവിലുള്ള മിക്ക ടേസ്റ്റ് സ്പോട്ടുകളും കോളേജിൽ പാട്ടായിരുന്നു. എന്നാൽ മേൽ പറഞ്ഞ സ്പോട്ടിൽ സ്ത്രീകൾ പോകുന്നത് ഉത്തമമല്ല എന്ന് കൂടി അവർ പറഞ്ഞു വച്ചു. കാരണം ഹോട്ടലിനും മുമ്പേ ആ പേരിൽ പ്രശസ്തമായത് അതേ മാനേജ്മെന്റിന്റെ കള്ളുഷാപ്പായിരുന്നു. അതും തൊട്ടടുത്ത് തന്നെ.
രാത്രി ഇഡ്‌ലി കഴിക്കുന്നത് ഹോബിയാക്കി മാറ്റി ഇഡലി ഹബ്ബിൽ പോയതും   ദോശ തേടി അഴിയന്നൂർ വരെ പോയതും   "മിക്സിംഗ്" കഴിക്കാനായി കൂട്ടിലക്കടവിൽ പോയതും   എല്ലാം നാവിൻ തുമ്പിൽ രുചി മുകുളങ്ങളായി നിറഞ്ഞ് നിൽക്കുന്നതിനാൽ,
ഒരു ദിവസം രാത്രി ഞങ്ങളുടെ ടീം "എരിവും പുളിയും" വിലുമെത്തി. 

പഴയ ഒരു വീട് മനോഹരമായി ഡിസൈൻ ചെയ്ത് ദീപങ്ങൾ കൊണ്ട് അലങ്കരിച്ചതായിരുന്നു "എരിവും പുളിയും". മെയിൻ റോഡിൽ നിന്ന് അഞ്ച് കിലോമീറ്റർ ഉള്ളോട്ട് സഞ്ചരിച്ചാലേ അവിടെ എത്തൂ. എന്നിട്ടും രാത്രി അവിടെ അത്യാവശ്യം നല്ല തിരക്കുണ്ടായിരുന്നു. കാരണം, അവിടത്തെ ഫുഡ് വെറൈറ്റി തന്നെയായിരുന്നു.

സാധാരണ കാണപ്പെടുന്ന ചിക്കൻ - ബീഫ് ഐറ്റങ്ങൾക്ക് പുറമേ കാട, മുയൽ, ചെമ്മീൻ, കരിമീൻ,കൂന്തൾ തുടങ്ങീ വിവിധതരം മത്സ്യങ്ങൾ കൊണ്ടുള്ള വിഭവങ്ങളും ഇവിടെ ലഭിക്കും. ചുമരിലെ മനോഹരമായ വാക്യങ്ങളിലൂടെയും ഇല്ലസ്ട്രേഷനിലൂടെയും അത് നമ്മുടെ തീൻ മേശയിൽ അവർ എത്തിക്കും!!  

രുചിയിലും "എരിവും പുളിയും" മുമ്പിലാണ്. ബില്ലും കീശ കീറാത്ത തരമാണ് എന്നതിനാൽ ഏതൊരാൾക്കും ഇഷ്ടപ്പെടും. കാട ഫ്രൈയും പൊറോട്ടയും ചിക്കൻ ഗ്രേവിയും ആയിരുന്നു ഞങ്ങളുടെ ഇഷ്ട വിഭവം.ഏഴ് മണിക്ക് ശേഷം ഒരു തരം ചായയും അവിടെ കിട്ടില്ല എന്നതാണ്  ഞങ്ങൾ അനുഭവിച്ചിരുന്ന ഒരേ ഒരു ബുദ്ധിമുട്ട്.

ഷൈൻ സാർ തൃശൂരിലേക്ക് സ്ഥലം മാറിപ്പോയ ശേഷം, ഞാൻ കാറുമായി കോളേജിൽ എത്തുന്ന ദിവസങ്ങളിൽ മാത്രമേ ജയപാലൻ മാഷക്ക് കാട തിന്നാനുള്ള ആഗ്രഹം മുളക്കാറുള്ളൂ. അങ്ങനെ ഒരു ദിവസം, പുതുതായി വന്ന ഷിബു സാറെയും കൂട്ടി ഡ്രൈവ് ചെയ്ത് അവിടെ എത്തിയപ്പോൾ ഹോട്ടൽ പൂട്ടിയതായി കണ്ടു. നേരത്തെ പറഞ്ഞ കള്ളുഷാപ്പിൻ്റെ ഒരു വശത്തേക്ക് മാറ്റിയതാണെന്ന് അന്വേഷണത്തിൽ നിന്നറിഞ്ഞു. പഴയ ആമ്പിയൻസ് കിട്ടാത്തതിനാലും കാട കിട്ടാത്തതിനാലും അന്ന് ഒരു രസവും തോന്നിയതുമില്ല.

2023 നവമ്പറിൽ ഞാ കോഴിക്കോട്ടേക്ക് സ്ഥലം മാറിപ്പോന്നു. ജയപാലൻ മാഷ് റിട്ടയർ ആവുകയും ചെയ്തു. ഇപ്പോൾ ആ "എരിവും പുളിയും" ഉണ്ടോ ആവോ?

Sunday, June 09, 2024

നിൻ്റെ ഓർമ്മയ്ക്ക്

എൻ്റെ മൂന്നാമത്തെ പുസ്തകത്തിൻ്റെ പ്രസാധനവുമായി ബന്ധപ്പെട്ടാണ് ഞാൻ കോഴിക്കോട് പെൻഡുലം ബുക്സ് എം.ഡി. ജസീൽ നാലകത്തുമായി പരിചയപ്പെടുന്നത്. നേരിൽ കണ്ട് മുട്ടിയ ദിവസത്തെ സംസാരത്തിൽ തന്നെ ഞാൻ എൻ്റെ പുസ്തകക്കമ്പത്തെക്കുറിച്ചും ഹോം ലൈബ്രറിയെക്കുറിച്ചും സൂചിപ്പിക്കുകയും ഓഫറിൽ പുസ്തകങ്ങൾ നൽകുമ്പോൾ അറിയിക്കണം എന്ന് പറഞ്ഞു വയ്ക്കുകയും ചെയ്തു.

പുസ്തക പ്രസാധനം നടന്നില്ലെങ്കിലും എൻ്റെ പുസ്തക പ്രേമം ജസീൽ മനസ്സിലിട്ടു. മെയ് അവസാന വാരം, ഡി. സി ബുക്സ് പ്രസിദ്ധീകരിച്ച ആറ് പുസ്തകങ്ങളുടെ ഫോട്ടോ എനിക്കയച്ച് തന്ന് അവ നാൽപത് ശതമാനം കുറവിൽ നൽകുന്നതായി അറിയിച്ചു. ഓർഡർ ചെയ്ത ആൾ ഒഴിഞ്ഞതാണെന്നും പുസ്തകങ്ങൾ എല്ലാം പുതിയതാണെന്നും ആവശ്യമുണ്ടെങ്കിൽ വൈകുന്നേരത്തോടെ തന്നെ അറിയിക്കണമെന്നും  ജസീൽ പറഞ്ഞു. 

പ്രസ്തുത പുസ്തകങ്ങളിൽ ശ്രീ.എം.ടി. വാസുദേവൻ നായരുടെ "നിൻ്റെ ഓർമ്മയ്ക്ക് " എന്ന പുസ്തകം മാത്രമായിരുന്നു എനിക്ക് പരിചയമില്ലാത്തത്. എങ്കിലും എൻ്റെ ശേഖരത്തിലുള്ള ഒരു പുസ്തകം മാത്രം ഒഴിവാക്കി ബാക്കി അഞ്ചെണ്ണം അയക്കാൻ ഞാൻ പറഞ്ഞു. കാശ് ഉടനെ ചോദിച്ചെങ്കിലും മറ്റൊരനുഭവം ഉള്ളതിനാൽ പുസ്തകങ്ങൾ വീട്ടിലെത്തിയ ശേഷം അയക്കാം എന്നറിയിച്ചു. അവ എത്തിയ ഉടനെ ഒന്ന് ഓടിച്ച് മറിച്ച ശേഷം  മുഴുവൻ പുസ്തകത്തിൻ്റെയും വില ഞാൻ അടച്ചു.

ഈ മാസത്തെ വായനക്കായി ഞാൻ തെരഞ്ഞെടുത്ത പുസ്തകങ്ങളിൽ ഒന്ന് "നിൻ്റെ ഓർമ്മയ്ക്ക് " ആയിരുന്നു. ആദ്യ കഥയായ 'ഒരു പിറന്നാളിൻ്റെ ഓർമ്മയ്ക്ക്' ' എന്ന കഥ വായിച്ചപ്പോൾ തന്നെ മനസ്സൊന്ന് പിടഞ്ഞു. സർക്കസ് കൂടാരത്തിലെ കലാകാരികളുടെ കഥ  പറയുന്ന 'വളർത്തുമൃഗങ്ങൾ' വായിച്ചതോടെ വീണ്ടും ഒരു നീറ്റൽ അനുഭവപ്പെട്ടു. ടൈറ്റിൽ കഥയായ "നിൻ്റെ ഓർമ്മയ്ക്ക് " സ്വന്തം ജീവിതത്തിൽ നിന്ന് ചീന്തിയ ഒരു ഏടായതിനാൽ മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തി. "മരണത്തിൻ്റെ കൈത്തെറ്റ് " എന്ന കഥയും അവസാന പേജിലെത്തിയപ്പോൾ വേദനാജനകമായി. നിഗൂഢതകൾ നിറഞ്ഞ "കോട്ടയുടെ നിഴൽ" എന്ന കഥയിലും സിതാറിൻ്റെ ഈണത്തെക്കാൾ നൊമ്പരത്തിൻ്റെ കാറ്റാണ് ഉയരുന്നത്. അവസാന കഥയായ "ഓപ്പോൾ" മനസ്സിനെ പിടിച്ചു കുലുക്കുക തന്നെ ചെയ്തു.(എന്നെ അൽപനേരം ബാല്യകാലത്തേക്ക് നയിച്ച ഒരു കഥ കൂടിയാണ് ഓപ്പോൾ അത് പിന്നീട് പറയാം).

ഒറ്റ ഇരുപ്പിന് വായിച്ചാൽ ഒരു പക്ഷേ മാനസികാസ്വാസ്ഥ്യം തന്നെ നേരിട്ടേക്കാവുന്ന വിധത്തിലുള്ള ആറ് കഥകൾ അടങ്ങുന്ന ഈ പുസ്തകം എല്ലാവരും വായിക്കണം എന്നാണ് എൻ്റെ എളിയ അഭിപ്രായം.


പുസ്തകം : നിൻ്റെ ഓർമ്മയ്ക്ക്

രചയിതാവ്: എം.ടി. വാസുദേവൻ നായർ

പ്രസാധകർ : ഡി.സി.ബുക്സ്

പേജ്: 94

വില: 120 രൂപ

Tuesday, June 04, 2024

കോയ മാസ്റ്ററുടെ ക്വാളിഫിക്കേഷൻ

സ്റ്റാഫ് റൂമിലെ വിവിധ ചർച്ചകൾക്ക് തിരി കൊളുത്തുന്നത് മലയാളം അധ്യാപികയായ സുഭദ്ര ടീച്ചറാണ് . സ്കൂളിൻ്റെ വാട്സാപ്പ് ഗ്രൂപ്പിലും പോസ്റ്റുകളും അതിനെക്കാളധികം ഫോർവേഡ് മെസേജുകളും ഇടുന്നതും സുഭദ്ര ടീച്ചറാണ്.

"ആർക്കൊക്കെയാ കൗണ്ടിംഗ് ഡ്യൂട്ടി ഉള്ളത് ?" പുതിയ അദ്ധ്യയന വർഷത്തെ സ്റ്റാഫ് റൂം ചർച്ചയുടെ ഉദ്ഘാടനം സുഭദ്ര ടീച്ചർ തന്നെ നിർവ്വഹിച്ചു.

"കൗണ്ടിംഗ് ഡ്യൂട്ടിയോ? അതെന്താ?" നാൽപത് ദിവസം മുമ്പ് നടന്ന തെരഞ്ഞെടുപ്പ് മാമാങ്കം തന്നെ മറന്ന് പോയ ശ്രീമതി ടീച്ചർ സംശയം പ്രകടിപ്പിച്ചു.

"അതേയ് കഴിഞ്ഞ ഏപ്രിൽ 26 ന് നമ്മളെല്ലാവരും കൂടി പെട്ടിക്കുള്ളിലാക്കിയ ഒരു ഭൂതമുണ്ട് ... അതിനെ തുറന്ന് വിടുന്ന പരിപാടിയാ..." സാമൂഹ്യ ശാസ്ത്ര അദ്ധ്യാപകനായ കൃഷ്ണൻ മാസ്റ്റർ പറഞ്ഞു.

"ഏതായാലും എനിക്ക് ആ ഡ്യൂട്ടി ഇല്ല .." ശ്രീമതി ടീച്ചർ പറഞ്ഞു.

"എനിക്കും വന്നിട്ടില്ല.." കൃഷ്ണൻ മാസ്റ്ററും പറഞ്ഞു.

" പോളിംഗ് ഡ്യൂട്ടി ഉണ്ടായിരുന്നെങ്കിലും കൗണ്ടിംഗ് ഡ്യൂട്ടി വന്നിട്ടില്ല.... " മോഹൻ മാഷും പറഞ്ഞു.

"കോയ മാഷ് എന്താ ഒന്നും പറയാത്തത്?" സുഭദ്ര ടീച്ചർ ചോദിച്ചു.

"ആ... ഡ്യൂട്ടി ഇല്ലാത്ത മഹാൻമാരെ ഒക്കെ ഒന്ന് അറിയാന്ന് കരുതി ഞാൻ മിണ്ടാതിരുന്നതാ..."

"അപ്പോ മാഷക്ക് കൗണ്ടിംഗ് ഡ്യൂട്ടി ഉണ്ട് അല്ലേ?"

"ഉം"

"പോളിംഗ് ഡ്യൂട്ടിയും ഉണ്ടായിരുന്നില്ലേ ?"

"ഉം"

"ഭാഗ്യവാൻ " സുഭദ്ര ടീച്ചറുടെ കമൻ്റ് കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു.

"അതേയ്... അങ്ങനെ ചിരിക്കണ്ട... രണ്ട് പ്രധാനപ്പെട്ട ക്വാളിഫിക്കേഷൻ ഉള്ളവരെയാ തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ പണി ഏൽപിച്ചത്.." കോയ മാസ്റ്റർ പറഞ്ഞു.

"ങാ..ഹാ.. അതെന്താ കോയ മാസ്റ്റർക്ക് ഉള്ളതും ഞങ്ങൾക്ക് ആർക്കും ഇല്ലാത്തതുമായ ക്വാളിഫിക്കേഷൻ ?" സുഭദ്ര ടീച്ചർക്ക് ആകാംക്ഷയായി. സ്റ്റാഫ് റൂമിലെ മറ്റ് എല്ലാവരും കോയ മാസ്റ്റർ പറയുന്നതിലേക്ക് ശ്രദ്ധ തിരിച്ചു.

"ആ... ഒന്നാമത്തേത്... ഇലക്ഷൻ ഡ്യൂട്ടി കിട്ടിയാൽ അത് ആത്മാർത്ഥമായി അസ്സലായി ചെയ്ത് കൊടുക്കണം... അല്ലാതെ അമ്മായിയുടെ നാത്തൂൻ്റെ മകളുടെ കല്യാണവും എളാമയുടെ അയൽവാസിയുടെ അനിയത്തിയുടെ പാലുകാച്ചലും ഒക്കെ പറഞ്ഞ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാകലല്ല ... ചുരുക്കിപ്പറഞ്ഞാൽ കമ്മീഷൻ്റെ കണ്ണിലുണ്ണിയായ ജീവനക്കാരനാകണം... തിരിഞ്ഞോ ക്രിഷ്ണൻ മാഷേ ..." കൃഷ്ണൻ മാഷെ നേരെ നോക്കി കോയ മാഷ് ചോദിച്ചു.

"ങാ... രണ്ടാമത്തെ ക്വാളിഫിക്കേഷൻ കേൾക്കട്ടെ..." സുഭദ്ര ടീച്ചർ പറഞ്ഞു.

"ആ... പറയാം... നിങ്ങള് തോക്ക്ല് കേറി വെടി വയ്ക്കല്ലി ..."

"ആ... കേൾക്കട്ടെ."

"രണ്ടാമത്തേതാണ് ഏറ്റവും ഇമ്പോർട്ടൻ്റ് ആൻ്റ് മോസ്റ്റ് റിക്വയേർഡ് ക്വാളിഫിക്കേഷൻ "

"ങേ..." എല്ലാവരും ഞെട്ടി.

"അതായത് ഒരു രണ്ട് ലക്ഷം വരെയൊക്കെ എണ്ണാൻ അറിയുന്നവർ കൂടി ആയിരിക്കണം.."

"ങേ!! അതെന്തിനാ?"

"അതേയ്... പണ്ടത്തെ കാലമല്ല ... ഭൂരിപക്ഷം ഒക്കെ ലക്ഷത്തിൻ്റെ മേലെയാണ്.... അപ്പോ അത്രയൊക്കെ എണ്ണാൻ അറിഞ്ഞെങ്കിലല്ലേ കൗണ്ടിംഗ് എന്ന ഡ്യൂട്ടിക്ക് നിങ്ങളെയൊക്കെ നിയോഗിച്ചിട്ട് കാര്യമുള്ളൂ സുഭദ്ര ടീച്ചറേ..."

കോയ മാസ്റ്ററുടെ ക്വാളിഫിക്കേഷൻ കേട്ട ആരും പിന്നെ ഒന്നും പറഞ്ഞില്ല.