Pages

Tuesday, June 04, 2024

കോയ മാസ്റ്ററുടെ ക്വാളിഫിക്കേഷൻ

സ്റ്റാഫ് റൂമിലെ വിവിധ ചർച്ചകൾക്ക് തിരി കൊളുത്തുന്നത് മലയാളം അധ്യാപികയായ സുഭദ്ര ടീച്ചറാണ് . സ്കൂളിൻ്റെ വാട്സാപ്പ് ഗ്രൂപ്പിലും പോസ്റ്റുകളും അതിനെക്കാളധികം ഫോർവേഡ് മെസേജുകളും ഇടുന്നതും സുഭദ്ര ടീച്ചറാണ്.

"ആർക്കൊക്കെയാ കൗണ്ടിംഗ് ഡ്യൂട്ടി ഉള്ളത് ?" പുതിയ അദ്ധ്യയന വർഷത്തെ സ്റ്റാഫ് റൂം ചർച്ചയുടെ ഉദ്ഘാടനം സുഭദ്ര ടീച്ചർ തന്നെ നിർവ്വഹിച്ചു.

"കൗണ്ടിംഗ് ഡ്യൂട്ടിയോ? അതെന്താ?" നാൽപത് ദിവസം മുമ്പ് നടന്ന തെരഞ്ഞെടുപ്പ് മാമാങ്കം തന്നെ മറന്ന് പോയ ശ്രീമതി ടീച്ചർ സംശയം പ്രകടിപ്പിച്ചു.

"അതേയ് കഴിഞ്ഞ ഏപ്രിൽ 26 ന് നമ്മളെല്ലാവരും കൂടി പെട്ടിക്കുള്ളിലാക്കിയ ഒരു ഭൂതമുണ്ട് ... അതിനെ തുറന്ന് വിടുന്ന പരിപാടിയാ..." സാമൂഹ്യ ശാസ്ത്ര അദ്ധ്യാപകനായ കൃഷ്ണൻ മാസ്റ്റർ പറഞ്ഞു.

"ഏതായാലും എനിക്ക് ആ ഡ്യൂട്ടി ഇല്ല .." ശ്രീമതി ടീച്ചർ പറഞ്ഞു.

"എനിക്കും വന്നിട്ടില്ല.." കൃഷ്ണൻ മാസ്റ്ററും പറഞ്ഞു.

" പോളിംഗ് ഡ്യൂട്ടി ഉണ്ടായിരുന്നെങ്കിലും കൗണ്ടിംഗ് ഡ്യൂട്ടി വന്നിട്ടില്ല.... " മോഹൻ മാഷും പറഞ്ഞു.

"കോയ മാഷ് എന്താ ഒന്നും പറയാത്തത്?" സുഭദ്ര ടീച്ചർ ചോദിച്ചു.

"ആ... ഡ്യൂട്ടി ഇല്ലാത്ത മഹാൻമാരെ ഒക്കെ ഒന്ന് അറിയാന്ന് കരുതി ഞാൻ മിണ്ടാതിരുന്നതാ..."

"അപ്പോ മാഷക്ക് കൗണ്ടിംഗ് ഡ്യൂട്ടി ഉണ്ട് അല്ലേ?"

"ഉം"

"പോളിംഗ് ഡ്യൂട്ടിയും ഉണ്ടായിരുന്നില്ലേ ?"

"ഉം"

"ഭാഗ്യവാൻ " സുഭദ്ര ടീച്ചറുടെ കമൻ്റ് കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു.

"അതേയ്... അങ്ങനെ ചിരിക്കണ്ട... രണ്ട് പ്രധാനപ്പെട്ട ക്വാളിഫിക്കേഷൻ ഉള്ളവരെയാ തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ പണി ഏൽപിച്ചത്.." കോയ മാസ്റ്റർ പറഞ്ഞു.

"ങാ..ഹാ.. അതെന്താ കോയ മാസ്റ്റർക്ക് ഉള്ളതും ഞങ്ങൾക്ക് ആർക്കും ഇല്ലാത്തതുമായ ക്വാളിഫിക്കേഷൻ ?" സുഭദ്ര ടീച്ചർക്ക് ആകാംക്ഷയായി. സ്റ്റാഫ് റൂമിലെ മറ്റ് എല്ലാവരും കോയ മാസ്റ്റർ പറയുന്നതിലേക്ക് ശ്രദ്ധ തിരിച്ചു.

"ആ... ഒന്നാമത്തേത്... ഇലക്ഷൻ ഡ്യൂട്ടി കിട്ടിയാൽ അത് ആത്മാർത്ഥമായി അസ്സലായി ചെയ്ത് കൊടുക്കണം... അല്ലാതെ അമ്മായിയുടെ നാത്തൂൻ്റെ മകളുടെ കല്യാണവും എളാമയുടെ അയൽവാസിയുടെ അനിയത്തിയുടെ പാലുകാച്ചലും ഒക്കെ പറഞ്ഞ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാകലല്ല ... ചുരുക്കിപ്പറഞ്ഞാൽ കമ്മീഷൻ്റെ കണ്ണിലുണ്ണിയായ ജീവനക്കാരനാകണം... തിരിഞ്ഞോ ക്രിഷ്ണൻ മാഷേ ..." കൃഷ്ണൻ മാഷെ നേരെ നോക്കി കോയ മാഷ് ചോദിച്ചു.

"ങാ... രണ്ടാമത്തെ ക്വാളിഫിക്കേഷൻ കേൾക്കട്ടെ..." സുഭദ്ര ടീച്ചർ പറഞ്ഞു.

"ആ... പറയാം... നിങ്ങള് തോക്ക്ല് കേറി വെടി വയ്ക്കല്ലി ..."

"ആ... കേൾക്കട്ടെ."

"രണ്ടാമത്തേതാണ് ഏറ്റവും ഇമ്പോർട്ടൻ്റ് ആൻ്റ് മോസ്റ്റ് റിക്വയേർഡ് ക്വാളിഫിക്കേഷൻ "

"ങേ..." എല്ലാവരും ഞെട്ടി.

"അതായത് ഒരു രണ്ട് ലക്ഷം വരെയൊക്കെ എണ്ണാൻ അറിയുന്നവർ കൂടി ആയിരിക്കണം.."

"ങേ!! അതെന്തിനാ?"

"അതേയ്... പണ്ടത്തെ കാലമല്ല ... ഭൂരിപക്ഷം ഒക്കെ ലക്ഷത്തിൻ്റെ മേലെയാണ്.... അപ്പോ അത്രയൊക്കെ എണ്ണാൻ അറിഞ്ഞെങ്കിലല്ലേ കൗണ്ടിംഗ് എന്ന ഡ്യൂട്ടിക്ക് നിങ്ങളെയൊക്കെ നിയോഗിച്ചിട്ട് കാര്യമുള്ളൂ സുഭദ്ര ടീച്ചറേ..."

കോയ മാസ്റ്ററുടെ ക്വാളിഫിക്കേഷൻ കേട്ട ആരും പിന്നെ ഒന്നും പറഞ്ഞില്ല.

1 comments:

Areekkodan | അരീക്കോടന്‍ said...

2024 ലോകസഭാ ഇലക്ഷൻ എൻ്റെ ഔദ്യോഗിക ജീവിതത്തിൽ ഒരു ചരിത്രം തന്നെ കുറിച്ചു. പ്രിസൈഡിംഗ് ഓഫീസറായും മൈക്രോ ഒബ്സർവറായും സ്പെഷ്യൽ പോളിങ്ങ് ഓഫീസറായും കൗണ്ടിംഗ് സൂപ്പർവൈസറായും - നാല് ഓർഡറുകളാണ് ഈ ഒറ്റ ഇലക്ഷനിൽ ഞാൻ കൈപ്പറ്റിയത്. ഈ കുറിപ്പ് പോസ്റ്റ് ചെയ്യുന്നത് വരെ ഇതിൽ ഒന്നിൻ്റെയും കൂലി തന്നിട്ടില്ല എന്നതും പുതിയ ചരിത്രം. ആ ചരിത്രം എൻ്റെ ഭാവനയിൽ വായനക്ക് സമർപ്പിക്കുന്നു.

Post a Comment

നന്ദി....വീണ്ടും വരിക