Wednesday, August 31, 2011
അഞ്ഞൂറാന്‍ !!!
“ചര്‍ച്ച പുരോഗമിക്കാന്‍ ‘സംഗീത‘ വേണം...”
“ങേ!ഈ നോമ്പിനും സംഗീതയോ?” ഞാന്‍ ഞെട്ടി.
“ഛെ...സംഗീതയല്ല...സംഗതി...സംഗതി...“
“എന്ന് വച്ചാല്‍..?”
“എന്ന് വച്ചാല് കട്ടന്‍ ചായ സഖാവേ...”
‘പരിപ്പ്‌വടയും വേണ്ടിവരുമോ?’ ഞാന്‍ ആത്മഗതം ചെയ്തു.
“പിന്നെ കട്ടന്‍ചായയില്‍ മധുരം കുറക്കണം...ഒക്കെ നല്ല പഞ്ചാരക്കുട്ടന്മാരാ...”
“ഓ...അത് പറഞ്ഞപ്പഴാ ഇന്‍സുലിന്‍ വയ്ക്കാന്‍ എനിക്കോര്‍മ്മ വന്നത്..” ഉമ്മ അകത്തേക്ക് ഓടുന്നതിനിടയില്‍ പറഞ്ഞു.
“ഉമ്മാ...എക്സ്ട്രാ ഉണ്ടെങ്കില്‍ ഒന്ന് ഇവനും കൊടുത്തേക്ക്...” തടിമാടരില്‍ തടിമാടനെ ചൂണ്ടി അനിയന്‍ പറഞ്ഞു.
“അവന് ഒരു ഇഞ്ചക്ഷന്‍ കൊണ്ടൊന്നും ഒന്നും ആവില്ല...ഇന്‍സുലിന്‍ ചെമ്പില്‍ കലക്കി അതില്‍ മുക്കി എടുക്കേണ്ടി വരും...”ആരോ അഭിപ്രായപ്പെട്ടു.
“ങാഹാ...അപ്പോള്‍ എത്രയാ നിന്റെ ഷുഗര്‍?” ഉമ്മ ഒരു സഹരോഗിയെ കിട്ടിയ സന്തോഷത്തില്‍ ചോദിച്ചു.
“എനിക് നോര്‍മലാ...ഇവര് ഞാന്‍ തിന്നുന്നത് കണ്ട് അസൂയ പൂണ്ട് പറയുകയാ...”
“നിന്റെ നോര്‍മല്‍ എന്നാല്‍ എത്രയാ?” ആരോ ഒരാള്‍ ചോദിച്ചു.
“ 380”
“നല്ല നോര്‍മലാണല്ലോ...”
“ഹല്ലാ പിന്നെ...ശാസ്ത്രം ഇത്രേം പുരോഗമിച്ചിട്ടും അത് മാത്രം മാറ്റംല്ല...”
“ഏത് മാത്രം?”
“ഈ ഷുഗറിന്റേയും പ്രെഷറിന്റേയും നോര്‍മല്‍ ലെവല്‍...”
“അതു ശരിയാ...” ആരോ ഒരാള്‍ പിന്താങ്ങി.
“ഹല്ല പിന്നെ...ആദം നബിയുടെ കാലത്ത് സ്ഥാപിച്ചതാ പ്രെഷറിന്റെ ഈ 80/120.ലോകം ഇത്ര പുരോഗമിച്ചിട്ടും എല്ലാ സ്കെയിലുകളും നീളം വച്ചിട്ടും ഒരു ഡോക്ടര്‍ക്കും ഈ സംഗതി ഒന്ന് ഉയര്‍ത്തി സ്ഥാപിക്കാന്‍ പറ്റിയിട്ടില്ല...ഷെയിം...ഷെയിം...”
“അതെ..അതെ...കൊളസ്ട്രോള്‍ ലെവലും ഇതുവരെ ഉയര്‍ത്തിയിട്ടില്ല....”ഒരു കൊളസ്ട്രോളുകാരനും പിന്താങ്ങി.
“എങ്കില്‍ നമുക്കും തുടങ്ങാം ഒരു അണ്ണാ സമരം...”
“അതെയതെ...കൊളസ്ട്രോളിനും ഷുഗറിനും പ്രെഷറിനും ഒക്കെ ഉത്തമവും അണ്ണാ സമരം തന്നെ...”
“നോമ്പ് കാലത്ത് ഇനിയും ഒരു അണ്ണാ സമരം വേണ്ടാ...നമുക്ക് ഒരു ഗ്ലോബിടാം...”
“ഗ്ലോബ് ഇടുകയോ?” പുതിയ സൂത്രം കേട്ട് എല്ലാവരും ഞെട്ടി.
“ഗ്ലോബിന്റെ വല്ല്യാപ്പയല്ലേ ഈ നില്‍ക്കുന്നത്...” എന്നെ ചൂണ്ടി ആരോ പറഞ്ഞു.
“ങേ!!എനിക്ക് കഷണ്ടി ഉണ്ടെന്നത് ശരി തന്നെ...വല്ല്യാപ്പ എന്നൊക്കെ വിളീച്ച് ആദരിക്കരുത്...” എന്റെ രക്തം തിളച്ചെങ്കിലും ധമനിക്കുള്ളിലായതിനാല്‍ ചിന്തിയില്ല.
“എന്നാലും ഈ ഗ്ലോബില്‍ ഇടുന്ന പരിപാടി മനസ്സിലായില്ല...”
“ഗ്ലോബല്ല...ബ്ലോഗ്...ബ്ലോഗ്...”ആരോ തിരുത്തി.
“അതെ നാളെ മുതല്‍ വല്ല്യാപ്പക്ക് പുതിയ പേരും ആയി...” വീണ്ടും ആരോ ശവത്തില്‍ കുത്തി.
“അതെന്താ പുതിയ പേര്?”
“അഞ്ഞൂറാം പോസ്റ്റ് ഇടാന്‍ പോകാണത്രേ...”
“ഓ...പണ്ട് കെ.എസ്.ഇ.ബി യില്‍ ആയിരുന്നു പണി എന്ന് കേട്ടത് ശരി തന്നെ അല്ലേ?”
“അതേ...അതും ശരിയാ...അതുകൊണ്ട് തന്നെ പുതിയ പേര് - അഞ്ഞൂറാന്‍ !!!”
“അഞ്ഞൂറാന്‍ കീ ...”
“ജയ്...”
“അഞ്ഞൂറാന്‍ കീ ...”
“ജയ്...”
(മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്നു.ഇത് അതിലെ അഞ്ഞൂറാമത് എപിസോഡ്)
Tuesday, August 30, 2011
ഈദ് മുബാറക്
തന്റെ വരുമാനത്തിന്റെ നിശ്ചിത ശതമാനം പാവപ്പെട്ടവന്റെ അവകാശമായി മനസ്സിലാക്കിക്കൊണ്ട് സക്കാത്ത് നല്‍കി ഒരു മുസ്ലിം തന്റെ ധനത്തേയും ഈ റംസാനിലൂടെ ശുദ്ധീകരിച്ചു.സകാത്തിന് പുറമെ ദാനധര്‍മ്മങ്ങളിലൂടെയും മനുഷ്യര്‍ തമ്മിലുള്ള ബാധ്യതകള്‍ നിറവേറ്റി.അതും കഴിഞ്ഞ് , പെരുന്നാള്‍ ദിനത്തില്‍ പട്ടിണി കിടക്കുന്ന ഒരാളും ഉണ്ടാകരുത് എന്ന മഹത്തായ ലക്ഷ്യത്തോടെ തന്റെ കുടുംബത്തിലെ വലുതും ചെറുതുമായ അംഗങ്ങളുടെ എണ്ണത്തിനനുസരിച്ച് ഫിത്വ്‌ര്‍ സകാത്തും നല്‍കുന്നു.പെരുന്നാള്‍ നമസ്കാരത്തിന് പള്ളിയിലേക്ക് നീങ്ങുന്നതിന് മുമ്പ് ഫിത്വ്‌ര്‍ സകാത്ത് പാവപ്പെട്ടവരുടെ വീട്ടിലെത്തിച്ച് ഇത് ഉറപ്പ് വരുത്തുന്നു.
മാനുഷിക മൂല്യങ്ങള്‍ക്കും സാമൂഹ്യബന്ധങ്ങള്‍ക്കും വില കല്‍പ്പിക്കുന്ന ആഘോഷമാണ് ഈദുല്‍ ഫിത്വര്‍.പരസ്പരം സ്നേഹാശംസകള്‍ ചൊരിഞ്ഞും ബന്ധുക്കളേയും സുഹൃത്തുക്കളേയും സന്ദര്‍ശിച്ചും രോഗികളെ സന്ദര്‍ശിച്ചും ബന്ധ്ങ്ങള്‍ ഊട്ടിയുറപ്പിക്കുന്നു.ഈ പെരുന്നാള്‍ സുദിനത്തില്‍ ബൂലോകത്തെ എല്ലാ സുഹൃത്തുക്കള്‍ക്കും അരീക്കോടന്റേയും കുടുംബത്തിന്റേയും ഈദാശംസകള്‍.
Thursday, August 25, 2011
സ്പീഡ് പോസ്റ്റിന്റെ വേഗത.
സ്പീഡ്‌പോസ്റ്റല്ലേ,ഇവിടെ ഇട്ടപ്പോഴേക്കും അതവിടെ എത്തിയിരിക്കും എന്ന അമിത പ്രതീക്ഷ ഒന്നും ഇല്ലാത്തതിനാല്‍ ഞാന്‍ അതിനെ പിന്നെ ശ്രദ്ധിച്ചില്ല.എങ്കിലും ഉള്ളിന്റെ ഉള്ളീല്‍ ഇരുപത്തയ്യായിരവും ഇരുപത്തഞ്ചും നഷ്ടമാവുമോ എന്ന ഭയം കാരണം ഞാന്‍ ഇന്ന് അതിനെ ഒന്ന് ട്രാക്ക് ചെയ്തു.അപ്പോഴല്ലേ അവന്‍ പോയ വഴി മനസ്സിലായത്.അതിങ്ങനെ.
18/8/11. 12:25:14 അരീക്കോട് എം.ഡി.ജിയില്‍ ബുക്ക് ചെയ്തു.(ഈ എം.ഡി.ജി എന്താണെന്ന് എനിക്കറിയില്ല.സംഗതി പോസ്റ്റ് ഓഫീസിന്റെ ഇനീഷ്യല്‍ ആണെന്ന് തോന്നുന്നു)
18/8/11 14:36:15 ആശാനെ കോഴിക്കോട്ടേക്കുള്ള ചാക്കിലാക്കി.
18/8/11 14:37:25 ചാക്ക് കോഴിക്കോടിനെ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി.
18/8/11 21:26:53 കോഴിക്കോട് ചാക്കില്‍ നിന്നിറങ്ങി കൊച്ചിയിലേക്കുള്ള ചാക്കില്‍ കയറി.
18/08/2011 21:47:02 കൊച്ചിയിലേക്കുള്ള തീവണ്ടിയാത്ര ആരംഭിച്ചു (അമ്പട കേമാ,ഇരുപത്തഞ്ച് രൂപക്ക് ഒരു തീവണ്ടിയാത്രയും ഒപ്പിച്ചു)
19/08/2011 05:09:07 കൊച്ചുവെളുപ്പാന്‍ കാലത്ത് കൊച്ചിയില്‍ ചാക്കില്‍ നിന്നിറങ്ങി.
19/08/2011 06:00:10 അല്പ നേരം കൊച്ചിയുടെ സ്വന്തം മണം ആസ്വദിച്ച് കോട്ടയത്തേക്കുള്ള ചാക്കില്‍ കയറി.
22/08/2011 കോട്ടയത്തെ അക്കൌണ്ടന്റ് ജനറലിന്റെ അടുത്ത് പ്രസവിച്ചു.
ഇനി എന്റെ സംശയങ്ങള്‍ :-
19 കഴിഞ്ഞാല്‍ പിന്നെ 22 ആണോ തീയതി?
സാദാ പോസ്റ്റില്‍ അഞ്ചു രൂപ സ്റ്റാമ്പ് ഒട്ടിച്ച് അയച്ചിരുന്നെങ്കില്‍ ഇത് 20 ആം തീയതി തന്നെ എത്തുമായിരുന്നില്ലേ?
ശനിയും ഞായറും ഇല്ലാത്തതാണോ നമ്മുടെ സ്പീഡ്‌പോസ്റ്റ് സംവിധാനം?
എ.ടി.എം കാര്‍ഡ് എക്സ്പയര്‍ഡ് !!
കത്തില്‍ പറയുന്നതിന്റെ ചുരുക്കം ഇങ്ങനെ:
എത്രയും പ്രിയപ്പെട്ട കസ്റ്റമറേ,
ഫെഡറല്‍ ബാങ്കിന്റെ കസ്റ്റമര്‍ എന്ന നിലക്ക് താങ്കളെ ആദരിക്കുന്നു.താങ്കളുടെ എ.ടി.എം കാര്‍ഡ് എക്സ്പയര്‍ ആയ വിവരം (വ്യസന സമേതം) അറിയിക്കുന്നതോടൊപ്പം (പരേതന്റെ)പുതിയ കോപി ഇതോടൊപ്പം അയക്കുന്നു.കാര്‍ഡ് മയ്യിത്തായെങ്കിലും പിന്‍ നമ്പര്‍ ഹയാത്തിലുണ്ട്.അതിനാല്‍ പുതിയ കാര്‍ഡിനും പഴയ പിന്‍ നമ്പര്‍ തന്നെ ഉപയോഗിച്ചാല്‍ മതി എന്ന് സന്തോഷപൂര്‍വ്വം അറിയിക്കുന്നു.പുതിയ കാര്‍ഡ് ഇട്ട് അക്കൌണ്ട് ആക്ടിവേറ്റ് ചെയ്ത ശേഷം പഴയകാര്‍ഡിനെ നിഷ്കരുണം നശിപ്പിക്കണമെന്നും ഉണര്‍ത്തുന്നു (എന്തിനാണാവോ?)
നമ്മുടെ ഒരു ബ്ലോഗ് സുഹൃത്തിനുള്ള സഹായധനം വന്നതോടെ ഇന്നലെ എനിക്ക് എ.ടി.എം കാര്‍ഡ് വീണ്ടും ഉപയോഗിക്കേണ്ടി വന്നു.ചത്തു എന്ന് പറഞ്ഞ കാര്‍ഡിട്ട്, അതിന് ജീവന്‍ ഉണ്ടോ എന്ന് പരീക്ഷിക്കാന്‍ ഞാന്‍ തീരുമാനിച്ചു.അത്ഭുതം യേശുകൃസ്തു ജീവന്‍ കൊടുത്തപോലെ എന്റെ പഴയ എ.ടി.എം കാര്‍ഡിന് ജീവന്‍ കിട്ടി.കറക്ട് അക്കൌണ്ട് ബാലന്‍സ് അത് പറാഞ്ഞു തന്നു.
പിന്നെ തോന്നിയത് മറ്റൊരു (കുരുട്ട്)ബുദ്ധി.പുതിയ കാര്‍ഡ് സൈന്‍ ചെയ്താല്‍ മാത്രമേ വാലിഡ് ആവൂ എന്ന് ഒരു ഗമണ്ടന്‍ അറിയിപ്പ് അതില്‍ കണ്ടു.അത് നമ്മളെ മണ്ടനാക്കാനുള്ളതാണോ എന്ന് പരീക്ഷിക്കാന്‍ ഒപ്പിടാതെ ഞാന്‍ കാര്‍ഡ് എ.ടി.എംല്‍ ഇട്ടു.പതിവ് ചോദ്യങ്ങള്‍ക്ക് ശേഷം ആവശ്യമായ തുകയും പറഞ്ഞു.
”പ്‌ട്...പ്‌ട്...പ്‌ടേ...” എ.ടി.എം നകത്ത് നിന്ന് മറ്റവന്‍ നോട്ട് എണ്ണുന്ന ശബ്ദം.അതാ വരുന്നു അഞ്ഞൂറും നൂറുമായിട്ട് കുറേ നോട്ടുകള്‍!!!ഈ മണ്ടന്‍ മെഷീന്‍ തന്നതല്ലേ എന്ന് കരുതി ഞാന്‍ അത് എണ്ണി നോക്കി.കൃത്യം ഞാന്‍ ആവശ്യപ്പെട്ട പതിനയ്യായിരം രൂപ (മണ്ടന് സൈന്‍ നോക്കാന്‍ അറിയില്ലെങ്കിലും എണ്ണം കൃത്യമായി പഠിപ്പിച്ചിട്ടുണ്ട്).
അപ്പോള്‍ പിന്നെ ഈ സൈനും കുന്ത്രാണ്ടാവും എല്ലാം ആര്‍ക്കു വേണ്ടി?നൊ കമന്റ്!
Sunday, August 21, 2011
റമദാന്‍ മാസത്തിലെ കഞ്ഞികള്‍.
ഈ നോമ്പിന്റെ മൂന്നാം ദിവസം ഞാൻ ഔദ്യോഗിക ആവശ്യാര്‍ത്ഥം തിരുവനന്തപുരത്ത് പോയി.ആറ്റിങ്ങല്‍ അടുത്ത് തോന്നക്കലുള്ള സുഹൃത്തായ ശറഫുദ്ദീനിന്റെ വീട്ടില്‍ നോമ്പ് തുറക്കാനും അന്ന് അവസരം ലഭിച്ചു. അവരുടെ തൊട്ടടുത്തുള്ള പള്ളിയില്‍ നിന്ന് നമസ്കാരം കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ പള്ളിയില്‍ നിന്നും വിതരണം ചെയ്യുന്ന കഞ്ഞി കാണിച്ച് സുഹൃത്ത് പറഞ്ഞു - “അല്പം കഞ്ഞി കുടിക്കാം...”
മുമ്പ് ഒരു റമദാന്‍ കാലത്ത് ബാപ്പയുടെ നാടായ പേരാമ്പ്രയിൽ പോയി, നോമ്പ് തുറക്കുന്ന സമയത്ത് ഒരു ചെറുപയര്‍ കഞ്ഞി കുടിച്ചതും ചര്‍ദ്ദിച്ച് നാശമായതും ഓര്‍ത്ത് ഞാന്‍ ഈ ക്ഷണം നന്ദി പൂര്‍വ്വം നിരസിച്ചു.എങ്കിലും എന്റെ റൂം മേറ്റ് ആയിരുന്ന കാലത്ത്, ആദ്യമായി രാത്രിയില്‍ കഞ്ഞി കുടിക്കാന്‍ ആരംഭിച്ച ശറഫുദ്ദീന്‍ സാര്‍ ഈ കഞ്ഞി ടേസ്റ്റ് നോക്കണം എന്ന് നിര്‍ബന്ധിച്ചത് പ്രകാരം ഒരല്പം ഞാനും വാങ്ങി.
വേവിച്ച ചെറുപയര്‍ ആദ്യം പാത്രത്തിലിട്ട് അതിലേക്ക് കഞ്ഞി ഒഴിക്കും.ആ കഞ്ഞി തന്നെ എരിവുള്ളതാണ്.കാരറ്റും മറ്റു ചില പച്ചക്കറികളും കഞ്ഞിയിൽ ചേര്‍ത്തിട്ടുണ്ടാകും. കഞ്ഞി കുടിച്ച് കഴിഞ്ഞപ്പോള്‍ ഒരല്പം കൂടി ആവാമായിരുന്നു എന്ന് എനിക്ക് തോന്നിയെങ്കിലും കഞ്ഞിച്ചെമ്പ് കാലിയായിരുന്നു.ഇതാണ് തിരുവനന്തപുരം ജില്ലയിലെ പ്രശസ്തമായ നോമ്പ്കഞ്ഞി.ഇതേ കഞ്ഞി തന്നെ പാളയം പള്ളിയില്‍ ആകുമ്പോള്‍ അല്പം കൂടി എരിവും രസവും കൂടും എന്നും ശറഫുദ്ദീൻ പറഞ്ഞു.അവസരം കിട്ടിയാല്‍ അതും രുചിച്ച് നോക്കണം എന്നും അദ്ദേഹം എന്നെ ഉപദേശിച്ചു.
ഓരോ നാട്ടിലും റമദാനോടനുബന്ധിച്ച് വ്യത്യസ്തമായ വിഭവങ്ങള്‍ ആണുള്ളത്.കഞ്ഞി തന്നെ ഞാന്‍ മേല്‍ പറഞ്ഞപോലെ കോഴിക്കോട് ജില്ലയില്‍ പാകം ചെയ്യുന്നത് ചെറുപയര്‍ കഞ്ഞി എന്ന പേരിലാണ്.ജീരകമരച്ച് ചേര്‍ത്ത്, കുത്തരി കൊണ്ടുണ്ടാക്കുന്ന ജീരാകഞ്ഞിയും വടക്കന്‍ ജില്ലകളില്‍ രാത്രി കിട്ടും.അതുപോലെ തന്നെ തേങ്ങാപാല്‍ ചേര്‍ത്ത കുറിയരി കൊണ്ടുണ്ടാക്കിയ ഒരു തരം കഞ്ഞി ഫാറൂക്ക് കോളേജിനടുത്ത് താമസിക്കുന്ന എന്റെ മൂത്താപ്പയുടെ വീട്ടില്‍ നിന്നും നോമ്പ് കാലത്ത് രാത്രി എനിക്ക് ലഭിക്കാറുണ്ടായിരുന്നു.
മലപ്പുറം ജില്ലയിലേക്ക് പ്രവേശിക്കുമ്പോള്‍ നോമ്പ്തുറ സമയത്തുള്ള കഞ്ഞിയുടെ പേര് തരിക്കഞ്ഞി എന്നാണ്.റവ വെള്ളത്തിലോ പാലിലോ തിളപ്പിച്ച് പഞ്ചസാര ചേര്‍ത്ത്, വളരെ എളുപ്പം ഉണ്ടാക്കാവുന്നതും സ്വാദിഷ്ടവുമായ ഒരു വിഭവമാണ് തരിക്കഞ്ഞി. നെയ്യും അണ്ടിപ്പരിപ്പും എല്ലാം ചേർത്താൽ ഇത് പരിസരം മറന്ന് കുടിച്ച് പോകും.
ഓരോ നാട്ടിലും ഈ കഞ്ഞി ഏതൊക്കെ പേരില്‍ ഏതൊക്കെ രൂപത്തില്‍ അവതരിപ്പിക്കപ്പെടുന്നു എന്ന് എനിക്കറിയില്ല. നോമ്പിനോടനുബന്ധിച്ച് ഓരോ സ്ഥലങ്ങളിലും ഇത്തരം ഡിഷുകളും ഉണ്ടാകും എന്ന് ഞാൻ വിശ്വസിക്കുന്നു. അറിയുന്നവർ അതിവിടെ പങ്ക് വയ്ക്കും എന്ന് പ്രതീക്ഷിക്കുന്നു.
