Pages

Monday, December 05, 2016

കത്തെഴുത്തിന്റെ അരീക്കോടന്‍ സ്റ്റൈല്‍

പത്താം ക്ലാസ് കഴിഞ്ഞ് ലീവിംഗിന്റെ എല്‍ ഇല്ലാത്ത എസ്.എസ്.സി സര്‍ട്ടിഫിക്കറ്റും വാങ്ങി സ്കൂളിന് പുറത്തായി ലിവിംഗ് നടത്തി തേരാ പാരാ നടക്കുന്ന കാലത്താണ് കത്തെഴുത്ത് ഒരു ഹോബിയായി അല്ലെങ്കില്‍ ഒരു ഹരമായി അതും കഴിഞ്ഞ് ഒരു ജ്വരമായി മാറിയത്. കത്ത് കിട്ടേണ്ട ആള്‍ക്കനുസരിച്ച് അത് 15 പൈസയുടെ കാര്‍ഡില്‍ ആകാം, 35 പൈസയുടെ ഇന്‍ലന്റില്‍ ആകാം അല്ലെങ്കില്‍ 50 പൈസയുടെ കവറില്‍ ആകാം.
ചിലര്‍ക്ക് സ്ഥിരമായി കാര്‍ഡിലായിരുന്നു എഴുത്ത്, മറുപടിയും സ്ഥിരമായി കാര്‍ഡില്‍ തന്നെയായിരുന്നു കിട്ടിയിരുന്നത്.

ഫാറൂഖ് കോളേജിലെ ഡിഗ്രി പഠനത്തിന് ശേഷം അന്നത്തെ ക്ലാസ്മേറ്റ് ഹാരിസ് കാര്‍ഡെഴുത്തിന്റെ ആശാനായിരുന്നു. കാര്‍ഡിലെ ആകെയുള്ള കാല്‍ സെന്റ് സ്ഥലത്ത് നിന്നും അല്പം കൂടി അവന്‍ കോണാകൃതിയില്‍ വെട്ടി മാറ്റും.ഇത് എന്തിന് എന്ന ചോദ്യത്തിന് അവന് വ്യക്തമായ ഉത്തരം ഉണ്ടായിരുന്നു - അര്‍ജന്റ് എന്ന് പോസ്റ്റ്മാനോട് സൂചിപ്പിക്കാനാണത്രെ!! അതിന്റെ സത്യാവസ്ഥ അറിയില്ലെങ്കിലും അതിന് ശേഷം ഞാനും കാര്‍ഡില്‍ കുനു കുനാ അടുപ്പിച്ച് എഴുതി സൈഡില്‍ കോണാകൃതിയില്‍ വെട്ടി പോസ്റ്റ് ചെയ്യാന്‍ തുടങ്ങി!! പോസ്റ്റ്മാന് അതിലുള്ളത് വായിച്ച് അര്‍ജന്റ് ആണോ അല്ലയോ എന്ന് തീരുമാനിക്കാന്‍ സാധിക്കും എന്ന സാമാന്യ വിവരം അന്നില്ലാതെ പോയി.

കത്തെഴുത്തില്‍ ഞാന്‍ എന്റേതായ നിരവധി ശൈലികള്‍ ഉപയോഗിച്ചിരുന്നു. എനിക്ക് പറയാനുള്ള മുഴുവന്‍ കാര്യങ്ങളും പറയുന്ന കത്ത് വിവിധ സിനിമാ പേരുകള്‍ ഉപയോഗിച്ച് എഴുതുന്നതായിരുന്നു ഒരു ശൈലി.എന്റെ സുഹൃത്തുക്കളില്‍ സെലക്ടഡ് ആയ പലര്‍ക്കും ആ കത്ത് ഞാന്‍ അയച്ചിരുന്നു.

ബി.എഡിന് കൂടെ പഠിച്ച മലയാളം ‘കുരച്ച് കുരച്ച്’ അറിയുന്ന എന്നാല്‍ ഇംഗ്ലീഷ് നുരഞ്ഞ് പൊന്തുന്ന സംഗീതക്ക് എഴുതിയ ഒരു കത്തിന്റെ പണിപ്പുര ഇന്നും ഞാന്‍ ഓര്‍ക്കുന്നു.ആ കത്ത് കിട്ടിയ സംഗീത ഡിക്ഷണറി മുന്നില്‍ എടുത്ത് വച്ചുവത്രേ - അതൊന്ന് മുഴുവന്‍ മനസ്സിലാക്കാന്‍ !! ഡിക്ഷണറി ഉപയോഗിച്ചാണ് ഞാന്‍ അത് തയ്യാറാക്കിയത് എന്ന് പാവം സംഗീതക്ക് അറിയില്ലല്ലോ!ലളിത മലയാളത്തില്‍ എഴുതിയ കത്ത് ഞാന്‍ സിമ്പിള്‍ ഇംഗ്ലീഷിലേക്ക് മാറ്റി.ശേഷം അതിലെ ഓരോ പദത്തിന്റെയും സിനോണിമുകള്‍(പര്യായങ്ങള്‍) ഡിക്ഷണറിയില്‍ നിന്ന് തപ്പിയെടുത്തു.അതില്‍ ഏറ്റവും കടുകട്ടിയായ പദം ആ സിമ്പിള്‍ പദത്തിന് പകരം അങ്ങട്ട് കാച്ചി.ഇന്ത്യയുടെ മുന്‍ വിദേശകാര്യ സെക്രട്ടറി ശ്രീമതി നിരുപമ റാവുവിന്റെ മീമ്പാട്ട് കുടുംബത്തില്‍ നിന്ന് വരുന്നവള്‍ എന്ന വലിപ്പം എന്റെ മുന്നില്‍ അതോടെ അവസാനിച്ചു!

പി.ജിക്ക് തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജില്‍ മൂന്ന് മാസം ഞാന്‍ കൈല് കുത്തിയ സമയത്ത് ഹോസ്റ്റലില്‍ എനിക്ക് കിട്ടിയ സുഹൃത്താണ് പെരുമ്പാവൂരുകാരന്‍ ബാബു (ക്ലിക്കുക). ഡിഗ്രി കഴിഞ്ഞ് പല കോഴ്സിലൂടെയും കോളേജുകളിലൂടെയും കയറിയിറങ്ങി മൂന്ന്- നാല് വര്‍ഷത്തിന് ശേഷമാണ് ഞാന്‍ പി.ജി ക്ക് എത്തുന്നത്.

എന്റെ അതേ ബാച്ചില്‍ സര്‍ സയ്യിദ് കോളേജില്‍ തന്നെ ഡിഗ്രിക്ക് പഠിച്ച സബിതയും ഉണ്ടായിരുന്നു.ക്ലാസ് മനസ്സിലാകുന്ന കാര്യത്തില്‍ ഞങ്ങളുടെ മണ്ടകള്‍ ഒരേ തൂവല്‍ പക്ഷികള്‍ ആയിരുന്നതിനാല്‍ ഞങ്ങള്‍ തമ്മില്‍ കൂട്ടായി.ഹോസ്റ്റലില്‍ അത് പല വ്യാഖ്യാനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും കാരണവുമായി. ഫസ്റ്റ് ഇയര്‍ ക്ലാസ് കഴിഞ്ഞ ഉടനെ ജോലി കിട്ടിയതിനാല്‍ ഞാന്‍ തളിപ്പറമ്പിനോട് സലാം പറഞ്ഞു.

ഫോണ്‍ അത്ര പ്രചാരത്തില്‍ ആകാത്തതിനാല്‍ ആശയ വിനിമയം കത്ത് വഴി തുടര്‍ന്നു. കോഴ്സ് കഴിഞ്ഞ് ബാബുവും മറ്റെല്ലാവരും സര്‍ സയ്യിദ് വിട്ടു. വര്‍ഷങ്ങള്‍ക്ക് ശേഷം ബാബുവിനെ കണ്ടുമുട്ടിയ കഥ (ക്ലിക്കുക) ഞാന്‍ ഇവിടെ പങ്കു വച്ചിരുന്നു. ബാബു അക്കാലത്ത് ഞാന്‍ അവന് എഴുതിയ ഒരു കത്ത് എനിക്ക് ഷെയര്‍ ചെയ്തു. എന്റെ കത്തെഴുത്തിന്റെ മറ്റൊരു ശൈലി 1997ല്‍ എഴുതിയ ആ കത്തിലൂടെ ഞാന്‍ പ്രകടിപ്പിച്ചത് ഇപ്പോള്‍ വീണ്ടും ഓര്‍മ്മയില്‍ വരുന്നു. നന്ദി ബാബൂ, വര്‍ണ്ണങ്ങള്‍ നിറഞ്ഞ ഓര്‍മ്മകളുടെ ആ കലാലയ  നാളുകളിലേക്ക് വീണ്ടും കൊണ്ടുപോയതിന് ഹൃദയം നിറഞ്ഞ നന്ദി.

Sunday, December 04, 2016

വീട്ടിലൊരു ചുരക്കാ വിപ്ലവം

“ഈ ലോകത്തനവധി പനങ്കുരു
കുറുക്കന്‍ തിന്നേ...” എന്ന ഒരു പാട്ട് ഏതോ കാലത്ത് ഞാന്‍ കേട്ടിട്ടുണ്ട്, പാടിയിട്ടുണ്ട്. അതേ പോലെ മുറ്റത്ത് മത്തനും കുമ്പളവും പടര്‍ന്ന ശേഷമുള്ള ദിനങ്ങളില്‍ എന്റെ മനസ്സില്‍ ഇതേ രീതിയില്‍ ചുറ്റിക്കറങ്ങുന്ന ഒരു പാട്ടാണ്
“ഈ ലോകത്തനവധി മത്തനില
അരീക്കോടന്‍ തിന്നേ...”

                   എങ്ങനെയായാലും ഞാന്‍ വിടില്ല എന്ന് വന്നതോടെ മത്തനും കുമ്പളവും എന്റെ മുന്നില്‍ സുല്ലിട്ടു. അങ്ങനെ ഒരു മത്തന്‍ കായ വള്ളിയില്‍ പിടിച്ച് വലുതായി.ഞാനും ഉമ്മയും ബഹുത്ത് ഖുഷിയായി. അതിനെ നന്നായി പൊതിഞ്ഞ് പൊന്നുപോലെ  ഉമ്മ സൂക്ഷിച്ചു. അല്പം വലുതായതോടെ വള്ളിക്ക് ഉണക്കവും തുടങ്ങി.എങ്കിലും പിടിച്ച മത്തന്‍ മൂക്കുന്നത് വരെ ആ ചെടി ജീവന്‍ നിലനിര്‍ത്തി.

                    കുമ്പളം ഇടക്കിടെ പൂവിട്ട് കൊതിപ്പിക്കല്‍ തുടര്‍ന്നു. അതിനിടയില്‍ ഒരുത്തന്‍ മെല്ലെ ഒരു കമുകില്‍ കയറി.കുരുമുളക് വള്ളി ആദ്യമേ കമുകില്‍ കയറിയതിനാല്‍ കുമ്പളവള്ളിക്ക് പിടിച്ചു കയറാന്‍ ബുദ്ധിമുട്ടുണ്ടായില്ല. ഈ അടുത്ത് എന്തോ ആവശ്യത്തിന് വീടിന്റെ ടെറസില്‍ കയറിയപ്പോള്‍ എനിക്ക് സന്തോഷം കൊണ്ട് തുള്ളിച്ചാടാന്‍ തോന്നി...ഒന്നും രണ്ടും അല്ല , അഞ്ച് കുമ്പളം ! അതും ഒത്ത വലുപ്പവും വിളവും ആയത്. ക്യാമറക്ക് പോസ് ചെയ്ത് തന്ന രണ്ടെണ്ണത്തിനെ ഞാന്‍ മെമ്മറി കാര്‍ഡിലാക്കി.
                    മഴ മാറിയതാണ് ഞങ്ങള്‍ക്ക് നല്ലത് എന്ന് അടുത്ത വള്ളിയും എന്നോട് സംവദിച്ചു.അധികം പുഷ്ടിയില്ലാത്ത ഒരു ചുരക്കാ വള്ളി.പക്ഷേ നന്നായി ഇലകള്‍ ഉണ്ടായി, നിറയെ പൂക്കളും.ദിവസം അധികം കഴിയുന്നതിന് മുമ്പേ ധാരാളം കുഞ്ഞു കായകള്‍ പിടിച്ചു. ചെറിയ കവറുകളും ന്യൂസ് പേപ്പറും ഉപയോഗിച്ച്  ഉമ്മയും ഞാനും അവയെ വണ്ടുകളില്‍ നിന്നും മറ്റു പ്രാണികളില്‍ നിന്നും രക്ഷപ്പെടുത്തി.വെറും ചാണകപ്പൊടി മാത്രമാണ് ഇട്ടതെങ്കിലും രണ്ടാം ദിവസം തന്നെ അവ കവറിന് പുറത്തേക്ക് വളര്‍ന്നു.അത്രയും ത്വരിത ഗതിയില്‍ വളരുന്നത് പ്രതീക്ഷിക്കാത്തതിനാല്‍ ചിലത് കവറിനുള്ളില്‍ ശ്വാസം മുട്ടി ചത്തു പോയി. ദൈവത്തിന് സ്തുതി , ചുരക്ക മുറ്റത്ത് വിളഞ്ഞു നില്‍ക്കുന്നത് കാണാന്‍ തന്നെ ഒരു ചന്തം.

മാലിന്യ പരിപാലനം, ജല സംരക്ഷണം, ജൈവ പച്ചക്കറി കൃഷി തുടങ്ങീ നിരവധി പരിപാടികള്‍ കോര്‍ത്തിണക്കി കേരള സര്‍ക്കാര്‍ ഈ വരുന്ന എട്ടാം തീയതി ഹരിത കേരളത്തിന് നാന്ദി കുറിക്കുന്നു. വീട്ടില്‍ ഇതെല്ലാം മുമ്പേ നടത്തി വരുന്നതിനാല്‍ ഞാന്‍ ഏറെ സന്തോഷിക്കുന്നു...അല്പം ചിലരെങ്കിലും ഇനി ഈ വഴിയേ ചിന്തിക്കുമല്ലോ എന്നോര്‍ത്ത്.

Wednesday, November 30, 2016

ഒട്ടകപ്പടയും ആനപ്പടയും

ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പദ്ധതിയുടെ രണ്ടാമത്തെ ക്ലാസ്സിലും കൂടി രക്ഷിതാക്കൾക്ക് കുട്ടികളുടെ കൂടെ പങ്കെടുക്കാൻ അവസരം നൽകിയിരുന്നു. അതിനാൽ ഞാനും ലുഅ മോളുടെ കൂടെ മലപ്പുറത്തേക്ക് പോയി. രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ ക്ലാസ് ഉള്ളതിനാൽ അത്യാവശ്യം ചെയ്യാനുള്ള വർക്കുകൾ തീർക്കാൻ ലാപ്‌ടോപ്പും വായിക്കാനായി ഒരു പുസ്തകവും (സി.രാധാകൃഷ്ണന്റെ ഒറ്റയടിപ്പാതകൾ) കയ്യിൽ കരുതിയിരുന്നു.

മോളെ ക്ലാസ്സിൽ കയറ്റി മറ്റു നിരവധി  രക്ഷിതാക്കൾക്കൊപ്പം ഞാനും പുറത്തെ ബെഞ്ചിൽ ഇരുന്നു.തൊട്ടടുത്തിരുന്ന ആളെ പരിചയപ്പെട്ടപ്പോൾ അദ്ദേഹം എന്റെ ആദ്യത്തെ സർക്കാർ സർവീസായ മൃഗസംരക്ഷണ വകുപ്പിലെ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ആണെന്ന് പറഞ്ഞു. 1996ൽ ഉണ്ടായിരുന്ന പലരെയും പറ്റി സംസാരിക്കുന്നതിനിടക്ക് സാമാന്യം തടിയുള്ള ഒരാൾ  കുട്ടിയുമായി താമസിച്ച് വന്നു. വന്ന ആളെ എന്റെ തൊട്ടടുത്തിരിക്കുന്ന ആൾ എണീറ്റ് നിന്ന് ആദരിച്ചു! അയാളെ പരിചയമുണ്ടോ എന്ന ഒരു ചോദ്യവും എന്റെ നേരെ എറിഞ്ഞു.

കുട്ടിയെ ക്ലാസിൽ കയറ്റി ആഗതൻ വീണ്ടും ഞങ്ങളുടെ അടുത്തെത്തി.

“സാർ, ഇദ്ദേഹം മുമ്പ് നമ്മുടെ ഡിപാർട്ട്മെന്റിൽ ഉണ്ടായിരുന്നു...” എന്നെ കാണിച്ച് എന്റെ സഹ ഇരിയൻ ആഗതനോട് പറഞ്ഞു.

“ഏത് വർഷം?” അദ്ദേഹം ചോദിച്ചു.

“1996-98 കാലത്ത്...” 

“പേര്?”

“ആബിദ് തറവട്ടത്ത്”

“ഇല്ലല്ലോ...” എന്നെ ഒന്ന് ചുഴിഞ്ഞ് നോക്കി ആഗതൻ പറഞ്ഞു. പക്ഷെ അല്പം കഴിഞ്ഞ് അദ്ദേഹം അത് തിരുത്തി.  കൂടെ ഇരിക്കാൻ ഞാൻ അദ്ദേഹത്തെ ക്ഷണിച്ചു, ഓണാക്കിയ ലാപ്‌ടോപ് ഞാൻ മെല്ലെ മടക്കി. കുട്ടികളുടെ ക്ലാസ്സിൽ മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘട്ടനത്തെപ്പറ്റി പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് ഞങ്ങളുടെ സംസാരവും ആ വിഷയത്തിലേക്ക് തിരിഞ്ഞു. നാഷണൽ സർവീസ് സ്കീമിലൂടെ ചെയ്യാൻ ഉദ്ദേശിക്കുന്ന ചില ബോധവൽക്കരണ പരിപാടികളെക്കുറിച്ച് ഞാൻ സൂചിപ്പിച്ചു.

“അതിനെപ്പറ്റി ആധികാരികമായി പഠിച്ച വ്യക്തിയാണ് ഞാൻ...ഇത് ഒരു പേപ്പറായി എവിടെയും അവതരിപ്പിച്ചിട്ടില്ല  എന്ന് മാത്രം...” ആഗതൻ പറഞ്ഞു തുടങ്ങി.

“ബേസിക്കലി മാൻ ഈസ് ആൻ അനിമൽ...അപ്പോൾ പിന്നെ മാൻ-അനിമൽ കോൺഫ്ലിക്ട് എന്നത് പൊളിഞ്ഞില്ലേ? തർക്കമുണ്ടെങ്കിൽ തർക്കിക്കാം...” ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു.

“ഇന്ത്യയിൽ അശോക ചക്രവർത്തി യുദ്ധ മുന്നണിയിൽ ആനയെ ഉപയോഗിച്ചിരുന്നു.അതുവഴി ഹസ്തിശാസ്ത്രം എന്ന ഒരു പുസ്തകം തന്നെ എഴുതപ്പെട്ടു. ആനകൾ ഭയന്നാൽ അവ പിന്നോട്ട് ഓടും.അതായത് അവക്ക് പരിചയമുള്ള വഴിയിലേക്ക്. ഇതിന് നേരെ വിപരീതമായുള്ള ഒരു ജീവിയുണ്ട് ...ഒട്ടകം. ഇനി ഞാൻ പറയുന്ന കാര്യം ചരിത്രത്തിൽ എവിടെയും കാണപ്പെടില്ല....ചെങ്കിസ്ഖാൻ ജീവികളുടെ ഈ സ്വഭാവ വൈവിധ്യം മനസ്സിലാക്കിയ ചക്രവർത്തിയായിരുന്നു. ഇന്ത്യയിലെ ആനപ്പടയെ തോൽപ്പിക്കാൻ ചെങ്കിസ്ഖാൻ ഒട്ടകപ്പടയെ ഇറക്കി. യുദ്ധ മുന്നണിയിൽ പേടിച്ചരണ്ട ഒട്ടകങ്ങൾ ആനപ്പടക്ക് നേരെ ഓടിയടുത്തു. ഇതുകണ്ട് ആനകൾ പേടിച്ചപ്പോൾ അവ പിന്തിരിച്ച് സ്വന്തം ആൾക്കാരെത്തന്നെ ചവിട്ടി മെതിച്ചോടി. ചെങ്കിസ്ഖാൻ യുദ്ധം ജയിച്ചു. ആന ഇണക്കപ്പെട്ട വന്യ മൃഗമാണ്, ഒട്ടകം ഇണക്കപ്പെട്ട വളർത്തു മൃഗവും. അതാണ് വ്യത്യാസവും...” എനിക്ക് മറുത്തൊന്നും പറയാനില്ലായിരുന്നു.

“ആനയെ തളക്കാൻ ഇലക്ട്രിക് വേലി കൊണ്ടൊന്നും കാര്യമില്ല.ജൈവവേലി ഉണ്ടാക്കിയാൽ മതി. ആന ഇറങ്ങുന്ന സ്ഥലത്ത് അഞ്ചടി വീതിയിൽ കാന്താരി മുളക്  ചെടി നടുക. കാന്താരിയുടെ മണം അടിച്ചാൽ ആന പിന്തിരിയും. മറ്റൊന്ന് ആന എപ്പോഴും സഞ്ചരിക്കുന്ന ഒരു വഴിയുണ്ട്.അതിന് ആനത്താര എന്ന് പറയും. ഈ വഴിയിൽ ഒരു കയർ കെട്ടുക. കയറിന്റെ മറ്റേ അറ്റം ഒരു തേനീച്ചക്കൂടുമായും ബന്ധിപ്പിക്കുക.ആന കയറിൽ തട്ടുമ്പോൾ തേനീച്ച ഇളകും. തേനീച്ചയുടെ മൂളൽ ആനക്ക് പിടിക്കില്ല...”

“ജനവാസ കേന്ദ്രത്തിൽ തേനീച്ച ഇളകിയാൽ അതും പ്രശ്നമല്ലേ?” ഞാൻ വെറുതെ ഒരു ചോദ്യം തിരിച്ചു കൊടുത്തു. ആഗതൻ ഒന്ന് ഉത്തരം മുട്ടി.ഉടൻ അടുത്ത ചോദ്യം എറിഞ്ഞു - 
“ആനകൾ കൂട്ടമായി വരുമ്പോൾ ആനത്താരയിലൂടെ സഞ്ചരിക്കുമായിരിക്കും. പക്ഷേ നാട്ടിലിറങ്ങുന്ന ഒറ്റയാൻ അങ്ങനെയല്ലല്ലോ? അത് ഏത് വഴി വരും എന്ന് പറയാൻ സാധിക്കുമോ...?”

“ങാ...അത് ശരിയാ....ഒറ്റയാന് കാന്താരി വേലി മാത്രമേ പറ്റൂ...” ആഗതൻ മുട്ടു മടക്കി. അധികം ചോദ്യങ്ങൾ വരുന്നതിന് മുമ്പെ അദ്ദേഹം സ്ഥലം വിട്ടു.

മേൽ പറഞ്ഞ കാര്യങ്ങൾ എത്രത്തോളം ശരിയാണെന്ന് എനിക്കറിയില്ല.  ചെങ്കിസ്ഖാനിന്റെ ഒട്ടകപ്പടയെപ്പറ്റി സെർച്ച് ചെയ്തിട്ടൊന്നും കിട്ടുന്നില്ല. പക്ഷെ എനിക്ക് കിട്ടിയ ആ വിവരങ്ങൾ പുതുമയുള്ളതായതിനാൽ മാത്രം അതിവിടെ പങ്ക് വയ്ക്കുന്നു.

Monday, November 28, 2016

വയനാട് സാഹസിക വിനോദ കേന്ദ്രം

കറലാട് തടാകം എന്ന് കേള്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍ ഓടി എത്തിയിരുന്നത് പത്ത് വര്‍ഷം മുമ്പത്തെ ഒരു ചിത്രമാണ്. കല്പറ്റയിലെ ഒരു ബന്ധു വീട്ടില്‍ പോയി തിരിച്ചു പോരുന്ന സമയത്ത് അതോ അങ്ങോട്ട് പോകുന്ന സമയത്തോ എന്നോര്‍മ്മയില്ല വയനാട് ടൂറിസം ഭൂപടത്തില്‍ കണ്ട ആ സ്ഥലം ഒന്ന് കാണാന്‍ തീരുമാനിച്ചു. അന്ന് അവിടെ എങ്ങനെ എത്തിപ്പെട്ടു എന്ന് ഇന്നും എനിക്ക് ഒരു നിശ്ചയമില്ല. ഞാനും ഭാര്യയും മൂത്തമകള്‍ ലുലുവും ആ “വിനോദ സഞ്ചാര കേന്ദ്രം” തപ്പിപ്പിടിച്ചു !!

അവിടെ എത്തിയപ്പോള്‍ പായല്‍ മൂടി കിടക്കുന്ന ഒരു തടാകം കണ്ടു. സമീപത്ത് എന്നല്ല, വിളിച്ചു കൂവിയാല്‍ കേള്‍ക്കുന്ന സ്ഥലത്ത് പോലും ഒരു മനുഷ്യന്റെ അനക്കം കണ്ടില്ല !പായലില്‍ കുരുങ്ങിയ ഒരു ബോട്ട് ആണ് ടൂറിസം ഭൂപടത്തില്‍ പറയുന്ന ആ സ്ഥലം ഇതു തന്നെ എന്ന് തീര്‍ച്ചയാക്കാന്‍ എന്നെ സഹായിച്ചത്. ഇനി ഇത്തരം ഒരു വിഡ്ഢിത്തം ആര്‍ക്കും പറ്റരുതേ എന്ന് ആത്മാര്‍ത്ഥമായി അന്ന് പ്രാര്‍ത്ഥിച്ചിട്ടുണ്ടാകണം.കാരണം അതേ കറലാട് ആണ് ഇന്ന് വയനാട് സാഹസിക വിനോദ കേന്ദ്രമായി തല ഉയര്‍ത്തി നില്‍ക്കുന്നത്.

കല്പറ്റയില്‍ നിന്നും പടിഞ്ഞാറത്തറ വഴി മാനന്തവാടി പോകുന്ന റൂട്ടിലാണ് കറലാട്. പടിഞ്ഞാറത്തറ എത്തുന്നതിന് മുമ്പ് കാവും‌മന്ദം എന്ന സ്ഥലം കഴിഞ്ഞ് കാവും‌മന്ദം H S എന്ന ഒരു സ്റ്റോപ്പുണ്ട്.അവിടെ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് പോകുന്ന ഇടുങ്ങിയ റോഡിന് 2 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ ഈ വിനോദ കേന്ദ്രത്തില്‍ എത്താം (അതുകൊണ്ടാണ് 10 കൊല്ലം മുമ്പ് എങ്ങനെ ഞാന്‍ ഇവിടെ എത്തിപ്പെട്ടു എന്ന് സംശയിച്ചത്)

ടൂറിസം ഡിപ്പാര്‍ട്ട്മെന്റും എന്‍.എസ്.എസ് ടെക്നിക്കല്‍ സെല്ലും സംയുക്തമായി നടപ്പാക്കുന്ന ‘ഗ്രീന്‍ കാര്‍പറ്റ്’ എന്ന പദ്ധതിയുടെ ഭാഗമായുള്ള ഒരു പ്രവര്‍ത്തനത്തിനാണ് എന്‍.എസ്.എസ് വളന്റിയര്‍മാരെയും കൊണ്ട് ഞാന്‍ കഴിഞ്ഞ ദിവസം ഇവിടെ എത്തിയത്. പ്രവൃത്തിക്ക് ശേഷം അവിടെയുള്ള സൌകര്യങ്ങള്‍ ഒന്ന് ചുറ്റി കാണാന്‍ ഡിപാര്‍ട്ട്മെന്റ് സ്റ്റാഫ് എന്നെ ക്ഷണിച്ചു.

സഞ്ചാരികള്‍ക്ക് താമസിക്കാന്‍ 10 ടെന്റുകളും അല്പം മഡ് ഹൌസുകളും തയ്യാറാക്കി വരുന്നു.ഒന്നോ രണ്ടോ മാസങ്ങള്‍ക്കുള്ളില്‍ തുറക്കുമായിരിക്കും. ഒരു ഗ്രൂപിന് ഒന്നിച്ച് വന്ന് ടെന്റുകളില്‍ താമസിക്കാനും കോണ്‍ഫറന്‍സ് നടത്താനും സാധിക്കും.വിശാലമായ ഒരു കോണ്‍ഫറന്‍സ്ഹാള്‍ തയ്യാറായിട്ടുണ്ട്. ഒപ്പം നിരവധി സാഹസിക വിനോദങ്ങളും ലഭ്യമാണ്.

സാഹസിക വിനോദത്തില്‍ ഏറ്റവും ആവേശകരമായത് ഒരു പക്ഷേ ഹൃദയം നിലക്കുന്ന സിപ് ലൈന്‍ ആണ്. 40 അടി താഴ്ചയുള്ള കറലാട് തടാകത്തിന് മുകളിലൂടെ 240മീറ്ററോളം ദൂരം കയറില്‍ തൂങ്ങിയുള്ള ഒരു യാത്ര!
ഗ്രാവിറ്റി ഉപയോഗപ്പെടുത്തിയുള്ള ഈ യാത്ര വെറും 18 സെക്കന്റ് കൊണ്ട് അവസാനിക്കും എങ്കിലും അതിന്റെ മുന്നൊരുക്കം ചങ്കിടിപ്പ് സെക്കന്റില്‍ 180ല്‍ എത്തിക്കും! 290 രൂപ കൊടുത്ത് ഈ യാത്ര ആസ്വദിക്കാം.സന്നദ്ധ പ്രവര്‍ത്തനത്തിനുള്ള നന്ദി സൂചകമായി എനിക്കും നാല് കുട്ടികള്‍ക്കും സൌജന്യമായി ഇത് ആസ്വദിക്കാനുള്ള അവസരം ലഭിച്ചു!
കയറില്‍ ബന്ധിച്ച് അരയില്‍ ഉറപ്പിച്ച് ഹെല്‍മറ്റും ഗ്ലൌസും ധരിച്ച് രണ്ട് തെങ്ങിന്റെ ഉയരത്തിലുള്ള ഒരു പ്ലാറ്റ്ഫോമില്‍ കയറി ഒന്നാമനായി ഞാന്‍ നിന്നു. എനിക്കുള്ള നിര്‍ദ്ദേശങ്ങള്‍ തന്നു കൊണ്ട് അല്പാല്പമായി പിന്നോട്ട് നീങ്ങാന്‍ ഓപറേറ്റര്‍ ആവശ്യപ്പെട്ടു.താഴെ ഒരു പൊട്ടുപോലെ മനുഷ്യത്തലകള്‍ നീങ്ങുന്നത് കാണുന്നുണ്ട്....ഫും!!ഞാന്‍ അതാ തടാകത്തിന്റെ മുകളിലേക്ക് അതിവേഗം കുതിക്കുന്നു!!
എനിക്ക് പിന്നാലെ നറുക്കെടുപ്പിലൂടെ അവസരം ലഭിച്ച 3 പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും സിപ് ലൈനിലൂടെ തടാകം കടന്നു!
230 രൂപ കൊടുത്ത് ആസ്വദിക്കാവുന്ന 2 പേര്‍ ചേര്‍ന്നുള്ള കയാക്കിംങ്ങിനും ഞങ്ങളില്‍ 8 പേര്‍ക്ക് സൌജന്യ അവസരം കിട്ടി!20 മിനുട്ട് ആണ് ഇതിന്റെ സമയം. റോക്ക് ക്ലൈമ്പിംഗ്, പൈന്റ് ബാള്‍ തുടങ്ങിയ പ്രോഗ്രാമുകളും ഇപ്പോള്‍ ഉണ്ട്.കൂടുതല്‍ ഐറ്റങ്ങള്‍ ഉടന്‍ നിലവില്‍ വരും എന്ന് ടൂറിസം അധികാരികള്‍ അറിയിച്ചു.
 
കുട്ടികള്‍ക്ക് ആസ്വദിക്കാന്‍ പ്രത്യേകിച്ച് ഒന്നും ഇല്ല എന്നതാണ് ഒരു പോരായ്മ.ചില്‍ഡ്രന്‍സ് പാര്‍ക്കിന് സ്ഥലം കണ്ടെത്തിയിട്ടുണ്ട് എന്ന് പറയുന്നു. സ്വന്തമായി വാഹനം ഇല്ലെങ്കില്‍ ഇവിടെ എത്തിപ്പെടാന്‍ ബുദ്ധിമുട്ടാണ് എന്നതും സ്വന്തം വാഹനം കൊണ്ടുപോയാല്‍ തന്നെ സ്വകാര്യ വ്യക്തികളുടെ പേ ആന്റ് പാര്‍ക്കിംഗ് സൌകര്യം ഉപയോഗപ്പെടുത്തേണ്ടി വരും എന്നതും നിലവിലുള്ള പ്രശ്നങ്ങളാണ്. പ്രവേശന ഫീസ് ഇപ്പോള്‍ മുതിര്‍ന്നവര്‍ക്ക് 20 രൂപയും കുട്ടികള്‍ക്ക് 10 രൂപയുമാണ്.

Friday, November 25, 2016

സ്വാമിയും കൂട്ടുകാരും

                  ആർ.കെ നാരായൺ എന്ന ഇന്ത്യൻ ഇംഗ്ലീഷ് സാഹിത്യകാരനെ അനശ്വരനാക്കിയത് “മാൽഗുഡി ഡെയ്സ്” എന്ന കഥാസമാഹാരമാണ്. മാൽഗുഡി എന്ന ഇല്ലാത്ത ഒരു നാട്ടിൽ നടക്കുന്ന കൊച്ചു കൊച്ചു സംഭവങ്ങൾ ആണ് ഇതിലെ പ്രദിപാദ്യ വിഷയം എന്ന് കേട്ടതിനാൽ ഒന്ന് വായിക്കണം എന്ന് മനസ്സിലുറപ്പിച്ചു. അങ്ങനെയിരിക്കെ അപ്രതീക്ഷിതമായാണ് എന്റെ ഇപ്പോഴത്തെ റൂം മേറ്റും കോളേജിലെ അദ്ധ്യാപകനുമായ ശ്രീ. അലി അക്ബർ എനിക്ക് ഒരു പുസ്തകം വായിക്കാൻ തന്നത്.

                    ആർ.കെ നാരായൺ എഴുതിയ “സ്വാമിയും കൂട്ടുകാരും“ ആയിരുന്നു  ആ പുസ്തകം. ഇതു തന്നെയാണ് “മാൽഗുഡി ഡെയ്സ്” എന്ന് അലി അക്ബർ സാർ പറഞ്ഞതിനാൽ തേടിയ പുലി കാറിന് കൈ കാട്ടി എന്ന പോലെ ഞാൻ അത് വായനാ ആർത്തിയോടെ വാങ്ങി. 

                    മാൽഗുഡിയിലെ  സ്വാമി എന്ന പത്തുവയസ്സുകാരന്റെ ജീവിതവും സുഹൃത്തുക്കളുമൊത്തുള്ള കുസൃതികളും കുട്ടിക്കളികളും മറ്റും മറ്റും ആണ് ഈ പുസ്തകത്തിലെ വിഷയങ്ങൾ. കണക്കിൽ വളരെ പിന്നിലായ സ്വാമിക്ക് അച്ഛൻ ഒരു ഹോം വർക്ക് നൽകുന്നതും ആ കണക്കിൽ നിന്നും വിട്ട് അതിനപ്പുറത്തേക്ക് ചിന്തിച്ച് സ്വാമി എത്തുന്ന നിഗമനങ്ങളും അതേ പോലെ യൂറോപ്പിന്റെ മാപ്പിനെ പറ്റിയുള്ള സ്വാമിയുടെ ചിന്തകളും വളരെ രസകരമായി തോന്നി.

               സ്വാമിയുടെ കൂട്ടുകാരനായ മണിയുടെ വീമ്പുകൾ കേട്ടാൽ ഒരു പയ്യൻ തന്നെയാണോ ഇത് പറയുന്നത് എന്ന് സംശയിച്ചു പോകും - 
“....ആദ്യം ഞാൻ മുനിസിപ്പൽ വിളക്ക് കല്ലെറിഞ്ഞ് പൊട്ടിക്കും.കബീർ സ്ട്രീറ്റിലെ ഇരുട്ട് എത്ര കനത്തതാണെന്ന് നിനക്കറിയാമോ?ഞാൻ ഗദയുമായി കാത്തിരിക്കും.അവൻ ആ ഭാഗത്തേക്ക് പതുങ്ങി വരുമ്പോൾ എല്ലു തകർത്ത് തറയിലെ പൊടിമണ്ണിൽ തളർന്ന് കിടക്കും....” ഇങ്ങനെ ഒരു ചിന്ത ഒരു പയ്യന്റെ മനസ്സിൽ നിന്ന് ഉണ്ടാകണമെങ്കിൽ അത് എത്ര വിഷലിപ്തമാണെന്ന് ഒരു വേള നാം ചിന്തിക്കണം.

              ഇത് “മാൽഗുഡി ഡെയ്സ്” അല്ല എന്ന് എനിക്ക് മനസ്സിലായി. പക്ഷെ തെക്കെ ഇന്ത്യയിൽ സരയൂ നദീ തീരത്ത് “മാൽഗുഡി“ എന്നൊരു സ്ഥലം ഉള്ളതായി ഈ പുസ്തകം വായിക്കുന്നവനും തോന്നും. അത്രക്കും മനോഹരമായാണ് ആ നാടിനെ ആർ.കെ സൃഷ്ടിച്ചിരിക്കുന്നത്.

              മേൽ സൂചിപ്പിച്ച പോലെ സ്വാമി എന്ന പത്ത് വയസ്സുകാരനും അവന്റെ കൂട്ടുകാരും സമപ്രായക്കാരും  ചെയ്യുന്ന നിരവധി ക്രൂര കൃത്യങ്ങൾ പുസ്തകത്തിൽ പറയുന്നുണ്ട്. പക്ഷെ ഈ പ്രായത്തിൽ ചെയ്യാൻ പറ്റുന്നവ തന്നെയാണോ അവ എന്ന സന്ദേഹം ഇന്നത്തെ കാലത്ത് ഇത് വായിക്കുമ്പോൾ ഉയരും എന്ന് തീർച്ച. എങ്കിലും മുഷിപ്പില്ലാതെ വായിക്കാൻ പറ്റിയ പുസ്തകമാണ് “സ്വാമിയും കൂട്ടുകാരും“ എന്നതിൽ സംശയമില്ല.

രചയിതാവ് : ആർ.കെ.നാരായൺ
വില                : 28 രൂപ (അന്ത കാലത്ത്)
പ്രസിദ്ധീകരിച്ചത് : നാഷണൽ ബുക്ക് ട്രസ്റ്റ്, ഇന്ത്യ