Pages

Saturday, April 13, 2024

കൊന്ന പാപം മൊട്ടയടിച്ചാൽ തീരും ?

സുബുലുസ്സലാം ഹൈസ്‌കൂളിൽ പഠിക്കാൻ ചേർന്നത് എന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവ് തന്നെയായിരുന്നു എന്നാണ് എന്റെ വിശ്വാസം.എന്റെ ഒടുക്കത്തെ ഗ്ലാമർ കാരണം ആണും പെണ്ണുമായി നിരവധി സുഹൃത്തുക്കളെ എനിക്ക് കിട്ടിയത് ഈ സ്‌കൂളിൽ നിന്നാണ്. ഇന്നും ഗ്ലാമറും സുഹൃത് ബന്ധങ്ങളും തുടരാനുള്ള കാരണവും അന്ന് ഏതോ ടീച്ചർ എന്നെ പഠിപ്പിച്ച 'ചെറുപ്പ കാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷനുള്ള കാലം' എന്ന കുഞ്ചൻ നമ്പ്യാരുടെ വരികളാണ്.

തികച്ചും സാധാരണക്കാരായ ജനങ്ങളുടെ മക്കൾ പഠിക്കുന്ന ഒരു സ്‌കൂളായിരുന്നു ഞങ്ങളുടേത്.ഏതാനും ചില സഹപാഠികൾ അദ്ധ്യാപകരുടെ മക്കളായിരുന്നു.മിക്ക കുട്ടികൾക്കും ഉച്ചഭക്ഷണം എന്നത് ഒരു സ്വപ്നമായിരുന്നു എന്ന് അനുഭവത്തിൽ നിന്ന് എനിക്ക് നേരിട്ടറിയാം.

തല മൊട്ടയടിച്ചായിരുന്നു ഭൂരിപക്ഷം കുട്ടികളും വന്നിരുന്നത്. എനിക്കാകട്ടെ,നല്ലവണ്ണം മുടിയുണ്ടായിരുന്നു. കുട്ടികളെപ്പോലെ സ്‌കൂളിന്റെ പരിസരവാസികളും തനി ഗ്രാമീണരായിരുന്നു.മിക്ക വീടുകളിലും പശുവിനെയും കോഴികളെയും വളർത്തിയിരുന്നു.അതിലെ ഒരു കോഴിയാണ് എന്റെ പ്രശസ്തി ഉന്നതങ്ങളിൽ എത്തിച്ചത്.

വഴിയിൽ വളർന്ന് നിൽക്കുന്ന ചെടിയുടെ തല ഒറ്റ അടിക്ക് അറുത്തിടുക,ഓടുന്ന പട്ടിയുടെ പള്ളക്കെറിയുക,കോഴിയുടെ കാലെറിഞ്ഞ് ഒടിക്കുക,പുഴക്കടവിലെ  നടവഴിയിൽ വെള്ളമൊഴിച്ച് പെൺകുട്ടികളെ വഴുതി വീഴ്ത്തുക തുടങ്ങീ അല്ലറ ചില്ലറ ഹോബികൾ ഉണ്ടായിരുന്നു എന്നതൊഴിച്ചാൽ ഞാൻ അന്നും ഇന്നും വളരെ ഡീസന്റായിരുന്നു.

അങ്ങനെ കാലം മുന്നോട്ടു പോയി. മഴക്കാലം കഴിഞ്ഞ് തണുപ്പ് കാലത്തിൻ്റെ ആരംഭം കുറിച്ച് തുടങ്ങി. പതിവ് പോലെ ഇൻ്റർവെൽ സമയത്തെ ചായ കുടിക്കായി കുഞ്ഞുണ്ണിയുടെ കടയിൽ എത്തിയതായിരുന്നു ഞാൻ. ഇത്തരം സന്ദർഭങ്ങളിൽ ഞാൻ കൂടെ കൂട്ടാറുള്ള എൻ്റെ അടുത്ത സുഹൃത്ത് ലത്തീഫും കൂടെയുണ്ടായിരുന്നു. 

അപ്പോഴാണ് സൈനാത്തയുടെ കോഴികളിലൊന്ന് തൊട്ടുമുന്നിലെ പറമ്പിലെ കരിയിലകൾ ചിക്കിപ്പരതുന്നത് എൻ്റെ ശ്രദ്ധയിൽ പെട്ടത്. മൂടൊന്ന് കുലുക്കി രണ്ട് കാലുകൊണ്ടും കരിയിലകൾ മാന്തി നീക്കി തല ഉയർത്തി ചുറ്റുവട്ടം ഒന്ന് നോക്കി വീണ്ടും തൻ്റെ ജോലിയിൽ വ്യാപൃതയാവുന്ന ആ പിടക്കോഴിയെ കണ്ടതോടെ എന്റെ ഹോബികളിൽ ഒന്ന് സട കുടഞ്ഞെഴുന്നേറ്റു.

"ലത്തീഫേ... നീ ആ കോഴിയെ കണ്ടോ?" ഞാൻ ചോദിച്ചു.

"ഹും.. ഞാനതിൻ്റെ ആ മൂട് കുലുക്കൽ നോക്കി ഇരിക്കുകയായിരുന്നു..." ഒരു കള്ളച്ചിരിയോടെ ലത്തീഫ് പറഞ്ഞു.

"എടാ... കള്ള ഹിമാറേ... കോഴികളെയെങ്കിലും നിനക്ക്  വെറുതെ വിട്ടൂടെ.."

"അപ്പോ പിന്നെ നീ എവിടേക്കായിരുന്നു നോക്കിയിരുന്നത് ?" ആ ചോദ്യത്തിന് മുന്നിൽ ഒന്ന് ചൂളിപ്പോയെങ്കിലും പെട്ടെന്ന് തന്നെ ഞാൻ അഡ്ജസ്റ്റ് ചെയ്തു.

"ആ കോഴിയുടെ രണ്ടാമത്തെ കാല് പിന്നോട്ട് വരുന്ന സമയത്ത് അതിൽ കല്ലെറിഞ്ഞ് കൊള്ളിക്കണം.." ഞാൻ പറഞ്ഞു.

"രണ്ടാമത്തെ കാലോ? അതെങ്ങന്യാ അറിയാ?" ലത്തീഫ് ചോദിച്ചു.

"ഇടതു കാൽ നോക്കിയാൽ മതി...""

ഞാൻ പറഞ്ഞ് കഴിഞ്ഞതും ലത്തീഫ് ഇരിപ്പിടത്തിൽ നിന്നും എണീറ്റ് എനിക്കഭിമുഖമായി നിന്നു. പിന്നെ നേരെ തിരിഞ്ഞ് സ്വന്തം ഇടതു കാലിലേക്ക് ഒന്ന് നോക്കി. ശേഷം കോഴിയെയും ഒന്ന് നോക്കി എന്തൊക്കെയോ മന്ത്രിച്ചു.

"നീ ഇതെന്താ ചെയ്യുന്നത്?" ലത്തീഫിൻ്റെ ചലനങ്ങൾ കണ്ട് ഒന്നും മനസ്സിലാവാത്തതിനാൽ ഞാൻ ചോദിച്ചു.

"അതേയ്... കോഴി ആദ്യം ഇങ്ങോട്ട് തിരിഞ്ഞായിരുന്നു ചിക്കിപ്പരതിയത്.."

"ങാ...അതോണ്ട് നീ എന്റെ നേരെ തിരിഞ്ഞ് നിന്നു.."

"യെസ് കറക്ട് .... പിന്നെ കോഴി നേരെ അപ്പുറത്തേക്ക് തിരിഞ്ഞു. അപ്പോൾ എത്ര ഡിഗ്രിയിൽ തിരിഞ്ഞു...?"

"അത് നമ്മുടെ കണക്കദ്ധ്യാപിക ഷീല ടീച്ചറോട്  ചോദിക്കാം... അത് കഴിഞ്ഞ് എന്തിനാ നീ നിൻ്റെ കാലിലേക്ക് നോക്കിയത്?"

"അത്... എൻ്റെ ഇടത് കാല് നോക്കി കോഴിയുടെ ഇടത് കാല് ഏതാന്ന് ഞാൻ ഉറപ്പ് വരുത്തിയതാ.." 

ഇത്രയും പറഞ്ഞ് ലത്തീഫ് ഒരു ഉരുളൻ കല്ലുമെടുത്ത് തിരിച്ച് വന്നു.

"എൻ്റുമ്മേ... അത് കൊണ്ട് ഏറ് കൊണ്ടാൽ ആ കോഴി ചാവും പഹയാ..." 

എൻ്റെ ഉപദേശം കണക്കിലെടുത്ത് ലത്തീഫ് വലിയ കല്ല് ഒഴിവാക്കി ചെറിയ കല്ലുകളുമായി തിരിച്ചെത്തി. ശേഷം എറിയാനുള്ള എൻ്റെ ഓർഡറിനായി കാത്ത് നിന്നു.

"വൺ ടു ത്രീ.." 

ഞാൻ എണ്ണിക്കഴിഞ്ഞതും ലത്തീഫ് ഒറ്റ ഏറ്. കോഴി നിൽക്കുന്നതിൻ്റെ രണ്ട് വാര അപ്പുറമുള്ള മാവിൻ തൈയുടെ ഇളം തലപ്പ് ഏറുകൊണ്ട് ഒടിയുന്നത് ഞാൻ കണ്ടതാണ്. പക്ഷെ ഒന്ന് മുന്നോട്ട് ചാടി കോഴിയും അവിടെ തന്നെ പിടഞ്ഞു വീണ് ചത്തു !

താനെറിഞ്ഞ കല്ല് കോഴിയ്ക്ക് കൊണ്ടിട്ടില്ല എന്ന് ലത്തീഫിനും ഉറപ്പായിരുന്നു.പക്ഷേ,സംഭവിച്ചത് എന്തെന്നറിയാതെ ഞാനും ലത്തീഫും പരസ്പരം നോക്കി. ഞങ്ങൾ രണ്ട് പേരും കടയിൽ നിന്നും വേഗം ഇറങ്ങി ക്ലാസിലേക്കോടി. അപ്പോഴാണ് കടയുടെ പിന്നിൽ നിന്നും വേറൊരാളും കൂടി ഓടി മറയുന്നത് ഞാൻ കണ്ടത് !!

അൽപ സമയത്തിനകം തന്നെ കോഴിയുടെ ഉടമസ്ഥ സൈനാത്ത സ്കൂൾ ഗേറ്റും കടന്ന് ധൃതിയിൽ വരുന്നത് ഞാൻ കണ്ടു. സൈനാത്ത നേരെ പോയത് ഹെഡ്മാസ്റ്റർ ബഷീർ മാസ്റ്ററുടെ അടുത്തേക്കാണ്. കോഴിയെ എറിഞ്ഞത് ഞാനാണെന്നായിരുന്നു സൈനാത്ത മനസ്സിലാക്കി വച്ചത് എന്നാണ് എന്റെ ധാരണ.

"നാളെ അസംബ്ലി വിളിക്കാം.... കുട്ടികൾ നിരന്ന് നിൽക്കുമ്പോൾ നിങ്ങൾക്ക് ആളെ തിരിച്ചറിയാൻ പറ്റും" ബഷീർ മാഷ് വരാന്തയിലേക്കിറങ്ങി സൈനാത്തയോട് പറയുന്നത് ഞാൻ കേട്ടു.

'അങ്ങനെ എങ്കിൽ സൈനാത്ത എന്നെ തിരിച്ചറിഞ്ഞത് തന്നെ...' ഞാൻ മനസ്സിൽ കരുതി. ചെയ്യാത്ത കുറ്റത്തിന് സ്കൂളിലെ മുഴുവൻ കുട്ടികളുടെയും മുന്നിൽ വച്ച് പിടിക്കപ്പെടുന്നതിൻ്റെ ജാള്യത ഞാൻ മനസ്സിൽ കണ്ടു. പിറ്റേന്ന് സ്കൂളിലേക്ക് വരാതിരുന്നാൽ കുറ്റം എൻ്റെ മേൽ ഉറപ്പായും ചുമത്തപ്പെടും എന്നതിനാൽ ഞാൻ രക്ഷപ്പെടാനുള്ള മറ്റു മാർഗ്ഗങ്ങൾ ആലോചിച്ചു.

പിറ്റേ ദിവസം പതിവ് പോലെ ഞാൻ സ്കൂളിലെത്തി. സൈനാത്ത വരാന്തയിൽ കാത്ത് നിൽക്കുന്നുണ്ട്. ചത്തുപോയ കോഴി ഇട്ട മുട്ടകളാണെന്നും പറഞ്ഞ് ഒരു പൊതി മുട്ട പലരെയും കാണിക്കുന്നുമുണ്ട്. മുട്ട കണ്ടവരെല്ലാം 'അയ്യോ പാവം' ഭാവത്തിലാകുന്നതും ഞാൻ ശ്രദ്ധിച്ചു.

'ലത്തീ ... ഈ താത്ത മുട്ടയിൽ കൂടോത്രം ചെയ്ത് കോഴിയെ കൊന്നവനെ കണ്ടുപിടിക്കാനുള്ള പരിപാടിയാ... നീ പെട്ടത് തന്നെ.. ' എനിക്കില്ലാത്ത സമാധാനം ലത്തീഫിനും കിട്ടണ്ട എന്ന് കരുതി ഞാൻ അവൻ്റെ ചെവിയിൽ പറഞ്ഞതും അവന് മൂത്രാശങ്ക വന്നു.

സ്പെഷ്യൽ അസംബ്ലിക്കുള്ള ബെൽ മുഴങ്ങിയതോടെ കുട്ടികളെല്ലാം മുറ്റത്ത് അണി നിരന്നു. ഞാനും ഒരു ഭാവമാറ്റവുമില്ലാതെ എൻ്റെ ക്ലാസിലെ കുട്ടികൾക്കിടയിൽ ചെന്ന് നിന്നു. താമസിയാതെ അസംബ്ലി ആരംഭിച്ചു.

"ഇന്ന് ഈ അസംബ്ലി കൂടാൻ ഒരു പ്രത്യേക  കാരണമുണ്ട്. നമ്മുടെ സ്കൂളിൻ്റെ അയൽവാസിയായ സൈനാത്തയുടെ മുട്ടയിട്ട് കൊണ്ടിരിക്കുന്ന കോഴിയെ ഇന്നലെ ആരോ എറിഞ്ഞ് കൊന്നിരിക്കുന്നു. സൈനാത്താക്ക് ആളെ കണ്ടാലറിയാം എന്ന് പറഞ്ഞു. അതിനായി ഒരു തിരിച്ചറിയൽ പരേഡ് നടത്തുകയാണ്. സൈനാത്ത തന്നെ കള്ളനെ പിടിക്കും..." ബഷീർ മാസ്റ്റർ പറഞ്ഞു.

വരാന്തയിൽ നിന്നും സൈനാത്ത കുട്ടികളുടെ അടുത്തേക്ക് ഇറങ്ങി വന്നു. നിരനിരയായി നിൽക്കുന്ന ആൺകുട്ടികളെ ഓരോരുത്തരെയും സൂക്ഷിച്ച് നോക്കി. എൻ്റെ അടുത്തും സൈനാത്ത എത്തി.എന്റെ ഹൃദയം ചട പടാ അടിച്ചു .എങ്കിലും ഞാൻ ശ്വാസം വിടാതെ കട്ടക്ക് തന്നെ നിന്നു. സൈനാത്ത അടുത്ത ആളുടെ നേരെ നീങ്ങി. അവസാനം വരെ എത്തിയിട്ടും കോഴിയെ എറിഞ്ഞ ആളെ തിരിച്ചറിയാൻ സൈനാത്തക്ക് സാധിച്ചില്ല. അസംബ്ലി അതോടെ പിരിച്ച് വിടുകയും ചെയ്തു.

അന്നാണ് ആദ്യമായി ഞാൻ തലമൊട്ടയടിച്ചത് എന്നാണ് എന്റെ ഓർമ്മ. ഒരുപാട് മൊട്ടകൾക്കിടയിൽ നിന്ന് തലേ ദിവസം വരെ മുടിയനായിരുന്ന എന്നെ , സൈനാത്തക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല. അബദ്ധത്തിൽ സംഭവിച്ചതായതിനാൽ, കോഴിയെ കൊന്നതാര് എന്ന്  ഞാൻ ആരോടും പറഞ്ഞതുമില്ല.

1 comments:

Areekkodan | അരീക്കോടന്‍ said...

ഒരു സുഹൃത്തിൻ്റെ സ്കൂൾ ഓർമ്മകൾ

Post a Comment

നന്ദി....വീണ്ടും വരിക