ബാല്യത്തിലെ പെരുന്നാള്‍ എന്നും സന്തോഷത്തിന്റെ ദിനങ്ങള്‍ ആയിരുന്നു തന്നിരുന്നത്.ഏറ്റവും വലിയ സന്തോഷം പുത്തന്‍ ഡ്രെസ്സുകള്‍ കിട്ടും എന്നത് തന്നെ.
പെരുന്നാളിന്റെ ആഴ്ചകള്‍ക്ക് മുമ്പേ ബാപ്പയും ഉമ്മയും കൂടി കോഴിക്കോട്ടേക്ക് ഒരു പോക്കുണ്ട്.തിരിച്ചു വീട്ടില്‍ വന്ന് ആ സഞ്ചികള്‍ മുഴുവനായി ഇറക്കി വയ്ക്കുമ്പോള്‍ ഇന്ന് ഗള്‍ഫില്‍ നിന്നും വരുന്നവരുടെ പെട്ടിക്ക് ചുറ്റും കൂടുന്നത് പോലെയാണ്.കുറേ കട്‌പീസും ഹാന്റെക്സ് ഉല്പന്നങ്ങളും പിന്നെ എനിക്കും അനിയനും ഉള്ള ‘യൂനിഫോമും’ ചെറിയ അനിയനുള്ള എള്ളുണ്ടയും.അതേ ഞങ്ങള്‍ രണ്ട് പേര്‍ക്കും (ചെറിയ അനിയന്‍ അല്പം ലേറ്റ് ആയിരുന്നതിനാല്‍ ഈ കൂട്ടത്തില്‍ ഉണ്ടായിരുന്നതായി ഓര്‍മ്മയില്ല) ഒരേ തരത്തിലുള്ള ഷര്‍ട്ട് ആയിരുന്നു അക്കാലത്ത് എടുത്തിരുന്നത്.ആ നെടുനീളന്‍ തുണിയില്‍ നിന്ന് ഓരോരുത്തര്‍ക്കും വേണ്ടത് മുറിച്ചെടുക്കലും ബാക്കിയുള്ളത് തിരിച്ചേല്‍പ്പിക്കലും പിന്നെ ടൈലര്‍ അറുമുഖേട്ടന്റെ ഡ്യൂട്ടിയാണ്.
പിറ്റേ ദിവസം തന്നെ ബാപ്പയുടെ കൂടെ ഞങ്ങള്‍ അറുമുഖേട്ടന്റെ ഷൈമ ടൈലേഴ്സിലേക്ക് പുറപ്പെടും.അങ്ങാടി മധ്യത്തില്‍ ഒരു കടയുടെ മുകള്‍ നിലയിലുള്ള ഷൈമ ടൈലേഴ്സിലേക്ക് കയറാന്‍ തന്നെ നല്ല പാടായിരുന്നു.അറുമുഖേട്ടന്‍ ഞങ്ങളുടെ എവിടെയൊക്കെയോ ടേപ്പ് പിടിച്ച് എന്തൊക്കെയോ കുറിക്കും.രണ്ട് പേരുടേയും മുഴുവന്‍ കുറിപ്പും കഴിഞ്ഞാല്‍ ഞാന്‍ അനിയനേയും അവന്‍ എന്നേയും നോക്കും.അത് വെറുതെയല്ല - അറുമുഖേട്ടനോട് ഒരു കാര്യം കൂടി പറയാനുണ്ട്.അപ്പോള്‍ നിലവിലുള്ള എല്ലാ ഫേഷനും കുപ്പായത്തില്‍ ഉണ്ടായിരിക്കണം എന്നുള്ളതാണ് അത്.രണ്ട് കീശയാണെങ്കില്‍ അത്,അതിന് ടോപ്പുള്ളതാണ് എങ്കില്‍ അത്,പ്രെസ്സ് ബട്ടണ്‍ ആണെങ്കില്‍ അത്.അതായത് നിലവിലുള്ള ഫേഷനൊക്കെ അറിഞ്ഞിരിക്കേണ്ടതും അറുമുഖേട്ടന്റെ ഡ്യൂട്ടിയാണ്.അത് ബാപ്പ പറയില്ല.അനിയനും പറയില്ല.അറുമുഖേട്ടന്റെ മുഖത്ത് നോക്കി ഞാനും പറയില്ല! പിന്നെ എന്തു ചെയ്യും.ഇറങ്ങി പോരുന്ന സമയത്ത് ചുമരില്‍ നോക്കി പറയും!!അത് അറുമുഖേട്ടന്‍ മിക്കവാറും കേള്‍ക്കാറില്ല , പക്ഷേ പറഞ്ഞു എന്ന സമാധാനം എനിക്കും കിട്ടും അതിന്റെ പേരില്‍ എന്നെ ഇടിക്കാനുള്ള അവസരം അനിയന് നഷ്ടവും ആകും!
അറുമുഖേട്ടന്‍ കുപ്പായം തുന്നിത്തരാം എന്ന് പറയുന്ന ദിവസം വരേ പിന്നെ മറ്റുള്ളവരുടെ കുപ്പായത്തില്‍ എന്തൊക്കെ കോപ്രായങ്ങള്‍ ഉണ്ട് എന്ന് നോക്കലാണ് ഞങ്ങളുടെ ഹോബി.അതെല്ലാം വരാന്‍ പോകുന്ന ഞങ്ങളുടെ കുപ്പായത്തിലും ഉണ്ടാകുമല്ലോ എന്ന് സ്വപ്നം കാണും.സ്കൂളിലേക്ക് പോകുമ്പോഴൊക്കെ ഷൈമ ടൈലേഴ്സിന്റെ ചില്ലിനുള്ളിലൂടെ നോക്കും , ഞങ്ങളുടെ കുപ്പായം അവിടെ തൂങ്ങുന്നുണ്ടോ എന്നറിയാന്‍.പക്ഷേ അങ്ങനെ ഒന്ന് സംഭവിച്ചതേ ഇല്ല.
കുപ്പായം തുന്നി കിട്ടും എന്ന് പറയുന്ന ദിവസം നേരത്തെ തന്നെ ഞങ്ങള്‍ ഷൈമ ടൈലേഴ്സില്‍ എത്തും.കിട്ടിയാല്‍ പിന്നെ അതും കൊണ്ട് വീട്ടിലേക്ക് ഒരോട്ടമാണ്.വീട്ടിലെത്തി പൊതി അഴിച്ച് കുപ്പായം നിവര്‍ത്തി നോക്കുമ്പോഴാണ് അറുമുഖേട്ടന്‍ എന്ന ‘പഴഞ്ചനെ‘ മനസ്സിലാകുക.നാട്ടിലുള്ള ഒരു ഫേഷനും കുപ്പായത്തില്‍ ഉണ്ടായിരിക്കില്ല!പിന്നെ ഞാനും അനിയനും തര്‍ക്കമാണ് - കാക്ക പറയാത്തത് കൊണ്ടാണ് അങ്ങനെ സംഭവിച്ചത് എന്ന് അനിയനും ചുമരില്‍ നോക്കിയാണെങ്കിലും ഞാന്‍ പറഞ്ഞിരുന്ന് എന്ന് ഞാനും.ഏതായാലും ഫേഷന്‍ ഇല്ലെങ്കിലും പുത്തന്‍ കുപ്പായം കിട്ടിയ സന്തോഷം ഇന്നും മനസ്സില്‍ എത്തുന്നു.
ഇന്ന് അറുമുഖേട്ടനും ഇല്ല , ഷൈമ ടൈലേഴ്സും ഇല്ല.ഞാനും അനിയനും മിക്കവാറും റെഡിമേഡ് ഷര്‍ട്ടുകള്‍ വാങ്ങിക്കുന്നു.എങ്കിലും പെരുന്നാള്‍ ആഗതമാകുമ്പോള്‍ ആ ബാല്യപ്പെരുന്നാള്‍ ഓര്‍മ്മയിലേക്ക് ഓടി വരുന്നു.
എല്ലാവര്‍ക്കും അരീക്കോടന്റേയും കുടുംബത്തിന്റേയും ഹൃദ്യമായ ബലിപെരുന്നാള്‍ ആശംസകള്‍.




10 comments:
ഇന്ന് അറുമുഖേട്ടനും ഇല്ല , ഷൈമ ടൈലേഴ്സും ഇല്ല.ഞാനും അനിയനും മിക്കവാറും റെഡിമേഡ് ഷര്‍ട്ടുകള്‍ വാങ്ങിക്കുന്നു.എങ്കിലും പെരുന്നാള്‍ ആഗതമാകുമ്പോള്‍ ആ ബാല്യപ്പെരുന്നാള്‍ ഓര്‍മ്മയിലേക്ക് ഓടി വരുന്നു.
കുട്ടിക്കാലത്ത് നമ്മുടെ തുണിയെല്ലാം തച്ചിരുനന്നതും ഒരു “യാഥാസ്ഥ്തിതികനയ” ടൈലറായിരുന്നു. തുണിതയ്ക്കാൻ കൊടുക്കുന്ന അച്ഛനെയും മക്കളെയും ഒക്കെ താൻ തയ്യൽ പഠിച്ച കാലത്തെ ഫാഷനിൽ നടത്തിക്കാനേ അദ്ദേഹത്തിനു കഴിഞ്ഞിരുന്നുള്ളൂ.എന്നാൽ പുതിയ ചെത്ത് തയ്യൽക്കരുടെ കടയിൽ കൊണ്ടു കൊടുക്കാൻ വീട്ടുകാർ സമ്മതിക്കുമോ അതുമില്ല. തയ്യൽക്കാരുടെ കാര്യം മാത്രമല്ല, നമ്മുടെ തലമുടിവെട്ടിക്കാൻ കൊണ്ടു പോകുന്ന ബർബറും “ഓറ്ത്തഡോക്സ്” ആയിരിക്കും. പുതിയ വല്ല ഫാഷനിലും വെട്ടാൻ പറഞ്ഞാൽ ങാ, അങ്ങനെ തന്നെ എന്നു പറയും. വെട്ടിത്തീരുമോഴാണറിയുക നമ്മുടെ ഉപ്പായുടെ ഹെയർ സ്റ്റൈലും നമ്മുടെ ഹെയർ സ്റ്റൈലും തമ്മിലുള്ള ഒടുക്കത്തെ സാമ്യം! തലമുടി ഉപ്പാപ്പാക്കട്ടു വെട്ടിയെന്നു വച്ച് തല വെട്ടിക്കളയാൻ പറ്റില്ലല്ലോ! ഒരിക്കൽ നമ്മുടെ “കുടുംബ” ബാർനറോട് ഒരു പയ്യൻ അന്നത്തെ ലേറ്റസ്റ്റ് ഫേഷനായ സ്റ്റെപ്പ് കട്ട് വെട്ട് വെട്ടണമെന്ന് പറഞ്ഞു. സ്റ്റെപ്പ് കട്ടെന്താണെന്നറിയാത്ത “ബർബറപ്പുപ്പൻ” കത്തിയെടുത്ത് ഒറ്റ വഴിപ്പ്! മൊട്ടത്തലയുമായി ചെക്കൻ കുറെ കിടന്ന് കരഞ്ഞു. സ്റ്റെപ്പ് കട്ട് വെട്ടാൻ പറഞ്ഞു സ്റ്റെപ്പ് കട്ട് വെട്ടീ എന്നായി ബാർമറപ്പൂപ്പൻ!
ബലിപെരുന്നാള്‍ ആശംസകള്‍....
പെരുന്നാളിന്റെ അന്ന് രാവിലെ ട്ടൈ ലര്‍ ഷോപ്പിന്റെ മുബില്‍ പുത്തന്‍ കുപ്പായത്തിനു കാത്തു നിന്ന ആ പഴേ ഓര്‍മ മനസ്സിലേക്ക് ഓടി വന്നു അരീകോടന്‍
വെറുതെയല്ല. ഞാനന്ന് വിളിച്ചപ്പോള്‍ "മക്കളുമോത്തു കോഴിക്കോട് വന്നിരിക്കുകയാണ്. പെരുന്നാളുടുപ്പെടുക്കണം" എന്നു പറഞ്ഞത്. അതിങ്ങനെയൊരു ഓര്‍മ്മയെ വര്‍ഷാവര്‍ഷം തെളിമയോടെ നിലനിര്‍ത്താന്‍ വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നല്ലേ..?
ടെയിലർമാരെല്ലാവരും ഇങ്ങനെ തന്നെയാണ്, ഏത് നാട്ടിലും...
ഇഷ്ടപ്പെട്ടു ഈ പോസ്റ്റ്.
നല്ല പോസ്റ്റ്
നല്ല പോസ്റ്റ്.. പെരുന്നാള്‍ ആശംസകള്‍..
മാഷേ, നല്ല പോസ്റ്റ്, ശ്ശിഷ്ടായി.....!!!
ഏതു വിഷയത്തെയും തന്‍റെ കാഴ്ചപ്പാടിലൂടെ സ്വാഭാവിക നര്‍മ്മത്തില്‍ പൊതിഞ്ഞു പറയാന്‍ ഇദ്ദേഹം എപ്പോഴും ശ്രമിക്കാറുണ്ട്. ബാല്യപെരുന്നാളിന്റെ മധുരിക്കുന്ന സ്മരണകളാണ് ഇത്തവണ മനോരാജ്യത്തിലെ തോന്ന്യാക്ഷരക്കാരന്‍ പറയുന്നത്. ഇരിപ്പിടത്തില്‍ നിന്നും.....
http://marubhoomikalil.blogspot.com/2011/11/blog-post_12.html
Post a Comment