കുട്ടിക്കാലത്ത് ഏറ്റവും സന്തോഷം ലഭിച്ചിരുന്ന ദിവസങ്ങളിൽ ഒന്നായിരുന്നു
പെരുന്നാൾ സുദിനം. പുതുപുത്തൻ വസ്ത്രങ്ങൾ ലഭിക്കും എന്നതായിരുന്നു ഈ
സന്തോഷത്തിന്റെ പ്രധാന കാരണം.
പെരുന്നാൾ ദിനത്തിന്റെ ഏതാനും
ദിവസങ്ങൾക്ക് മുമ്പ് രാവിലെത്തന്നെ ബാപ്പ ഉമ്മയെയും കൂട്ടി കോഴിക്കോട്ടേക്ക്
പോകും.വൈകുന്നേരത്തോടെ തിരിച്ചു വീട്ടിലെത്തുമ്പോൾ രണ്ട് പേരുടെയും ഇരു കയ്യിലും തൂക്കിപ്പിടിച്ച
നിലയിൽ ഒരുപാട് സഞ്ചികൾ ഉണ്ടാകും.വീട്ടിനകത്ത് കയറി ആ സഞ്ചികള്‍ എല്ലാം ഇറക്കി
വയ്ക്കുമ്പോള്‍, ഇന്ന് ഗള്‍ഫില്‍
നിന്നും വരുന്നവരുടെ പെട്ടിക്ക് ചുറ്റും കൂടുന്നത് പോലെ ഞങ്ങൾ അവയെ പൊതിയും.കുറേ
കട്പീസുകളും ഹാന്റെക്സ് ഉല്പന്നങ്ങളും പിന്നെ എനിക്കും അനിയനും ഉള്ള ‘യൂനിഫോമും’
ഏറ്റവും ചെറിയ അനിയനുള്ള എള്ളുണ്ടയും ഒക്കെ ആയിരുന്നു ആ സഞ്ചികളിൽ നിറച്ച്
കൊണ്ടുവന്നിരുന്നത്. .എനിക്കും അനിയനും
(ചെറിയ അനിയന് അല്പം ലേറ്റ് ആയി ജനിച്ചതായിരുന്നതിനാല്‍ അവന് ഷർട്ട് ഉണ്ടായിരുന്നതായി ഓര്‍മ്മയില്ല) ഒരേ
തരത്തിലുള്ള ഷര്‍ട്ട് പീസ് ആയിരുന്നു അക്കാലത്ത് എടുത്തിരുന്നത്.പിന്നെ ആ
നെടുനീളന്‍ തുണിയില്‍ നിന്ന് ഞങ്ങൾ ഓരോരുത്തര്‍ക്കും വേണ്ടത് മുറിച്ചെടുത്ത്
കുപ്പായം തുന്നലും ബാക്കിയുള്ളത് തിരിച്ചേല്‍പ്പിക്കലും സ്ഥലത്തെ പ്രധാന ടൈലര്‍ അറുമുഖേട്ടന്റെ
ഡ്യൂട്ടിയാണ്.
പിറ്റേ ദിവസം
തന്നെ ഞങ്ങള്‍ ബാപ്പയുടെ കൂടെ അറുമുഖേട്ടന്റെ തുന്നൽക്കടയായ ഷൈമ ടൈലേഴ്സിലേക്ക്
പുറപ്പെടും.അങ്ങാടി മധ്യത്തില്‍ ഒരു കടയുടെ മുകള്‍ നിലയിലുള്ള ഷൈമ ടൈലേഴ്സിലേക്കുള്ള
ഇടുങ്ങിയ ഗോവണി കയറാന്‍ തന്നെ നല്ല പാടായിരുന്നു.അറുമുഖേട്ടന്‍ ഞങ്ങളുടെ ദേഹത്ത്
എവിടെയൊക്കെയോ ടേപ്പ് പിടിച്ച് ഒരു റസീറ്റ് ബുക്കിൽ എന്തൊക്കെയോ കുത്തിക്കുറിക്കും.
രണ്ട്
പേരുടേയും മുഴുവന്‍ അളവും എടുത്ത് കഴിഞ്ഞാല്‍ ഞാന്‍ അനിയനേയും അവന് എന്നേയും
ഒന്ന് നോക്കും.ആ നോട്ടത്തിന്റെ അർത്ഥം അറുമുഖേട്ടനോട് ഒരു കാര്യം കൂടി പറയാനുണ്ട്
എന്നാണ് . അതായത് അപ്പോള്‍ നിലവിലുള്ള എല്ലാ ഫേഷനുകളും ഞങ്ങളുടെ കുപ്പായത്തിലും ഉണ്ടായിരിക്കണം എന്നുള്ള കാര്യം.രണ്ട്
കീശയാണെങ്കില്‍ അത്,കീശക്ക് ടോപ്പുള്ളതാണ്
എങ്കില്‍ അത്,പ്രെസ്സ് ബട്ടണ്‍ ആണെങ്കില്‍ അത്, അങ്ങനെ നിലവിലുള്ള ഫേഷനൊക്കെ അറിഞ്ഞിരിക്കേണ്ടതും കുപ്പായത്തിൽ
തുന്നിച്ചേർക്കേണ്ടതും അറുമുഖേട്ടന്റെ
ഡ്യൂട്ടിയാണ്.അത് അറുമുഖേട്ടനോട് ബാപ്പ പറയില്ല; അനിയനും
പറയില്ല ;അറുമുഖേട്ടന്റെ മുഖത്ത് നോക്കി ഞാനും പറയില്ല!
പിന്നെ എന്തു ചെയ്യും?അവിടെ നിന്നും ഇറങ്ങിപ്പോരുന്ന സമയത്ത്
പുറം ചുമരിലേക്ക് നോക്കി ഞാൻ വിളിച്ച് പറയും - 'കുപ്പായത്തിൽ
എല്ലാ ഫേഷനും വേണം' !! അത് അറുമുഖേട്ടന്‍ ഒരിക്കലും കേള്‍ക്കാറില്ല. പക്ഷേ പറഞ്ഞു എന്ന
സമാധാനം എനിക്കും കിട്ടും ഞാൻ പറഞ്ഞില്ല എന്ന പേരില്‍ എന്നെ ഇടിക്കാനുള്ള അവസരം
അനിയന് നഷ്ടമാവുകയും ചെയ്യും!
അറുമുഖേട്ടന്‍ കുപ്പായം തുന്നിത്തരാം എന്ന് പറഞ്ഞ ദിവസം വരെ, മറ്റുള്ളവരുടെ കുപ്പായത്തില്‍
എന്തൊക്കെ കോപ്രായങ്ങള്‍ ഉണ്ട് എന്ന് നോക്കലാണ് പിന്നെ ഞങ്ങളുടെ ഹോബി.അതെല്ലാം, കിട്ടാൻ പോകുന്ന ഞങ്ങളുടെ കുപ്പായത്തിലും ഉണ്ടാകുമല്ലോ എന്ന് സ്വപ്നം
കാണും. സ്കൂളിലേക്ക് പോകുന്ന ദിവസങ്ങളിലെല്ലാം ഷൈമ ടൈലേഴ്സിന്റെ ചില്ലു
കൂടിനുള്ളിലേക്ക് ഒളിഞ്ഞ് നോക്കും, ഞങ്ങളുടെ കുപ്പായം അവിടെ
തൂങ്ങുന്നുണ്ടോ എന്നറിയാന്‍.പക്ഷേ അങ്ങനെ ഒന്ന് ഒരിക്കലും സംഭവിച്ചതേ ഇല്ല.
കുപ്പായം തുന്നി കിട്ടും എന്ന് പറഞ്ഞ
ദിവസം നേരത്തെ തന്നെ ഞങ്ങള്‍ ഷൈമ ടൈലേഴ്സില്‍ എത്തും. കുപ്പായപ്പൊതി
കയ്യിൽ കിട്ടിയാല്‍ പിന്നെ അതും കൊണ്ട് വീട്ടിലേക്ക് ഒരോട്ടമാണ്.വീട്ടിലെത്തി പൊതി
അഴിച്ച് കുപ്പായം നിവര്‍ത്തി നോക്കുമ്പോഴാണ് അറുമുഖേട്ടന്‍ എന്ന ‘പഴഞ്ചനെ‘ ശരിക്കും
മനസ്സിലാകുക.നാട്ടിലുള്ള ഒരു ഫേഷനും ഞങ്ങളുടെ കുപ്പായത്തില്‍
ഉണ്ടായിരിക്കില്ല!പിന്നെ ഞാനും അനിയനും തർക്കം തുടങ്ങും - കാക്ക പറയാത്തത്
കൊണ്ടാണ് അങ്ങനെ സംഭവിച്ചത് എന്ന് അനിയനും ചുമരില്‍ നോക്കിയാണെങ്കിലും ഞാന്‍
പറഞ്ഞിരുന്ന് എന്ന് ഞാനും വാദിക്കും. ഫേഷന്‍ ഒന്നും ഇല്ലെങ്കിലും പുത്തന്‍
കുപ്പായം കിട്ടിയ സന്തോഷം ഇന്നും മനസ്സില്‍ ഓടി എത്തുന്നു.
ഇന്ന് അറുമുഖേട്ടനും ഇല്ല , ഷൈമ ടൈലേഴ്സും ഇല്ല.ഞാനും അനിയനും
മിക്കവാറും റെഡിമേഡ് ഷര്‍ട്ടുകള്‍ വാങ്ങിക്കുന്നു.എങ്കിലും പെരുന്നാള്‍
ആഗതമാകുമ്പോള്‍ ആ ബാല്യപ്പെരുന്നാള്‍ ഓര്‍മ്മയിലേക്ക് ഓടി വരുന്നു.
10 comments:
ഇന്ന് അറുമുഖേട്ടനും ഇല്ല , ഷൈമ ടൈലേഴ്സും ഇല്ല.ഞാനും അനിയനും മിക്കവാറും റെഡിമേഡ് ഷര്‍ട്ടുകള്‍ വാങ്ങിക്കുന്നു.എങ്കിലും പെരുന്നാള്‍ ആഗതമാകുമ്പോള്‍ ആ ബാല്യപ്പെരുന്നാള്‍ ഓര്‍മ്മയിലേക്ക് ഓടി വരുന്നു.
കുട്ടിക്കാലത്ത് നമ്മുടെ തുണിയെല്ലാം തച്ചിരുനന്നതും ഒരു “യാഥാസ്ഥ്തിതികനയ” ടൈലറായിരുന്നു. തുണിതയ്ക്കാൻ കൊടുക്കുന്ന അച്ഛനെയും മക്കളെയും ഒക്കെ താൻ തയ്യൽ പഠിച്ച കാലത്തെ ഫാഷനിൽ നടത്തിക്കാനേ അദ്ദേഹത്തിനു കഴിഞ്ഞിരുന്നുള്ളൂ.എന്നാൽ പുതിയ ചെത്ത് തയ്യൽക്കരുടെ കടയിൽ കൊണ്ടു കൊടുക്കാൻ വീട്ടുകാർ സമ്മതിക്കുമോ അതുമില്ല. തയ്യൽക്കാരുടെ കാര്യം മാത്രമല്ല, നമ്മുടെ തലമുടിവെട്ടിക്കാൻ കൊണ്ടു പോകുന്ന ബർബറും “ഓറ്ത്തഡോക്സ്” ആയിരിക്കും. പുതിയ വല്ല ഫാഷനിലും വെട്ടാൻ പറഞ്ഞാൽ ങാ, അങ്ങനെ തന്നെ എന്നു പറയും. വെട്ടിത്തീരുമോഴാണറിയുക നമ്മുടെ ഉപ്പായുടെ ഹെയർ സ്റ്റൈലും നമ്മുടെ ഹെയർ സ്റ്റൈലും തമ്മിലുള്ള ഒടുക്കത്തെ സാമ്യം! തലമുടി ഉപ്പാപ്പാക്കട്ടു വെട്ടിയെന്നു വച്ച് തല വെട്ടിക്കളയാൻ പറ്റില്ലല്ലോ! ഒരിക്കൽ നമ്മുടെ “കുടുംബ” ബാർനറോട് ഒരു പയ്യൻ അന്നത്തെ ലേറ്റസ്റ്റ് ഫേഷനായ സ്റ്റെപ്പ് കട്ട് വെട്ട് വെട്ടണമെന്ന് പറഞ്ഞു. സ്റ്റെപ്പ് കട്ടെന്താണെന്നറിയാത്ത “ബർബറപ്പുപ്പൻ” കത്തിയെടുത്ത് ഒറ്റ വഴിപ്പ്! മൊട്ടത്തലയുമായി ചെക്കൻ കുറെ കിടന്ന് കരഞ്ഞു. സ്റ്റെപ്പ് കട്ട് വെട്ടാൻ പറഞ്ഞു സ്റ്റെപ്പ് കട്ട് വെട്ടീ എന്നായി ബാർമറപ്പൂപ്പൻ!
ബലിപെരുന്നാള്‍ ആശംസകള്‍....
പെരുന്നാളിന്റെ അന്ന് രാവിലെ ട്ടൈ ലര്‍ ഷോപ്പിന്റെ മുബില്‍ പുത്തന്‍ കുപ്പായത്തിനു കാത്തു നിന്ന ആ പഴേ ഓര്മ മനസ്സിലേക്ക് ഓടി വന്നു അരീകോടന്‍
വെറുതെയല്ല. ഞാനന്ന് വിളിച്ചപ്പോള്‍ "മക്കളുമോത്തു കോഴിക്കോട് വന്നിരിക്കുകയാണ്. പെരുന്നാളുടുപ്പെടുക്കണം" എന്നു പറഞ്ഞത്. അതിങ്ങനെയൊരു ഓര്‍മ്മയെ വര്‍ഷാവര്‍ഷം തെളിമയോടെ നിലനിര്‍ത്താന്‍ വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നല്ലേ..?
ടെയിലർമാരെല്ലാവരും ഇങ്ങനെ തന്നെയാണ്, ഏത് നാട്ടിലും...
ഇഷ്ടപ്പെട്ടു ഈ പോസ്റ്റ്.
നല്ല പോസ്റ്റ്
നല്ല പോസ്റ്റ്.. പെരുന്നാള്‍ ആശംസകള്‍..
മാഷേ, നല്ല പോസ്റ്റ്, ശ്ശിഷ്ടായി.....!!!
ഏതു വിഷയത്തെയും തന്റെ കാഴ്ചപ്പാടിലൂടെ സ്വാഭാവിക നര്‍മ്മത്തില്‍ പൊതിഞ്ഞു പറയാന്‍ ഇദ്ദേഹം എപ്പോഴും ശ്രമിക്കാറുണ്ട്. ബാല്യപെരുന്നാളിന്റെ മധുരിക്കുന്ന സ്മരണകളാണ് ഇത്തവണ മനോരാജ്യത്തിലെ തോന്ന്യാക്ഷരക്കാരന്‍ പറയുന്നത്. ഇരിപ്പിടത്തില്‍ നിന്നും.....
http://marubhoomikalil.blogspot.com/2011/11/blog-post_12.html
Post a Comment
നന്ദി....വീണ്ടും വരിക