Pages

Tuesday, January 16, 2007

കേരള സ്കൂള്‍ അപ്പീലുത്സവം !!

              ഔദ്യോഗിക ജീവിതത്തിന്റെ സായംസന്ധ്യയില്‍ എത്തിനില്‍ക്കുന്ന വീരാപ്പുമാഷ്‌ TV News ശ്രദ്ധിച്ചിരിക്കുകയാണ്‌.വി.എസ്‌ - പിണറായി സര്‍ക്കസിലെ അടിയില്‍ ആരുമാരും ഗോളടിക്കാതെ ഇടവേളക്ക്‌ പിരിഞ്ഞതിന്ന് പിന്നാലെ സംസ്ഥാന സ്കൂള്‍ യുവജനോല്‍സവ വാര്‍ത്തകള്‍ വരവായി. - "ഫോണിന്‍ പരിപാടിയിലൂടെ ഞങ്ങളുടെ പ്രതിനിധി സിന്ധു നല്‍കുന്ന വിശദമായ റിപ്പോര്‍ട്ടുകള്‍...."

  " സിന്ധൂ...അവസാന പോയിന്റ്‌നില അറിയിക്കാമോ ?"

  "ഇഞ്ചോടിഞ്ച്‌ പോരാട്ടത്തില്‍ കോഴിക്കോടും പാലക്കാടും കിരീടത്തോടടുക്കുകയാണ്‌.ഒരു കോടതിവിധി കൂടി വരാനുള്ളതിനാല്‍ അവസാന പോയിന്റ്‌നില പറയാറായിട്ടില്ല.പ്രധാനവേദിയില്‍ ഒരു മണിക്കൂര്‍ മുമ്പ്‌ സമാപിച്ച കയ്യാങ്കളി മല്‍സരത്തി...."

  " O K ...സിന്ധൂ...ഇന്ന് നടക്കുന്ന മല്‍സരങ്ങളെപ്പറ്റി ഒന്ന് പറയാമോ ?"  

"വേദി രണ്ടില്‍ രാവിലെ 8 മണിക്ക്‌ ആരംഭിക്കേണ്ട കൂടിയാട്ടം 12 മണിക്കും ആരംഭിച്ചിട്ടില്ല....ഇപ്പോള്‍ കലാകൗമാരങ്ങളുടെ കൂട്ടയോട്ടമാണ്‌ എനിക്കവിടെ കാണാന്‍ സാധിക്കുന്നത്‌.."

  'ങാ...രണ്ടും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല' - വീരാപ്പുമാഷ്‌ ആത്മഗതം ചെയ്തു."O K ...സിന്ധൂ... ഇന്ന് എടുത്തുപറയത്തക്ക മികച്ച പ്രകടനങ്ങള്‍ വല്ലതും...?"

  "തീര്‍ച്ചയായും..കലയുടെ മാരിവില്ലുകള്‍ വര്‍ണ്ണവിസ്മയമൊരുക്കിയ കലാപനഗരിയുടെ ഹൃദയത്തില്‍ , രാഗ-മേള-താള-ലയ സമന്വയത്തിന്റെ മൂന്നാംദിനത്തില്‍ , ഇശലുകള്‍ പെയ്തിറങ്ങിയ പൂനിലാവിന്‌ ശേഷം.....വിദ്യാഭ്യാസമന്ത്രിക്കെതിരെ ഒരു പ്രതിഷേധപ്രകടനം നടന്നു...!!!"

  'അത്‌ നേരെചൊവ്വെ അങ്ങ്‌ പറഞ്ഞാല്‍ പോരെടീ...' സാഹിത്യമഴ കേട്ട്‌ വീരാപ്പുമാസ്റ്റര്‍ക്ക്‌ കലികയറി.


"O K ...വേദി മൂന്നില്‍...?"

  "വേദി മൂന്നില്‍ യക്ഷിഗാനം ക്ഷമിക്കണം യക്ഷഗാനം അരങ്ങേറുന്നതായി ഒഴിഞ്ഞ കസേരകള്‍ സൂചിപ്പിക്കുന്നു.."

  "പെണ്‍കുട്ടികളുടെ ഒപ്പനയില്‍ മല്‍സരിക്കുന്ന ടീമുകളുടെ എണ്ണം അറിയിക്കാമോ ?"

  "ഒറിജിനല്‍ 14 , ഡിഡി അപ്പീല്‍ 14 , കീഴ്‌കോടതി അപ്പ്പീല്‍ 14 , മേല്‍കോടതി അപ്പ്പീല്‍ 14 ,നടുക്കോടതി അപ്പ്പീല്‍ 14 ...അങ്ങനെ ആകെ മൊത്തം 70 എണ്ണം മാത്രം !!!"

  "ഹൊ..ഇതെന്താ...യു.പി മന്ത്രിസഭയോ?" വീരാപ്പുമാസ്റ്റര്‍ ദീര്‍ഘശ്വാസം വിട്ടു.

  "പ്രസ്തുതമല്‍സരം ഏകദേശം എന്ന് തീരും ?"

  "ഇന്നത്തെ കാലാവസ്ഥ അനുസരിച്ച്‌ ഒപ്പന മല്‍സരം തീരാന്‍ ഇനിയും മൂന്ന് ദിവസം പിടിക്കും !!"

  "വെരിഗുഡ്‌..കലോല്‍സവം കഴിഞ്ഞാലും ഒപ്പന തുടരും..!" വീരാപ്പുമാസ്റ്റര്‍ കയ്യടിച്ചു.  

"ഇനി കലോല്‍സവ നഗരിയില്‍ നിന്നുള്ള ഒരു അഭിമുഖം...""താങ്കളുടെ പേര്‌ ?"

  "അപ്പീലുകുമാര്‍..!!"

  "താങ്കളും താങ്കളുടെ പേരും തമ്മിലുള്ള ബന്ധം ?"

  "അസംബന്ധം"

  "പ്രധാനഹോബി"

  "അപ്പീല്‍...അപ്പോഴുമെപ്പോഴുമപ്പീല്‍..."

  "കലോല്‍സവ നടത്തിപ്പിനെപ്പറ്റി എന്തെങ്കിലും ?"

  "കലോല്‍സവ നഗരിയില്‍ മൊബെയില്‍ കോടതികള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം എന്നാണ്‌..."

  "ഓകെ..താങ്ക്യൂ അപ്പീലു..ഇനിയും എല്ലാവരെയും അങ്കലാപ്പിലാക്കാന്‍ അപ്പീലുവിന്‌ സാധിക്കട്ടെ...കേരള സ്കൂള്‍ അപ്പീലുത്സവനഗരിയില്‍ നിന്നുള്ള വാര്‍ത്തകള്‍ സമാപിക്കുന്നു...."

8 comments:

അരീക്കോടന്‍ said...

അപ്പീലുകള്‍ തകര്‍ത്താടിയ സംസ്ഥാനസ്കൂള്‍ കലോല്‍സവത്തെപ്പറ്റി ഒരു പീസ്‌...

സു | Su said...

അപ്പീലുവിനെ എവിടെ കിട്ടും? ഇപ്പോ എവിടെയാ വേദി? യുവജനോത്സവം കഴിഞ്ഞല്ലോ. അപ്പീലുവിനെ കണ്ട്കിട്ടിയിട്ട് വേണം, അപ്പീലു കൊടുക്കുന്നതെങ്ങനെ എന്നറിയാന്‍.

Peelikkutty!!!!! said...

ഹി..ഹി..ഹി

അരീക്കോടന്‍ said...

സു...അപ്പീലു കണ്ണൂര്‍ വിട്ടിട്ടുണ്ടാവില്ല...

പാവാടക്കാരി said...

നല്ല പോസ്റ്റ്.
ആ പീലൂവിനെ ഇനി അടുത്ത അപ്പീലുമാമാങ്കത്തില്‍ കാണാം.

പാവാടക്കാരി said...

നല്ല പോസ്t

അരീക്കോടന്‍ said...

പീലിക്കുട്ടിക്കും പാവാടക്കാരിക്കും പ്രത്യേക താങ്ക്സ്‌!!!!

Sona said...

വീരാപ്പു മാസ്റ്ററിനെ ഇഷ്ടായി..സിന്ധുവിന്റെ റിപ്പോര്‍ട്ടുകളും..

Post a Comment

നന്ദി....വീണ്ടും വരിക