Pages

Sunday, April 01, 2007

ബാല്യകാലസ്മരണകള്‍ - ആറ്‌

ബാല്യകാലസ്മരണകളില്‍ ഓടി വരുന്നത്‌ പലതരം കളികളാണ്‌.കുഴിപ്പന്ത്‌ ,ഗോട്ടികളി , സാറ്റ്‌വിളി , സിങ്ങ്‌.....അങ്ങനെ ആണും പെണ്ണും ഒന്നിച്ച്‌ കളിക്കുന്ന എന്തെല്ലാംതരം കളികള്‍.കളിക്കിടയിലെ അമളികള്‍ പലതും ഇന്നോര്‍ക്കാനും രസകരം - അവയില്‍ ചിലത്‌ ഇതാ..... സിങ്ങ്‌ കളി തകര്‍പ്പനായി നടക്കുന്നു. ആണും പെണ്ണും കൈകള്‍ ചങ്ങലയായി കോര്‍ത്ത്‌ എതിര്‍ ടീമിലെ ഓരോരുത്തരെയും ആട്ടിയോടിച്ച്‌ ദൂരെയുള്ള ലക്ഷ്യ്ത്തില്‍ ചെന്ന്‌ തൊടുന്ന കളി.കൈ വിട്ടോടാന്‍ എനിക്ക്‌ പലപ്പോഴും ധൈര്യം വരാറില്ല.അപ്പോഴാണ്‌ എണ്റ്റെ ടീമിലെ മുതിര്‍ന്ന അംഗം അയല്‍വീട്ടിലെ പ്രസന്ന എണ്റ്റെ ചെവിയില്‍ മന്ത്രിച്ചത്‌ - "അവസരം കിട്ടുമ്പോള്‍ ഓടിക്കോണ്ടൂ".കളി കഴിയുന്നത്‌ വരെ ഞാന്‍ മാത്രം ഓടിയില്ല.കാരണം "അവസരം" എന്ന എന്തോ ഒരു സാധനം കയ്യില്‍ കിട്ടുന്നതും പ്രതീക്ഷിച്ച്‌ ഞാന്‍ നിന്നു - ആര്‌ തരാന്‍ ? അവസരം എന്ന്‌ കേള്‍ക്കുമ്പോളെല്ലാം എണ്റ്റെ പഴയ അവസരം നഷ്ടപ്പെട്ട കഥ ഞാനിന്നും ചെറുചിരിയോടെ ഓര്‍ക്കുന്നു. മറ്റൊരിക്കല്‍ "ഗെയിം" (ചട്ടിപ്പന്തേറ്‌) എന്ന കളി .എണ്റ്റെ കയ്യില്‍ പന്തിരിക്കുന്നു.ഞാന്‍ തിരിഞ്ഞ്നില്‍ക്കുന്ന ദിശക്ക്‌ എതിര്‍ദിശയില്‍ അവസരം പാര്‍ത്ത്‌ അമ്മാവണ്റ്റെ മകന്‍ ബാബു നില്‍ക്കുന്നു. ബാബുവിനെ ഒന്ന്‌ കബളിപ്പിക്കാനായി ഞാന്‍ ൧൮൦ ഡിഗ്രിയില്‍ ഒരു വെട്ടിതിരിയല്‍....ശേഷം അവനെ എറിയുന്നതായി സര്‍വ്വ ശക്തിയില്‍ ഒരു ആക്ഷന്‍.ഒരു നിമിഷം !!!പന്ത്‌ എണ്റ്റെ കയ്യില്‍ നിന്നും തെന്നിപ്പോയി.വരാന്തയില്‍ മകണ്റ്റെ പിഞ്ചുപൈതലിനെയും കൊണ്ട്‌ ഇരിക്കുകയായിരുന്ന മൂത്തുമ്മയ്യുടെ കൈപടത്തില്‍ പന്ത്‌ ശക്തിയായി ചെന്നിടിച്ചു.വേദനകൊണ്ട്‌ മൂത്തുമ്മ കൈ കുടഞ്ഞു.ഭാഗ്യത്തിന്‌ കുഞ്ഞിന്‌ ഒന്നും പറ്റിയില്ല.പക്ഷെ ദൈവം ചെറുപ്രായത്തില്‍ തന്നെ ആ കുഞ്ഞിനെ തിരികെ വിളിച്ചു.ആ സംഭവം അതിനാല്‍ ഞാന്‍ വേദനയോടെ ഇന്നും ഓര്‍ക്കുന്നു. മറ്റൊരു കളി....ഇത്താത്തയും കൂട്ടുകാരും കളിച്ചുകൊണ്ടിരിക്കുന്നു.ഇത്താത്തയാണ്‌ നേതാവ്‌.മൂന്നോ നാലോ കുട്ടികള്‍ വീതം ഇരു ഭാഗങ്ങളില്‍ തോളില്‍ കയ്യിട്ട്‌ നില്‍ക്കുന്നു.ശേഷം ഒരു ടീം മറ്റേ ടീമിണ്റ്റെ അടുത്തേക്ക്‌ ഒന്നിച്ച്‌ നീങ്ങി ചോദിക്കുന്നു - "പോരുന്നോ പോരുന്നോ അതിരാവിലെ ?" തുടര്‍ന്ന്‌ മറ്റേ ടീം അതിന്‌ മറുപടി നല്‍കുന്നു.ഞാന്‍ കളി സസൂക്ഷ്മം വീക്ഷിച്ചു.പിറ്റേന്ന്‌ ഞാന്‍ എണ്റ്റെ സുഹ്രുത്തുക്കളെ വിളിച്ച്‌ ഈ കളി ആരംഭിച്ചു.ആദ്യം ഞാന്‍ തന്നെ എതിര്‍ടീമിണ്റ്റെ അടുത്തേക്ക്‌ ഇങ്ങിനെ പറഞ്ഞു കൊണ്ട്‌ ചെന്നു ..."പോരുന്നോ പോരുന്നോ ആബിരാവിലെ ?" എല്ലാവരും പൊട്ടിച്ചിരിച്ചു.എനിക്ക്‌ കാര്യം മനസ്സിലായില്ല.ഇത്താത്തയുടെ പേര്‌ അദി എന്നായതിനാല്‍ അവള്‍ "പോരുന്നോ പോരുന്നോ 'അതി'രാവിലെ ?" എന്ന്‌ ചോദിച്ചു. എണ്റ്റെ പേര്‌ ആബി എന്നായതിനാല്‍ ഞാന്‍ ചോദിക്കേണ്ടത്‌ "പോരുന്നോ പോരുന്നോ ആബിരാവിലെ ?" എന്നാണെന്ന്‌ എണ്റ്റെ കൊച്ചുബുദ്ധി ഉപദേശിച്ചു!!

12 comments:

Areekkodan | അരീക്കോടന്‍ said...

"അവസരം പാര്‍ത്ത്‌ അമ്മാവണ്റ്റെ മകന്‍ ബാബു നില്‍ക്കുന്നു. ബാബുവിനെ ഒന്ന്‌ കബളിപ്പിക്കാനായി ഞാന്‍ 180 ഡിഗ്രിയില്‍ ഒരു വെട്ടിതിരിയല്‍....ശേഷം അവനെ എറിയുന്നതായി സര്‍വ്വ ശക്തിയില്‍ ഒരു ആക്ഷന്‍.ഒരു നിമിഷം !!!പന്ത്‌ എണ്റ്റെ കയ്യില്‍ നിന്നും തെന്നിപ്പോയി.വരാന്തയില്‍ മകണ്റ്റെ പിഞ്ചുപൈതലിനെയും കൊണ്ട്‌ ഇരിക്കുകയായിരുന്ന മൂത്തുമ്മയ്യുടെ കൈപടത്തില്‍ പന്ത്‌ ശക്തിയായി ചെന്നിടിച്ചു."

Mubarak Merchant said...

കൊള്ളാം ആബി..
നല്ല ഓര്‍മ്മകള്‍. ചെറുപ്പത്തില്‍ ആബിദും എന്നെപ്പോലെ ഒരു മണ്ണുണ്ണിയായിരുന്നു എന്നറിന്നതില്‍ പെരുത്ത് സന്തോഷ്.

ശ്രീ said...

അരീക്കോടന്‍‌ മാഷെ... ഓര്‍‌മ്മകളിലെ കളികളിലേക്കുള്ള മടക്കയാത്ര നന്നായി.

മുത്തുമ്മയുടെ കയ്യിലിരുന്ന ആ കുഞ്ഞു പൈതലിന്റെ ഓര്‍‌മ്മകള്‍‌ക്കു മുന്നില്‍‌ നമിക്കുന്നു...

Kiranz..!! said...

ഹ..ഹ..കൊള്ളാം മാഷേ നുറുങ്ങുകള്‍ക്ക് ഒരു ബ്ലോഗവാര്‍ഡുണ്ടെങ്കില്‍ അത് അരീക്കോടനായിരിക്കും ഉറപ്പ്..!

തറവാടി said...

ഇത്തയും കൂട്ടരും കളിക്കുമ്പോള്‍ അവര്‍ക്കിട്ട് സമാധാനം കൊടുക്കാതിരിക്കുക

എന്നതാണ്‌ എന്‍റ്റെ പ്രധാന കളി ,
എന്നെ ഒഴിവാക്കാന്‍ അന്നു പക്ഷെ കളിയുടെ തുടക്കത്തില്‍തന്നെ

വല്ലതുമൊക്കെ എനിക്കു തിന്നാന്‍ തന്നു അവര്‍ ദയയോടെ അപേക്ഷിക്കുമായിരുന്നു.

ആബിദേ , പലതും ഓര്‍ത്തു നന്ദി

മുസ്തഫ|musthapha said...

പോരുന്നോ... പോരുന്നോ മുസ്തുരാവിലെ :)

ആബിദ് നിഷ്കളങ്കമായ ഓര്‍മ്മക്കുറിപ്പുകള്‍

Sathees Makkoth | Asha Revamma said...

ആഹഹ...
സൂപ്പര്‍ കുറിപ്പുകള്‍.നിഷ്ക്കളങ്കമായ ബാല്യകാല സ്മരണകള്‍.ഭൂതകാലത്തിന്റെ കുളിര്‍കോരുന്ന ഓര്‍മ്മകളിലേയ്ക്ക് കൂട്ടിക്കൊണ്ട് പോകുന്നു.

സുന്ദരന്‍ said...

അരീക്കോടന്‍,

പോരുന്നോ അതി രാവിലെ എന്ന കളിയുടെ പാട്ട്‌ ഇങ്ങനെയാണോ..

പൂ പറിക്കാന്‍ പോരുന്നോ
പോരുന്നോ അതി രാവിലെ

ആരെ നിങ്ങള്‍ക്കാവശ്യം
ആവശ്യമതി രാവിലെ

'ആബി'യെ ഞങ്ങള്‍ക്കാവശ്യം
ആവശ്യമതി രാവിലെ

ആരവനെ കൊണ്ടുപോകും
കൊണ്ടുപോകുമീ രാവിലെ

ഞാന്‍ അവനെ കൊണ്ടുപോകും
കൊണ്ടുപോകുമീ രാവിലെ

എന്നാലൊന്നു കാണട്ടെ
കാണട്ടെ അതി രാവിലെ
......

ഞങ്ങളുടെ നാട്ടില്‍ ചെറിയ കുട്ടികളുടെ ഒരു കളിയായിരുന്നു ഇത്‌...

പോസ്റ്റ്‌ വായിച്ചപ്പോള്‍ ചില നല്ല ഓര്‍മ്മകള്‍ തിരിച്ചു വന്നു...

നന്ദി...

qw-er-ty

ഏറനാടന്‍ said...

അരീക്കോടന്‍ഭായ്‌ വൈകിയാണേലും വായിച്ചു. താങ്കളും ഇതെല്ലാം ഒരിക്കലൊരു പുസ്‌തകമാക്കി പ്രസിദ്ധീകരിക്കണം.

"എന്റെ ബാല്യകാലപരീക്ഷണങ്ങള്‍" എന്ന പേര്‍ ഉചിതമല്ലേ? വിഷു യൂ ആള്‍ ദി ബസ്സ്‌ സ്‌റ്റണ്ട്‌!!

മനോജ് കുമാർ വട്ടക്കാട്ട് said...

ഒരു 'അവസരം' കിട്ടിയിരുന്നെങ്കില്‍ അരീക്കോടനിട്ടൊന്നു തരാമായിരുന്നു :)

Areekkodan | അരീക്കോടന്‍ said...

ഇക്കാസ്ജി...... ആ മണ്ണുണ്ണിക്കാലം എത്ര രസകരം അല്ലേ?
ശ്രീ.....സ്വാഗതം.... ഒപ്പം നന്ദിയും
കിരണ്‍സ്‌.....അത്‌ കിരണ്‍സ്‌ തന്നെ തരേണ്ടിവരും....ഹ..ഹ... ഇഷ്ടപ്പെട്ടതില്‍ വളരെ വളരെ നന്ദി
തറവാടീ.... അതിനാല്‍ വയര്‍ എപ്പോഴും നിറഞ്ഞിരിക്കുമല്ലേ?
അഗ്രജന്‍,സതീശ്‌..... നന്ദി
സുന്ദരാ.....സ്വാഗതം....അതെ ആ പാട്ട്‌ തന്നെ.... അപ്പോള്‍ ഇത്‌ ഒരു ആഗോള കളിയാണല്ലേ?
എറനാടാ....നല്ല പേര്‌.....ആഗ്രഹമുണ്ട്‌... പക്ഷേ ഇത്‌ പ്രസിദ്ധീകരിക്കാന്‍ ആരെങ്കിലും തയ്യാറാകുമോ?
പടിപ്പുരേ.....ഒന്ന് തരാന്‍ മാത്രം ഞാന്‍ എന്ത്‌ സല്‍കര്‍മ്മമാ ചെയ്തത്‌?പിന്നെ ഒന്ന് തന്നാല്‍ കാഞ്ഞ്പോകുംട്ടോ....അത്രക്ക്‌ ആരോഗ്യമാ എനിക്ക്‌.... !!!

നന്ദി...നന്ദി...നന്ദി

Anonymous said...

smaranakalkkipppozhum ithra thilakkkam undo?nannnayittundu,
iniyum undo ormakal podithattiyedukkkaan

Post a Comment

നന്ദി....വീണ്ടും വരിക